അരങ്ങുകള്‍ (കഥ -ജോണ്‍ വേറ്റം )

sponsored advertisements

sponsored advertisements

sponsored advertisements

21 May 2022

അരങ്ങുകള്‍ (കഥ -ജോണ്‍ വേറ്റം )

ഓമന വാതില്‍തുറന്നു. ഭര്‍ത്താവിനോട് വിളിച്ചുപറഞ്ഞു: “ ഇച്ചായാ,മലയാളികളാ. മുറ്റത്ത്നില്കുന്നു.” കേരളസമാജം അംഗങ്ങളെ ക്ഷണിച്ചു സ്വികരണമുറിയിലിരുത്തിയിട്ടു സന്തോഷത്തോടെ “ജോപ്പന്‍ “ചോദിച്ചു:“ ടിക്കറ്റുവില്പനക്ക് ഇറങ്ങിയതാണല്ലേ? “
“ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ വമ്പിച്ചൊരു കലാപരിപാടി നടത്തുന്നുണ്ട്. സാറിന്‍റെ അയലത്താ നടത്തുന്നത്. കുടുമ്പമായി വരണം. കാര്യദര്‍ശി “ശിവദാസന്‍ “ പറഞ്ഞു. വരാന്‍പറ്റത്തില്ലെങ്കിലും ഒരു ടിക്കറ്റെടുക്കാമെന്ന് ജോപ്പന്‍ സമ്മദിച്ചു.” സാറേ, രണ്ട് ടിക്കറ്റിന്‍റെ തുകകൊടുത്താല്‍ ഒരു ഫാമിലിടി ക്കറ്റ് കിട്ടും. നാല് പേര്‍ക്കുവരാം. നല്ലൊരവസരം പാഴാക്കണ്ടാ “ശിവദാസന്‍ വിവരിച്ചുകൊടുത്തു. ജോപ്പന്‍ സമ്മതിച്ചപ്പോള്‍ ശിവദാസന്‍ തുടര്‍ന്നു: “സാറേ പരിപാടിയോടനുബന്ധിച്ച് അതിമനോഹരമാ യ ഒരു സുവനീര്‍ കു‌ടി പ്രകാശനം ചെയ്യുന്നുണ്ട്. സുപ്രസിദ്ധരായ സാഹിത്യകാരന്മാരുടെ രചനകളാ ണ് അതിലുള്ളത്. പിന്നെ, നമ്മുടെ മലയാളികുടുംബങ്ങളെ തമ്മില്‍ പരിചയപ്പെടുത്തുന്നതിന് അവരു ടെ വര്‍ണ്ണചിത്രങ്ങളും ചേര്‍ക്കുന്നുണ്ട്. അരപ്പേജിലോ മുഴുപ്പേജിലോ പ്രസിദ്ധീകരിക്കാം. സാറിന് കുഞ്ഞുങ്ങളുള്ളതിനാല്‍ മുഴുപ്പേജില്‍കൊടുത്താല്‍ നന്നായിരിക്കും.”
ജോപ്പന്‍ ഉത്തരം പറഞ്ഞില്ല. ആലോചിച്ചിരുന്നു. സമാജത്തിന്‍റെവനിതാവിഭാഗം സെക്രട്ടറി രൂത്തമ്മ എഴുന്നേറ്റു അടുക്കളയില്‍ചെന്നു. ഓമനയോട് സംസാരിച്ചു. ഫോട്ടൊ നല്‍കുന്നത് ഭാര്യയ്ക്കും ഇഷ്ട മെന്നറിഞ്ഞു. മുഴുപ്പേജ് എടുക്കാമെന്ന് ജോപ്പന്‍ സമ്മദിച്ചു. അത്ര നേരവും മൌനിയായിരുന്ന “ ഭാനു നായര്‍ “ സൌമ്യതയോടെ ജോപ്പനോടുപറഞ്ഞു: “നമ്മുടെ ഈ ബറോയില്‍ സാംസ്കാരിക സംഘടനയാ യി “കേരള സമാജം” മാത്രമേയുള്ളുവല്ലോ. കുടിയേറ്റക്കാര്‍ വര്‍ദ്ധിക്കുന്നു. നല്ലൊരുഭാഗം മലയാളികള്‍ കലാപരിപാടികള്‍ കാണാന്‍വരും. എന്നാല്‍, അംഗത്വമെടുക്കാറില്ല. സാമൂഹ്യനന്മ നല്‍കാന്‍, ശക്തി യുള്ള സംഘടനയ്ക്കുസാധിക്കും. മത രാഷ്ട്രിയ സാമൂഹ്യതലങ്ങളില്‍ അറിയപ്പെടാനും, ആംഗീകരി ക്കപ്പെടാനും മലയാളികള്‍ക്ക് സാധിക്കണം. സ്വന്തം വീടും സ്ഥിരമായൊരുജോലിയുമുണ്ടെങ്കില്‍, എല്ലാം തികഞ്ഞുവെന്നചിന്തയാണ് അനേകര്‍ക്കുള്ളത്‌. ആ നിലപാട് ശരിയാണോ? ഈ വിദേശഭൂമി യില്‍ ജിവിതം നട്ടുപിടിപ്പിച്ച നമ്മള്‍ക്ക്, നമ്മുടെ പിന്തലമുറകളെ അധികാരസ്ഥാനങ്ങളിലും ഭരണ ച്ചുമതലകളിലുമെത്തിക്കുവാന്‍ കഴിയണം. ആദ്ധ്വാനിക്കുന്നവരും, ദേശാഭിമാനികളും, ഭാഷാസ്നേ ഹികളുമാണ് നമ്മള്‍! എങ്കിലും, സഹകരണത്തിന് തയ്യാറാകുന്നില്ല. ജനസേവനം കടമയായി കരുതു ന്നവരും ഉണ്ട്. അതുകൊണ്ട്, ജോപ്പനും നമ്മുടെ സമാജത്തില്‍ ചേരണം. ഇതൊരഭ്യര്‍ത്ഥനയാണ്. “
പെട്ടെന്ന്, അപേക്ഷാഫോറം കൊടുത്തുകൊണ്ട് ട്രെഷറര്‍ “ലോനപ്പന്‍ “ പറഞ്ഞു: “വാര്‍ഷികവരി സംഖ്യ വെറും ഇരുപത്തിയഞ്ചുഡോളറെയുള്ളു. നുറ് ഡോളര്‍ കൊടുത്താല്‍ ആയുഷ്കാലഅംഗത്വമെ ടുക്കാം. അതിന്‍റെകാലാവധി അഞ്ച് വര്‍ഷമാണ്‌.” ജോപ്പന്‍ ആയുഷ്കാലഅംഗത്വമെടുത്തു. സമാജം ഭാരവാഹികള്‍ നന്ദിപറഞ്ഞു. മടങ്ങിപ്പോയി.
