തിരുവനന്തപുരം: സര്‍വ്വകലാശാല വിവാദത്തിലെ സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ ഏറ്റുമുട്ടലില്‍ പ്രശ്‌നപരിഹാരത്തിന് നേരിട്ടിറങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചയോടെയാണ് ഗവര്‍ണറുമായി മുഖ്യമന്ത്രി ഫോണില്‍ ആശയ വിനിമയം നടത്തിയത്. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് ഗവര്‍ണറോട് ആഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി ആ സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും വ്യക്തമാക്കി.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണറെ ബന്ധപ്പെട്ടത്. വിദേശയാത്രയുടെയും ചികിത്സയുടെയും കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് കഴിയാതിരുന്നതിന്റെ സാഹചര്യങ്ങളും ഗവര്‍ണറെ ധരിപ്പിച്ചതായാണ് സൂചന. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് ഇന്ന് വീണ്ടും കത്തും നല്‍കിയിട്ടുണ്ട്. ഇന്നലെയും മുഖ്യമന്ത്രി ഗവര്‍ണറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് രാജ് ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വിവാദം കത്തിയിട്ടും മുഖ്യമന്ത്രി പ്രശ്‌നപരിഹാരത്തിന് നേരിട്ട് ഇടപെടല്‍ നടത്താത്തത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ മൂന്ന് കത്തുകള്‍ മുഖ്യമന്തി ഗവര്‍ണര്‍ക്ക് അയച്ചു. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന സര്‍ക്കാര്‍ നിലപാട് ഈ കത്തുകളിലും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കത്തുകളില്‍ തൃപ്തനാണെന്ന് പ്രതികരിച്ച ഗവര്‍ണറും കഴിഞ്ഞ ദിവസം മഞ്ഞുരുകുന്നതിന്റെ സൂചന നല്‍കിയിരുന്നു