BREAKING NEWS

Chicago
CHICAGO, US
4°C

ആരവങ്ങൾക്കിടയിൽ (കഥ -അശ്വതി.എം.മാത്യു,ബോസ്റ്റൺ )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


26 March 2022

ആരവങ്ങൾക്കിടയിൽ (കഥ -അശ്വതി.എം.മാത്യു,ബോസ്റ്റൺ )

ബ്ദത്തിന്‍റെ പ്രകമ്പനത്തില്‍ മണല്‍പ്പൊടി ശക്തമായി പറന്നു പൊങ്ങി, കരിയിലകള്‍ കൂട്ടമായി വട്ടം കറങ്ങി, ചാവാലി പട്ടികള്‍ തലങ്ങും, വിലങ്ങും ജീവനും കൊണ്ടോടി. സൈലന്‍സര്‍ ഊരി വെച്ച തന്‍റെ റോയല്‍ എന്‍ഫീല്‍ഡിന്‍റെ നാലാമത്തെ ഗിയര്‍ അമര്‍ത്തി സൈമണ്‍ച്ചായന്‍ തന്‍റെ ബുള്ളറ്റിന്‍റെ ശബ്ദത്തില്‍ ഉണ്ടായ ഈ പ്രതിഭാസങ്ങള്‍ കണ്ട് ആഹ്ലാദചിത്തനായി പ്രഭാത സഞ്ചാരം തുടര്‍ന്നു.

മാണി സാറ് തൊണ്ണൂറുകളില്‍ ഹൗസിംഗ് കോളനിക്കായി പതിച്ചുകൊടുത്ത പത്തും, പതിനഞ്ചും സെന്‍റ് അടങ്ങുന്ന വീടുകള്‍ക്കിടയിലൂടെ ആയിരുന്നു പ്രഭാത സഞ്ചാരം. വണ്ടിയുടെ പുക തുപ്പിയുള്ള നെഞ്ചിടിപ്പിക്കുന്ന ശബ്ദം കേട്ട് മുല കുടി മാറാത്ത പിള്ളേര്‍ ഞെട്ടി എഴുന്നേറ്റ് അലറി വിളിച്ചു. പോസ്റ്റ് കമ്പികളില്‍ നിന്നും അടയ്ക്കാ കുരുവികള്‍ സമാധാനം തേടി കൂട്ടമായി പറന്നു പൊങ്ങി. കുടില്‍ വ്യവസായം നിന്നു പോയെങ്കിലും ഇന്നും അതിന്‍റെ ഓര്‍മ്മയ്ക്കായി ബീഡി തെറുത്തു കൊണ്ടിരുന്ന കണാരന്‍ ശബ്ദത്തിന്‍റെ മുഴക്കത്തില്‍ തന്‍റെ ഉയര്‍ന്ന ഹൃദയമിടുപ്പിനെ സാധാരണ ഗതിയിലാക്കാന്‍ ഒരു മൂന്നു ബീഡി ഒരുമിച്ചു വായില്‍ തിരുകി വലിച്ചു തുടങ്ങി. മെറ്റല്‍ മ്യൂസിക് കേട്ട് കൊണ്ടിരുന്ന കോളേജ് പിള്ളേരുടെ ചെവിയിലെ ഹെഡ് സെറ്റ് ഒരു നിമിഷത്തേയ്ക്ക് ഉപയോഗ ശൂന്യമായി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന അന്നമ്മ നേഴ്സ് “നന്മ നിറഞ്ഞ മറിയം.”പല്ലുകള്‍ക്കിടയില്‍ അമര്‍ത്തി ചൊല്ലി ദേഷ്യം നിയന്ത്രിക്കാന്‍ പാടുപെട്ടു. ആശുപത്രിയില്‍ നിന്നും പള്ളി സെമിത്തേരി വരെ കൊണ്ട് പൊയ്ക്കോണ്ടിരുന്ന അന്തപ്പന്‍റെ ശവം ബാന്‍റ് മേളങ്ങള്‍ക്കിടയിലും, ബൈക്കിന്‍റെ ശബ്ദത്തില്‍ വിറച്ചു “ഈ ലോകത്ത് താന്‍ അനുഭവിച്ചതൊന്നും മതിയായില്ലേ പിതാവേ?”. എന്ന ചോദ്യം ചോദിക്കാന്‍ സാധിക്കാതെ ചീര്‍ത്തു അങ്ങനെ കിടന്നു.