പിറ്റേ മാസാന്ത്യത്തില്‍, ഒരു വിദ്യാലയത്തിന്‍റെ ഓഡിറ്റോറിയത്തില്‍ കേരള സമാജത്തിന്‍റെ ഔദ്യോ ഗികസമ്മേളനം ആരംഭിച്ചു. വാര്‍ഷികറിപ്പോര്‍ട്ടും, കണക്കും, ബജറ്റും ആംഗീകരിക്കപ്പെട്ടു. പുതുവര്‍ ഷത്തില്‍ ഭരണച്ചുമതലയെടുക്കേണ്ട പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു. നിലവി ലുള്ളഭരണസമിതി തുടരണമെന്നു ഭൂരിപക്ഷാഭിപ്രായം. വ്യക്തിപരമായകാരണങ്ങളാല്‍ ഭരണസമി തിയില്‍തുടരാനാവില്ലെന്ന്, രണ്ട് അംഗങ്ങള്‍ അറിയിച്ചു. സംഘടനാപ്രവര്‍ത്തനത്തില്‍ താല്പര്യം ഉള്ള വരെ സ്വാഗതംചെയ്യുന്നുവെന്നു പ്രെസിഡെന്‍റ് ഭാനു നായര്‍ സദസ്സിനോടു പറഞ്ഞു. സമാജം ഒരു തല വേദനയാണെന്ന ധാരണയാല്‍ ആരും മിണ്ടിയില്ല. വീണ്ടും അഭ്യര്‍ത്ഥനഉയര്‍ന്നപ്പോള്‍,”സുധേശന്‍” എഴുന്നേറ്റുനിന്നു. സദസ്സില്‍ സന്തോഷസൂചകമായ കയ്യടി. സുധേശന്‍ വേദിയിലെത്തി. ഭാനു നായര്‍ ഹസ്തദാനംചെയ്തു. കസേരയില്‍ഇരുത്തി.
ഒഴിവുള്ളസ്ഥാനമെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. താര്‍ക്കികനായ സുധേശനെപ്പോലെ മറ്റൊരാ ള്‍കൂടി വന്നാല്‍ ഭരണസമിതിയുടെ ഒത്തൊരുമ നഷ്ടപ്പെടുമെന്ന് ഭാനു നായര്‍ക്കു തോന്നി. ഒരു നിരീ ക്ഷകനെപ്പോലെ നിശ്ശബ്ദനായിരുന്ന, ജോപ്പന്‍റെ പേര് ആരോ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഭരണസമിതിയി ല്‍ചേരാന്‍ ഒട്ടുംതാല്പര്യമില്ലെന്നു ജോപ്പന്‍ പറഞ്ഞു. എന്നിട്ടും, കൂട്ടുകാര്‍ നിര്‍ബന്ധിച്ചു. ശിവദാസന്‍ വേദിവിട്ടിറങ്ങിവന്നു. ഭരണസമിതിയിലിരിക്കാന്‍ ഭയക്കേണ്ടതില്ലന്നും, സഹായിക്കാമെന്നും പറ ഞ്ഞു. ഓമനയുടെ മന്ദഹാസം മൌനസമ്മതമായി. ജോപ്പനും വേദിയിലെത്തി. കസേരയിലിരുന്നു. സദസ്സില്‍ നോക്കിയില്ല. ചെറിയൊരു വിറയല്‍. ആകസ്മികമായ ആദ്യാനുഭവം!
ചടങ്ങുകള്‍ക്കുശേഷം, വൈകുന്നേരം ഏഴ് മണിക്ക് കലാപരിപാടികള്‍ ആരംഭിച്ചു. ആഗതരില്‍ അധികവും മുറ്റത്തും ഇടനാഴികളിലും വര്‍ത്തമാനം പറഞ്ഞുകൊണ്ട് നിന്നു. ചുരുക്കം ആളുകള്‍ കാറുകളിലിരുന്നു മദ്യപിച്ചു. ഓഡിറ്റോറിയത്തിനുള്ളില്‍ വന്നിരിക്കണമെന്ന ആവര്‍ത്തിതഅറിയി പ്പുകള്‍ കേള്‍ക്കാത്തതുപോലെ. ഇടവേളക്കുമുമ്പ്, ഓഡിറ്റോറിയം നിറഞ്ഞു. ഇമ്പമേറിയ ഗാനമേള, വര്‍ണ്ണാഭമായ നൃത്തങ്ങള്‍, പൊട്ടിച്ചിരിപ്പിച്ച ചിരിയരങ്ങ്, ഹൃദ്യമായ നാടന്‍പാട്ടുകള്‍, ഹൃദയസ്പര്‍ശിയായ പ്രണയകഥപറഞ്ഞ ലഘുനാടകം എന്നിവ നേരം പോയതറിയിച്ചില്ല!
