NEWS DETAILS

26 September 2023

ചിക്കാഗോ മലയാളി അസ്സോസിയേഷന് വനിതാ സാരഥി അഡ്വ. ജെസ്സി റിൻസി (വഴിത്താരകൾ-അനിൽ പെണ്ണുക്കര)

അനിൽ പെണ്ണുക്കര 

നേതൃത്വം എന്നത് നിങ്ങളുടെ സാന്നിദ്ധ്യത്തിന്‍റെ ഫലമായി മറ്റുള്ളവരെ മികച്ചതാക്കുകയും നിങ്ങളുടെ അഭാവത്തില്‍ ആ സ്വാധീനം നിലനില്‍ക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒന്നാണ്. അങ്ങനെ കേരളത്തിലും അമേരിക്കന്‍ മണ്ണിലും തന്‍റെ സ്വാധീനം ഉറപ്പാക്കിയ, ഒരുപക്ഷെ അധികമാരും ഇനിയും മനസ്സിലാക്കാത്ത വിജയ ചരിത്രമുള്ള ഒരു വ്യക്തിത്വത്തെയാണ് ഈ വഴിത്താരയില്‍ നാം കണ്ടുമുട്ടുന്നത്. അഡ്വ. ജെസ്സി റിന്‍സി.

ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ പുതിയ അമരക്കാരി. 40 വര്‍ഷത്തിന് ശേഷമാണ് ചിക്കാഗോ മലയാളി അസ്സോസിയേഷന് ഒരു വനിതാ നേതൃത്വം ഉണ്ടാകുന്നത്  എന്ന് എഴുതുമ്പോള്‍ ഇതൊരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ്. വഴിത്താരയുടെ വഴികളിലെ മികച്ച പെണ്‍തിളക്കം കൂടിയാണ് അഡ്വ. ജെസ്സി റിന്‍സി.

പെരുമ്പെട്ടിയിലെ കുഞ്ഞുകലാകാരി

തിരുവല്ല, പെരുമ്പെട്ടി അത്യാലില്‍ കൃഷിക്കാരനും കോണ്‍ട്രാക്ടറുമായിരുന്ന എ. ഇ. തോമസിന്‍റെയും മേപ്രാല്‍ പൂതിയോട്ട് സൂസിയുടെയും മകളാണ് അഡ്വ. ജെസ്സി റിന്‍സി. 

അത്യാല്‍ എം. ടി. എല്‍. പി. സ്കൂള്‍, യു. പി. സ്കൂള്‍, ചുങ്കപ്പാറ സെന്‍റ്ജോര്‍ജ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം. നാലാം ക്ലാസ് പഠനകാലം മുതല്‍ ക്ലാസ് ആക്ടിവിറ്റികളില്‍ സജീവമായതുകൊണ്ട് പലതവണ മോനിട്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ജെസ്സി 8-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'ശാസ്ത്രം ശിക്ഷകനോ, രക്ഷകനോ' എന്ന പാഠഭാഗം ക്ലാസില്‍ വായിച്ചത് കേട്ടിരുന്ന സിസിലിയാമ്മ ടീച്ചര്‍ സ്കൂള്‍ യുവജനോത്സവത്തിന് പ്രസംഗമത്സരത്തിന് ജെസ്സിയുടെ പേരും നല്‍കി. ഒന്നാം സമ്മാനം വാങ്ങി വേദിയിറങ്ങുമ്പോള്‍ അവിടെ ഒരു പ്രാസംഗിക ജനിക്കുകയായിരുന്നു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ പ്രസംഗ മത്സരങ്ങള്‍ക്ക് പിന്നെ ഒന്നാം സ്ഥാനം ജെസ്സിയുടെ കൈയ്യില്‍ ഭദ്രം.

