അനോണ സറൊ
വളരെയേറെ ആസ്വദിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ പല സാഹിത്യ സൃഷ്ടികളുടേയും പശ്ചാത്തലത്തിലൂടെ ചില ഗ്രാമങ്ങളും, നഗരങ്ങളും, കഥാപാത്രങ്ങളും നമ്മൾക്ക് വളരെ പരിചിതമാകും….
ഒരിക്കലും കണ്ടിട്ടില്ലാത്ത തസ്രാക്കും, അയ്മനവുമൊക്കെ വേറിട്ടൊരു തലത്തിലേക്ക് നമ്മെ കൊണ്ടു പോയിട്ടുണ്ട്…
എന്നെങ്കിലും ആ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ, മനസ്സിലെ ബിംബങ്ങളെ ചില ഇടങ്ങളിൽ നമ്മൾ പരതും. ആവഹിക്കപ്പെട്ട് വച്ചിരിക്കുന്നതിനെ കണ്ടുമുട്ടുകയോ, തിരിച്ചറിയുകയോ ചെയ്യുമ്പോൾ വല്ലാത്ത ഒരു സന്തോഷവും തോന്നും.
കാണും എന്ന് കരുതിയ ഒരു മരമോ, കുളമോ, പാടമോ നിലവിൽ അവിടെ ഇല്ല എന്ന് കാണുമ്പോൾ നിരാശയും തോന്നും…
ഒരാളുടെ ഭാവനയിൽ പണ്ടെങ്ങോ എഴുതപ്പെട്ട വസ്തുതകൾക്ക് നമ്മുടെ മേലുള്ള സ്വാധീനം എത്ര വലുതാണന്നും, അതിനാൽ മാത്രമാണ് നാം അതിനെ പരതുന്നതെന്നും നാം ചിന്തിക്കാറു പോലുമില്ല…
കാലങ്ങളിലൂടെ കടന്ന് പോകുന്ന ജീവിതം ഒരേ ഇടത്തിലെ തികച്ചും വ്യത്യസ്ഥമായ പലതിനേയും കവരുകയും, പുതിയ പലതിനേയും സൃഷ്ടിക്കയും ചെയ്തിട്ടുണ്ടാകും….
ജീവിതം സ്ഥിരതയാർന്ന ഒന്നേ അല്ല…
പക്ഷേ, പണ്ട് എങ്ങോ മനസ്സിൽ പതിഞ്ഞ് കിടക്കുന്നതിനെ, നമ്മുടെ അറിവിനെ, അനുഭവമാക്കി മാറ്റാനാണ് കാലങ്ങൾക്ക് ശേഷവും നമ്മുടെ തേടൽ….
ഇങ്ങനെയാണ്, മനുഷ്യ മനസ്സ് പ്രവർത്തിക്കുന്നത്. അറിഞ്ഞുവച്ചതിനെ അല്ലാതെ വേറൊന്നും അന്വേഷിക്കാനോ നേടാനോ ഉള്ള കഴിവ് അതിനില്ല…..
നിലവിൽ, തസ്രാക്കും, അയ്മനവും അതുപോലെ പ്രശസ്തമാക്കപ്പെട്ട ഏത് സ്ഥലവും യഥാർത്ഥത്തിൽ എങ്ങനാണുള്ളത്, അതിനെ അപ്രകാരം കണ്ട് അനുഭവിക്കണമെങ്കിൽ, ആരൊക്കയോ ചേർന്ന് നമ്മുടെ മനസ്സിൽ വരച്ചിട്ട രൂപങ്ങളൊക്കെ മാഞ്ഞ് പോകണം….
ജീവിതം, ഇപ്പോൾ ഈ നിമിഷം എന്താണോ അതാണ് ….