വെളുത്ത്, സുമുഖനായ, തലയില്‍ നല്ല വൃത്തിക്കു ഡൈ തേച്ച്, വയര്‍ ലേശം പുറത്തേക്കു തള്ളിയ അറുപതു വയസ്സുള്ള സ്വര്‍ണ്ണത്തില്‍ കുളിച്ച സൈമണ്‍ച്ചായന്‍ സ്ഥിരമായി സാറാമ്മ ചേട്ടത്തിയുടെ കടയില്‍ നിന്നാണ് രാവിലത്തെ ചായ കുടിച്ചിരുന്നത്. ദിവസവും ഒരു ഏഴെട്ട് ചായ എങ്കിലും കുടിക്കുന്ന സൈമണ്‍ച്ചായനു അതിലെ രണ്ട് ചായ എങ്കിലും സാറാമ്മ ചേട്ടത്തിയുടെ കടയില്‍ നിന്നും കുടിച്ചില്ലെങ്കില്‍ ഒരു സമാധാനവും ഇല്ല. അതിന് ഗൂഢമായ മറ്റൊരു ലക്ഷ്യം കൂടെയുണ്ട്. തന്‍റെ മഹത്വ പൂര്‍ണ്ണമായ ജീവിതം അവിടെ കൂടിയിരിക്കുന്ന ആ ചെറിയ ലോകത്തിന് മുന്‍പില്‍ തുറന്നു കാണിക്കാന്‍ കൂടി കഴിയുന്ന ഒരു സന്ദര്‍ഭമാണത്.

തന്‍റെ ഐഫോണ്‍ പുറത്തെടുത്തു സൈമണ്‍ച്ചായന്‍ പറഞ്ഞു. കഴിഞ്ഞ ഒരു കൊല്ലം ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ചു മടുത്തിട്ടാണ് ഞാന്‍ ആപ്പിളിലേക്ക് മാറിയത്. ഇണ്ടിറിയപ്പം എന്നു മാത്രം കേട്ട് പരിചയമുള്ള സാറാമ്മ ചേട്ടത്തി ആന്‍ഡ്രോയ്ഡ് എന്ന പദം കേട്ട് താനറിയാത്ത ഏത് ഒരപ്പത്തെക്കുറിച്ചാണ് ഇതിയാന്‍ ഈ പറയുന്നത് എന്നാലോചിച്ച് പരുങ്ങി. ചായ അടിച്ചു കൊണ്ടിരുന്ന ബംഗാളി ചെക്കന്‍ “അത് സരിയാണ് സേട്ടാ” എന്നു പറഞ്ഞപ്പോഴാണ് ഏത് സന്ദര്‍ഭവും കൈകാര്യം ചെയ്യാന്‍ കഴിവുള്ള തന്‍റെ തൊഴിലാളിയെ കുറിച്ചോര്‍ത്ത് സാറാമ്മ ചേട്ടത്തിക്ക് ഒരു അഭിമാനം ഒക്കെ തോന്നി തുടങ്ങിയത്. അവിടെ വരുന്നവരോടൊക്കെ തന്നെ വാട്ട്സ് ആപ്പ്, ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം, സൂം, മീറ്റിംഗ് എന്നിവയെ കുറിച്ച് സൈമണ്‍ച്ചായന്‍ വെടി പൊട്ടുന്ന ശബ്ദത്തില്‍ വാചാലനായി. സൈമണ്‍ച്ചായന്‍റെ തള്ള് കഥകള്‍ കേട്ട് അടുപ്പിന് ചുറ്റും വട്ടമിട്ടു പറന്നിരുന്ന ഈച്ചകള്‍ ജീവിതം പകച്ച് തീയോട് ചേര്‍ന്ന് പറന്നു. ചില്ലു ഗ്ലാസിട്ട അലമാരയില്‍ കിടന്ന സുഖിയനും ബോണ്ടയും, വീണ്ടും കുളിര് കോരി തണുത്തു മരച്ചങ്ങനെ കിടപ്പ് തുടര്‍ന്നു. ഈ പ്രായത്തില്‍ ടെക്നോളജിയെ കുറിച്ച് ഇത്രെയും വിവരം ഉള്ള മനുഷ്യനെക്കണ്ട് പായിപ്പാടുകാര്‍ അത്ഭുത പുളകിതരായി. ഒരു അമ്പത് വയസ്സിന് ഉള്ളില്‍ ഉള്ളവര്‍ക്കുള്ള ലോകം ആണത് എന്നു പൊതുവെ നാട്ടുകാര്‍ വിചാരിച്ചു പോന്നിരുന്നു.