ഒരാഴ്ച കഴിഞ്ഞു. ഭാനു നായര്‍ ജോപ്പന്‍റെ വീട്ടില്‍ചെന്നു. കേരള സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങളെ യും ഭാവിപരിപാടികളെയും സംബന്ധിച്ചു സംസാരിച്ചു. അയാള്‍ തുടര്‍ന്നു: “പൊതുജനസേവനം ലഘു വായകാര്യമല്ല. നോവിക്കുന്ന വിമര്‍ശനങ്ങളും, വെല്ലുവിളികളുമൊക്കെ ഉണ്ടാവാം. നേട്ടങ്ങളും പ്രശ സ്തിയും ഇഷ്ടപ്പെടുന്നവരും അധികാരത്തില്‍ വന്നേക്കാം. ഉറ്റസുഹൃത്തുക്കളായശേഷം ഒറ്റിക്കൊടുക്കു ന്നവരെയും, പിന്നില്‍നിന്നു കുത്തുന്നവരെയും പൊതുരംഗത്ത് കണ്ടിട്ടുണ്ട്. അതുകൊണ്ട്, ആളുകളെ തിരിച്ചറിയാന്‍ കഴിയണം. തെറ്റായവാക്കും പ്രവര്‍ത്തിയും ശത്രുക്കളെ സൃഷ്ടിക്കാം. നമ്മള്‍ സത്യസ ന്ധരായിരുന്നാലും, സുക്ഷ്മതവേണം. കള്ളസാക്ഷികളെയും, കൊലയാളികളെയും, പരദൂഷണക്കാരെ യും വാടകക്ക്കിട്ടുന്ന കാലമാണിത്. എന്നാലോ, യഥാര്‍ത്ഥസൗഹൃദം മധുരമാണ്. വിശ്വസ്ഥസുഹൃ ത്ത് അപൂര്‍വ്വസ്വത്താണ്. നന്മലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം. ദീര്‍ഘദര്‍ശനവും വേണം.” ഭാനു നായര്‍ തിരിച്ചുപോയപ്പോള്‍, അയാളുടെ വാക്കുകള്‍, വിശാലമായ ചിന്താലോകത്തേക്ക് ജോപ്പനെ നയിച്ചു.
പ്രതിഭാസികഭേദങ്ങള്‍ നോക്കാത്ത, സമയം മുന്നോട്ട്പോയി. മലയാളികള്‍ക്കുപകരിക്കുന്ന പല പദ്ധതികളും കേരള സമാജം ആരംഭിച്ചു: ഇളംപ്രായമായവരെ മലയാളവും, വയോധികര്‍ക്ക് ഇംഗ്ലീഷ് ഭാഷയും പഠിക്കുവാന്‍ ക്രമീകരണംചെയ്തു. നൃത്തം അഭ്യസിക്കുന്നതിനും, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും സൗകര്യം ഉണ്ടാക്കി. പൌരത്വപരീക്ഷ ജയിക്കുന്നതിനാവശ്യമായ പാഠങ്ങ ളും, കുടിയേറ്റക്കാര്‍ക്ക് സഹായകമായ വിവരങ്ങളും, നിയമസഹായങ്ങളും നല്‍കി. ഇക്കാരണങ്ങളാ ല്‍, സമാജത്തിന്‍റെ അംഗസംഖ്യവര്‍ദ്ധിച്ചു. മലയാളിസമൂഹത്തില്‍ പുതു സൌഹൃദത്തിന്‍റെ പുളകം പടര്‍ന്നു! അതിന്, ഭരണസമിതിയുടെ ഏകോപനം ഏറെസഹായിച്ചു. ജോപ്പനും ജോലിത്തിരക്കായി. കുടുംബിനിയായ ഓമനയുടെ സഹകരണം അയാള്‍ക്കു പിന്തുണയായി. എന്നാലും, ഭര്‍ത്താവിനോ ടും മക്കളോടുമൊത്തു പങ്കിടുന്ന പരമാനന്ദം ക്രമേണ കുറഞ്ഞു. പലപ്പോഴും, സ്വഭാവികമായി അസ്വ സ്ഥത ഉണ്ടായെങ്കിലും ശബ്ദിച്ചതുമില്ല.
