ആള്‍ക്കൂട്ട കൊലപാതകം ഫെഡറല്‍ കുറ്റകൃത്യം (ജോസ് കല്ലിടിക്കില്‍ )

sponsored advertisements

sponsored advertisements

sponsored advertisements

4 April 2022

ആള്‍ക്കൂട്ട കൊലപാതകം ഫെഡറല്‍ കുറ്റകൃത്യം (ജോസ് കല്ലിടിക്കില്‍ )

ള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകവും ഫെഡറല്‍ കുറ്റകൃത്യമാക്കിയുള്ള നിയമം അമേരിക്കയില്‍ നിലവില്‍ വന്നു. മാര്‍ച്ച് 29-ന് ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ റോസ്ഗാര്‍ഡനില്‍ നടത്തപ്പെട്ട പ്രത്യേക ചടങ്ങില്‍ വെച്ച് പ്രസിഡണ്ട് ജോ ബൈഡന്‍ കൈയ്യൊപ്പിട്ട് പുതിയ നിയമത്തിന് പ്രാബല്യമേകി. ‘എമ്മിറ്റ് ടില്‍ ആന്‍റി ലിഞ്ചിംഗ് ആക്ട്’ എന്നാണ് പുതിയ നിയമത്തിന് പേരു നല്കിയിട്ടുള്ളത്. ഒരു നൂറ്റാണ്ടിലേറെയായി ഇത്തരത്തില്‍ ഒരു നിയമത്തിനായി ഇരുനൂറില്‍പ്പരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വെളുത്ത വംശജരുടെയും ഒരുവിഭാഗം റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് അവയെല്ലാം വിഫലമാവുകയായിരുന്നു. ചിക്കാഗോയില്‍ നിന്നുള്ള യുഎസ് പ്രതിനിധി സഭാംഗം ബോബി റഷ് സ്പോണ്‍സര്‍ ചെയ്ത ആള്‍ക്കൂട്ട ആക്രമണ വിരുദ്ധ ബില്‍ ഫെബ്രുവരി 28ന് മൂന്നിനെതിരെ 422 അംഗങ്ങളുടെ പിന്തുണയോടു കൂടി യുഎസ് പ്രതിനിധി സഭയിലും മാര്‍ച്ച് 8ന് ഐകകണ്ഠ്യേന യുഎസ് സെനറ്റിലും പാസ്സാക്കിയിരുന്നു.

പുതിയ നിയമത്തിന്‍റെ പരിധിയില്‍ നിറത്തിന്‍റെയോ, വംശത്തിന്‍റെയോ, ലൈംഗിക താത്പര്യങ്ങളുടെയോ അടിസ്ഥാനത്തില്‍ വ്യത്യസ്തരായവരോട് അസഹിഷ്ണുത വെച്ചുപുലര്‍ത്തുകയും കൂട്ടംകൂടി വധിക്കുകയോ, ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കുകയോ ചെയ്യുക ഫെഡറല്‍ കുറ്റകൃത്യമായി പരിഗണിക്കപ്പെടും. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 30 വര്‍ഷം വരെ കഠിനതടവാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1877-1950 കാലഘട്ടത്തില്‍ മാത്രം 4400 കറുത്ത വംശജര്‍ അമേരിക്കയില്‍ വിശിഷ്യാ, തെക്കന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയായി വധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നതിന്‍റെ സാക്ഷ്യമാണ് 2020-ല്‍ ജോര്‍ജിയയില്‍ അഹ്മാദ് ആര്‍ബറി എന്ന കറുത്തവംശജ യുവാവ് വ്യായാമ ഓട്ടത്തിനിടയില്‍ മൂന്ന് വെളുത്ത വംശജരാല്‍ പ്രകോപനങ്ങളേതുമില്ലാതെ വധിക്കപ്പെട്ടത്.
1955 ഓഗസ്റ്റില്‍ മിസ്സിസിപ്പിയില്‍ വെളുത്ത വംശജരുടെ ക്രൂരപീഡനത്തിനും വെടിയുണ്ടയ്ക്കും ഇരയായി വധിക്കപ്പെട്ട എമ്മിറ്റ് ടില്‍ എന്ന 14 വയസുകാരന്‍റെ നാമമാണ് പുതിയ നിയമത്തിന് നല്കിയിട്ടുള്ളത്. സംഭവം ഏതാണ്ട് ഇങ്ങനെയാണ്: 1955 ഓഗസ്റ്റില്‍ മോസസ് റൈറ്റ് എന്ന മിസ്സിസിപ്പിയിലുള്ള അമ്മാവന്‍റെ ഭവനം സന്ദര്‍ശിച്ച ചിക്കാഗോ സ്വദേശി എമ്മിറ്റ് ടില്‍ തന്‍റെ രണ്ട് കസിന്‍സിനോടൊപ്പം ഒരു ഗ്രോസറി സ്റ്റോറില്‍ എത്തി. ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന വെളുത്ത വംശജനായ കടയുടമയുടെ ഭാര്യയെ ആകര്‍ഷിക്കുവാനോ ആക്ഷേപിക്കുവാനോ ആയി കൗമാരക്കാരനായ എമ്മിറ്റ് ടില്‍ ചൂളമടിച്ചു. സംഭവത്തില്‍ പ്രകോപിതനായ കടയുടമ റോയി ബ്രയന്‍റും ബന്ധുവായ ജെ.ഡബ്ല്യു. മിലവും ചേര്‍ന്ന് 1955 ഓഗസ്റ്റ് 28-ന് അര്‍ദ്ധരാത്രിയില്‍ മോസസ്സ് റൈറ്റിന്‍റെ ഭവനത്തില്‍ നിന്നും കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ എമ്മിറ്റ് ടില്ലിനെ തട്ടിക്കൊണ്ടു പോയി, ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ ശേഷം തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തി ‘ടലഹാച്ചി’ നദിയിലെറിഞ്ഞു.