മേപ്പറയില്‍ കുറച്ച് ഉള്ളിലോട്ടായി നിലം നികത്തിയ ഒരു മൂന്നു ഏക്കര്‍ ഭൂമിയില്‍ കോഴി കൃഷി ആണ് സൈമണ്‍ച്ചായന്. കോഴി കൃഷി തന്‍റെ സ്റ്റാറ്റസിന് ഒരു കുറച്ചിലാണ് എന്നു സൈമണ്‍ച്ചായന് ഒരു തോന്നല്‍ അങ്ങ് തോന്നിപ്പോയി. നാല്പത് ദിവസം കൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയിലെത്തുന്ന ബ്രോയ്ലര്‍ കോഴി ബിസിനസ്സ് എന്ത് കൊണ്ടും ലാഭമായിരുന്നു. നാട്ടുകാര്‍ അല്‍ഫാമും, കുഴിമന്തിയും കബാബും ഒക്കെ നന്നായിട്ട് അങ്ങ് കഴിക്കാന്‍ തുടങ്ങിയതിന് ശേഷം സൈമണ്‍ച്ചായന്‍റെ ബിസിനസ് വെച്ചടി വെച്ചടി കയറ്റമാണ്.

അങ്ങനെയങ്ങ് ജിവിതത്തിന്‍റെ സമൃദ്ധിയില്‍ നില്‍ക്കുമ്പോഴാണ് ജീവിതത്തിന് കുറച്ച് കൂടി ആരവങ്ങള്‍ ആകാം എന്നു സൈമണ്‍ച്ചായന് ഒരു ഉള്‍വിളി ഉണ്ടായത്. തന്‍റെ ജീവിതം ചായക്കടയ്ക്ക് അപ്പുറവുമുള്ള ലോകം അറിയണം എന്നു തോന്നിയ നിമിഷത്തിലാണ് സൈമണ്‍ച്ചായന്‍ ന്യൂ മീഡിയയിലേക്ക് വരാന്‍ തീരുമാനം എടുത്തത്. ഒരുപതിനായിരം രൂപ അങ്ങോട്ട് വീശി ഒരു ടെക്കി ചെറുക്കന്‍റെ അടുത്തു നിന്നും സൈമണ്‍ച്ചായന്‍ എല്ലാം ജിജ്ഞാസാപൂര്‍വ്വം പഠിച്ചെടുത്തു. പണ്ട് എട്ടാം തരം തോറ്റപ്പോള്‍ പഠനത്തോട് ഈ ഒരു ശുഷ്കാന്തി കാണിച്ചിരുന്നേല്‍ അച്ചായന്‍ ഇന്നു കുറഞ്ഞത് ശബ്ദകോലാഹലങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു കമ്മീഷണര്‍ എങ്കിലും ആയേനെ.