ഭാനു നായരുമൊത്തു രണ്ട് പ്രാവശ്യം ജോപ്പന്‍ കേരളം സന്ദര്‍ശിച്ചു. ആ യാത്രകള്‍ അനുഗ്രഹമാ യി! മതരാഷ്ട്രീയതലങ്ങളിലുള്ള കുറെ ഉന്നതനേതാകളെ പരിചയപ്പെട്ടു. അറിയപ്പെടാഞ്ഞ, ആനു കാലികയഥാര്‍ത്ഥൃങ്ങള്‍ മനസ്സിലാക്കി. നോര്‍ത്തമേരിക്കയില്‍ കലാപരിപാടികള്‍ക്കു ക്രമീകരണ ങ്ങള്‍ ചെയ്യുക, മടങ്ങിപ്പോകാതെ നിയമവിരുദ്ധമായി ഒളിവില്‍കഴിയുന്ന കലാകാരന്മാരെ സഹായി ക്കുക, വിവിധ ഉദ്ദേശങ്ങളോടെ അമേരിക്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി വഴിയോരു ക്കുക എന്നിവയിലൂടെയും, മറ്റ് കര്‍മ്മപ്പിഴകളിലൂടെയും ധനം സമ്പാദിക്കാമെന്നും പഠിച്ചു. ഭവന നി ര്‍മ്മാണത്തിനും മറ്റ് സ്ഥാപനങ്ങള്‍ക്കും ഭൂമി ദാനം ചെയ്യുമെന്ന് വേദികളില്‍നിന്നു വിളംബരംചെയ്യു ന്നവര്‍, അവ കൊടുക്കാറില്ലെന്നും അറിഞ്ഞു. മറവിടങ്ങളില്‍ അവിഹിതബന്ധം പുലര്‍ത്തുന്നതിനു നിയമ ലംഘകരും, പ്രലോഭകരായ രഹസ്യസഹായികളുണ്ടെന്നും അറിഞ്ഞു. ജനസ്വാധീനവും, ധന സമ്പാദനവും, പ്രശസ്തിയും സുഖാനുഭവങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ കുറ്റം ചെയ്യുന്നവരേക്കുറിച്ചും ഗ്രഹിച്ചു. ഇവയിലൊന്നിലും ബന്ധപ്പെടാത്ത സമര്‍ത്ഥനാണ് ഭാനു നായരെന്നും ബോധ്യപ്പെട്ടു.
കാലാവധി തീരുന്നതിനുമുമ്പ് തിരഞ്ഞെടുപ്പ് നടത്തണം. ആരെല്ലാം സ്ഥാനാര്‍ഥികളാകണമെന്ന ചിന്തയും ആലോചനയും ഉണ്ടായി. മത്സരത്തിനില്ലെന്നും, ഫ്ലോറിഡയില്‍ മാറിത്താമസിക്കുമെന്നും ശിവദാസന്‍ പറഞ്ഞു. വീട്ടുകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കേണ്ടതിനാല്‍ ഭരണസമിതിയിലേക്കി ല്ലെന്ന് ജോപ്പാനും അറിയിച്ചതിനാല്‍, ഭാനു നായര്‍ നിരാശനായി. വിഭാഗീയതയും സ്വാര്‍ത്ഥതയുമുള്ള വര്‍ ഭരണച്ചുമതലയെടുത്താല്‍, തുടങ്ങിവച്ച സംഗതികള്‍ മുടങ്ങുമെന്നവിചാരം. സംഘടനാപ്രവര്‍ത്ത നം സേവനമെന്നു കരുതുകയും, വിവാദവേളകളില്‍ സൌമ്യതയുടെ വീക്ഷണത്തോടെ, സമാധാനം പാലിക്കുകയുംചെയ്ത വിശ്വസ്തമിത്രമാണ് ശിവദാസന്‍. തര്‍ക്കുത്തരം പറയാതെ, അനുസരണയോടെസ ഹകരിച്ച ആളാണ്‌ ജോപ്പന്‍. അവര്‍ക്കുപകരം തിരഞ്ഞെടുക്കപ്പെടുവാന്‍ യോഗ്യതയുള്ളവര്‍ ആരായി രിക്കും? ഭാനു നായരുടെ മനസ്സ് അന്വേഷിച്ചു. പക്ഷേ കണ്ടെത്തിയില്ല! പ്രെസിഡെന്‍റെ്സ്ഥാനത്തിന്‌ സുധേശന്‍ മത്സരിക്കുമെന്ന് ലോനപ്പന്‍ അറിയിച്ചു. “നല്ല കാര്യം, അയാള്‍ തൊഴിലാളിയൂണിയന്‍ പ്രവര്‍ത്തകനാണ്. ജയിച്ചുവരട്ടെ. “ അതായിരുന്നു ഭാനു നായരുയൂടെ മറുപടി.
തിരഞ്ഞെടുപ്പുദിനം. ചടങ്ങുകള്‍ക്കുശേഷം, തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഭാനു നായര്‍ പ്രസംഗിച്ചു. ജനനന്മയ്ക്കു വേണ്ടി ചെയ്ത നല്ലകാര്യങ്ങളെക്കുറിച്ച് വിവരിച്ചു. സഹകരിച്ചും സഹായി ച്ചും സമാജത്തെ ശക്തിപ്പെടുത്തിയ സഹൃദയരെ നന്ദിപൂര്‍വ്വം അഭിനന്ദിച്ചു! പൂര്‍ത്തിയാക്കേണ്ട പദ്ധ തികളെന്തെല്ലാമെന്നു വിവരിച്ചു. അറിവും സേവനസന്നദ്ധതയും ഉള്ളവരെ തിരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
പ്രെസിഡെന്‍റെ് സ്ഥാനത്തേക്ക് ഭാനു നായരുടെയും സുധേശന്‍റെയും നാമങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. സ്വയം പിന്മാറാന്‍ ഇരുവരും തയ്യാറായില്ല. നറുക്കിട്ട് ഒരാളെ തിരഞ്ഞെടുക്കണമെന്ന അഭിപ്രായത്തെ ഭുരിപക്ഷം തളളിക്കളഞ്ഞു. അതുകൊണ്ട്, വോട്ടെടുപ്പ് നടത്തി. എഴുപതുശതമാനം വോട്ടുവാങ്ങി ഭാനു നായര്‍ ജയിച്ചു! സദസ്സില്‍ കരഘോഷം! കാര്യദര്‍ശിയുടെ സ്ഥാനത്തേക്ക് ശിവദാസന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു.താല്‍പ്പര്യമില്ലെന്നു ശിവദാസന്‍ പറഞ്ഞതിനാല്‍, സദസ്സിലിരുന്ന ഒരാള്‍ സുധേശ ന്‍റെ പേര് പറഞ്ഞു. എന്നാല്‍, ഒരുസമിതിയിലുള്ള ഒരുസ്ഥാനത്തിനുവേണ്ടി, മത്സരിച്ചുതോറ്റ ഒരാള്‍ ക്ക് വീണ്ടും മത്സരിക്കാമോ എന്ന ചോദ്യമുയര്‍ന്നു. സമാജത്തിന്‍റെ നിലവിലുള്ള ഭരണഘടന പരിശോ ധിച്ചെങ്കിലും പ്രസ്തുത സംശയം പരിഹരിക്കാന്‍ വകുപ്പില്ല. അക്കാരണത്താല്‍, സുധേശന്‍റെ സ്ഥാനാര്‍ ത്ഥിത്വം അംഗീകരിച്ചു. അതേ സ്ഥാനത്തിനുവേണ്ടി മത്സരിക്കാന്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കണ്‍വീനറുടെ ചോദ്യം. സദസ്സില്‍ എഴുനേറ്റുനിന്നുകൊണ്ട് ഒരാള്‍ ജോപ്പന്‍റെ പേര് നിര്‍ദ്ദേശിച്ചു. ജോപ്പന്‍ മത്സരിക്കുന്നുണ്ടോയെന്നു കണ്‍വീനര്‍ ചോദിച്ചു. എഴുന്നേററ് നിന്നുകൊണ്ട് ജോപ്പന്‍ പറഞ്ഞു: ഉവ്വ്.
