വീട്ടിലിക്കുന്ന വിസ്മയമാര്‍ (അനിൽ പെണ്ണുക്കര )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 August 2022

വീട്ടിലിക്കുന്ന വിസ്മയമാര്‍ (അനിൽ പെണ്ണുക്കര )

അനിൽ പെണ്ണുക്കര

2012ലാണ്. മലപ്പുറത്ത് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപകനായി ചേര്‍ന്ന സമയം. അവിടെ പ്രോഗ്രാം കമ്മറ്റി ചെയര്‍ ആയി എന്നെ നിയമിച്ചു. ഫ്രഷേഴ്സ് ഡേ ആഘോഷം. കോളേജിലെ അസൗകര്യം കൊണ്ട് താഴെ ഗ്രൗണ്ടിലാണ് പരിപാടി. അടുത്തു തന്നെ ബസ്റ്റാന്‍റും. ആളുകള്‍ കുട്ടികളുടെ പരിപാടി കാണാനായി അങ്ങിങ്ങായി നില്‍പ്പുണ്ട്. ശ്രേയാ ഘോഷാലിന്‍റെ അതെ ശബ്ദത്തില്‍ പാടുന്ന ഒരു കുട്ടി അവരുടെ ഒരു പാട്ടുമായി സ്റ്റേജിലെത്തി. പാടാന്‍ തുടങ്ങിയപ്പോള്‍ ഒരു വൃദ്ധന്‍ ഒരു കല്ലുമായി സ്റ്റേജിന് മുന്നിലെത്തി. ‘താഴെ ഇറങ്ങടീ’
കുട്ടി മൈക്കും കളഞ്ഞിട്ട് ഓടി. എനിക്കൊന്നും പിടികിട്ടിയില്ല. ഞാന്‍ വിചാരിച്ചു അയാള്‍ക്കെന്തോ കുഴപ്പമുണ്ടെന്ന്. ഞാന്‍ അയാളുടെ അടുതത്തത്തി.
‘നിങ്ങളാരാ..’ എന്ന് അയാള്‍. ഞാന്‍ പറഞ്ഞു ഞാനാണ് ഈ പരിപാടിയുടെ കണ്‍വീനര്‍. കോളജ് പരിപാടിയാണ് ‘
എന്‍റെ സംസാരം കേട്ടപ്പോള്‍ അയാള്‍ക്ക് ഞാന്‍ തെക്കനാണെന്ന് പിടി കിട്ടി. ‘ ഇവിടെ ഈ വക പരിപാടി നടക്കില്ല. പെണ്‍കുട്ടികളെ സ്റ്റേജിലൊന്നും കയറ്റാന്‍ പറ്റില്ല’
‘ആ കുട്ടി നന്നായി പാടും. ആളുകള്‍ കേള്‍ക്കട്ടെ.’
‘അതൊന്നും ഇവിടെ നടക്കില്ല മാഷെ.’
കുറെ തര്‍ക്കിച്ചു. ഒന്നും സംഭവിച്ചില്ല. കുട്ടി പാടിയതുമില്ല. പിന്നീട് ഒരിക്കലും ആ കുട്ടി കോളജില്‍ ഒരു മൂളിപ്പാട്ട് പോലും പാടിയതായി ഞാന്‍ കേട്ടിട്ടില്ല.
************
മറ്റൊരു കോളജില്‍ സൈക്കോളജി അദ്ധ്യാപകനായി നില്‍ക്കുന്ന സമയം. സഹപ്രവര്‍ത്തകനായ ഒരു അദ്ധ്യാപകന്‍ ഒരു ബുക്ക് എന്നെ ഏല്‍പ്പിച്ചു.
‘സര്‍ ഇത് നിറയെ കവിതകളാണ്. പ്ലസ്ടു വിന് പഠിക്കുന്ന ഒരു കുട്ടി എഴുതിയതാണ്’
ഞാന്‍ ആ കവിതകളിലൂടെ കണ്ണോടിച്ചു. എത്ര സുന്ദരമായ എഴുത്ത്. അസാധ്യ രചനകള്‍. ഇന്‍റെര്‍വെല്‍ സമയത്ത് ആ കുട്ടിയെ സാര്‍ പരിചയപ്പെടുത്തി. ‘ഇതൊക്കെ പബ്ലിഷ് ചെയ്തോട്ടെ.’ എന്‍റെ പതിവ് ചോദ്യം.
