വനിതാദിന രചനകൾ
അനിൽ പെണ്ണുക്കര
അന്ന് സമയം പകൽ നാലുമണി ആയിട്ടുണ്ടാവും. പതിവിലും നേരത്തെ ഞാനും വീടെത്തി. അമ്മ കുളിക്കാനുള്ള തയ്യാറെടുപ്പായിരുന്നു. ഞാനെന്തോ നാലുമണി കാപ്പിക്കുള്ളതും വാങ്ങിയിരുന്നു.
” കുളിച്ചിട്ട് വരട്ടെ . കഴിക്കാം . ഈ എണ്ണക്കടികൾ ഒക്കെ കഴിച്ചാൽ പ്രഷറും ഷുഗറുമൊക്കെ കൂടും ”
“അതിന് അമ്മയ്ക്ക് ഷുഗറില്ലല്ലോ. ചെറിയ പ്രഷർ അല്ലെ ഉള്ളു”
“ചാകുമ്പോൾ ചാകും. ഭക്ഷണം കഴിക്കാതെ കുറേ നാൾ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം ”
അമ്മ കുളിക്കാൻ പോയി.
അമ്മയുടെ പിറകെ ഒന്നര വയസുള്ള മകളും.
” കുഞ്ഞിനെ പിടിക്ക്. ഈ കുഞ്ഞിന്റെ ഒരു കാര്യം. മോനങ്ങ് തിണ്ണയ്ക്ക് പോയിരിക്ക്. അമ്മച്ചി കുളിച്ചിട്ട് വരാം ”
അമ്മ കുളിച്ചിട്ട് വേഷം മാറാൻ മുറിയിലേക്ക് കയറി. അല്പം കഴിഞ്ഞിട്ടും അമ്മയെ കാണാത്തതു കൊണ്ടാവും മകൾ മുറിയ്ക്കുള്ളിലേക്ക് കയറി. പെട്ടന്ന് അവൾ തിരികെയെത്തി ” അമ്മച്ചി.. അമ്മച്ചി ” എന്ന് പറഞ്ഞു.
ഞാനും ഭാര്യയും പെട്ടന്ന് മുറിയിലേക്ക് ചെന്നപ്പോൾ അമ്മ തറയിൽ വീണ് കിടക്കുകയാണ്. പ്രഷർ കൂടിയതാണെന്ന് മനസിലായി. ആശുപത്രിയിൽ പോകുന്നതിന് മുമ്പ് നമുക്കെല്ലാം തോന്നുന്ന ബുദ്ധി എനിക്കും തോന്നി. കഴിച്ചു കൊണ്ടിരിക്കുന്ന ഗുളിക എടുത്തു കൊടുക്കാം. ഗുളിക ടിൻ എടുത്ത് നോക്കിയപ്പോൾ ഗുളിക അതുപോലെ തന്നെയുണ്ട്. പ്രഷറിന്റെ ഗുളിക ഒരെണ്ണം കൊടുത്തു.
“എനിക്ക് ഒന്നുമില്ലടാ.. പ്രഷറിന്റെയാ.. മാറിക്കൊള്ളും”
അപ്പോഴേക്കും അമ്മയുടെ മുഖം ഒരു വശത്തേക്ക് കോടി വന്നു തുടങ്ങി.
ഞാൻ ഒറ്റ കരച്ചിലായിരുന്നു..
” അമ്മയെന്താ ഗുളിക കഴിക്കാഞ്ഞത് ”
” എനിക്ക് കുഴപ്പമൊന്നുമില്ലന്നേ… നാളെ മാങ്കാം കുഴിയിൽ പോകാം. ഡോക്ടറെ കാണാം ”
അപ്പോഴേക്കും ഞാൻ വണ്ടി വിളിച്ചു. അല്പം ആധുനിക സൗകര്യമുള്ള തിരുവല്ല പുഷ്പഗിരിയിലേക്ക് ..
വണ്ടിയിൽ ഇരുന്നപ്പോഴൊക്കെ ഞാൻ ചിന്തിച്ചത് അമ്മ ഗുളിക കഴിക്കാത്തതിനെ കുറിച്ചായിരുന്നു.
എന്തുകൊണ്ടായിരിക്കാം അമ്മ ഗുളിക കഴിക്കാതിരുന്നത്.
അച്ഛന്റേയും ഞങ്ങളുടേയും കാര്യങ്ങൾ, നിർബന്ധങ്ങൾ എല്ലാം കേൾക്കുന്നതിനിടയിൽ അമ്മയത് മറന്നതാവാം. മരുന്ന് വാങ്ങി കൊടുത്താൽ മാത്രം പോരാ.. അത് നമ്മൾ എടുത്തു കൊടുക്കേണ്ടതു കൂടിയാണ് എന്ന് പാഠം മനസിലാക്കിയപ്പോഴേക്കും അമ്മയുടെ ഓമനത്തമുള്ള മുഖം കോടി കോടി വന്നുകൊണ്ടിരുന്നു.