തുടര്‍ന്നു നടത്തപ്പെട്ട തിരഞ്ഞെടുപ്പില്‍, രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യവോട്ടുകള്‍ കിട്ടി. സദസ്സില്‍, മാനസ്സികനിഗമനത്തിന്‍റെ നേര്‍ത്തശബ്ദങ്ങള്‍. കനത്ത ആകാംക്ഷ. ആര് ജയിക്കും? ആരെ ജയിപ്പിക്കും? ധാര്‍മ്മികശുദ്ധിയുള്ളവനാണ് ജോപ്പന്‍. എളിമയോടെ വര്‍ത്തമാനം പറയുന്ന വ്യക്തി. സകലരേയും സമഭാവനയോടെ കരുതുന്ന ദൈവവിശ്വാസി. പൊതുജനത്തിന്‍റെ മുമ്പില്‍, പ്രമുഖനേ താവാണ് സുധേശന്‍. സ്വയനിര്‍മ്മിത ചട്ടങ്ങളെ ഇഷ്ടപ്പെടുന്ന താര്‍ക്കികന്‍. ആര്‍ക്കും വഴങ്ങാത്ത വിമര്‍ശകന്‍. നിര്‍ണ്ണായകവോട്ട്‌സംബന്ധിച്ചു കണ്‍വീനര്‍ സംസാരിച്ചു. രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ട് ലഭിച്ചാല്‍ അധികാരത്തിലിരിക്കുന്ന പ്രെസിഡെന്‍റെറ്റിനു വോട്ടുചെയ്ത് ഒരു സ്ഥാനാര്‍ത്ഥി യെ വിജയിപ്പിക്കണമെന്ന നിയമഭാഗം വായിച്ചു. അതനുസരിച്ച്, സദസ്സിനെ അതിശയിപ്പിച്ചുകൊണ്ട് ഭാനു നായര്‍ വോട്ട്‌ ചെയ്തു. ജോപ്പന്‍ ജയിച്ചു. സുധേശനെ പിന്തുണച്ചവര്‍ നിരാശരും നിശ്ശബ്ധരുമായി. അവരില്‍ ചിലര്‍ക്ക് ദേഷ്യം. ഒരാള്‍ ഒതുക്കിപ്പറഞ്ഞു: “ഇതൊരു ഒത്തുകളിയാ.” ആ പുല്ലനെ വെറുതേ വിടരുതെന്നു മറ്റൊരാള്‍.
കലാപരിപാടി കഴിഞ്ഞ്,വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, ഓമന ഭര്‍ത്താവിനോട് പറഞ്ഞു: ” എനി ക്കൊട്ടും ഇഷ്ടമില്ലായിരുന്നു. പിന്നെ, ലോനപ്പന്‍ ചേട്ടനും, ഇച്ചായന്‍റെ കൂട്ടുകാരും വന്നു നിര്‍ബന്ധിച്ചി ട്ടാ ഞാനങ്ങു സമ്മതിച്ചത്‌. തെരഞ്ഞെടുപ്പ് എല്ലാര്‍ക്കും ഇഷ്ടമായില്ലെന്നു തോന്നി. ചില പെണ്ണുങ്ങള്‍ കുശുക്കുന്നത് കണ്ടു. അച്ചായനിനിയും വീട്ട്കാര്യം കഴിഞ്ഞിട്ട് നാട്ടുകാര്യം നോക്കിയല്‍മതി ” സന്തുഷ്ടജീവിതത്തിന് ദമ്പതികളുടെ പരസ്പരസഹകരണവും സാനിദ്ധ്യവും അവശ്യമാണെന്നു ജോപ്പനറിയാം. പക്ഷേ, ഉത്തരവാദിത്തം എടുത്തത് ഉന്മത്തരംഗമോ ഉള്‍ക്കിടുക്കമോ സൃഷ്ടിക്കാനല്ല. സാംസ്കാരികോദ്ദേശൃത്തോടെ സജീവനന്മ ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നത് അരുതാത്തതെന്നു തോന്നിയില്ല. ഭര്‍ത്താവിനോടുചേര്‍ന്നു കിടന്നുകൊണ്ട് ഒമാന പറഞ്ഞു: “വഴക്കും വാക്കെട്ടുമുള്ളിടത്തെങ്ങും ഇനി പോകണ്ടാ.”
