മാറ്റം, തുല്യതയിലൂടെ (അനീറ്റ മാത്യു മേലാണ്ടശ്ശേരിൽ,കാനഡ )

sponsored advertisements

sponsored advertisements

sponsored advertisements

8 March 2023

മാറ്റം, തുല്യതയിലൂടെ (അനീറ്റ മാത്യു മേലാണ്ടശ്ശേരിൽ,കാനഡ )

വനിതാദിന രചനകൾ
അനീറ്റ മാത്യു മേലാണ്ടശ്ശേരിൽ,കാനഡ
അക്ഷരങ്ങളെന്നാൽ വജ്രായുധങ്ങളാണ്. ഒരു വ്യക്തിയേയോ, ഒരു സമൂഹത്തെ തന്നെയോ വളർത്താനും, തളർത്താനും ഉപയോഗിക്കാവുന്ന ആയുധങ്ങൾ. തെറ്റിന്റെ പുകമറക്കപ്പുറത്തുനിന്ന് സത്യത്തെ ലോകത്തിന് മുൻപിൽ തുറന്നു കാട്ടാനും, മനുഷ്യന്റെ ചിന്തകളെ ഉണർത്താനും അവയ്ക്കു സാധിക്കുന്നു. അടുക്കളയുടെ നാല് ചുമരുകൾക്കപ്പുറം ഒരു സ്ത്രീക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യം കൈകൊട്ടി കളിയും, ദൈവസ്തുതിയും എന്ന ചിന്തയെ ഉന്മൂലനം ചെയ്തുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ അപ്പം ഭക്ഷിക്കാൻ അവളെ പ്രാപ്തയാക്കിയത് അക്ഷരങ്ങളോടുള്ള അവളുടെ അടങ്ങാത്ത പ്രണയമാണ്. അതുവഴി അവൾ നേടിയെടുത്ത വിദ്യാഭ്യാസമാണ്. ഒരു കാലത്ത് കുടുംബ ജീവിതത്തിന് ആവശ്യമാകുന്ന വിദ്യാഭ്യാസം കുടുംബങ്ങളിൽ വച്ച് പെൺകുട്ടികൾക്ക് നൽകിയാൽ മതിയെന്ന യഥാസ്ഥിതികരുടെ വാദത്തിനെത്തിരെ, താനുൾപ്പെടുന്ന ഈ ലോകത്തിന്റെ സ്ഥിതിഗതികളെ തൊട്ടറിയാനുതകുന്ന അറിവിന്റെ വാതായനം തുറന്നിടാനും, എഴുത്ത് പരിശീലിച്ച്, പത്രം വായിച്ച്, സ്വന്തം നിലപാടുകൾ സമൂഹത്തോട് വിളിച്ചു പറഞ്ഞ് ഇടുങ്ങിയ ജീവിതത്തിൽ നിന്ന് പുറത്തേക്കിറങ്ങി വരാൻ പുരോഗമന വാദികളും ആഹ്വാനം ചെയ്തു.

കർമ്മ പഥങ്ങളിൽ പലയിടത്തും അപമാനിക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്യുമ്പോൾ കിട്ടാനുള്ളത് വിലങ്ങുകൾ തീർക്കാത്ത പുതിയൊരു ലോകമാണെന്നുള്ള അറിവ് അവൾക്കുണ്ടായിരുന്നു. കൃത്യമായി ലഭിക്കുന്ന വിദ്യാഭ്യാസം – പരിമിതമായ സ്വാതന്ത്ര്യമെങ്കിലും കിട്ടാനുള്ള വഴിയാണെന്നുള്ള തിരിച്ചറിവാണ് അവളെ ശക്തയാക്കിയത്. Bread winner has an invisible power of authority എന്ന പഴമൊഴി കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാകണം ഒരു ജോലി എന്നുള്ളത് മലയാളി സ്ത്രീയുടെ സ്വപ്നമായി മാറിയത്. പുരുഷനെ തോൽപ്പിക്കുകയല്ല മറിച്ച് പുരുഷാധിപത്യ മൂല്യങ്ങൾക്കെതിരെയാണ് പ്രതികരിക്കേണ്ടതെന്നും, സ്ത്രീയവസ്ഥകൾ നിർണ്ണയിക്കുന്ന അധികാരികൾ എന്ന ചിന്തകൾക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ട സമൂഹം, അവൻ സൃഷ്ട്ടിച്ച നിയമ വ്യവസ്ഥകൾ ഒരു വിഭാഗത്തെ ഉപധികളില്ലാതെ അടിച്ചമർത്തി ഭരിക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവും, വിവാഹത്തിന്റെ പവിത്രതയെ അല്ല ചോദ്യം ചെയ്യേണ്ടതെന്നും മറിച്ച് വിവാഹ കമ്പോളത്തിൽ തൂക്കി വിൽക്കപ്പെടുന്ന സ്ത്രീത്വത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടതെന്നുമുള്ള യഥാർഥ്യബോധം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. ഈ ഭൂമിയിൽ ജീവിച്ച് മരിക്കാൻ നമുക്ക് ആരുടേയും ഔദാര്യമോ, സമ്മതമോ ആവശ്യമില്ല. നമുക്ക് ചുറ്റും കണ്ണുനീരിൽ ഉരുകി തീരുന്ന ജന്മങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുൻപോട്ട് പോകുമ്പോൾ നാം ചിന്തിക്കേണ്ടിയിരിക്കുന്നു നമുക്ക് മുൻപേ പോയവർ നമുക്കുവേണ്ടി തകർത്ത് മുന്നേറിയ ചങ്ങല പൂട്ടുകളെക്കുറിച്ച്.