സ്കൂള്‍ ലീഡര്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് പഠനമല്ലാതെ മറ്റെന്തെല്ലാം മേഖലകളില്‍ ശോഭിക്കുവാന്‍ കഴിയുമെന്ന് സ്കൂളിനും, നാട്ടുകാര്‍ക്കും കാണിച്ചുകൊടുത്ത കൊച്ചു മിടുക്കിയായിരുന്നു ജെസ്സി. കാഴ്ചശക്തി നഷ്ടപ്പെട്ട ഒരു കലാകാരനെ സഹായിക്കുവാന്‍ ക്ലാസ്തലത്തില്‍ പെട്ടെന്ന് ഒരു ധനസമാഹരണം സ്കൂളില്‍ നടക്കുന്നു. ഏറ്റവും കൂടുതല്‍ ധനം സമാഹരിക്കുന്ന ക്ലാസിന് സ്കൂള്‍ സമ്മാനം പ്രഖ്യാപിക്കുന്നു. ഏറ്റവും കൂടുതല്‍ തുക മണിക്കൂറുകള്‍ക്കകം ക്ലാസ്സില്‍ നിന്നും പിരിക്കുകയും ക്ലാസ് ടീച്ചറായ രാജലക്ഷ്മി ടീച്ചറില്‍ നിന്നും കുറച്ച് തുകകൂടി സമാഹരിച്ച് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ക്ലാസിനുളള സമ്മാനം നേടാന്‍ ജെസ്സിയുടെ നേതൃത്വത്തിനു കഴിഞ്ഞു. പ്രസംഗം, നാടകം, ക്ലാസ് മോനിറ്ററിംഗ് ഒക്കെയായപ്പോള്‍ ആണ്‍കുട്ടികളുടെ കുത്തകയായ സ്കൂള്‍ ലീഡര്‍ പദവികൂടി ജെസ്സിയിലേക്ക് എത്തി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ക്ലാസ് ലീഡര്‍ പദവി കൂടി ആയപ്പോള്‍ പെരുമ്പട്ടിയില്‍ ഒരു രാഷ്ട്രീയക്കാരികൂടി ജനിക്കുകയായിരുന്നു.

എന്‍ എസ് എസ് പ്രവര്‍ത്തനങ്ങള്‍; അഭിമാനമായി തിരുവല്ല മാര്‍ത്തോമ്മാ കോളേജ്

പത്താം ക്ലാസ് കഴിഞ്ഞതോടെ പ്രീഡിഗ്രിക്ക് സയന്‍സ് മുഖ്യ വിഷയമായി  പഠനം തിരുവല്ല മാര്‍ത്തോമ്മാ കോളേജിലേക്ക്. കോളേജില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമില്‍ സജീവമായി പ്രവര്‍ത്തനം. അന്നും ഇന്നും പ്രകൃതി സംരക്ഷണവും, സാമൂഹ്യ പ്രവര്‍ത്തനവും ജെസ്സിക്ക് ഹരമാണ്. മാര്‍ത്തോമ്മാ കോളേജ് എന്‍. എസ്. എസ് യൂണിറ്റ് പെരുമ്പെട്ടിയില്‍ ഒരു റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുത്തു. ജന്മനാട്ടിലെ റോഡ് നിര്‍മ്മാണത്തില്‍ ജെസ്സിയും സജീവമായി. അവധിക്കാലത്തെ പ്രവര്‍ത്തനം.  അന്ന് പെരുമ്പെട്ടിയിലും, റാന്നി ഇടക്കുളത്തും  സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിച്ചത് അഭിമാനത്തോടെ ജെസ്സി ഓര്‍മ്മിക്കുന്നു. 

പ്രീഡിഗ്രിക്ക് സയന്‍സ് ആയിരുന്നു എങ്കിലും ഡിഗ്രിക്ക് ഇക്കണോമിക്സ് ആയിരുന്നു ജെസ്സി തെരഞ്ഞെടുത്തത്. ഒന്നാം വര്‍ഷം  ഇക്കണോമിക്സ് ക്ലാസില്‍ പ്രൊഫ.ഫിലിപ്പ് സാര്‍ ഒരു ചോദ്യം കുട്ടികളോട് ചോദിച്ചു 'ഭാവിയില്‍ ആരാകണം?' എന്ന്. ജെസ്സിയുടെ ഉത്തരം ഇതായിരുന്നു. 'ഒരു വക്കീല്‍ ആകണം, ഒപ്പം ഒരു മന്ത്രിയും.' ക്ലാസ്സ് നിറകൈയ്യടിയോടെ സ്വീകരിച്ച ആ നിമിഷങ്ങള്‍ ജെസ്സിയുടെ കണ്‍മുന്‍പില്‍ ഇപ്പോഴുമുണ്ട്.