ഭാനു നായര്‍ നിര്‍ണ്ണായകവോട്ട് നല്‍കിയില്ലെന്ന വിചാരവും, ജാതിചിന്തയും വ്യക്തിവിദ്വേഷവും മൂലം തന്നെ തോല്പിച്ചു എന്ന വിശ്വസവും സുധേശനുണ്ടായി. കാര്യദര്‍ശിയുടെ സ്ഥാനമെടുക്കാനുള്ള യോഗ്യത ജോപ്പനെക്കാളേറെ സുധേശനുണ്ടെന്ന് അയാളുടെ ബന്ധുക്കളും അഭിപ്രായം പറഞ്ഞു. അതില്‍ പകയും പോരും പുകഞ്ഞു.
പുതിയഭരണസമിതി അധികാരമെടുത്തിട്ട് ആറ്മാസം തികയാറായി. സതീശന്‍റെ ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും അയാളുടെ ഭവനത്തില്‍ കൂടിയാലോചിച്ചു. ഔദ്യോഗികസ്ഥാനങ്ങളിലുള്ളവര്‍ സമാജത്തെ ഉപകരണമാക്കുന്നു. സമാജത്തിന്‍റെ ധനമുപയോഗിച്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പ്രശസ്തരാവുകയും ചെയ്യുന്നു. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു. പക്ഷപാതപരമായി പ്രവര്‍ ത്തിക്കുന്നുവെന്നും മറ്റും ആരോപിക്കണമെന്ന് അവര്‍ തീരുമാനിച്ചു. അടിയന്തിരപ്പൊതുയോഗം വിളിച്ചുക്കൂട്ടണമെന്ന്, ഭാനു നായരെ രേഖാമൂലം അറിയിച്ചു. എന്നാല്‍, അര്‍ദ്ധവാര്‍ഷികപ്പൊതുയോ ഗത്തിനു അഞ്ചാഴ്ച മാത്രമുള്ളതിനാല്‍ പെട്ടെന്നു യോഗം നടത്താന്‍ മതിയായ കാരണം കാണിച്ചിട്ടില്ലെ ന്ന മറുപടി സുധേശന് ജോപ്പന്‍ അയച്ചുകൊടുത്തു. ആ നടപടി, അരുന്തുദമായ അവഹേളനമാണെന്ന ധാരണയും, വിദ്വേഷവും, പ്രതികാരനിശ്ചയവും ഉണ്ടാക്കി.
പിറ്റേമാസത്തില്‍ അര്‍ദ്ധവാര്‍ഷികപ്പൊതുയോഗം കൂടി. അതില്‍, വിദേശങ്ങളിലായിരുന്നവരൊ ഴികെ, മറ്റെല്ലാ അംഗങ്ങള്ളും ഹാജരായി. ഉപക്രമപ്രസംഗത്തിന്‌ സമാജം പ്രെസിഡെന്‍റെ് വേദിയിലെ ത്തി. സദസ്സിലുണ്ടായിരുന്ന, അംഗത്വമുള്ളവരില്‍ മുന്നില്‍ ഒരു ഭാഗം എഴുനേറ്റുനിന്നു. സുധേശന്‍ മൌനിയായി മുന്നോട്ട് നടന്നു. വേദിയിലെത്തി. ഭാനു നായര്‍ക്ക് അഭിമുഖമായി നിന്നു. എന്ത് സംഭവി ക്കുമെന്ന ആകാംക്ഷയില്‍ സദസ്സില്‍ നിശ്ശബ്ദത. കലഹമോ, കയ്യേറ്റമോ ഉണ്ടാകുമോ? എന്താണ് അയാ ളുടെ ഉദ്ദേശം? കോട്ടിന്‍റെ പോക്കറ്റില്‍നിന്നും ഒരു കത്തെടുത്തു കൊടുത്തിട്ട്, ഒന്നും പറയാതെ, ഓ ഡിറ്റോറിയത്തിനുവെളിയിലേക്ക് സുധേശന്‍ നടന്നു. എഴുന്നേറ്റ്നിന്നവരും അപ്രകാരം ചെയ്തു. അഴി മതിയും, വിഭാഗീയതയും, സ്വേച്ഛാധിപത്യവും പ്രകടമായതിനാല്‍; കേരളസമാജത്തില്‍നിന്നും പിരിഞ്ഞുപോകുന്നുവെന്നായിരുന്നു കൊടുത്ത രാജിക്കത്തുകളുടെ ഉള്ളടക്കം.
ആ വേര്‍പാട് ഒരു വെല്ലുവിളിയാണെന്ന അഭിപ്രായം സമാജത്തില്‍ നിരന്നു. ഭഗ്നാശരായവര്‍ പുനരൈക്യത്തിനുവേണ്ടി ശ്രമിച്ചെങ്കിലും അത്‌ ഉണ്ടായില്ല. ആലോചനകളുടെ ആഴ്ച കള്‍ കൊഴി ഞ്ഞു. പ്രതിഷേധം തണുത്തെന്നും, പരിഞ്ഞുപോയവര്‍ മടങ്ങിവരുമെന്നുമുള്ള ശ്രുതി പരന്നു. എന്നി ട്ടും, ഉച്ചവെയിലിന്‍റെ ചൂടും പ്രകാശവും ജ്വലിച്ചനേരത്ത്, കേരള സമാജത്തിനു സമാന്തരമായി, “ അ മേരിക്കന്‍ മലയാളിസമാജം “ എന്ന ശീര്‍ഷകത്തില്‍, പുതിയ സാംസ്കാരിക സംഘടന പ്രവര്‍ത്തന ത്തില്‍ വന്നു. അതോടെ, അനാകര്‍ഷകമാറ്റവും പെരുമാറ്റവും മലയാളിസമൂഹത്തില്‍ കാണപ്പെട്ടു. ജോലിസ്ഥലങ്ങളിലും ദൈവാലയങ്ങളിലും, കടകളിലും കൂടിനിന്നു സംസാരിച്ചു സൗഹൃദസന്തോ ഷം പങ്കിട്ടവര്‍, കണ്ടാലും പരസ്പരം മിണ്ടാതായി! വിഭാഗീയമലയാളിത്വം വിരൂപമായി!