നിലവിൽ ഉള്ളതിനെ ഉൾക്കൊള്ളാനാവാതെ പഴയതിൽ തൂങ്ങി പിടിച്ച് നിൽക്കുന്ന മനസ്സിന്, ആ അറിവിനെയും അനുഭവത്തേയും അന്വേഷിക്കാനേ അറിയൂ…
ഏത് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥവും ഇതുപോലെ കഥാപാത്രങ്ങളും സ്ഥലങ്ങളുമായി ഇഴചേർന്നാണുള്ളത്. പറയപ്പെടുന്ന പുണ്യസ്ഥലങ്ങളൊക്കെ സന്ദർശിക്കുമ്പോൾ തോന്നുന്ന വികാരം, സ്വരൂപിച്ച് വച്ചിരിക്കുന്ന അറിവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. നമ്മളിൽ അത് ഉണ്ടാകുന്നു എന്നത് കൊണ്ട് അത് നമ്മുടേതായി നാം കരുതുന്നു…..
എന്നാൽ അത് നമ്മളിൽ പതിഞ്ഞു കിടക്കുന്ന ആരുടേയോ അനുഭവമാണ്.നമ്മുടെ സ്വന്തം അനുഭവ വികാരമല്ലത്….
ഒഴിഞ്ഞ മനസ്സും, അന്വേഷണ ത്വരയുമുണ്ടെങ്കിൽ,ഒന്നും അറിയാത്ത ഇടത്തിൽ, ഒരിക്കലും അറിയാത്ത മനുഷ്യരുടെ ഇടയിൽ ചില സ്വർഗ്ഗീയ അനുഭവങ്ങൾ ഉണ്ടാകും. അത് നമുക്ക് സ്വന്തം …
വിശ്വാസങ്ങളിലൂടെയും, പാരമ്പര്യത്തിലൂടെയും സൃഷ്ടിക്കപ്പെട്ടു കിടക്കുന്ന ഗ്രന്ഥങ്ങൾ മനസ്സിൻ്റെ മൂല കല്ലുകളും, ആ അറിവിനാൽ ചിട്ടപ്പെടുത്തിയ മനസ്സ് അന്വേഷിക്കുന്ന വഴികൾ ജീവിതവുമാകുമ്പോൾ, ഇന്ന് ഇപ്പോൾ നമ്മുടെ മുന്നിലുള്ളതിനെ നാം അറിയുക പോലുമില്ല….
എത്ര മഹത്തരമാർന്ന കൃതിയായാലും, എത്ര വലിയ സിദ്ധാന്തമായാലും, അതിൽ നിന്നെല്ലാം മുക്തമായ ഒഴിഞ്ഞ മനസ്സല്ലങ്കിൽ, ഇപ്പോഴെന്താണോ ഉള്ളത് അതിനെ അറിയാനുള്ള ശേഷി ആ മനസ്സിനില്ല തന്നെ…..
ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യനിൽ ഇങ്ങനൊരു അറിവും, അവബോധവും ഉണ്ടാക്കി എടുക്കാനാകൂ…
പല രീതിയിലും
മനുഷ്യ കുലത്തെ നയിക്കുന്ന വിവിധ തുറയിലുള്ള പലരേയും കണ്ടപ്പോൾ, അങ്ങനൊരു സാധ്യത ഉടനെങ്ങും ഉണ്ടാകില്ലന്ന് തോന്നി…
മനുഷ്യ കുലം എന്നും ഭിന്നിച്ച് തന്നെ നിലകൊള്ളണ്ടത് അവരുടെ നിലനിൽപ്പിന് അനിവാര്യമാണ്….
എന്നാൽ, മനുഷ്യകുലത്തിൽ ജനിച്ചവരെല്ലാം അടിമകളും പൊട്ടന്മാരുമല്ല. അപൂർവ്വം ചിലരെയെങ്കിലും ജീവിതം തൊടുന്നുണ്ട്. നിശബ്ദമായി ജീവിതം ജീവിച്ച് കടന്ന് പോകുന്ന അവരെ പോലുള്ളവർ മനുഷ്യകുലത്തിൽ എന്നും എക്കാലവും ഉണ്ടായിരുന്നു