‘യ്യോ.. വേണ്ട സര്‍. ഈ കവിതകള്‍ ഇപ്പോള്‍ നമ്മള്‍ മൂന്ന് പേര് മാത്രമേ കണ്ടിട്ടുള്ളു. അത് മതി സര്‍. സര്‍ നല്ല അഭിപ്രായം പറഞ്ഞല്ലോ. അത് മതി.’
ആ കുട്ടി ക്ലാസിലേക്ക് പോയപ്പോള്‍ സഹാദ്ധ്യാപകന്‍ പറഞ്ഞു. അവളിനിയും പഠിക്കാന്‍ സാധ്യതയില്ല. വിവാഹം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.
ആ കുട്ടി ഇപ്പോള്‍ എവിടെയാവോ?
**************
കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൈവറ്റ് കോളേജ് കലോത്സവം. കോളജില്‍ നിന്ന് മലപ്പുറം ജില്ലാ തലത്തില്‍ ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം ഞങ്ങള്‍ടെ കുട്ടികള്‍ക്ക്. യൂണിവേഴ്സിറ്റി തലത്തില്‍ പോകാന്‍ കുട്ടികള്‍ തയ്യാറെടുക്കവെ മണവാട്ടിയായ കുട്ടിക്ക് മൗനം.
‘സര്‍ എനിക്ക് വരാന്‍ പറ്റില്ല. അമ്മായി അപ്പന്‍ സമ്മതം തന്നില്ല’
‘ഇയാളെ കെട്ടിയത് അമ്മായി അപ്പനാണോ’ എന്ന് ഞാന്‍ ചോദിച്ചു. ഭര്‍ത്താവിന്‍റെ അനുവാദം പോരെ. അമ്മയും ഒപ്പം വരുമല്ലോ. പിന്നെന്താ പ്രശ്നം.
‘കോളജില്‍ മാത്രം പങ്കെടുക്കാനെ ഓര്‍ഡര്‍ ഉണ്ടായിരുന്നുള്ളു. ജില്ലാതലത്തില്‍ സമ്മാനം കിട്ടിയ കാര്യം ഭര്‍ത്താവിന് മാത്രമെ അറിയു.’
‘ഭര്‍ത്താവ് പട്ടാളക്കാരന്‍ അല്ലെ ‘
‘അതൊക്കെ പട്ടാളത്തില്‍. വീട്ടില്‍ ഉപ്പയാണ് മേജര്‍’
അവസാനം പകരം വേറെ കുട്ടിയെ കൊണ്ടു പോകാന്‍ അനുമതി വാങ്ങേണ്ടി വന്നു.
**************
അറുപത് വയസോളം പ്രായമുള്ള ഒരമ്മ ഒരിക്കല്‍ പുസ്തക റിവ്യുവിനായി ഒരു പുസ്തകം തന്നു. 2016ലാണ്. മനോഹരമായ ഒരു നോവല്‍. വടക്കേയിന്ത്യ പശ്ചാത്തലമായ ഒരു നോവല്‍. നോവലിന്‍റെ പ്രമേയം ഇഷ്ടമില്ലാത്ത ഒരു കല്യാണവും തുടര്‍ന്ന് വടക്കേയിന്ത്യയിലേക്ക് പറിച്ചു നടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് പ്രമേയം. നോവല്‍ വായിച്ച ഞാന്‍ ആ അമ്മയെ വിളിച്ചു. കഥാനായിക അമ്മ തന്നെ അല്ലെ എന്ന് ചോദിച്ചു. അതെ എന്ന് ഉത്തരം. നായകന്‍ ഒരു സാങ്കല്പിക ഭര്‍ത്താവല്ലേ എന്ന് കൂടി പറഞ്ഞപ്പോള്‍ അവര്‍ കരഞ്ഞു. ഇതിലെ നായകന്‍റെ വിപരീത സ്വഭാവമാണ് എന്‍റെ ഭര്‍ത്താവിന്‍റേത്. ഈ നോവല്‍ അദ്ദേഹം വായിച്ചിട്ടില്ല. എന്‍റെ ഒരെഴുത്തു പോലും വായിക്കാറില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ മിണ്ടിയിട്ട്. ഭക്ഷണമൊക്കെ ഞാന്‍ ഉണ്ടാക്കി വയ്ക്കും കഴിക്കും. രണ്ട് മുറിയില്‍ ഉറക്കം. മൂന്ന് പെണ്‍മക്കളാണ്. അവര്‍ വരുമ്പോള്‍ അവിടെയും ഇവിടെയും തൊടാതെ സംസാരം. മക്കള്‍ക്കും അച്ഛനെ പേടി.
