കവിയുടെ മുറിയിലെ രണ്ടു കാൽപ്പാടുകൾ ഒരു വിചാരം (കവിത -ഡോ. അജയ് നാരായണൻ)

sponsored advertisements

sponsored advertisements

sponsored advertisements

15 February 2022

കവിയുടെ മുറിയിലെ രണ്ടു കാൽപ്പാടുകൾ ഒരു വിചാരം (കവിത -ഡോ. അജയ് നാരായണൻ)

വി ഒറ്റക്കാലിൽ
ധ്യാനനിമഗ്നനായിരിക്കുന്നു,
ചുണ്ടുകൾ കൂർത്തുകൂർത്ത്
വാക്കുകൾ പെറുക്കിയെടുക്കുവാനുള്ള
ത്വരയുമുണ്ട്.

മുൻപിൽ ഒരു സെൽഫോൺ,
വെളുത്ത സ്‌ക്രീനിൽ
ജലരേഖകൾ
മത്സ്യകന്യകകൾ
താമരപ്പൂവുകൾ
നിറനിലാവിൻ കിരണങ്ങൾ
വളപ്പൊട്ടുകൾ
പലവർണ്ണാക്ഷരങ്ങൾ
ചിതറിയ നോവിന്റെ
ചില്ലക്ഷരങ്ങൾ
വിരഹഗാനശകലങ്ങൾ.

വലംകയ്യിൽ വിരലഞ്ചും
വിചാരത്തിലാണ്.
ചൂണ്ടുവിരൽ അക്ഷരങ്ങളെ
ചൂണ്ടുന്ന തിരക്കിലും
ഇടം കൈ വിമ്മിഷ്ടത്തിലും.
സെല്ലിന്റെ ഭാരം മുഴുവൻ
ഇടം കയ്യിലാണല്ലോ!

സെൽഫോൺ…
അതിലല്ലോ പ്രപഞ്ചസത്യങ്ങൾ
അടയിരിക്കുന്നത്.
പെരുവിരൽ
വല്ലാതെ പിടയുന്നുണ്ട്
പ്രപഞ്ചഭാരത്തെ പൂപോലെ താങ്ങുന്നതിനാൽ
നാൽവിരൽ സംഘം മറ്റൊന്നുമറിയുന്നില്ല
അവതാരരൂപനാണ് കവി!

ഒരു വിരൽത്തുമ്പിൽ
വിരിയും പ്രപഞ്ചം,
പ്രപഞ്ചത്തെ താങ്ങുന്ന
കൈ,
കവിയൊരു മുറിയിൽ,
നിശബ്ദത…
ലോകമാകെ നിശബ്ദം
ചുറ്റിലും വായു വായടച്ചുനിൽക്കുന്നു.

അനുവാചകനീ ചിത്രം
കണ്ടുനിൽക്കട്ടെ,
ഉള്ളിൽ വികാരസമുദ്രം
വെറുതേ
അലയടിക്കട്ടെ!

കവിമനസ്സിൽ
കല്പന തിളയ്ക്കുന്നു
വാക്കുകൾ, വാക്കുകൾ…
തീവണ്ടി ഇരമ്പുന്നു
കടലിരമ്പുന്നു
കാറ്റിരമ്പുന്നു…

അല്ല, അത് സെൽഫോണിന്റെ
വൈബ്രേഷനാണ്!
ഒച്ചകളാണ്,
വിവരങ്ങളുടെ തിക്കിത്തിരക്കിയുള്ള
വരവാണ്,
ലാവയുടെ ഒഴുക്കാണ്.

അന്നേരം
ചിന്തയുടെ
ഒരു സ്ഫുരണം
കവിയുടെ കാലിലേക്കിരച്ചു കേറി
ഒറ്റക്കാൽ നൃത്തം തുടങ്ങി
നൃത്തതാളം ചടുലമാകുമ്പോൾ
മുറിയിൽ കാൽപ്പാടുകൾ
പലയിടങ്ങളിൽ
പ്രത്യക്ഷമായി.
ഒന്നു മാഞ്ഞാൽ മറ്റൊന്ന്,
അതു മാഞ്ഞാൽ വേറെയൊന്ന്,
അവയ്ക്കെല്ലാം
ഒരേ ഭാവം
ഒരേ താളം
ഒരേ ലയം…

കാൽപ്പാടുകൾ
മുറിയിലാകെ തളംകെട്ടി
കവിചിന്തയുടെ
താളവും തെറ്റി.

പാടുകൾ
മെല്ലെമെല്ലെയൊന്നായി
ഒന്നു രണ്ടായി
രണ്ടു പാടുകളും
വരിയിൽ നിരന്നു
നിരയിൽ നിറഞ്ഞു
നിറവിൽ
കവിയ്ക്ക് ബോധമുദിച്ചു,
പൈതൃകം!

ഇപ്പോൾ വിരലുകൾ
താളത്തിൽ തിരഞ്ഞു,
സെൽഫോൺ
അറിവുപകർന്നു
പൈതൃകത്തിന്നർത്ഥം
പടർന്നു.

ആ അറിവിൻ ബലത്തിൽ
കവി
കൽപ്പാടുകൾക്കുള്ളിലേക്ക്
ഊളിയിട്ടിറങ്ങി
ഭൂതകാലത്തിലേക്ക്
സ്വത്വം തിരഞ്ഞൊരു യാത്ര!

ഇപ്പോൾ കവി ഒറ്റക്കാലിൽ
തപസ്സുചെയ്യുന്നില്ല
രണ്ടു കാലിൽ നടക്കുന്നു,
നടന്നുകൊണ്ടേയിരിക്കുന്നു,
സെൽഫോൺ
ചാർജില്ലാതെ
ചത്തുപോയി
പ്രപഞ്ചം ഇല്ലാതായി.

കവി നടന്നുകൊണ്ടേയിരുന്നു
പുതിയ പാടുകൾ മുളച്ചുകൊണ്ടേയിരുന്നു…

കാലിലും തറയിലും
ചങ്ങല ഉരയുന്നു
പുതുപാടുകൾ നിറയുന്നു.
അലറിയാർത്തുകൊണ്ട്
പിന്നാലെ
അക്ഷരങ്ങൾ
ഇഴയുന്നു.

ഡോ. അജയ് നാരായണൻ