ആശുപത്രിയിലെത്തിയപ്പോൾ അമ്മയ്ക്ക് ചെറിയ മാറ്റമായി. മുഖത്തിനും ചെറിയ വിത്യാസം വന്നു. ഏതാണ്ട് പഴയതു പോലെ. സംസാരത്തിന് നേരീയ കുഴച്ചിൽ മാത്രം.സഹോദരങ്ങളെ വിവരമറിയിച്ചു. അച്ഛൻ ജോലി കഴിഞ്ഞ് ആശുപത്രിയിലെത്തി. എന്തസുഖം വന്നാലും മാങ്കാംകുഴിയിലെ ഡോക്ടറെ കണ്ടാൽ മതി എന്ന് വിശ്വസിക്കുന്ന അച്ഛനും പറഞ്ഞു . ഇവിടുന്ന് ഇറങ്ങിയിട്ട് അവിടെ പോകാം എന്ന്.
ഇളയ സഹോദരി അമ്മയ്ക്ക് കൂട്ടിരുന്നു. ഞാൻ അച്ഛനോടൊപ്പം വീട്ടിലേക്കും. അതിരാവിലെ അമ്മയ്ക്ക് വേണ്ട ഡ്രസുകൾ എടുത്ത് ആശുപത്രിയിലെത്തിയപ്പോഴേക്കും അമ്മയുടെ നില വഷളായി കഴിഞ്ഞു. അതിരാവിലെ വീണ്ടും സ്ട്രോക്ക് വന്നു. ഒരു വശം പൂർണ്ണമായും തളർന്നു പോയിരുന്നു.
അമ്മ ഓടി നടന്ന വീട്ടിലേക്ക് ശരിക്കും സംസാരിക്കാനാവാതെ തളർന്ന് പോയ ഇടതു കൈ വലതു കൈ കൊണ്ട് പിടിച്ച് മറ്റുള്ളവരുടെ സഹായത്തോടെ നടക്കുന്ന അമ്മയെ ഞാൻ ഉൾക്കിടിലത്തോടെയാണ് കണ്ടത്. പിന്നെ ഒരു മാസത്തെ ചികിത്സയ്ക്കിടെ ഒരു വയറ് വേദന വന്നു. പെട്ടെന്ന് ആശുപത്രിയിലാക്കി. ഉടൻ തന്നെ ഐ.സി.യുവിലും
” ഓമനയുടെ ആരെങ്കിലും ഉണ്ടോ ” എന്ന് ഐസിയുവിന്റെ പേടിപ്പെടുത്തുന്ന ഡോർ തുറന്ന് വരുന്ന നേഴ്സിന്റെ ശബ്ദം എനിക്കിന്നും ഓർമ്മയുണ്ട്.
ചികിത്സകൾ ഒന്നും ഫലിച്ചില്ല. പിന്നെ പനി കൂടി പിടിച്ചു. യൂറിനൽ ഇൻഫക്ഷനായി. അണുക്കൾ അവയവങ്ങളെയൊക്കെ ബാധിച്ചു.
” ഓമനയുടെ ആരെങ്കിലും ഉണ്ടോ’
ഉണ്ട്..
നിങ്ങളെ ഡോക്ടർ വിളിക്കുന്നു.
ഒരു ജൂനിയർ ഡോക്ടർ എന്റെ അടുത്തേക്ക് വന്നു. ഐസിയുവിൽ അമ്മ നല്ല ഉറക്കത്തിലാണ് എന്ന് എനിക്ക് തോന്നി…
നിങ്ങൾ ആരാണ് ?
മകൻ.
വേറെ ആരും കൂടെ വന്നിട്ടില്ലേ
ഉണ്ട് , അച്ഛനും സഹോദരങ്ങളും.
അമ്മ മരിച്ചു.
അല്പം മുൻപ്.. കയറി കാണാം
ഒരു വാതിലിനപ്പുറത്ത് ശാന്തമായി ഉറങ്ങുന്ന അമ്മ .
തിരിഞ്ഞു നോക്കുമ്പോൾ ഐസിയുവിന്റെ വാതിലിൽ നിൽക്കുന്ന അച്ഛനും സഹോദരങ്ങളും.
ഇത്തരം ചില നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുളളവരോട് ചോദിക്കണം.
അവരുടെ ഹൃദയത്തിന്റെ സ്ഥാനത്ത് വലിയ ഒരു കല്ല് എടുത്തു വച്ച അനുഭവമാകും. ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്ത കേൾക്കുന്നവരുടെ നിലവിളികൾ കൂടിയാകുമ്പോൾ പിന്നെ നമ്മൾ മുൾപ്പടർപ്പിൽ അകപ്പെട്ട കിളിയെപ്പോലെയാകും.