കല്യാണം കഴിച്ച ആദ്യ ആഴ്ചയില്‍ ഈ ബന്ധം വേണ്ട എന്ന് ഞാന്‍ അച്ഛനോട് പറഞ്ഞതാണ്. അപ്പോള്‍ അമ്മയും അച്ഛനും പറഞ്ഞു. ‘ അതൊക്കെ ശരിയാവും. അവിടെ തന്നെ നില്‍ക്കുക. ഇങ്ങോട്ട് പിണങ്ങി വരല്ലേ. ഞങ്ങള്‍ക്ക് നാണക്കേടാവും എന്ന്. നാല്‍പ്പത് വര്‍ഷം ആയി. ഇതുവരെ ഒന്നും ശരിയായില്ല. എന്‍റെ നല്ല നാല്പ്പത് വര്‍ഷങ്ങള്‍ ഇല കൊഴിയും പോലെ
**************
സര്‍ അയച്ച പുസ്തകം എല്ലാം കിട്ടി. സ്നേഹത്തോടെ എല്ലാം സ്വീകരിക്കുന്നു. പക്ഷെ പണം അയക്കാന്‍ പ്രയാസമുണ്ട്. എന്‍റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഭര്‍ത്താവാണ്. ക്ഷമിക്കുക.
എനിക്ക് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഗൂഗിള്‍ പേ ഒന്നുമില്ല. പിന്നെ ഭര്‍ത്താവിന്‍റെ അക്കൗണ്ടില്‍ നിന്നും അയക്കാന്‍ പറ്റില്ല. ഇതൊന്നും അദ്ദേഹത്തിനിഷ്ടമല്ല. സര്‍ ചാരിറ്റി ഒക്കെ ചെയ്യുന്നതു കൊണ്ടാണ് പുസ്തകം അയക്കാമോ എന്ന് ചോദിച്ചത്. സാര്‍ നാല് പുസ്തകം അയക്കുമെന്ന് ഞാന്‍ കരുതിയതുമില്ല.
ഇനി എന്‍റെ സഹധര്‍മ്മിണിയിലേക്ക് വരാം . ബി.എ ഇക്കണോമിക്സ് പാസ്സായ ആളാണ്. 2001ലായിരുന്നു വിവാഹം. തുടര്‍ന്ന് പഠിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എനിക്ക്. 2003 ല്‍ എന്‍റെ അമ്മയുടെ മരണത്തോടെ ആ ആഗ്രഹം അവള്‍ ഉപേക്ഷിച്ചു. മക്കള്‍ മുതിര്‍ന്നപ്പോള്‍ 2012 കാലയളവില്‍ തുടര്‍ച്ചയായി പി.എസ്. സി കോച്ചിംഗിന് പോയി. കുറേ ടെസ്റ്റുകള്‍ എഴുതി. കട്ടോഫിന് അടുത്തൊക്കെ മാര്‍ക്കുകള്‍ വന്നു. കുട്ടികള്‍ 10, 11.12 ഒക്കെ ക്ലാസുകളിലേക്ക് വന്നപ്പോള്‍ ടെസ്റ്റ് എഴുത്ത് നിര്‍ത്തി. ഇപ്പോള്‍ ഏയ്ജ് ഓവറും ആയി. അപ്പോള്‍ നിങ്ങള്‍ ചോദിക്കും
‘ നിങ്ങള്‍ എന്തൊരു മനുഷ്യനാണെന്ന്.’