കോളേജ് വൈസ് ചെയര്‍മാനായി രാഷ്ട്രീയത്തിലേക്ക്

ഡിഗ്രി രണ്ടാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ മാര്‍ത്തോമ്മാ കോളേജിലെ കെ. എസ്.യു പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൂടി. കോളേജില്‍ കെ. എസ്. യു അടക്കിവാഴുന്ന കാലം. അപ്പോഴാണ് സംസ്ഥാന തലത്തില്‍ തന്നെ കോണ്‍ഗസ് എ, ഐ  ഗ്രൂപ്പുകളായി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ കെ. എസ്. യുവിലേക്കും കടന്നുകയറി. അപ്പോഴായിരുന്നു കോളേജ് ഇലക്ഷന്‍. 1987-ല്‍ വൈസ് ചെയര്‍മാനായി മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ഒട്ടും പതറിയില്ല. ശുഭാപ്തി വിശ്വാസത്തോടെ മത്സരിച്ചു. അന്നുവരെയുണ്ടായിരുന്ന കെ. എസ്. യു. കുത്തക അവസാനിപ്പിച്ചു കൊണ്ട്  എസ്. എഫ്. ഐ. എല്ലാ സീറ്റുകളും തൂത്തുവാരിയപ്പോഴും വൈസ്ചെയര്‍മാനായി ജെസ്സി തെരഞ്ഞെടുക്കപ്പെട്ടു. അറുന്നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു ആ വിജയം. 1988ലും വൈസ് ചെയര്‍മാനായി ജയിച്ചതോടെ മാര്‍ത്തോമ്മാ കോളേജിലെ കെ. എസ്. യുവിന്‍റെ രാഷ്ട്രീയ ചിത്രം തെളിയാന്‍ ജെസ്സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്നതാണ് സത്യം.ഒരു പക്ഷെ തുടര്‍ച്ചയായി രണ്ടു തവണ മാര്‍ത്തോമാ  കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട ബഹുമതി ജെസ്സിക്കായിരിക്കും.

പൊതുപ്രവര്‍ത്തനത്തിന് താല്‍ക്കാലിക അവധി നല്‍കി

അമേരിക്കയിലേക്ക്

1989-ല്‍ പി.ജിക്ക് ഇക്കണോമിക്സ് മെയിന്‍ എടുത്ത് മാര്‍ത്തോമ്മാ കോളേജില്‍ തന്നെ പഠനം. ആ സമയത്താണ് പെരുമ്പെട്ടി സ്വദേശിയും ബന്ധുവുമായ റിന്‍സി ജെസ്സിയെ പെണ്ണുകാണാന്‍ വരുന്നത്. തുടര്‍ന്ന് വിവാഹം. പി. ജി. കഴിഞ്ഞ് തിരുവനന്തപുരം ലോകോളേജില്‍  എല്‍. എല്‍. ബിക്ക് ചേര്‍ന്നു. പക്ഷെ അപ്പോഴേക്കും 1992ല്‍ അമേരിക്കയിലേക്ക് പോകേണ്ടി വന്നു. എല്‍. എല്‍. ബി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. അമേരിക്കയിലേക്ക് പറക്കുമ്പോഴും മനസ്സില്‍ വക്കീലാകാന്‍ സാധിക്കാത്തതിന്‍റെ എല്ലാ വിഷമങ്ങളും ഉണ്ടായിരുന്നു. പക്ഷെ അമേരിക്കയിലേക്കാണ് വരുന്നത്. അവസരങ്ങളുടെ ലോകത്തേക്ക്.