നദിയില്‍ നിന്നും വീണ്ടെടുത്ത എമ്മിറ്റ് ടില്ലിന്‍റെ അവയവങ്ങള്‍ വിച്ഛേദിക്കപ്പെടുകയും വികലമാക്കപ്പെടുകയും ചെയ്ത മൃതശരീരം അടച്ച ശവപ്പെട്ടിയിലാക്കി കുടുംബത്തിനു വിട്ടുനല്കി. ഈ കൊലപാതകം അമേരിക്കയിലെ കറുത്ത വംശജരുടെ ഇടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കി. ചിക്കാഗോയിലെ ‘റോബര്‍ട്ട് ടെംബിള്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ക്രൈസ്റ്റ്’ എന്ന ദേവാലയത്തില്‍ നടത്തപ്പെട്ട എമ്മിറ്റ് ടില്ലിന്‍റെ സംസ്കാരശുശ്രൂഷകള്‍ തുറന്ന കാസ്കറ്റില്‍ ആയിരിക്കണമെന്ന് ഉറച്ച നിലപാടെടുത്ത മാതാവ് മെയ്മി ടില്‍ മോബിളിന്‍റെ തീരുമാനം അമേരിക്കയിലെ കറുത്ത വംശജര്‍ക്കിടയില്‍ വലിയൊരു ആവേശത്തിര സൃഷ്ടിച്ചു. സെപ്തംബര്‍ മൂന്നു മുതല്‍ ആറു വരെ നടത്തപ്പെട്ട പൊതുദര്‍ശനത്തില്‍ അമേരിക്കയിലെ വിവിധയിടങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം കറുത്ത വംശജര്‍ പങ്കെടുത്തു. ചിക്കാഗോയുടെ സമീപത്തുള്ള ‘ബര്‍ ഓക്ക്’ ശ്മശാനത്തിലാണ് എമ്മിറ്റ് ടില്ലിനെ സംസ്കരിച്ചിട്ടുള്ളത്. എമ്മിറ്റ് ടില്ലിന്‍റെ വധം അമേരിക്കയിലെ കറുത്തവംശജരുടെ പൗരാവകാശ സമരങ്ങള്‍ ആളി പടര്‍ത്തുവാനും ലക്ഷക്കണക്കിനു യുവാക്കളെ ഈ സമരങ്ങളിലേക്ക് ആകര്‍ഷിക്കുവാനും ഇടയാക്കി.
എമ്മിറ്റ് ടില്‍ വധക്കേസ് വിചാരണ അമേരിക്കയില്‍ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ടു. കറുത്ത വംശജര്‍ക്ക് എതിരെയുള്ള അക്രമങ്ങളും കൊലപാതകങ്ങള്‍പോലും വിരളമായേ അക്കാലത്ത് വിചാരണ ചെയ്യപ്പെട്ടിരുന്നുള്ളൂ. വെളുത്ത വംശജര്‍ മാത്രം ഉള്‍പ്പെട്ട 12 അംഗ ജൂറി പ്രതികളായ റോയി ബ്രയന്‍റ്, ജെ. ഡബ്ല്യു. മിലം എന്നിവരെ നിരപരാധികളായി കണ്ടെത്തി. എമ്മിറ്റ് ടില്ലിന്‍റെ അമ്മാവന്‍റെയും ബന്ധുക്കളുടെയും ദൃക്സാക്ഷിമൊഴികള്‍ പൂര്‍ണമായും ജൂറി അവഗണിക്കുകയായിരുന്നു. കുറ്റവിമുക്തരായ പ്രതികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ എമ്മിറ്റ് ടില്ലിനെ തങ്ങളാണ് വധിച്ച് നദിയിലെറിഞ്ഞതെന്ന് കുറ്റസമ്മതം നടത്തിയെങ്കിലും കോടതി കുറ്റവിമുക്തരാക്കിയ അവരെ പുനര്‍വിചാരണ ചെയ്യുവാന്‍ നിയമസാദ്ധ്യത അന്നുണ്ടായിരുന്നില്ല.
‘എമ്മിറ്റ് ടില്‍ ആന്‍റി ലിഞ്ചിംഗ് ആക്ട്’ 2009-ല്‍ ബറാക്ക് ഒബാമ ഒപ്പിട്ട് നിയമമാക്കിയ ‘ഹെറ്റ് ക്രൈം ആക്ടിനെ’ പരിഷ്കരിച്ചുണ്ടാക്കിയതാണ്. സാധാരണ കൊലപാതകങ്ങളും ലിഞ്ചിംഗും തമ്മില്‍ പുതിയ നിയമത്തില്‍ വ്യക്തമായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. വോട്ടവകാശം രേഖപ്പെടുത്തുമ്പോള്‍, സ്കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍, പുതിയതായി ഒരു വ്യാപാരസ്ഥാപനം തുറക്കുവാന്‍ ശ്രമിക്കുമ്പോള്‍, മാത്രമല്ല ദൈവവചനം പ്രചരിപ്പിക്കുമ്പോള്‍ പോലും കറുത്ത വംശജരും പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങളും അമേരിക്കയില്‍ ഇപ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ടെന്നതാണ് ഔദ്യോഗിക കണ്ടെത്തല്‍.

ജോസ് കല്ലിടിക്കില്‍