ഒരു സ്ത്രീ സമൂഹത്തിന്റെ വളർച്ചയെയും പുരോഗതിയെയും എത്രമാത്രം സ്വാധീനിക്കുന്നു എന്ന് ചോദിച്ചാൽ നമുക്ക് നിസംശയം പറയാൻ സാധിക്കുന്ന ഒന്നാണ് ക്നാനായ സമുദായത്തിന്റെ നെടുംതൂണാണ് സ്ത്രീകൾ എന്നുള്ളത്. നമ്മുടെ സമുദായത്തിന്റെ ഓരോ കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രതയോടുകൂടിയ വളർച്ചക്ക് നിദാനം പെൺകുട്ടികളാണെന്ന വാദത്തെ തള്ളിക്കളയാനാകില്ല. നാടും, വീടും, ബന്ധങ്ങളും ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലേക്ക് കാലങ്ങൾക്ക് മുന്നേ കുടിയേറി മഞ്ഞും, മഴയും വകവെക്കാതെ പണിയെടുത്ത് കുടുംബങ്ങൾ കരകയറ്റിയ ഒരുപാട് സ്ത്രീകളെ നമുക്ക് ചുറ്റും കാണാൻ കഴിയും.എന്നിരുന്നാലും സ്വാതന്ത്രമായ അഭിപ്രായങ്ങൾ പറയാൻ അവളെ അനുവദിക്കാറുണ്ടോ?

ഇവരർഹിക്കുന്ന ഒരു സ്ഥാനം ഈ സമൂഹത്തിൽ നിന്ന് അവർക്ക് ലഭിക്കാത്തത് എന്തുകൊണ്ട്. എല്ലാ വനിതദിനം അടുക്കുംതോറും നമ്മൾ സംസാരിക്കുന്നത് ലിംഗ സമത്വത്തേക്കുറിച്ചാണ് എന്നാൽ ഈ സമത്വം ഇവിടെ സാധ്യമാകുന്നുണ്ടോ? ഈ സമൂഹത്തിന്റെ വളർച്ചക്ക് ചുക്കാൻ പിടിച്ചവർക്ക് ഇവിടുത്തെ നേതൃത്വ നിരയിൽ എവിടം വരെ എത്താൻ സാധിച്ചു? എന്തുകൊണ്ട് ഓരോ സ്ത്രീയും അവളുടെ വീട്ടുജോലികൾ, തൊഴിൽ, കുട്ടികൾ എന്നിങ്ങനെ ചെറുതായ ലോകത്തേക്ക് അടിച്ചമർത്തപ്പെടുന്നു. പലപ്പോഴും മനുഷ്യനായി ജീവിക്കാനുള്ള അവളുടെ അവകാശം ചോദ്യം ചെയ്യപ്പെടുന്നു.

സ്വന്തം സ്വപ്‌നങ്ങൾ പടുത്തുയർത്താൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയോട് നീയൊരു പെണ്ണാണെന്ന ചിന്ത വേണമെന്ന് ഓർമ്മപ്പെടുത്തുന്ന സമൂഹം, പറന്നുയരാനുള്ള അവളുടെ മോഹങ്ങൾക്ക് അതിർവരമ്പുകൾ തീർക്കുമ്പോൾ അവളിലെത്രമാത്രം ആത്മസംഘർഷമാണ് നിറക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ…? പഠിപ്പിലെത്ര മിടുക്കിയായിരുന്നാലും വിവാഹിതയാകുക എന്നുള്ളത് മാത്രമാണ് ജീവിത വിജയത്തിന് നിദാനം എന്ന ഓർമ്മപ്പെടുത്തലുകൾ അവളിലെത്രമാത്രം മടുപ്പുള്ളവക്കുമെന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? ആത്മാഭിമാനവും, ജീവിതവിജയവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.സ്വാതന്ത്രമായി തീരുമാനം എടുക്കാനും, എടുത്ത കാര്യങ്ങൾ പ്രവർത്തികമാക്കാനും കഴിവുള്ളവരാണ് ഇന്നത്തെ പെൺകുട്ടികൾ എന്നാൽ ഉന്നതതലങ്ങളിൽ ഒരു മേശക്ക് ചുറ്റുമിരുന്ന് എടുക്കുന്ന തീരുമാനങ്ങളിൽ എത്രമാത്രം അവളുടെ സന്നിധ്യമുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.മാറ്റം എന്നുള്ളത് കാലത്തിന് അനിവാര്യമാണ്. സ്ത്രീകൾക്ക് നൽകേണ്ട തുല്യത പ്രസംഗ വേദികളിൽ പ്രസംഗിച്ച് കൈയ്യടി വാങ്ങാനുള്ള ഒരു ആശയം മാത്രമാക്കാതെ പ്രവർത്തികമാക്കാൻ ശ്രമിക്കുകയുമാണ് നാം ചെയ്യേണ്ടത്.ഏവർക്കും ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകൾ.

അനീറ്റ മാത്യു മേലാണ്ടശ്ശേരിൽ,കാനഡ