അമേരിക്ക തുറന്നിട്ട അവസരങ്ങള്‍; മറ്റൊരു ലോകം

പെരുമ്പെട്ടിയില്‍ നിന്ന് ചിക്കാഗോയിലെത്തിയ ഒരു സാധാരണക്കാരിയായ ജെസ്സി നാട്ടിലെ വളര്‍ന്നു വരുന്ന യുവനേതാവായിരുന്നുവെന്ന് അധികമാരോടും പറയാതെ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ തുടങ്ങി. 1993ല്‍ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ  പ്രസ്റ്റീജ് പരിപാടിയായിരുന്നു സി. എം. എ. റേഡിയോ പ്രോഗ്രാം. നാട്ടിലെ വാര്‍ത്തകള്‍ ആഴ്ച തോറും ചിക്കാഗോ മലയാളികള്‍ക്കായി അവതരിപ്പിക്കുന്ന പരിപാടി. വാര്‍ത്താ അവതാരകയായി  ജെസ്സിയും ഒപ്പം റിന്‍സിയും കൂടി. ഡോ.  എം. അനിരുദ്ധന്‍ ആയിരുന്നു അന്ന് പ്രസിഡന്‍റ്. റിന്‍സി ആയിരുന്നു  ജോയിന്‍റ് സെക്രട്ടറി. എല്ലാ തിങ്കളാഴ്ചയും നാട്ടിലെ എല്ലാ വാര്‍ത്തകളും ചിക്കാഗോ മലയാളികള്‍ക്കായി വായിക്കുമ്പോള്‍ നാട്ടിലെ എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും തനിക്ക് തുണയായി മാറിയതായി ജെസ്സി റിന്‍സി തിരിച്ചറിഞ്ഞു. അക്കാലത്ത് ജേക്കബ് ചിറയത്ത്, ജോസ് കണിയാലി, സാബു തോമസ് തുടങ്ങിയവരുടെ പിന്തുണയും തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായതായും ജെസ്സി അടിവരയിടുന്നു. വാര്‍ത്താവായനയുടെ ഒരു മണിക്കൂര്‍ കേരളത്തിന്‍റെ പരിഛേദമായി മാറിയിരുന്നു അന്ന്. സി. എം. എ. റേഡിയോയില്‍ വയലാര്‍ രവി, ഡോ. കെ. എം. തരകന്‍, ചെമ്മനം ചാക്കോ തുടങ്ങിയ പ്രഗത്ഭരെ അഭിമുഖം നടത്തുവാനും സാധിച്ചത് ജീവിത നേട്ടം.

അപ്രതീക്ഷിതമായി നാട്ടിലേക്ക്

ഭര്‍ത്താവ് റിന്‍സിയുടെ  വല്യപ്പച്ചന് (അമ്മയുടെ പിതാവ്)  1995ല്‍ ഒരു സ്ട്രോക്ക് ഉണ്ടായത് കുടുംബത്തെയാകെ വിഷമിപ്പിച്ചു. അപ്പച്ചനും അമ്മച്ചിയും സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് റിന്‍സി ഒരു തീരുമാനമെടുത്തു. നാട്ടിലേക്ക് പോകാം. ആ തീരുമാനത്തെ ജെസ്സിയും പിന്തുണച്ചു. അതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളു. തന്‍റെ ഭര്‍ത്താവിനെ വളര്‍ത്തി വലുതാക്കിയ രണ്ട് മനുഷ്യരായിരുന്നു അവര്‍ രണ്ടുപേരും. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന  സമയത്ത് റിന്‍സിയെ പരിപാലിച്ച കൈകള്‍ക്ക് താങ്ങ് ആകേണ്ട സമയമാണിത്. അവര്‍ക്കൊപ്പം വീണ്ടും ജീവിതം തളിര്‍ത്തപ്പോള്‍ ജെസ്സിക്ക് പുതിയ വഴികളും തുറക്കുകയായിരുന്നു.