എനിക്ക് വലിയ ആഗ്രഹമായിരുന്നു അവള്‍ക്കൊരു ജോലി. ജോലി കിട്ടിയാല്‍ എന്‍റെ ജോലിയൊക്കെ ഒതുക്കി ഞാന്‍ കുട്ടികളേയും നോക്കി നീ വരുമ്പോഴേക്കും നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി വീട്ടിലിരിക്കാമെന്ന് പറഞ്ഞതാണ്. പക്ഷെ അതൊന്നും നടന്നില്ല. സാഹചര്യങ്ങള്‍ എന്ന് ഒറ്റവാക്കില്‍ എഴുതി ആശ്വാസം കൊള്ളുന്നു. പക്ഷെ ഈ അടുത്ത കാലത്ത് വളരെ വൈകി അവളുടെ ഒരു ഗുണം ഞാന്‍ കണ്ടെത്തി. എന്‍റെ എഫ് ബി പോസ്റ്റുകള്‍, മുഖം മാസികയിലും, പുസ്തകത്തിലുമൊക്കെ വന്നു കൂടിയ അക്ഷരത്തെറ്റുകള്‍ കൃത്യമായി പറയാന്‍ തുടങ്ങിയപ്പോള്‍ ശ്രീമതിയില്‍ നല്ലൊരു പ്രൂഫ് റീഡര്‍ ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇനി വരുന്ന പുസ്തകങ്ങളുടെ പ്രൂഫ് അവള്‍ നോക്കട്ടെ.. ഒരു ചെറിയ ജോലി. എന്‍റെ പേഴ്സ് അവളുടേതും കൂടിയാണെന്ന് പറയുമെങ്കിലും ചെറുതെങ്കിലും ഒരു വരുമാനം അവള്‍ക്കായി കൊടുക്കാം. ബുക്സ് പച്ചപിടിച്ചാല്‍ അതിന്‍റെ സാരഥി അവളാവണം എന്നാണ് എന്‍റെ ആഗ്രഹം. ഇനിയും വൈകിയിട്ടില്ല ചില ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സമയമുണ്ട് എന്ന തോന്നലാണിപ്പോള്‍ എനിക്കുള്ളത്.
മുകളില്‍ പറഞ്ഞ കാര്യങ്ങളിലൊക്കെ പ്രതികള്‍ അച്ഛന്‍, അമ്മ, ഭര്‍ത്താവ്, അമ്മായി അച്ഛന്‍, മതം ഒക്കെയാണ് പ്രതികള്‍. ഞാന്‍ ഉള്‍പ്പെടുന്ന പുരുഷാധിപത്യത്തിന് വലിയ പങ്കുണ്ട് അതില്‍.
മകളെ കല്യാണം കഴിച്ച് വിടുമ്പോള്‍ നിനക്ക് എന്ത് വിഷമങ്ങള്‍ അവിടെ ഉണ്ടെങ്കിലും ഈ വീട് നിനക്കായി ഇവിടെ ഉണ്ട്. ഇവിടേക്ക് തിരിച്ചു വരാം എന്ന് അച്ഛന്‍ മകളെ യാത്രയാക്കുമ്പോള്‍ ഉറപ്പുകൊടുക്കണം.
ഒപ്പം കൂടിയ പെണ്ണിന് വീട്ടില്‍ എന്തു കാര്യവും തുറന്നു പറയാന്‍ താന്‍ മാത്രമേ ഉള്ളു എന്ന തിരിച്ചറിവ് ഓരോ ഭര്‍ത്താക്കന്മാര്‍ക്കും ഉണ്ടാവണം.
നാല് ദിവസം സുഖമില്ലാതെ കിടന്നാല്‍ നിനക്കെന്നും കുരുവാണല്ലോ എന്ന് പറയാതെ തനിക്ക് അസുഖം വന്നപ്പോള്‍ അവര്‍ കാവലിരുന്നത് ഓര്‍മ്മിക്കണം.
താന്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും തന്‍റെ പങ്കാളിക്കും ഉണ്ടെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധം എല്ലാ പുരുഷന്‍ മാര്‍ക്കും ഉണ്ടാവണം.
മകന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മകള്‍ക്കും ഉണ്ടെന്നും അവളുടെ സ്വതന്ത്ര്യങ്ങള്‍ക്ക് തടസമില്ലാതെ അവളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ചെറിയ ചെറിയ ഈഗോകള്‍ വലുതാക്കി രണ്ട് മുറിയിലേക്ക് പകര്‍ന്നു പോയ ജീവിതങ്ങളെ തിരികെ കൊണ്ടുവരാന്‍, പരസ്പരം ക്ഷമിക്കാന്‍, എനിക്ക് നീയും, നിനക്ക് ഞാനുമെ ഉള്ളു എന്ന് തിരിച്ചറിയാനും സാധിച്ചില്‍ പല വിസ്മയ മാര്‍ക്കും ഇനിയും ജീവിതത്തിലേക്ക് വരാന്‍ അവസരമുണ്ട്.