അനിയത്തി പ്രാവിന്റെ ചില നോവുകൾ (മൃദുല രാമചന്ദ്രൻ)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

23 September 2022

അനിയത്തി പ്രാവിന്റെ ചില നോവുകൾ (മൃദുല രാമചന്ദ്രൻ)

മൃദുല രാമചന്ദ്രൻ

സോഷ്യൽ മീഡിയ തുറന്നാൽ എങ്ങും കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചനും, ചാക്കോച്ചന്റെ “ദേവദൂതർ പാടി” എന്ന പാട്ടിന്റെ പുതിയ വേർഷന് ഒപ്പമുള്ള തകർപ്പൻ നൃത്തവുമാണ്.ആ പാട്ടിന്റെ വീഡിയോ ആദ്യമായി കണ്ടപ്പോൾ ,അത് ചാക്കോച്ചൻ ആണെന്ന് പെട്ടന്ന് മനസിലായത് കൂടിയില്ല, അത്ര മേൽ കഥാപാത്രത്തിന്റെ രൂപ ഭാവങ്ങളിലേക്ക് അദ്ദേഹം മാറിയിരുന്നു.എണ്ണ പുരട്ടി വശത്തേക്ക് ചീകിയ മുടിയും, കുറേശെ നര പടരുന്ന താടി മീശകളും, അങ്ങനെ കേരളത്തിലെ ഏതൊരു ഉത്സവപറമ്പിലും നമുക്ക് അനായാസേന കണ്ടെത്താവുന്ന ഒരാൾ.അങ്ങനെ ഒരു ഉത്സവ പറമ്പിൽ നിന്ന് ആരോ കൗതുകത്തിന് പകർത്തിയ ഒരു വീഡിയോ ആണെന്നാണ് ആദ്യ കാഴ്ചയിൽ തോന്നിയത്. അങ്ങനെ ഒരു സാധാരണക്കാരനോട് അത്ര മേൽ താദാത്മ്യപെട്ടത് ആയിരുന്നു ചാക്കോച്ചന്റെ ശരീര ഭാഷ-ഒരു അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ച കൃത്യമായി അടയാളപ്പെടുത്തുന്നത്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ ആണ് ചാക്കോച്ചന്റെ ആദ്യ സിനിമ “അനിയത്തി പ്രാവ്‌” റിലീസ് ആകുന്നത്.ഹിറ്റ് മേക്കർ ആയ ഫാസിലിന്റെ സംവിധാനത്തിൽ ‘ഉദയ’യുടെ ഇളം തലമുറക്കാരൻ കുഞ്ചാക്കോ ബോബനും, മലയാളത്തിന്റെ “മാമാട്ടിക്കുട്ടി”യമ്മ ബേബി ശാലിനിയും നായകനും,നായികയും ആയി അഭിനയിച്ച സിനിമ ഒരു വമ്പൻ ഹിറ്റ് ആയിരുന്നു, അതിലെ പാട്ടുകൾ എല്ലാം തന്നെ മനോഹരമായിരുന്നു.ഒരു സമ്പൂർണ്ണ റൊമാന്റിക് ചിത്രമായിരുന്നു അത്.

ഒരു പുസ്തക ശാലയിൽ വച്ച്, തീർത്തും ആകസ്മികമായി “ലൗ ആൻഡ് ലൗ ഒൺലി” എന്ന പുസ്തകം , ഒരേ സമയത്ത് എടുക്കുമ്പോൾ ആണ് സുധിയും, മിനിയും ആദ്യമായി കണ്ടു മുട്ടുന്നത് .സ്വാഭാവികമായും നായകൻ ആദ്യ ദർശനത്തിൽ തന്നെ അനുരാഗ വിലോചനൻ ആകുകയും, നായികയുടെ പുറകെ നടക്കാൻ ആരംഭിക്കുകയും ചെയ്യുന്നു.ഈ ഉദ്യമത്തിൽ നായകനെ സഹായിക്കാൻ രണ്ട് സുഹൃത്തുക്കളും ഉണ്ട്.