ജെസ്സി റിന്‍സിയില്‍ നിന്ന് അഡ്വ. ജെസ്സി റിന്‍സിയിലേക്ക്

നാട്ടിലെത്തിയപ്പോള്‍ ആദ്യം ചിന്തിച്ചത് മുടങ്ങിപ്പോയ എല്‍. എല്‍. ബി.പഠനം തുടരുവാന്‍ സാധിക്കുമോ എന്നതായിരുന്നു. അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്യാത്തതിനാല്‍ വീണ്ടും ലോ കോളേജില്‍ തുടര്‍ പഠനം. 1997 ല്‍ അഡ്വ . ജെസ്സി റിന്‍സിയായി എന്‍റോള്‍ ചെയ്തു. തിരുവല്ലയിലെ പ്രഗത്ഭനായ അഭിഭാഷകന്‍ അഡ്വ. തോമസ് മാത്യു, അഡ്വ. റേച്ചല്‍ പി. മാത്യു എന്നിവര്‍ക്കൊപ്പം പ്രാക്ടീസ് തുടങ്ങി. അക്കാലത്ത് സീനിയര്‍ വക്കീല്‍ ഇല്ലാതിരുന്ന സമയത്ത് കോടതിയില്‍ ഒരു കേസ് വാദിക്കുവാന്‍ അവസരം ലഭിച്ചു. അപ്രതീക്ഷിതമായി  ലഭിച്ച അവസരത്തില്‍ കേസ് നന്നായി പഠിച്ച് വാദിച്ചു. കേസ് വിജയിപ്പിക്കുവാന്‍ സാധിച്ച തന്‍റെ വാദത്തെ ജഡ്ജി പിന്നീട് ഒരു സ്വകാര്യ സംഭാഷണത്തില്‍ അഭിനന്ദിച്ചത് തന്‍റെ വക്കീല്‍ ജീവിതത്തിലെ വലിയ നിമിഷമായിരുന്നു എന്ന് ജെസ്സി ഓര്‍മ്മിക്കുന്നു.

വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്; കൊറ്റനാട്

സഹകരണബാങ്ക് മെമ്പര്‍

അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിയിലും സജീവ പ്രവര്‍ത്തകയായി. അമേരിക്കയ്ക്ക് പോയപ്പോള്‍ ഉപേക്ഷിച്ച പ്രസംഗ പരിപാടികളും വീണ്ടും തുടങ്ങാന്‍ അന്ന്  ഉണ്ടായ നിയമസഭാ ഇലക്ഷന്‍  കാരണമായി. കോര്‍ണര്‍ പ്രസംഗങ്ങള്‍, അനൗണ്‍സ്മെന്‍റ് ഒക്കെയായി ജെസ്സിയും സജീവമായി. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിന്‍സിയുടെ പൂര്‍ണ പിന്തുണ കൂടി ആയപ്പോള്‍ പരിതസ്ഥിതികള്‍ മാറി മറിഞ്ഞു. ആ സമയത്ത്  കൊറ്റനാട് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വന്‍വിജയം നേടി സഹകരണ ബാങ്ക് മെമ്പറായി. രണ്ട് വര്‍ഷം ബോര്‍ഡ് മെമ്പറായി സജീവ പ്രവര്‍ത്തനം. അതിനിടയില്‍ മാര്‍ത്തോമ്മാ സഭാ മണ്ഡലം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

വീണ്ടും അമേരിക്കയിലേക്ക്

1998 ല്‍ റിന്‍സിയുടെ അപ്പച്ചനും അമ്മച്ചിയും മരിച്ചു. വീണ്ടും അമേരിക്കയിലേക്ക് പോകാന്‍ തീരുമാനമെടുത്തു. തിരികെ പോകുമ്പോള്‍ ഉണ്ടായ മറ്റൊരു വിഷമം അപ്പച്ചന്‍റേയും അമ്മച്ചിയുടേയും മരണം മാത്രമല്ല, മകനെ പോലെ റിന്‍സി വളര്‍ത്തിയ രാധാകൃഷ്ണന്‍ എന്ന ആനയെ വില്‍ക്കേണ്ടി വന്നതും വലിയ നൊമ്പരമായി. അമേരിക്കയിലേക്ക് തിരിച്ചുപോകുവാന്‍ എടുത്ത തീരുമാനത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും വിരാമമായി.

