അനിൽ പെണ്ണുക്കര
ആറ്റുകാൽ പൊങ്കാല സമർപ്പണം അപ്പു പിള്ളയ്ക്കും സഹധർമ്മിണി രാജമ്മ പിള്ളയ്ക്കും ജന്മ സുകൃതമായി . അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട മഹാബലിയും ,ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവും ന്യൂയോർക്ക് റീജിയൻ വൈസ് പ്രസിഡന്റുമായ
അപ്പുപിള്ളയും കുടുംബവും എല്ലാ വർഷവും ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തും .ഇത്തവണയും ആ പതിവ് മുടക്കിയില്ല .കഴിഞ്ഞ വർഷം കോവിഡ് കാലം ആയിരുന്നതിനാൽ വീട്ടിൽ പൊങ്കാലയിട്ട അപ്പു പിള്ള അപ്പോഴും ആ പുണ്യകർമ്മം മുടക്കിയില്ല .അമേരിക്കയിൽ നിന്ന് ഈ സമയത്ത് നാട്ടിലെത്തിയത് തന്നെ എല്ലാ വർഷവും ഇടുന്ന പൊങ്കാല സമർപ്പണം മുടങ്ങരുത് എന്ന ആഗ്രഹത്തോടെയാണ് .നാൽപ്പത് വർഷമായി മുടങ്ങാതെ തുടരുന്ന സപര്യയാണിത് .എല്ലാ തവണയും നൂറിലധികം ഭക്ത ജനങ്ങൾക്ക് പൊങ്കാലയിടുവാൻ അപ്പു പിള്ള തന്റെ പുരയിടം ഒരുക്കും.അവർക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കി അവർ മടങ്ങുന്നതുവരെ അപ്പു പിള്ളയും,രാജമ്മ പിള്ളയും ഒപ്പമുണ്ടാകും .കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ഭക്ത ജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത് വളരെ സന്തോഷത്തോടെയാണ് ഇരുവരും കാണുന്നത് .പൊങ്കാല കഴിയുന്നതോടെ രണ്ടുപേരും കേരളത്തിലെ ക്ഷേത്രങ്ങളും പള്ളികളും സന്ദർശിക്കും .പരുമല പെരുന്നാൾ സമയത്തും നാട്ടിൽ കൃത്യമായി വരികയും പദയാത്രയിൽ പങ്കെടുക്കുകയും ചെയ്യും . എത്ര വലിയ തിരക്കാണെങ്കിലും എല്ലാ വർഷവും ഫെബ്രുവരി മാർച്ചു മാസങ്ങളിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇടാൻ തിരുവന്തപുരത്തെ വീട്ടിൽ ഉണ്ടാവും .അതൊരു ജന്മ പുണ്യം ആണ് .
ഫൊക്കാനാ നാഷണൽ കമ്മിറ്റിയംഗം ,റീജിയണൽ വൈസ് പ്രസിഡന്റ് ഫൊക്കാന റ്റുടെ എഡിറ്റോറിയൽ ബോർഡ് അംഗം , കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന്റെ സ്ഥാപക മെമ്പർ ,നായർ ബെനവലന്റ് അസോസിയേഷൻ സ്ഥാപക മെമ്പർ ,കെ എച്ച് എൻ എ യുടെ സംഘാടകൻ ,എന്നീ നിലകളിൽ പ്രശസ്തനായ സംഘാടകനാണ് അപ്പു പിള്ള.അമേരിക്കയിൽ ഒരു ഓണം ഉണ്ടെങ്കിൽ മലയാളികളുടെ പൊന്നു തമ്പുരാൻ മാവേലിയായി അപ്പു പിള്ളയുണ്ടാകും.അമേരിക്കൻ മലയാളികളെ ചെണ്ട അഭ്യസിപ്പിക്കുന്ന ആശാൻ കൂടിയാണ് അദ്ദേഹം .ഓരോ അവധിക്ക് നാട്ടിൽ വരുമ്പോഴും രണ്ടു ചെണ്ടയെങ്കിലും അമേരിക്കയ്ക്ക് കൊണ്ടുപോകും .”മലയാളികൾ പലപ്പോഴും മറന്നു പോകുന്ന നാട്ടു കലകൾ കേരളം വിടുന്നതോടെ നമ്മുടെ ഗൃഹാതുര സ്മരണകൾ ആയി മാറും .അപ്പോഴാണ് ചെണ്ട പഠിക്കണമെന്നും അത് പൊതു വേദിയിൽ അവതരിപ്പിക്കണമെന്നും ആഗ്രഹം ഉണ്ടാകുന്നത് .”
അങ്ങനെ നിരവധി വിദ്യാർത്ഥികളെ ചെണ്ട പഠിപ്പിക്കുകയും പല വേദികളിൽ തന്റെ ശിഷ്യർക്കൊപ്പം ഗംഭീര ചെണ്ടമേളം നടത്തുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .രണ്ട് സിനിമകളുടെ നിർമ്മാതാവ് ,നടൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ അപ്പു പിള്ള ആറ്റുകാൽ അമ്മയ്ക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ സാധാരണ ഭക്തനാകുന്നു,വിനീത വിധേയനാകുന്നു .ജന്മദേശമായ മാവേലിക്കരയിൽ നിന്നും തിരുവനന്തപുരത്ത് വീടുവാങ്ങിയതിനു പിന്നിലും ആറ്റുകാൽ പൊങ്കാലയും അമ്മയോടുള്ള ഭക്തിയുമാണ് .പൊങ്കാല കഴിഞ്ഞാൽ മാവേലിക്കരയിലേക്ക് പോകുമെങ്കിലും അമ്മയെ കാണണം എന്ന് തോന്നുമ്പോൾ വീണ്ടും അമ്മയുടെ സന്നിധിയിലെത്തും അപ്പു പിള്ളയും ഭാര്യയും .ആറ്റുകാൽ യുവ കേസരി ക്ലബ് ചുക്കാൻ പിടിക്കുന്ന സഹായ പ്രവർത്തനങ്ങളിലും മുഖ്യ സഹായിയായി എല്ലാ വർഷവും കൂടാറുണ്ട്
തന്റെ ജീവിതത്തിലെ പുണ്യ നിമിഷങ്ങളിൽ ഒന്നാണ് ആറ്റുകാൽ പൊങ്കാല .ഓരോ പൊങ്കാല കഴിയുമ്പോളും മായാതെ ആ ദൃശ്യങ്ങൾ എപ്പോളും മനസ്സിൽ ഉണ്ടാകുമെന്നു അപ്പു പിള്ള പറഞ്ഞു.പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ ജോലി ആയിരുന്ന അപ്പു പിള്ള ഇപ്പോൾ റിട്ടയർമെന്റിനു ശേഷം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുകയാണ്.എന്തെല്ലാം പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തലും പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുമ്പോൾ കിട്ടുന്ന ആത്‌മീയ നിർവൃതി ഒന്ന് വേറെ തന്നെയല്ലേ .നാൽപ്പത് വർഷത്തെ പൊങ്കാല സമർപ്പണം ധന്യ സ്മരണ തന്നെയാണ് .ഓരോ വർഷവും തനിക്കും കുടുംബത്തിനും അതിൽ പങ്കുകൊള്ളാൻ സാധിച്ചത് ജനം സുകൃതമല്ലാതെ മറ്റെന്താണ് .