പത്തുലക്ഷത്തിന്‍റെ പേസ്മേക്കര്‍ ഉള്ളില്‍ കിടന്നു അടിയ്ക്കുന്നു എന്ന ചിന്തയില്ലാതെ അച്ചായന്‍ ഫേസ് ബുക്കിലെ പല ഡയറ്റ് പ്ലാനുകളിലും ചേര്‍ന്നു ഒന്നുകൂടി മെലിഞ്ഞു സുമുഖനായി. ഇന്‍സ്റ്റഗ്രാമിലെ ബിസിനസ്സ് ഗ്രൂപ്പില്‍ ചേര്‍ന്നു ബിസനസ് തന്ത്രങ്ങളൊക്കെ സ്വായത്തകമാക്കി പുതുതായി ഒരു ബര്‍ഗര്‍ കടയും അങ്ങ് തുടങ്ങി. അതും വെച്ചടി, വെച്ചടി കയറ്റം.

സൈമണ്‍ച്ചായന്‍റെ ജീവിതം അങ്ങനെ സമൃദ്ധി നിറഞ്ഞതായി. അച്ചായന് കൂടുതല്‍ മേളങ്ങളോടു കൂടി ജീവിക്കാന്‍ ഹരം കൂടി. രാവിലെ നാല് മണിക്കു തന്നെ എഴുന്നേറ്റ് തന്‍റെ മുറ്റത്തുള്ള റമ്പൂട്ടാന്‍ മരത്തില്‍ പഴം ചപ്പുന്ന വവ്വാലുകളെ ഏറ് പടക്കം പൊട്ടിച്ച് ഓടിച്ചു. ഗാഢ നിദ്രയില്‍ പടക്കത്തിന്‍റെ ശബ്ദം കേട്ട് എഴുന്നേറ്റ അയല്‍ക്കാരില്‍ പലരും ഒരു ഹൃദയ സ്തംഭനത്തിന്‍റെ വക്കില്‍ വരെ പോയി തിരിച്ചു വന്നു. പകല്‍ സമയം ആകട്ടെ തന്‍റെ പാചക കല അറിയിക്കാന്‍ തുടങ്ങിയ യൂട്യൂബ് ചാനലിന്‍റെ ഷൂട്ടിങ്ങ് മേളങ്ങളായിരുന്നു. മൂന്നു ബംഗാളി പയ്യന്‍മാരേയും സഹായിത്തിന് വെച്ച് “Fun cooking with Simonchayan’’ എന്ന ഒരു പേരും അങ്ങ് ഇട്ടു. സ്വന്തം വീട്ടിലെ അടുക്കളയില്‍ വെറുതെ പോലും എത്തി നോക്കിയിട്ടില്ലാത്ത അച്ചായന്‍ മുറ്റത്തു മൂന്നാലു അടുപ്പു കൂട്ടി നാടന്‍ പാചക രീതി അങ്ങ് ഐശ്വര്യമായി തുടങ്ങി വെച്ചു. വീടിന്‍റെ മുറ്റം എന്നും കല്യാണത്തലേന്നു സദ്യ ഉണ്ടാക്കുന്ന പന്തല്‍ പോലെയായി. സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ചുകൊണ്ട് കാടക്കോഴിയേയും, താറാവിനേയും എല്ലാം അങ്ങോട്ട് വെട്ടി വൃത്തിയാക്കി മുളക് അരച്ച് തേച്ച് സൈമണ്‍ച്ചായന്‍ മനസ്സില്‍ തോന്നുന്ന ഒരുദ്ദേശം വെച്ച് മല്ലിയും, മഞ്ഞളും, കുരുമുളകും വാരിയിട്ടു തകൃതിയായി അങ്ങോട്ട് പാചകം തുടങ്ങി. രുചി നോക്കി ബംഗാളികള്‍ വളരെ കഷ്ടപ്പെട്ട് ചിരിക്കുന്ന ഭാവം വരുത്തി “സേട്ടന്‍റെ പാചകം സൂപ്പര്‍” എന്ന് വല്ലവിധേനെയും പറഞ്ഞൊപ്പിച്ചു.

