നീ ചത്തവനാണ്.
എന്റെ അക്ഷരങ്ങൾ പെറ്റിട്ട നിന്നെ,
അതേ അക്ഷരങ്ങൾ തന്നെ തൂക്കിലേറ്റി.
ഇനിയവ നിന്നെ
തെക്കോട്ടു തിരിച്ചു കിടത്തും.
എന്റെ മുടിയിഴകൾ
നിന്റെ പെരുവിരലുകളെ
ചേർത്തുകെട്ടും.
നിന്റെ ഹൃദയത്തിൽ
ഞാൻ എനിക്കുവേണ്ടി
ഒരു പട്ടുമെത്ത തീർക്കും.
ശയിക്കും.
അഞ്ചുതിരിയിട്ട മാടമ്പി വിളക്ക്
നിനക്കുമുന്നേ കത്തിക്കൊണ്ടിരിക്കും.
ചന്ദനത്തിരിയുടെയും രാമച്ചത്തിന്റെയും
ഗന്ധം വമിക്കുന്ന
എന്റെ വരികൾ
നിനക്ക് ചരമഗീതം പാടും.
ഞാൻ മാത്രം നിന്നെ കാണാൻ വരും.
രണ്ടേരണ്ട് തുള്ളി കണ്ണുനീർ
നിനക്കുമാത്രമായി
ഞാൻ നീക്കി വച്ചിട്ടുണ്ട്.
പിന്നെ ചടങ്ങുകളില്ല
പ്രാർത്ഥനകളില്ല.
എന്റെ ഹൃദയത്തിലെ
ആറടി മണ്ണ്
നിനക്കുവേണ്ടിയുള്ളതാണ്.
ആ അവസാന തുണ്ട് ഭൂമിയിൽ
നിന്നെ അടക്കം ചെയ്യും..
ഇങ്ങനെ,
ചത്തവനോട് പറയാനുള്ളത്
എന്റെ കൊലപാതകത്തിന്റെ
കഥയാണ്….
അനഘ പെരുന്തേടത്ത്