കോട്ടയം: എയര്‍ ഇന്ത്യ ഹൂസ്റ്റണിലേക്ക് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് സൗത്ത് ഇന്ത്യന്‍ – യു. എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിക്കുള്ള നിവേദനം ടെക്‌സാസ് ,മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് എം.പി. മാരായ ജോസ് കെ. മാണി, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ക്ക് കൈമാറി.
ടെക്സാസിലെ ഏറ്റവും വലിയ നഗരമാണ് ഹൂസ്റ്റണ്‍. ഏകദേശം 150,000 ഇന്ത്യാക്കാര്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്‍റെ പുതിയതും അതിവേഗം വളരുന്നതും അഭിവൃദ്ധി പ്രാപിക്കുന്നതുമായ കേന്ദ്രമാണ് ഹൂസ്റ്റണ്‍. എന്നിരുന്നാലും, ഹൂസ്റ്റണില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ വിമാനമില്ല. ഹൂസ്റ്റണില്‍ നിന്ന് ഒരു ദക്ഷിണേന്ത്യന്‍ നഗരത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വളരെ അത്യന്താപേക്ഷിതമാണ്. ഹൂസ്റ്റണ്‍, ബോസ്റ്റണ്‍, സാന്‍ ഫ്രാന്‍സിസ്കോ, തുടങ്ങിയ എല്ലാ പ്രധാന നഗരങ്ങളിലും ഇന്ത്യന്‍ ജനസംഖ്യയുടെ വന്‍ വളര്‍ച്ചയുണ്ടായിട്ടും, ഈ സാഹചര്യം മുതലാക്കുവാന്‍ എയര്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഹൂസ്റ്റണില്‍ നിന്ന് ബാംഗ്ലൂരിലേക്കും കൊച്ചിയിലേക്കും എയര്‍ ഇന്ത്യ സര്‍വീസുകള്‍ എത്രയും വേഗം ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സൗത്ത് ഇന്ത്യന്‍ – യു. എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് ബേബി മണക്കുന്നേല്‍, ബ്രൂസ് കൊളമ്പേല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് കൊളച്ചേരില്‍, ഫിനാന്‍സ് ഡയറക്ടര്‍ രമേശ് അത്തിയോടി, ജോയിന്‍റ് സെക്രട്ടറി ചാക്കോ തോമസ് തുടങ്ങിയവര്‍ ഈ ഉദ്യമത്തിനായി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകളെ സമീപിക്കുവാനും എയര്‍ ഇന്ത്യ ഹൂസ്റ്റണ്‍ വിമാന സര്‍വ്വീസ് സാധ്യമാക്കുവാനും അക്ഷീണം പ്രയത്നിക്കുകയാണ്. 2008-ല്‍ത ഹൂസ്റ്റണിലെ ടെക്സാസില്‍ സൗത്ത് ഇന്ത്യന്‍ ബിസ്സിനസുകാര്‍ സംഘടിച്ച് ആരംഭിച്ചതാണ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ – യൂ. എസ്. ചേംബര്‍ ഓഫ് കോമേഴ്സ്. നിരവധി ബിസ്സിനസ് സംരംഭങ്ങളെയും കമ്മ്യൂണിറ്റികളെയും പ്രതിനിധീകരിക്കുന്ന ഈ സംഘടന നിരവധി ബിസ്സിനസ് പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. പുതിയതായി എത്തുന്ന ബിസ്സിനസുകാര്‍ക്ക് വേണ്ട സഹായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക, പുതിയ വിദ്യാഭ്യാസ – സാമൂഹ്യ പദ്ധതികള്‍ ആരംഭിക്കുക, പ്രാദേശികമായും സംസ്ഥാന വ്യാപകമായും ദേശീയമായും അന്തര്‍ദ്ദേശീയമായും ബിസ്സിനസുകള്‍ കെട്ടിപ്പടുക്കുന്നതിനും സൗത്ത് ഇന്‍ഡ്യന്‍ -യു. എസ്.കൊമേഴ്സ് അംഗങ്ങളെ സഹായിക്കുന്നു. കൂടാതെ മറ്റ് ഇന്ത്യന്‍ ബിസ്സിനസ് സംഘടനകുളുമായും ചര്‍ച്ചകള്‍ നടത്തുകയും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ – അമേരിക്കന്‍ സമൂഹത്തിന്‍റെ അതിവേഗ വികസന നഗരം കൂടിയാണ് ഹൂസ്റ്റണ്‍. വികസന സാധ്യതകള്‍ കൂടുതലുള്ള ഈ നഗരത്തിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് ഉണ്ടാകുന്നത് വലിയ ബിസ്സിനസ് സാധ്യതകള്‍ ഉണ്ടാക്കുമെന്ന് പ്രസിഡന്‍റ് ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു.
———————————-
അനിൽ പെണ്ണുക്കര