ചിക്കാഗോ മലയാളി അസ്സോസിയേഷനിലേക്ക്

2002 മുതല്‍ വീണ്ടും ചിക്കാഗോയില്‍ സ്ഥിര താമസമായതോടെ സ്വന്തമായി ഒരു ജോലി വേണമെന്ന ആഗ്രഹമുണ്ടായി. റെസ്പിറ്റോറി തെറാപ്പി പഠിച്ചു. ചിക്കാഗോയില്‍ 2007 മുതല്‍ ജോലിക്ക് കയറി. കോവിഡ് സമയത്ത്  ആശുപത്രിയില്‍ ജോലി ചെയ്തതതും  മറക്കാനാവാത്ത അനുഭവം ആണ്. ഒപ്പമുണ്ടായിരുന്ന പല ജീവനക്കാരും  കൂടുതല്‍ ശമ്പളം നോക്കി  മറ്റ് ആശുപത്രികളില്‍  പോയപ്പോള്‍ ഒരേയൊരു ഫുള്‍ ടൈം സ്റ്റാഫായി നൈറ്റ് ഷിഫ്റ്റില്‍ തുടര്‍ന്നത് അഭിമാനത്തോടെ ജെസ്സി റിന്‍സി ഓര്‍മ്മിക്കുന്നു. ഏത് പ്രവര്‍ത്തനത്തിലായാലും ആത്മാര്‍ത്ഥമായിരിക്കുക എന്നതാണ് ജെസ്സിയുടെ പോളിസി. അതുകൊണ്ട് പെട്ടെന്ന് ഉണ്ടായ മാറ്റങ്ങള്‍ ഒന്നും തന്നെ ബാധിച്ചിരുന്നില്ല എന്ന് ജെസ്സി പറയുന്നു. ജീവിതം അങ്ങനെയാണ്. അപ്രതീക്ഷിതമായി കടന്നുവരുന്ന സാഹചര്യങ്ങളെ കൃത്യമായും സ്വീകരിക്കേണ്ടതുണ്ട്.

ചിക്കാഗോ വിട്ടുപോയതിന്‍റെ ഇടവേളകള്‍ ഒന്നുമില്ലാതെ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായെങ്കിലും റേഡിയോ പ്രോഗ്രാം അപ്പോഴേക്കും നിലച്ചു പോയിരുന്നു. 2010 ല്‍ സി.എം. എയില്‍ വിമന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് ആദ്യമായി സി. എം. എയുടെ നേതൃത്വത്തില്‍ ഇന്‍റര്‍നാഷണല്‍ വിമന്‍സ് ഡേ സംഘടിപ്പിച്ചത്. അന്ന് തന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ പരിപാടി ഇന്നും അസ്സോസിയേഷന്‍റെ പ്രസ്റ്റീജ് പരിപാടിയായി വനിതാദിന ആഘോഷവും മാറിയതില്‍ ജെസ്സിക്ക് സന്തോഷമുണ്ട്. തന്‍റെ ഒരാശയം സംഘടനയില്‍   തുടരുന്നതിലുള്ള ചാരിതാര്‍ഥ്യവും.

2014ല്‍ സി. എം. എ.വൈസ് പ്രസിഡന്‍റായി. അക്കാലത്ത് സി. എം. എ ഡിബേറ്റ്  ക്ലബ്ബിനു രൂപം കൊടുത്തു. രണ്ട് തവണ ബോര്‍ഡ് മെമ്പര്‍ ആയി. 2023 ല്‍ പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു.

