ആകാശനാമ്പുകൾ (കവിത -ദിവ്യ,ഡാലസ് )

sponsored advertisements

sponsored advertisements

sponsored advertisements

11 February 2023

ആകാശനാമ്പുകൾ (കവിത -ദിവ്യ,ഡാലസ് )

ദിവ്യ,ഡാലസ്

നീയെന്ന ആഴമാണ് എന്റെ
ആകാശത്തെ കൊതിപ്പിച്ചത്.
നീയെന്ന വെള്ളയാണ് എന്റെ
ഇരുട്ടിനെ മോഹിപ്പിച്ചത്.

നിന്റെ പുഴയ്ക്കായാണ്
എനിക്ക് വിശന്നത്.
നിന്റെ മധുരത്തുണ്ടിലാണ്
ഞാൻ നീറ്റലാറ്റിയത്.

നിന്റെ പനിനീർപ്പൂ ഇതളകങ്ങളിലാണ്
എന്റെ ശലഭക്കാട് മയങ്ങിയുറങ്ങിയത്.
നിന്റെ തളിരിലകൾ
തുന്നിച്ചേർക്കാനാണ് ഞാനെൻ
ശിശിരം കുടഞ്ഞുകളഞ്ഞത്.

നിന്റെ മിഴിത്തണലിലാണ്
ഞാൻ ഉഷ്ണമുണക്കിയത്.
നിൻ വിരൽപ്പാടുകളിലാണെൻ കണ്ണാടി,
വടുക്കൾ മറന്നത്.

സമനില തെറ്റി പൊട്ടിച്ചിരിക്കുന്ന
കൂറ്റൻ കറുത്ത ചുവരുകൾക്ക്
കാവൽ നിന്ന് നരച്ചയാ താക്കോൽപ്പഴുതിൽ,
നീയാണ് കടലിലേക്കുള്ള ഒരു വഴി വരച്ചിട്ടത്.

കടലേറ്റത്തിന്റെ അമാവാസി
മുനയിൽ ഊന്നിനിന്നുലഞ്ഞാണ്
ഒരു കുമ്പിൾ ഉന്മാദപ്പൂക്കൾ തൂവി
നിന്നിലേക്കുള്ള നക്ഷത്രരാശി പാകിയത്.

വെളിച്ചമെത്താത്ത ഹൃദയത്തിലെ മുറിനീലകൾ,
കുഞ്ഞുമേഘക്കെട്ടിൽ മരുന്ന്
മുത്തി തമ്മിൽ –
തമ്മിൽ ഒപ്പിയെടുത്തപ്പോഴാണ്
രണ്ട് മിന്നാമിന്നികൾ മഴനൂലിലിരുന്നാടിയതും
നിഴലുകൾ ഇണചേർന്ന് തുടുത്തതും.

ചുറ്റിലും ചിതറിക്കിടക്കുന്ന വാക്കുകളിൽ,
നിലാത്തുമ്പ് തട്ടി നീ മാത്രം കവിതയാകുന്നു.
തിരതല്ലികരഞ്ഞതിലഴിഞ്ഞു
പോയ ഉടുപ്പില്ലാതെ, ഞാൻ,
വരികൾക്കുള്ളിലെ നിന്നെ പുതച്ചുറങ്ങുന്നു.

ഇനിയൊരു വിരഹച്ചൂടിന്
ബാക്കി വെയ്ക്കാതെ, ഇരമ്പിയാടുന്ന
മഴച്ചില്ലകൾ ഇതാ, നമ്മുക്ക് തീ കൊളുത്തുന്നു.
നിന്നാഴമെൻ ആകാശം വിഴുങ്ങുന്നു.
നിൻ വെണ്മയെൻ ഇരവുമ്മകളിൽ
കനൽ ചിന്തുന്നു.
പെരുമഴക്കാലത്തും പുഴ മെലിയുന്നു,
പൂരിപ്പിക്കാനൊരു പുഴയെത്താതെ
ശലഭക്കാട്, ശിശിരം മൂടി
ഭൂപടത്തിൽ അടയാളമില്ലാതാകുന്നു.

ദിവ്യ,ഡാലസ്