ഓർമ്മകളിലും വിസ്മയിപ്പിയ്ക്കുന്ന വനിത – അമ്മ (രാജീവ് പഴുവിൽ,ന്യൂജേഴ്‌സി )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


9 March 2023

ഓർമ്മകളിലും വിസ്മയിപ്പിയ്ക്കുന്ന വനിത – അമ്മ (രാജീവ് പഴുവിൽ,ന്യൂജേഴ്‌സി )

വനിതാദിന രചനകൾ
രാജീവ് പഴുവിൽ
അമ്മ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്,
ഒരു തരം നിസ്സംഗത കൊണ്ട്.

മനസ്സിനുള്ളിൽ…
ആകാശത്തോളം ഉയരത്തിൽ പറക്കുന്ന ആശങ്കകളുടെ കാർമേഘങ്ങളുണ്ടായിരുന്നിരിയ്ക്കണം.
അലകടലിന്നഗാധതയിൽ
ഭയവും അരക്ഷിതാവസ്ഥയും ചേർന്നുരുകിയ
ലാവ വമിപ്പിയ്ക്കുന്ന അഗ്നിപർവതവിസ്ഫോടനങ്ങളും.

അവയെയൊക്കെ
മുഖത്തൊരു നിർവികാരതയുടെ മുഖംമൂടിയിട്ട് മറച്ചുവെയ്ക്കുവാൻ അമ്മയെ പഠിപ്പിച്ചത് കാലം കരുതി വെച്ച തീക്ഷ്ണാനുഭവങ്ങൾ തന്നെയാകണം.

പറക്കമുറ്റാത്ത ആറു മക്കളെയും
തന്നെയും ഒറ്റയ്ക്കാക്കി
മറ്റൊരു ലോകത്തേക്ക് പ്രിയതമൻ
കടന്നു പോകുന്നതിനും അഞ്ചരവർഷത്തോളം മുൻപ് മഹാരോഗത്തിന് അടിപ്പെട്ടതറിഞ്ഞപ്പോൾ മുതൽ വെന്തുരുകാൻ വിധിയ്ക്കപ്പെട്ട മനസ്സ്‌
ക്രമേണ വിപദിധൈര്യത്തിൽ നിന്നുമുരുത്തിരിഞ്ഞുണ്ടായ
ഒരു പ്രതിരോധവലയം സ്വയം തീർത്തു കാണണം.
അത് തരുന്ന സുരക്ഷിതത്വം
ഉള്ളിൽ സങ്കൽപിച്ചുണ്ടാക്കി
സ്വയം ആശ്വാസവും ധൈര്യവും
കണ്ടെത്തിക്കാണണം.

മക്കൾക്കെന്തെങ്കിലും അസുഖമോ, പ്രശ്നങ്ങളോ വരുമ്പോൾ പൊടുന്നനെ പ്രകടമാകുന്ന ആത്മ ധൈര്യവും, കരളുറപ്പും എവിടെയാണമ്മ ഒളിപ്പിച്ചു വെച്ചിരുന്നത്?

വര്ഷങ്ങളോളം മക്കൾക്കൊപ്പം ഒരുമിച്ചു തുഴഞ്ഞ തോണി അവസാനം കരയ്ക്കടുപ്പിച്ചപ്പോഴും, ഉള്ള് തുറന്ന് ആഹ്ലാദിയ്ക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല.
30-ലധികം വർഷങ്ങൾ ഒരു തപസ്യ പോലെ
അനുഷ്ഠിച്ചു പോന്ന ആ നിസ്സംഗഭാവം
ആ മുഖത്ത് എന്നും മായാതെ നിന്നു.

രണ്ടു വർഷങ്ങളിലൊരിയ്ക്കൽ
നാട്ടിലെത്തുമ്പോൾ ഒരു പാട് കാര്യങ്ങൾ പറയുന്നതിനിടയ്ക്ക് വല്ലപ്പോഴുമൊക്കെ
ഹൃദയം തുറന്നുള്ള ഒരു ചിരി.
തിരക്കിട്ടു വന്നു തഴുകിയോടിപ്പോകുന്ന മന്ദ മാരുതനെപ്പോലെ.

അല്പനിമിഷങ്ങളിൽ വീണ്ടും പഴയഭാവത്തിന്റെ വാല്മീകത്തിനുള്ളിലേയ്ക്ക്.
ഞങ്ങൾക്ക് മനസ്സിലാകും.
ഉള്ളിന്റെയുള്ളിൽ സദാ എരിഞ്ഞു കൊണ്ടിരുന്ന ആ കനൽ.

ഇപ്പോൾ,അച്ഛനടുത്ത് എത്തിയ ശേഷം, അത് മാറിക്കാണുമെന്ന് പ്രതീക്ഷിയ്ക്കയാണ്.
അതോ, അവിടെയും വല്ലപ്പോഴുമൊരിയ്ക്കലാണോ ഖിന്നതയുടെ മൂടുപടം നീക്കി മനോഹരമായ ആ സ്മിതം കുളിർതെന്നലായി അച്ഛനെ തഴുകുന്നത് ?

അങ്ങനെയല്ലെന്ന് വിശ്വസിയ്ക്കാനാണ് ഇഷ്ടം.

രാജീവ് പഴുവിൽ,ന്യൂജേഴ്‌സി