വീടിന്‍റെ മറുവശത്ത് സൗണ്ട് ആൻഡ് മ്യൂസിക്കിന്റെ ഇവന്റ് മാനേജ്മെന്റും കൂടി അങ്ങോട്ട് തുടങ്ങിയപ്പോള്‍ സൈമണ്‍ച്ചായന്‍റെ ജീവിതം വീണ്ടും സമൃദ്ധി നിറഞ്ഞതായി.

വൈകിട്ടാവട്ടെ തന്‍റെ ചെറിയ രണ്ട് കരടിക്കുട്ടികളെ പോലെയുള്ള പട്ടികളെയും കൊണ്ട് നടക്കാനിറങ്ങി പകുതി വഴിയില്‍ അതിന്‍റെ ചങ്ങല അല്പം അഴിച്ചു വഴയിലെ പൂച്ചയ്ക്കും, കാക്കയ്ക്കും എതിരെ ഉള്ള അതുങ്ങടെ അഭ്യാസം കാണിക്കാന്‍ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു. അതുങ്ങടെ ഭ്രാന്തമായ കുരയില്‍ കോളനിയിലെ ആള്‍ക്കാരുടെ ചെവിയില്‍ വണ്ട് കയറിപ്പോയതു പോലെ ഉള്ളൊരു ഒരു ദിവ്യാനുഭവം അവര്‍ക്ക് അറിയാന്‍ സാധിച്ചു. തെങ്ങു കയറ്റകാരന്‍ ചാണ്ടി ഒരിക്കല്‍ താന്‍ കയറിയ തെങ്ങിനു താഴെയുള്ള ഈ പട്ടികളുടെ പ്രകടനം കാരണം തെങ്ങിനെ ആലിംഗനം ചെയ്തു അറിയാവുന്ന പ്രാര്‍ത്ഥനകള്‍ ഒക്കെ ചൊല്ലി ഒരു മണിക്കൂര്‍ തെങ്ങിന്‍ തന്നെ ഇരുന്നു റെക്കോര്‍ഡ് സൃഷ്ടിച്ചു. ശബ്ദത്തിന്‍റെ കാവല്‍ക്കാരനായ സൈമണ്‍ച്ചായന്‍ അങ്ങനെ ഓരോ നിമിഷവും ശബ്ദത്തെ പുതുപെണ്ണിനെ എന്നവണ്ണം പ്രണയിച്ചു ആഘോഷിച്ചു ജീവിച്ചു. രാവിലെ ആയാലും, രാത്രി ആയാലും സ്വസ്ഥമായ ഒരു രണ്ടു മണിക്കൂര്‍ ഉറക്കം കോളനിക്കാര്‍ക്ക് സ്വപ്നം മാത്രമായി. കാശും, പിടിപാടുമുള്ള സൈമണ്‍ച്ചായനെതിരെ പോലീസില്‍ പരാതി കൊടുക്കാന്‍ എല്ലാവരുടെയും ഉള്ളില്‍ അകാരണമായ ഒരു സങ്കോചം ഉണ്ടായിരുന്നു. ഇതെല്ലാം കണ്ട് അന്നമ്മ നഴ്സിന്‍റെ മകന്‍ ജോണിക്കുട്ടി മാത്രം സൈമണ്‍ച്ചായനോടുള്ള ആരാധനയില്‍ പുളകിത ഗാത്രനായി ജീവിച്ചു.