നായികയാകട്ടെ, ഡോക്ടർ, പോലീസുകാരൻ, വക്കീൽ,പിന്നെ ഒരു കലിപ്പൻ എന്നിങ്ങനെ നാല് ആങ്ങളമാരുടെ ഏക സഹോദരിയും, അവരുടെ വാത്സല്യഭാജനവും ആണ്.കഥ പുരോഗമിക്കുമ്പോൾ ഒരു ദുർബല നിമിഷത്തിൽ സുധിയും, മിനിയും ഒളിച്ചോടുകയും, വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നു.പക്ഷെ അവസാന നിമിഷത്തിൽ വീട്ടുകാരോട് ഉള്ള സ്നേഹം തങ്ങളുടെ പ്രണയത്തെക്കാൾ വലുതാണ് എന്ന് തിരിച്ചറിയുന്ന അവർ സ്വഗൃഹങ്ങളിലേക്ക് തിരിച്ചു പോകുന്നു.മക്കളുടെ പ്രണയത്തിന്റെ ആഴവും, അവരുടെ ത്യാഗത്തിന്റെ വലിപ്പവും മനസിലാക്കുന്ന മാതാ പിതാക്കളും, സഹോദരങ്ങളും വളരെ വൈകാരികമായ ഒരു മുഹൂർത്തത്തിൽ അവരുടെ പ്രണയത്തിന് പച്ചക്കൊടി വീശുന്നു.എല്ലാം ശുഭ പര്യവസായിയാകുന്നു.

എന്റെ പത്താം ക്‌ളാസ് ആദ്യ പരീക്ഷയുടെ തലേ ദിവസം, ഗാലക്സി വിഷൻ എന്ന ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് ഈ സിനിമ അവരുടെ ലോക്കൽ ചാനലിൽ സംപ്രേക്ഷണം ചെയ്തപ്പോൾ ആണ് ഞാൻ ഈ സിനിമ ആദ്യം കാണുന്നത്. അന്നൊന്നും തീയേറ്ററിൽ പോയി സിനിമ കാണുക എന്ന പതിവൊന്നും ഇല്ല.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിലെ പത്താംക്ലാസ് പൊതു പരീക്ഷക്ക് കുറെ പ്രത്യേകതകൾ ഉണ്ടായിരുന്നു.ആദ്യമായി ഒരു ദിവസം ഒരു പരീക്ഷ എന്ന നിലയിൽ പരീക്ഷ നടത്തി തുടങ്ങിയത് ആ വർഷം മുതൽ ആണ്.അതു വരെ ഒരു ദിവസം രണ്ട് പരീക്ഷയായിരുന്നു.സാധാരണ പത്താം ക്‌ളാസ് പൊതു പരീക്ഷ കഴിഞ്ഞിട്ട് ചെറിയ ക്ളാസ്സുകളുടെ പരീക്ഷ തുടങ്ങുക എന്ന പതിവിന് പകരം ,ആ വർഷം ചെറിയ ക്ളാസ്സുകളുടെ പരീക്ഷ കഴിഞ്ഞു പിറ്റേ ദിവസമാണ് പത്താം ക്‌ളാസ് പരീക്ഷ തുടങ്ങിയത്.മധ്യവേനൽ അവധിയുടെ ആരംഭം ആഘോഷിക്കാനാണ് ലോക്കൽ കേബിൾ ടി വി “അനിയത്തി പ്രാവ്‌” ഇട്ടത്.പിറ്റേ ദിവസം നടക്കാൻ ഇരിക്കുന്ന മലയാളം ഒന്നാം പരീക്ഷയും, “അനിയത്തി പ്രാവും” തമ്മിൽ നടന്ന പിടിവലിയിൽ അവസാനം അനിയത്തി പ്രാവ്‌ ജയിച്ചു.പത്താം ക്‌ളാസ് പരീക്ഷയുടെ കൃത്യം തലേ ദിവസം സിനിമ കാണുക എന്ന വീര സാഹസിക കൃത്യം ഞാൻ ചെയ്തു.