ഭൌതികപറുദീസ വാഗ്ദാനംചെയ്യുന്ന പ്രകടനപത്രിക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അമേരിക്കന്‍ മലയാളിസമാജത്തിന്‍റെ അമരത്ത് പ്രെസിഡെന്‍റെ് സുധേശന്‍ നിന്നു! ക്ഷേമപദ്ധതികളെ സംബന്ധിച്ച വാഗ്ദാനങ്ങള്‍ വേദികളില്‍ മുഴക്കി. മത രാഷ്ട്രീയ സാമൂഹ്യസിദ്ധാന്തങ്ങളെ ഉദ്ധരിച്ച് ഊര്‍ജ്ജം പകര്‍ ന്ന അയാളുടെ പ്രഭാഷണശൈലി ശ്രോതാക്കളെ ആകര്‍ഷിച്ചു. നവോദയ ജനകീയമുന്നണിപോലെ, പുതിയ സംഘടന ശോഭിച്ചു!
പൊതുവേദികളില്‍ പ്രവര്‍ത്തിക്കുന്ന പുര്‍ഷന്മാരുടെ ഭാര്യമാര്‍ക്കു ദീര്‍ഘക്ഷമയും സഹിഷ്ണുത യും വേണം. ഭര്‍ത്താക്കന്മാര്‍ക്ക് പ്രോത്സാഹനം നല്കുന്നവരുമായിരിക്കണം. വിമര്‍ശനങ്ങള്‍കേട്ടു ഭ്രമി ക്കരുത്. സ്നേഹത്തിന്‍റെ സാന്ത്വനവചനം കേട്ടുസന്തോഷിക്കാന്‍ കഴിയാതെ, ദിനന്തോറും ഏറെനേ രം ഏകാകിനിയാവുകയും, ആണ്മക്കളെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടുകയും ചെയ്തപ്പോള്‍, ഓമന മാനസികമായി തളര്‍ന്നു. സെക്രെട്ടറിസ്ഥാനം ഉപേക്ഷിക്കാന്‍ ഭര്‍ത്താനെ നിര്‍ബന്ധിച്ചു. സഹധര്‍മ്മി ണിയുടെ സങ്കടവികാരം മനസ്സിലാക്കിയെങ്കിലും; തന്‍റെ സംഘടന മുറിവേറ്റുവേദനിക്കുന്ന നേരത്ത്, അതിന്‍റെ വികനപ്രതിസന്ധി കണ്ടുകൊണ്ട്‌, കാതരമാനസ്സോടെ പടിയിറങ്ങുന്നത്‌ ഒട്ടും ഉചിതമല്ലെന്ന് ജോപ്പന് തോന്നി. ഭാര്യയുടെ തടസ്സവാദങ്ങള്‍ അയാളെ തടഞ്ഞുനിര്‍ത്തിയില്ല. കേരള സമാജത്തെ ശക്തിപ്പെടുത്തുമെന്ന നിശ്ചയത്തോടെ ധാര്‍മ്മികപരിശ്രമം തുടര്‍ന്നു.
കലഹങ്ങളൊഴിവാക്കിയും സമഭാവനയോടെ പ്രവര്‍ത്തിച്ചും പൊതുവേദിയില്‍ വിളങ്ങണമെന്നും അനുയായികളെ സുധേശന്‍ ഉപദേശിച്ചു. എന്നിട്ടും, ജോപ്പനെ പരാജയപ്പെടുത്തേണ്ടത് ആവശ്യമെന്നു ചിലര്‍ക്ക് തോന്നി. പ്രതികാരചിന്തയുടെ മൂര്‍ച്ചകൂട്ടി. ജോപ്പന്‍റെ കുടുമ്പത്തിലുള്ള സകലരുടെയും ഹൃദയങ്ങളില്‍തറഞ്ഞു വേദനിപ്പിക്കുന്ന, മുനയുള്ള ആയുധമുപയോഗിക്കുവന്‍ അവര്‍ തീരുമാനിച്ചു. ജോപ്പന്‍റെ മൂത്തമകന്‍ സോളമന്‍റെ സഹപാഠികളെ ഉപകരണമാക്കി. ജോപ്പന്‍, ആഭാസനും കള്ളനും ധിക്കാരിയും വ്യഭിചാരിയുമാണെന്നു പറയിപ്പിച്ചു. അത്,വിദ്യാലയത്തില്‍ തര്‍ക്കത്തിനും കയ്യേറ്റത്തി നും കാരണമായി. മലിനവാര്‍ത്തയായി. അപ്പോഴും, സംഘടനയെ ഉപേക്ഷിക്കുവാന്‍, ഓമന നിര്‍ബ ന്ധിച്ചു. അസ്വസ്ഥനായെങ്കിലും, ഭാര്യയെ അനുസരിക്കുവാന്‍ ഉത്തരവാദിത്വബോധം ജോപ്പനെ അനു വദിച്ചില്ല. പിതാവിനെക്കുറിച്ചു കേട്ട മക്കളുടെ പരാതികള്‍ ഓമനയുടെ അമ്മമനസ്സില്‍ നിറഞ്ഞ തീ വ്രവേദനയായി! കുടുംബജീവിതം വരളുന്നുവെന്ന ചിന്തയും ഭയവും.
