മറവിതൻ തുരുത്ത് (കവിത -ആർച്ച ആശ)

sponsored advertisements

sponsored advertisements

sponsored advertisements

29 September 2022

മറവിതൻ തുരുത്ത് (കവിത -ആർച്ച ആശ)

ആർച്ച ആശ

ൻ്റെ ഓർമ്മയോളം
നീണ്ടു നിൽക്കും
ബന്ധമേ
നമുക്കിടയിലുള്ളൂ…!!
തലയെടുത്ത മറവിയിൽ
അറ്റു പോകുന്നതൊന്ന്.,
വെറുമൊരോർമ്മ പോലും
അന്യമായതൊന്ന്…!!
കണ്ടതൊക്കെ കേട്ടതൊക്കെ
കുഴിയിലാഴ്‌ത്തി
കാലമങ്ങു മൂടിവെച്ചു പോകും.
മനസ്സു പോലും കവർന്നെടുത്തു
ഈ കളിയരങ്ങിലാടും…!!
നിറമകന്ന നിമിഷമൊക്കെ
വിരസമായി കൊഴിഞ്ഞുപോവതും
പണ്ടു മൂളിയ പാട്ടിലൊരെണ്ണം
സ്വയമറിയാതെ
ചുണ്ടെടുത്തണിഞ്ഞതും.,
അതു നിങ്ങടെ
കരളുരുകും കാഴ്‌ചയായതും,
അന്നു സ്മൃതിയകന്ന
വാനമേറിയ
ഞാനറിയുവതെങ്ങനെ…!!
മറവി തന്നണുക്കൾ തിന്നും
ഓർമ്മതൻ വെളിച്ചമാകെ
ഇരുളെടുത്ത് കുടിയിരിക്കെ
ഈ ഇടയിൽ നിന്നു
ഞാനുമങ്ങു മാഞ്ഞുപോകും…!!
ഈ ഓർമ്മയാണ്
ഞാനും നിങ്ങളും
ഇത്രയടുപ്പമേറി
ചേർന്നുനിൽപ്പതിൻ
മൂലഹേതുവായത്.
ഇന്നെൻ്റെ യീ
മറവിതൻ തുരുത്തിലാകെ
അന്ധകാരമന്ധകാരം…!!
സ്മൃതിവനങ്ങൾ
നഷ്ടമായാൽ
നിങ്ങളാര് ഞാനാര്,
സ്വബുദ്ധിയില്ലാ
ചലനമുള്ള
ഉടലെടുക്കും
മാംസപിണ്ഡമത്രെ
വെറും
മാംസപിണ്ഡമത്രെ…!!

ആർച്ച ആശ