“അനിയത്തി പ്രാവി” ന്റെ ഇരുപത്തിയഞ്ചാം വർഷമാണ് ഇത്.പരീക്ഷ രണ്ടാം സ്ഥാനത്തേക്ക് നീക്കി ആ സിനിമ കണ്ട പത്താം ക്ളാസ്സുകാരിയിൽ നിന്ന് ഇവിടെ വരെ നടന്നെത്തി നോക്കുമ്പോൾ ആ സിനിമയോട് തോന്നിയ ഭ്രമം ചിരിപ്പിക്കുന്നു.

അനിയത്തിയെ കൈകളിൽ കോരിയെടുത്ത് പാട്ടൊക്കെ പാടുന്ന അങ്ങളമാർ, അവൾ ആരെയെങ്കിലും പ്രണയിക്കുന്നത് പോയിട്ട്, ഏതെങ്കിലും ആണുങ്ങളുടെ മുഖത്ത് നോക്കുക കൂടി ചെയ്താൽ അത് മഹാ അപരാധവും, അപമാനവും ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന ‘വിദ്യാ സമ്പന്നരും” ,ഉന്നത തൊഴിൽ ചെയ്യുന്നവരും ആയ അങ്ങളമാർ.അവരുടെ ആ അഭിമാന ബോധത്തെ കാത്തു സൂക്ഷിക്കുക എന്നത് തന്റെ ഏറ്റവും വലിയ ധർമ്മം ആയി കരുതി സദാ ഒരു ഫയൽ നെഞ്ചിൽ അടുക്കി പിടിച്ച്,താഴേക്ക് നോക്കി, ഒരു കൂട്ടുകാരിയുടെ അകമ്പടിയോടെ മാത്രം സഞ്ചരിക്കുന്ന, നായകന്റെ “എന്നെ ഇഷ്ടമാണോ ?” എന്ന ചോദ്യത്തിന് “എനിക്ക് അറിയില്ല, എന്നോട് അങ്ങനെ ഒന്നും ചോദിക്കല്ലേ” എന്നൊക്കെ പറഞ്ഞു വെറുപ്പിക്കുന്ന മിനി.

ഒരു പുരുഷൻ വെറുതെ ഒന്ന് നോക്കുമ്പോൾ സ്ത്രീ വ്രീളാ വിവശയായി വെട്ടി വിയർത്ത്, മുഖം കുനിച്ച്, കാൽ വിരൽ കൊണ്ട് ചിത്രം വരക്കും എന്നൊക്കെ ഉള്ളത് തീർത്തും പുരുഷ കേന്ദ്രീകൃതമായ മലയാള മുഖ്യ ധാരാ സിനിമാ-സാഹിത്യത്തിന്റെ കൽപ്പന ആയിരുന്നു. അംബിക,ശാരദ,ജയഭാരതി, വിധുബാല ഇവർ ഒക്കെയും ഈ സ്ത്രീ ഭാവത്തെ വെള്ളം ഒഴിച്ച്, വളം ഇട്ടു വളർത്തി.”അതിന്റെ ഒരു നവീന അവതാരമായിരുന്നു ഫാസിലിന്റെ മിനി.അറിവ് കേടിനെ , അധൈര്യത്തെ ഒക്കെ മഹത്വവൽക്കരിക്കുന്ന ഒരു സ്ത്രീ കഥാപാത്ര സൃഷ്ടി. കള്ളി ചെല്ലമ്മ’യിലെ ഷീല, പക്ഷെ ഒരു യഥാർത്ഥ സ്ത്രീ ആയിരുന്നു.