പതിവുപോലെ ജോലികഴിഞ്ഞ്, പാതിരാനേത്ത് ജോപ്പന്‍ വീട്ടിലെത്തി. അയാളുടെ മുന്നില്‍ സോളമന്‍ ചെന്നുനിന്നു. സ്നേഹത്തോടെ ജോപ്പന്‍ ചോദിച്ചു: “ നീയെന്താ ഇത്ര നേരമായിട്ടും ഉറങ്ങാഞ്ഞത്? “
കത്തിക്കയറുന്ന കോപത്തോടെ സോളമന്‍ പറഞ്ഞു: “ ഉറക്കം വരുന്നില്ല. അത്‌ പറയാനാ കാത്തിരുന്നത്‌. മാനംകെട്ടവനായി ഞാനിനി സ്കൂളില്‍ പോകുന്നില്ല. “ കയ്യിലിരുന്നകവര്‍ ജോപ്പന്‍റെ മുന്നില്‍ ഇട്ടിട്ട്, അവന്‍ വാതി ല്‍ തുറന്നു. വീട് വിട്ടിറങ്ങി. മുന്നില്‍ കിടന്ന കവര്‍ ജോപ്പന്‍ തുറന്നുനോ ക്കി. സ്തംഭിച്ചുനിന്നു. അന്യസ്ത്രീകളോടു ചേര്‍ന്നിരിക്കുന്ന തന്‍റെ കുറെ നഗ്നചിത്രങ്ങള്‍. ഒരിക്കലും സംഭവിക്കാത്ത സംഗതികളുടെ ചിത്രീകരണം. കംപ്യുട്ടര്‍ ഉപയോഗിച്ചുണ്ടാക്കിയ പടങ്ങളാണ്. പക്ഷേ അത് കൃത്രിമം ആണെന്ന് ഭാര്യയേയും മക്കളെയും എങ്ങനെ ബോദ്ധ്യപ്പെടുത്തും? വഴങ്ങാ ത്തകാറ്റ്പോലെയുള്ള, വിചാരങ്ങള്‍. പെട്ടെന്ന്,മനസ്സാക്ഷിക്കുനേരേ ഉയര്‍ന്നുവന്നൊരു ചോദ്യം: ഇനിയെന്തുചെയ്യും? അതിന് ഉത്തരം നല്‍കാന്‍ നീതിനിഷ്ഠമായ തീരുമാനം വേണം. തളര്‍ച്ചയോടെ കസേരയില്‍ ഇരുന്നു. ഉറക്കാതെ ഓടിപ്പോകുന്നു നേരം. മനസ്സില്‍ നോവിന്‍റെ വേലിയേറ്റം.
ജോലികഴിഞ്ഞ് രാവിലെ, ഓമന വന്നു. പക്ഷേ ഏറെനേരം പരസ്പരം സംസാരിച്ചില്ല. തലേരാത്രിയി ലുണ്ടായ സംഭവത്തെക്കുറിച്ചറിഞ്ഞെങ്കിലും, അതേപ്പറ്റി ചോദിച്ചില്ല. നിറഞ്ഞകണ്ണ് തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു: “ഇച്ചായന്‍ ഇനി സമാജത്തില്‍ പോകണ്ടാ. ഈ ഭവനം നശിക്കരുത്. നമ്മുടെ മോന്‍ എവിടെപ്പോയെന്ന് അന്വേഷിക്കണം.”
ആലോചനയില്‍ മുഴുകിയ ജോപ്പന്‍ മിണ്ടിയില്ല. ഭാര്യയുടെ തേങ്ങല്‍ കേട്ടു. അവളെ സൂക്ഷിച്ചു നോക്കി. കൂട്ടായ്മയുടെ സ്നേഹത്തോടെ, പറ ഞ്ഞു: “ എന്നെ അനുസരിപ്പിക്കാനാണ് നിന്‍റെ ശ്രമം. ജനസമൂഹത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ തിന്മകള്‍ സമ്മതിക്കില്ല. കുടുമ്പത്തില്‍ കൂട്ടനാശം വരുത്താനും, അതിന് നമ്മുടെ മക്കളെ ആയുധമാക്കാനും ശത്രുക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നീ മനസ്സിലാകണം. കുറ്റം ചെയ്യാത്ത എനിക്ക് ഭയമില്ല. ഞാനെന്‍റെ ഉത്തരവാദിത്തങ്ങളില്‍ ഉറച്ചുനില്കും. പിന്നെ, മാതാപിതാക്കളെ നന്നായി മനസ്സിലാക്കാന്‍ മക്കള്‍ക്ക്‌ കഴിയണം. ഈ ലോകത്തെയും, കാലത്തെയും, മനുഷ്യസ്വഭാവങ്ങളെയുമൊക്കെ അവര്‍ തിരിച്ചറിണം. വെല്ലുവിളികേട്ടു ഭയക്കരുത്‌. ഇനി വാസ്തവം മനസ്സിലാക്കിയശേഷം‍, ഈ വീട്ടിലേക്ക് സോളമന്‍ മടങ്ങിവന്നാല്‍മതി.”
ജോപ്പന്‍റെ ആ നിര്‍ണ്ണയവാക്കുകള്‍ ഓമനയുടെ മനസ്സില്‍ മഞ്ഞുതുള്ളികളായി പെയ്തില്ല!

ജോണ്‍ വേറ്റം