ഡോ. ഉഷ കെ വാര്യർ
തളിരിളം കൈകൾ പുണരുമ്പോളേറെ
-ക്കുളിർന്നതി,ലലിഞ്ഞു ചേരുക.
തേനുമ്മകൾ പൊതിയുമ്പോൾ നുകർന്നു
നുകർന്നതിൽ നനഞ്ഞു കുതിരുക.
പാൽച്ചിരി നിലവാക്കി, യതിൽ
നിർവൃതിയായ് തെന്നിയൊഴുകുക.
നിന്നെ പകർത്തുമോരോരോ
കൊഞ്ചലും നാട്യങ്ങളും,
കാണുന്ന മാത്രയിൽ
നിറകണ്ണിൽ വിടരുന്ന
പരിഭവച്ചിരിയും,
കഥകളിലുറങ്ങുന്ന കൺപീലിയിൽ
ചേർന്നു മയങ്ങും സ്വപ്നങ്ങളും,
എല്ലാമെടുത്തു നീ കാത്തുവെക്കുക.
പിന്നെ,
ഏറെയിരുട്ടുമ്പോൾ മെല്ലെച്ചെന്ന്
പുസ്തകത്താളുകൾ മറിച്ച്
മയിൽപ്പീലിക്കുഞ്ഞുങ്ങൾക്കായ്
കാത്തിരിക്കാം.