ഓവർ റിയാക്ഷനുകൾ ആണ് ഈ സിനിമയിലെ മറ്റൊരു തമാശ.കോളേജിൽ പഠിക്കുന്ന, ജോലിയും കൂലിയും ഒന്നും ആകാത്ത മകനെ വിവാഹം കഴിപ്പിക്കാൻ തിരക്ക് കൂട്ടുന്ന ശ്രീവിദ്യയുടെ അമ്മ തൊട്ട് ഇങ്ങോട്ട് എല്ലാവരും കുറച്ച് ഓവർ ആണ്, അത് നായകൻ പേയിങ്‌ ഗസ്റ്റ് ആയി താമസിക്കുന്ന വീടിന്റെ ഉടമ ശങ്കരാടി ആകട്ടെ, നായകന്റെ സുഹൃത്തിന്റെ അച്ഛൻ ഇന്നസെന്റ് ആകട്ടെ, നായികയുടെ അങ്ങളമാർ ആകട്ടെ, ഇവർ ഒക്കെ വല്ലാത്ത പ്രതികരണത്തിന്റെ ആളുകൾ ആണ്.വളരെ സ്വാഭാവികമായ ഒരു സാഹചര്യത്തിൽ ഇവർ എന്തിനാണ് ഇങ്ങനെ അമിത പ്രതികരണം കാഴ്ച്ച വയ്ക്കുന്നത് എന്ന് കാണുന്നവർക്ക് തോന്നും.

വാസ്തവത്തിൽ, ഒരു ഒളിച്ചോട്ടം, തിരിച്ചറിവ്, പ്രായശ്ചിത്തം, ത്യാഗം ,ഒടുക്കം മാതാപിതാക്കളുടെ സമ്മതം എന്നിങ്ങനെ ഒരു സർക്കിൾ കൂടാതെ തന്നെ, കുറച്ച് ബോധത്തോടെ ചിന്തിച്ചാൽ ആദ്യമേ തന്നെ നായകനും, നായികക്കും വിവാഹം കഴിച്ചു സുഖമായി ജീവിക്കാമായിരുന്നു.പിന്നെ അങ്ങനെ ബോധത്തോടെ,ബോധ്യത്തോടെ ഒക്കെ ചിന്തിച്ചാൽ സിനിമ ഉണ്ടാവിലല്ലോ !

ആ സിനിമയുടെ പരസ്യ വാചകങ്ങളും രസകരമായിരുന്നു.മിനിയെയും, സുധിയെയും പോലുള്ള മക്കൾ ഉണ്ടാകുക എന്നത് മഹാഭാഗ്യം എന്ന തരത്തിൽ ആയിരുന്നു പരസ്യ വാചകങ്ങൾ. ഇപ്പോൾ ഒരു പതിനെട്ടുകാരിയുടെ അമ്മയായ എനിക്ക് തോന്നുന്നത് ,എന്റെ മകളോട് ഒരാൾ ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ അവനോട് യെസ് എന്നോ നോ എന്നോ മുഖത്ത് നോക്കി പറയാനുള്ള ആർജവം അവൾക്ക് ഉണ്ടെങ്കിലേ , ആലോചിച്ചു വ്യക്തതയുള്ള തീരുമാനങ്ങൾ എടുത്താലേ ,അത് തെളിമയോടെ അച്ഛനമ്മമാർ ആയ ഞങ്ങളോട് തുറന്ന് പറഞ്ഞാലേ എനിക്ക് അവളെ കുറിച്ച് അഭിമാനം തോന്നൂ എന്നാണ്.

സ്വന്തം തീരുമാനം ഉറക്കെ ഉറച്ചു പറയാൻ ധൈര്യം ഇല്ലാത്ത, ഒരു നേര് പറയേണ്ടിടത്തു അനാവശ്യമായി പത്ത് നുണ പറഞ്ഞു സങ്കീർണത സൃഷ്ടിക്കുന്ന മക്കളെ കുറിച്ച് എന്ത് അഭിമാനം തോന്നാൻ ?

എന്റെ പതിനഞ്ചു വയസിൽ ഞാൻ ഏറെ ആരാധനയോടെ കണ്ട ഒരു സിനിമയുടെ രണ്ടാം കാഴ്ച്ച ഇങ്ങനെ ആക്കി മാറ്റിയത് കടന്നു പോയ കാലവും, കാഴ്ചയും, അനുഭവങ്ങളും ആണ്.കാണുന്നത് കണ്ണല്ല, മനസാണ്…