ഈ കോലാഹങ്ങള്‍ക്കിടയിലും സാഹസികതയ്ക്ക് വേണ്ടി സൈമണ്‍ച്ചായന്‍റെ ഹൃദയം വെമ്പി. യൂട്യൂബ് സബ്സ്ക്രൈബേഴ്സിനെ കൂട്ടാന്‍ ഇരുപതു കിലോമീറ്റര്‍ അപ്പുറമുള്ള മല മുകളില്‍ കയറി ഒരു പാചകം അങ്ങ് നടത്തിയേക്കാം എന്നു സൈമണ്‍ച്ചായന്‍ തീരുമാനിച്ചു. ചുമപ്പ് ടീഷര്‍ട്ടും, നീല ഷോര്‍ഷട്ട്സും, തവിട്ട് പ്യൂമ ഷൂസുമിട്ട് സൈമണ്‍ച്ചായന്‍ അതിരാവിലെ തന്നെ ബുള്ളറ്റെടുത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി തന്‍റെ ഉദ്ധ്യമത്തിനു തുടക്കം കുറിച്ചു. ബംഗാളീസ് സാധനസാമഗ്രികളും, പാത്രങ്ങളുമായി പിറകെ ബസ്സിലും.

മല മുകളില്‍ നല്ല കൊഞ്ചിനെയും, കരിമീനിനെയും ഒക്കെ അവിടെ കിട്ടുന്ന ചേമ്പില, വട്ടയില മുതലായ സര്‍വ്വമാന ഇലകളിലും വെച്ച് പൊള്ളിച്ച് കാണിച്ച്,. “സൈമണ്‍ച്ചായന്‍സ് പൊള്ളിക്കല്‍ നോട്ട് ഓണ്‍ലി ഇന്‍ വാഴ ഇല” എന്ന ടൈറ്റിലും വെച്ചു. പൊള്ളിച്ചെടുത്ത മീന്‍ രുചിച്ചതിന് ശേഷമുള്ള സ്വാദു കാരണം മുഖത്തു വന്ന ആനന്ദലബ്ധിയുടെ ഭാവാഭിനയം കാണിക്കാന്‍ സൈമണ്‍ച്ചായന്‍ മല മുനമ്പിലേക്ക് കയറി. കാലില്‍ കടിച്ച അട്ടകളെ എടുത്തു എറിഞ്ഞ് കൊണ്ട് മല മുനമ്പിലെ പ്രകൃതി രമണീയത ക്യാമറയില്‍ പകര്‍ത്താന്‍ പിറകെ ബംഗാളികളും. തന്‍റെ വിഭവത്തിന്‍റെ സ്വാദ് സഹിക്കാന്‍ പറ്റാഞ്ഞിട്ടാണോ അതോ മലയിടുക്കിലെ വെള്ളച്ചാട്ടത്തിന്‍റെയും കാറ്റിന്‍റെയും ശബ്ദ്ധാരവും സൈമണ്‍ച്ചായനെ മാടി വിളിച്ചതു കൊണ്ടാണോ എന്നറിയില്ല ബംഗാളി “ഇനി പിറകോട്ട് പോകല്ലേ സേട്ടാ” എന്നു പറഞ്ഞു തീരുന്നതിന് മുന്‍പ് തന്നെ സൈമണ്‍ച്ചായന്‍ ചിറകൊടിഞ്ഞ പക്ഷിയെ പോലെ മലയിടുക്കിന്‍റെ അഗാധതയിലേക്ക് കൂപ്പു കുത്തി. പക്ഷേ ദോഷം പറയറുതല്ലോ സൈമണ്‍ച്ചായന്‍റെ ഏറ്റവും കൂടുതല്‍ വ്യൂവ്സ് കിട്ടിയ നിലയ്ക്ക് ആ വീഡിയോ വളരെയധികം പ്രശസ്തമായി.

ആറ് മാസങ്ങള്‍ക്കിപ്പുറം ഹൗസിംഗ് കോളനിയിലൂടെ നാലാം ഗിയറില്‍ വീണ്ടും സൈലന്‍സറില്ലാതെ ബുളറ്റ് ഓടിത്തുടങ്ങി; കോളനി വീണ്ടും പ്രകമ്പനത്തിലായി. മുല കുടി മാറാത്ത പിള്ളേര്‍ വീണ്ടും ഞെട്ടി എണീറ്റു കരയാന്‍ തുടങ്ങി, അന്നമ്മ നഴ്സ് പല്ല് കടിച്ചു കടിച്ചു പല്ലിന്‍റെ ബലം ക്ഷയിച്ചു തുടങ്ങി. പോസ്റ്റ് കമ്പികളിലിരുന്ന അടയ്ക്കാ കുരുവികള്‍ സമാധാനം ഇല്ലാതെ വീണ്ടും കൂട്ടമായി വട്ടമിട്ടു പറക്കാന്‍ തുടങ്ങി. കണാരന്‍ തന്‍റെ ജീവിതത്തിലെ പ്രതീക്ഷ നിന്നുപോയെന്ന വണ്ണം ബീഡി തെറുപ്പു എന്നന്നേയ്ക്കുമായി നിര്‍ത്തി എങ്ങോട്ടോ ഉള്ള ബസ്സില്‍ ലക്ഷ്യം തെറ്റി അലയുന്ന യാത്രക്കാരനെപ്പോലെ കയറി നാടു വിട്ടു. ഗിയര്‍ വീണ്ടും ആഞ്ഞമര്‍ത്തി പൊടി പറത്തിക്കൊണ്ട് സൈമണ്‍ച്ചായന്‍റെ ആരാധകനായ എന്‍ജിനീയറിംഗ് പഠനം ഉപേക്ഷിച്ച ജോണിക്കുട്ടി സൈമണ്‍ച്ചായന്‍റെ പിന്‍ഗാമിയായി സ്വയം അവരോധിച്ചു. ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെ ജയിച്ചവന്‍റെ മുഖ ഭാവത്തോട് കൂടി അവര്‍ക്കിടയിലൂടെ കുതിച്ചു നീങ്ങി.

ജനലുകള്‍ എല്ലാം കൊട്ടി അടച്ചിട്ടും, ചെവിയില്‍ പഞ്ഞി വെച്ചിട്ടും, ബുള്ളറ്റിന്‍റെ പ്രകമ്പനത്തില്‍ ഹൃദയം വല്ലാതെ പിടച്ചിട്ടും ശബ്ദത്തില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ അരയ്ക്ക് കീഴോട്ട് തളര്‍ന്നു കിടക്കുന്ന സൈമണ്‍ച്ചായന്‍ കുറച്ചു ഉറക്കത്തിനായി തന്‍റെ ഇരുണ്ട മുറിയില്‍ കിടന്നു ഞെരങ്ങി. ആരവങ്ങള്‍ ഒഴിഞ്ഞ ആ ജിവിതത്തില്‍ ബാക്കി ഉള്ളവര്‍ എല്ലാം ഉപേക്ഷിച്ചു പോയപ്പോഴും സൈമണ്‍ച്ചായന്‍റെ പത്ത് ലക്ഷത്തിന്‍റെ പേസ് മേക്കര്‍ മാത്രം അപ്പോഴും അച്ചായനോട് കൂറുള്ളവനായി ഉള്ളില്‍ കിടന്നു കിതച്ചും, പിടച്ചും, ഇടിച്ചുകൊണ്ടിരുന്നു. നിശബ്ദതയ്ക്ക് വേണ്ടി വല്ലാതെ കൊതിച്ച സൈമണ്‍ച്ചായനെ നെഞ്ചിന്‍റെ നിലവിളി കേട്ടതെന്നോണം കണ്‍ കോണുകളിലായി രണ്ടു തുള്ളി കണ്ണീര്‍ ഉരുണ്ടു കൂടി, പെയ്യാന്‍ തുടിക്കുന്ന കാര്‍ മേഘം പോലെ.

അശ്വതി.എം.മാത്യു,

ബോസ്റ്റൺ