അമ്മ മരിച്ചു എന്ന് അച്ഛനോടും സഹോദരങ്ങളോടും പറഞ്ഞ നിമിഷം ഇന്നും ഓർമ്മയുണ്ട്.
അമ്മയില്ലാത്ത ജീവിതം അനാഥനെപ്പോലെയാണ്. എല്ലാവരും ഉണ്ടാവും. പക്ഷെ ആരും ഉണ്ടാവില്ല. അമ്മയില്ലാത്ത വീട്ടിലേക്ക് അമ്മയുടെ ബന്ധുക്കൾ അപൂർവ്വമായെ വരു
” ചേച്ചിയില്ലാത്ത വീട്, ഓമനയില്ലാത്ത വീട്, അമ്മയില്ലാത്ത വീട് ‘
എല്ലാവരും തിരികെ പോകും. അമ്മയില്ലാത്തവർക്ക് ബന്ധുക്കളുണ്ടാവില്ല. നമുക്ക് അവരെയാണാവശ്യം. അവർക്ക് നമ്മളെയല്ല. പക്ഷെ എന്റെ അഭിപ്രായം മറിച്ചാണ്. അമ്മയില്ലാത്തവരെയല്ലേ കൂടുതൽ കരുതേണ്ടത്, അന്വേഷിക്കേണ്ടത്.
ഭാര്യയുള്ളവരോടാണ്..
അമ്മയുള്ളവരോടാണ് :
എനിക്കിന്ന് തീരെ വയ്യ. പുറത്തു നല്ല വേദന.
എന്ന് പറയുമ്പോൾ
” നിനക്കെന്നും അസുഖമാണല്ലോടി എന്ന് പറയാതെ , പുറമൊന്ന് തലോടിക്കൊടുക്കാം . മരുന്നുകൾ എടുത്ത് കൊടുക്കാം. ഇടയ്ക്കിടയ്ക്ക് അവർക്ക് അസുഖത്തിന് കുറവുണ്ടോ എന്ന് അന്വേഷിക്കാം.
രാവിലെ ഒരു കാപ്പിയൊക്കെ ഇട്ടു കൊണ്ട് അവരെ ഉണർത്താം. ആശുപത്രിയിൽ കൊണ്ടുപോകാം. ഒപ്പമിരിക്കാം. ഇവൾ പറഞ്ഞാൽ കേൾക്കുകേല ഡോക്ടറെ എന്ന് പറയാം. തിരികെ വീടെത്തുമ്പോൾ മക്കളോട് പറയാം. അമ്മയ്ക്ക് സുഖമില്ല. നമുക്ക് കുറച്ചു ദിവസം വീട്ടുകാര്യങ്ങളൊക്കെ നോക്കാമെന്ന്. ചൂടു ഭക്ഷണം ഉണ്ടാക്കി അമ്മയ്ക്ക് കൊടുക്കാമെന്ന്. ഒപ്പം ഉറങ്ങാമെന്ന്. തന്റെ ഓരോ ശ്വാസത്തിലും ഞാനും മക്കളും കട്ടയ്ക്ക് ഒപ്പമുണ്ടെന്ന് പറയു .അത് അവർക്ക് വലിയ കരുത്താകും. തീർച്ച..
ഒരു ചെറിയ ജീവിതമേ നമുക്കുള്ളു.
വളരെ ചെറിയ ജീവിതം. സമയം കിട്ടുമ്പോഴൊക്കെ
അമ്മമാരോടും, ഭാര്യമാരോടും വർത്തമാനം പറയു .നമ്മളെ പറ്റി, മക്കളെപ്പറ്റിയുള്ള ആകുലതകൾ, നമ്മുടെ ആരോഗ്യം, പഠനം, ജീവിത പ്രശ്നങ്ങൾ ഇവയൊക്കെയാവും അവർ ചർച്ച ചെയ്യുക. അവർക്കും പ്രയാസങ്ങൾ ഉണ്ടെന്നറിയിക്കാതെയുള്ള വർത്തമാനം.
ഈ വർത്തമാനങ്ങൾക്കിടയിൽ നാം അവരെ അറിഞ്ഞാൽ മനസിലാക്കിയാൽ , സ്നേഹത്തോടെ അവർ നമുക്കായി ഓടിയതിന്റെ പകുതി ഓടിയാൽ അവരെ നമുക്കൊപ്പം എന്നും കിട്ടും.
ഇല്ലെങ്കിൽ ആരുമില്ലാത്തവരെ പോലെ..
സങ്കടങ്ങൾ കേൾക്കാനാളില്ലാത്ത
മനസിനസുഖം ബാധിച്ച് ഓടി നടക്കുന്ന ഒരാളെ പോലെ…
തനിയെ.. തനിയെ…
എല്ലാ അമ്മമാർക്കും
ഭാര്യമാർക്കും
വനിതാ ദിന ആശംസകൾ.