സി.എം. എ പ്രസിഡന്‍റ്  ;അര്‍ഹതയുടെ അംഗീകാരം

സി.എം. എ പ്രസിഡന്‍റായി തെരഞ്ഞെടുത്തപ്പോള്‍ അഡ്വ. ജെസ്സി റിന്‍സിക്ക് ആ പദവി എല്ലാം കൊണ്ടും അര്‍ഹതപ്പെട്ടതാണെന്ന് ചിക്കാഗോ സമൂഹം വിലയിരുത്തുന്നു. 1982ന് ശേഷം ഒരു വനിതാ  പ്രതിനിധി  സി. എം. എ യുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പ്രത്യേകതയും ഈ പദവിക്കുണ്ട്. പുതിയ പ്രസിഡന്‍റായി സത്യ പ്രതിജ്ഞ ചെയ്ത ശേഷം അസ്സോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപം നല്‍കാന്‍ നിരവധി പദ്ധതികളാണ് അഡ്വ. ജെസ്സി  റിന്‍സിയുടെ മനസില്‍ രൂപം കൊള്ളുന്നത്. അവയെല്ലാം നടപ്പിലാക്കുവാന്‍ കഴിവുള്ള ഒരു കമ്മിറ്റിയാണ് തന്നോടൊപ്പം ഉള്ളതെന്ന്  അഡ്വ.ജെസ്സി റിന്‍സി വിലയിരുത്തുന്നു.

കുടുംബം, നന്മ

ഏതൊരു പുരുഷന്‍റേയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകും എന്ന് പറയും പോലെ ജെസ്സിയുടെ ജീവിത വിജയത്തിന്‍റെ നെടുംതൂണ്‍ പോലീസ് ഉദ്യോഗസ്ഥനായ  റിന്‍സി  ജോണും മക്കളുമാണ്. മൂത്തമകന്‍ ബെഞ്ചമിന്‍ (ഡോക്ടര്‍), മരുമകള്‍ ടീന, ജോഷി (സി പി എ ) പൗലോസ് (9-ാം ക്ലാസ് വിദ്യാര്‍ത്ഥി), അമ്മ സൂസി എന്നിവരുടെ പിന്തുണ തന്‍റെ വിജയ വഴിയുടെ ഊര്‍ജ്ജ സ്ത്രോതസ് ആണെന്ന് അഡ്വ. ജെസ്സി റിന്‍സി പറയുന്നു. ഇപ്പോള്‍ മരുമകള്‍ ടീന നല്‍കുന്ന പിന്തുണ പ്രത്യേകം എടുത്തു പറയണം. കാരണം താന്‍കണ്ട രണ്ട് കുടുംബങ്ങളും ബന്ധങ്ങളുടെ പവിത്രതയും, ആഴവും തിരിച്ചറിഞ്ഞവയായിരുന്നു. സഹജീവിക്ക് താങ്ങായും തണലായും നില കൊള്ളാനുള്ള, സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കുവാനുള്ള ആര്‍ജ്ജവം നല്‍കിയ കുടുംബങ്ങള്‍. എന്‍റെ വീട്ടിലേക്ക് കയറിവന്ന മകളും അങ്ങനെ ആയതില്‍ അഭിമാനം.

'ദൈവമാണ് എന്‍റെ വെളിച്ചവും, എന്‍റെ രക്ഷയും' എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുമ്പോള്‍ എല്ലാവരേയും ഒപ്പം നിര്‍ത്തി പുതിയ ഒരു പ്രവര്‍ത്തന ശൈലിക്ക് തുടക്കമിടാന്‍ ചിക്കാഗോ മലയാളി സമൂഹത്തെ ഒപ്പം ക്ഷണിക്കുകയാണ് അഡ്വ. ജെസ്സി റിന്‍സി.

 കാലം കാത്തുവെച്ച ഒരു നേതാവായി , നേതൃത്വമായി ഈ പെണ്‍കരുത്ത് മാറുമ്പോള്‍ അഡ്വ. ജെസ്സി റിന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക്ക് കൂടുതല്‍ സ്വപ്നം കാണുവാനും പഠിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു പാരമ്പര്യം ആരംഭിക്കുകയാണിവിടെ...

ഇനിയുള്ള ചിക്കാഗോയുടെ ദിനങ്ങള്‍ അഡ്വ. ജെസ്സി റിന്‍സിയുടേതുകൂടിയാണ്. ആ നല്ല ദിനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍...