NEWS DETAILS

19 November 2023

അന്നമ്മയാകുക (അന്ന വിചാരം മുന്ന വിചാരം - 5 -ജയിംസ് ജോസഫ് കാരക്കാട്ട് )

ജയിംസ് ജോസഫ് കാരക്കാട്ട് 

നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കു   നല്കാറുള്ള പേരുകളില്‍  താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേര്‍ ഏതാണ് ? താങ്കള്‍ അതോര്‍ത്തെടുക്കുമ്പോഴേയ്ക്കും  ഞാന്‍ എന്‍റെ കാര്യം പറയാം. എനിയ്ക്കേറ്റവും  ഇഷ്ടപ്പെട്ട പേരാണ് "അന്നമ്മ". എന്‍റെ മമ്മിയുടെ   പേരാണത്.

       വീട്ടില്‍ വരുന്ന ആരെയും-വലിയവരാകട്ടെ,  ചെറിയവരാകട്ടെ- സ്വന്തം കൈകൊണ്ടു നല്കുന്നതെന്തെങ്കിലും തിന്നുകയോ കുടിക്കുകയോ  ചെയ്യാതെ പോകാന്‍ മമ്മി അനുവദിച്ചിരുന്നില്ല. അന്നം തേടി മമ്മിയുടെ അടുത്തു വരുന്ന പാവങ്ങള്‍ ധാരാളമുണ്ടായിരുന്നു. വരുന്നവര്‍ക്കെല്ലാം വിശപ്പടക്കാന്‍   ഭക്ഷണം നല്കി തന്‍റെ പേര് അന്വര്‍ത്ഥമാക്കി, കൈപ്പുഴ  എന്ന അപ്പര്‍ കുട്ടനാടന്‍ ഗ്രാമത്തിന്‍റെ ഒരു കോണില്‍  "അന്നം  നല്കുന്ന അമ്മ" യായി എളിയ ജീവിതം നയിച്ച  അന്നമ്മ.

ഇണ്ടറി അപ്പവും ചക്കപ്പഴവും

              എന്‍റെ കുട്ടിക്കാലത്ത്, പെസഹാവ്യാഴാഴ്ചകളില്‍, ഡസന്‍  കണക്കിന് ചിരട്ടകളില്‍ "ഇണ്ടറി അപ്പം" പുഴുങ്ങിയെടുക്കാന്‍  വലിയ കുട്ടകത്തിനു കീഴെ തീ കൂട്ടി മമ്മി പാടുപെടുമ്പോള്‍ ഞാനും സഹായിയായി ഒപ്പം കൂടാറുണ്ടായിരുന്നു. ദുഃഖവെള്ളിയാഴ്ച രാവിലെ പള്ളിച്ചടങ്ങുകള്‍ കഴിഞ്ഞു വരുമ്പോള്‍, വീടിനു മുന്നില്‍,  څഇണ്ടറി അപ്പچത്തിന്‍റെ പങ്കു പറ്റാന്‍ കൂടി നിന്നിരുന്ന പതിവുകാരുടെ ചിത്രം ഇന്നും എന്‍റെ  മനസ്സില്‍ തെളിഞ്ഞു നില്ക്കുന്നു.

             ഒരു ദിവസം തെങ്ങുകള്‍ക്കു തടം കോരാന്‍ വന്ന  ബേബിച്ചേട്ടന്‍, പണി മുറുകുന്നതിനിടെ, അടുത്തു നില്ക്കുന്ന കൂഴ പ്ലാവിലെ ചക്കപ്പഴത്തിന്‍റെ മണം പിടിച്ച്, തൂമ്പ വലിച്ചെറിഞ്ഞൊരോട്ടം. പ്ലാവില്‍ കയറി ചക്ക പറിച്ച് താഴെയിറങ്ങി, അത് വെട്ടി, ചുളകള്‍ ഒന്നൊന്നായി വിഴുങ്ങി വയര്‍ നിറച്ചതിനു ശേഷമേ ആ ചക്ക കൊതിയന്‍   തൂമ്പ  കൈയ്യിലെടുത്തുള്ളൂ. പറമ്പിലെ പണികള്‍ക്കു മേല്‍നോട്ടം വഹിച്ചുകൊണ്ടിരുന്ന എന്‍റെ അപ്പച്ചന്‍ ബേബിച്ചേട്ടന്‍റെ 'ചക്ക വെപ്രാളം'  കണ്ട് ദ്വേഷ്യപ്പെട്ട് പിറുപിറുത്തു : ڇഅന്ന വിചാരം മുന്ന വിചാരം!ڈ. അടുത്തുണ്ടായിരുന്ന മമ്മിക്കു, പക്ഷേ, അയാളോട് സഹതാപമായിരുന്നു : "പോട്ടെ. വിശന്നിട്ടല്ലേ? പാവം!".

ഉല്ലാസക്കപ്പലില്‍ നിന്ന്

            ഈ  കുറിപ്പിന്‍റെ  അവസാനഭാഗം ഞാന്‍ എഴുതുന്നത്  ഒരു ഉല്ലാസക്കപ്പലില്‍ ഇരുന്നാണ്. അറബിക്കടലില്‍ നാലു ദിവസത്തെ ക്രൂസ് (cruise).. ഏതൊരു  ക്രൂസിന്‍റെയും ഏറ്റവും  സന്തോഷപ്രദമായ  ഘടകം   ബുഫേ കൗണ്ടറുകളുടെ വൈപുല്യവും  വിഭവങ്ങളുടെ വൈവിധ്യവുമാണല്ലോ. ഗ്രീക്ക് പുരാണങ്ങളിലെ കോര്‍ണുകോപിയ (cornucopia) പോലെ നിറഞ്ഞു തുളുമ്പുന്ന പ്ലേറ്റുകളുമായി  വീണ്ടും വീണ്ടും  തീേډശയിലെത്തുമ്പോള്‍  ഓരോ മേശയിലും തലയുയര്‍ത്തി നില്ക്കുന്ന ഒരു കുറിമാനം നമ്മുടെ കണ്ണില്‍ തറയ്ക്കുന്നു   ‘SAY NO TO FOOD WASTE’.

          ഉല്ലാസക്കപ്പലില്‍ മാത്രമല്ല, നമ്മുടെ സ്റ്റാര്‍ഹോട്ടലുകളിലും, കല്യാണസദ്യകളിലും, ബഹുവിധ സല്ക്കാര വേദികളിലുമെല്ലാം ഓരോരു ത്തരുടെയും  കാതില്‍ മുഴങ്ങേണ്ട ഒരു മന്ത്രമാണിത്. സര്‍വോപരി, ചെറിയ വീടുകള്‍ക്കുള്ളില്‍ എളിയ ജീവിതം നയിക്കുന്നവരാണെങ്കിലും, മാതാപിതാ ക്കള്‍ മക്കള്‍ക്കു പകര്‍ന്നു നല്‍കേണ്ട ഒരു മഹത്തായ സന്ദേശമാണിത്. ആഡംബരത്തിന്‍റെ പച്ചത്തുരുത്തില്‍ കഴിയുമ്പോഴും "ഭക്ഷണം പാഴാക്കി കളയരുത്چ"എന്ന വിശക്കുന്നവന്‍റെ  വിലാപം കേള്‍ക്കാന്‍ നമുക്കു കഴിയണം. പ്ളേറ്റ് നിറയ്ക്കാന്‍ ബുഫേ കൗണ്ടറുകളില്‍ എത്തുമ്പോള്‍ അവിടെ ഒരു ഉപദേശം എഴുതിവച്ചിട്ടുള്ളത് നമ്മുടെ കണ്ണില്‍ പെടുന്നു -‘Take what you want, eat what you take’.. എവിടെയായാലും, എപ്പോഴായാലും, ഭക്ഷണത്തിനായി കൈകഴുകുമ്പോഴൊക്കെ ഈ ഉപദേശം നമ്മുടെ മനസ്സില്‍ ഓടി എത്തണം. 

            രണ്ടു പെണ്മക്കളുടെ വിവാഹ ചടങ്ങുകളെക്കുറിച്ച് എനിക്കുള്ള ഓര്‍മ്മകളില്‍ മനസാക്ഷിക്കുത്തുണ്ടാക്കുന്ന  ഒന്നാണ് സദ്യയില്‍ പാഴായിപ്പോയ ഭക്ഷണക്കൂമ്പാരം. 

അന്നമ്മയുടെ പ്രമാണങ്ങള്‍

കുട്ടികളായിരിക്കേ, ഊണു മേശയില്‍  ചോറു തെറിച്ചു വീണു കിടക്കുന്നതു കാണുമ്പോള്‍ മമ്മി ഞങ്ങളെ ഭീഷണിപ്പെടുത്തുമായിരുന്നു, "ഒരു ചോറിന് ഒരു വര്‍ഷം എന്ന കണക്കില്‍  ദൈവം നിങ്ങളെ ശുദ്ധീകരണ സ്ഥലത്തു കിടത്തും"എന്ന്. വിശക്കുന്നവന് അന്നം നിഷേധിക്കുന്നതുപോലെ തന്നെയുള്ള ഒരു വലിയ തെറ്റാണ് അന്നം പാഴാക്കിക്കളയുന്നത്  എന്നതായിരുന്നു അന്നമ്മയുടെ വിശ്വാസപ്രമാണം.

             മഹാത്മജി സൂചിപ്പിച്ചിട്ടുള്ളതുപോലെ, എല്ലാ മനുഷ്യരുടെയും ആവശ്യത്തിനുള്ളത് ദൈവം  പ്രകൃതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാവരുടെയും ആര്‍ത്തി തീര്‍ക്കാന്‍ അതു മതിയാകില്ല. അന്നത്തിന്‍റെ  കാര്യത്തില്‍ ആര്‍ത്തി കുറയ്ക്കാനും, സമൃദ്ധിയോടുള്ള ആസക്തി നിയന്ത്രിക്കാനും, څമിനിമലിസംچ ജീവിത ശൈലിയായി സ്വീകരിക്കാനും ഓരോ വ്യക്തിയും  തയ്യാറായാല്‍  അതു വഴി ലാഭിക്കുന്ന ഭക്ഷണം വിശക്കുന്ന വയറുകള്‍ക്ക് അല്പമെങ്കിലും ആശ്വാസം പകരുമെന്നതില്‍ സംശയമില്ല.

ഞങ്ങളെ ഈ വഴി നടത്താന്‍ മമ്മി ഒരു  സൂത്രം പ്രയോഗിച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍, അരവയര്‍ നിറയ്ക്കാന്‍ ഖരം; കാല്‍വയര്‍ നിറയ്ക്കാന്‍ ജലം. പിന്നെയുള്ള കാല്‍ വയര്‍  ഈശോയ്ക്കുള്ളതാണ്. ഈശോയ്ക്കു വേണ്ടി കാല്‍ വയര്‍ മാറ്റിയിട്ടാലേ, മുക്കാല്‍ വയറിലുള്ളതു ദഹിയ്ക്കൂ. അന്നമ്മയുടെ ഈ څകാല്‍ വയര്‍ സിദ്ധാന്തچത്തിന് ശാസ്ത്രീയ അടിത്തറയുണ്ടെന്നു പിന്നീട് ഞാന്‍ കണ്ടുപിടിച്ചു. ചുരുക്കത്തില്‍, അന്നം ആവശ്യമുള്ളവന്  തന്നാലാകാവുന്നത്ര ദാനം ചെയ്തും, സ്വന്തം ഭക്ഷണ കാര്യത്തില്‍ ആത്മനിയന്ത്രണം പാലിച്ചും, ഭക്ഷണം ഒരു തരി പോലും പാഴാക്കികളയാതെ  സൂക്ഷിച്ചും ജീവിക്കുന്നവരാണ് "ഈശോയ്ക്ക്  ഇഷ്ടപ്പെട്ട മക്കള് "എന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു  മമ്മിയുടെ ശ്രമം.

ഓമനയുടെ"അന്നാഭിഷേകം"എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു- എല്ലാ വീട്ടമ്മമാരും "അന്നമ്മ"മാരാകണം;  എല്ലാ മനുഷ്യരും അന്നമ്മയുടെ പ്രമാണങ്ങള്‍ അനുസരിക്കണം; സര്‍ക്കാരുകള്‍ തങ്ങളുടെ എല്ലാ പൗരډാര്‍ക്കും ആവശ്യാനുസരണം "അന്നം നല്കുന്ന അമ്മ - അന്നമ്മ" മാരായിരിക്കണം. 

വിശക്കുന്നവന് ആഹാരം നല്കുന്നതാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി എന്ന് തിരിച്ചറിയുകയും, ആ അറിവിനൊത്ത് ജീവിക്കുകയും ചെയ്യുന്ന സഹോദരങ്ങളെ കൊണ്ട് നിറയട്ടെ ലോകം എന്ന തറവാട്. വിശപ്പിനെതിരെയുള്ള യുദ്ധത്തില്‍ എല്ലാ മനുഷ്യരും, എല്ലാ രാഷ്ട്രങ്ങളും കൈകോര്‍ക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള പ്രചോദനം നമുക്കു നല്കുന്നു, ഓമനയുടെ ക്ഷേത്രത്തില്‍ നടന്ന "അന്നാഭിഷേകം".

"അന്നവിചാരം മുന്നവിചാരം" എന്ന പരമ്പര ഇവിടെ അവസാനിക്കുന്നു.

ജയിംസ് ജോസഫ് കാരക്കാട്ട്