ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് നാളെ കേരളാ ഗവർണർ സമ്മാനിക്കും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 January 2023

ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് നാളെ കേരളാ ഗവർണർ സമ്മാനിക്കും

തിരുവനന്തപുരം:കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം സാഹിത്യകാരനും കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഹിന്ദു കോൺക്ലേവിൽ വച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും.വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌ക്കാരം.സി രാധാകൃഷ്ണന്‍, പ്രഭാവര്‍മ്മ, സൂര്യാകൃഷ്ണമൂര്‍ത്തി, കെ ജയകുമാര്‍, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.കവി, ഗാനരചയിതാവ്, തിരക്കഥാ കൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ സിനിമയുടെ എല്ലാത്തലത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിക്കുകയും മലയാള സാഹിത്യത്തെ സമ്പന്നമാക്കുകയും ആര്‍ഷ സംസ്‌ക്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെ ജീവിതം നയിക്കുകയും ചെയ്ത പ്രതിഭാശാലിയാണ് ശ്രീകുമാരന്‍ തമ്പിയെന്ന് സമിതി വിലയിരുത്തിയതായി ചെയര്‍മാന്‍ സി രാധാകൃഷ്ണന്‍ പറഞ്ഞു.. വ്യത്യസ്തനിലകളില്‍ അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ വിലപ്പെട്ട ഈടുവെയ്പ്പാണ്. പതിറ്റാണ്ടുകളായി കവിതയ്ക്കും ഗാനരംഗത്തിനും നല്‍കിപ്പോരുന്ന സേവനം മലയാള ഭാഷയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വഴിവെച്ചതായും സാംസ്‌കാരിക സത്ത പാലില്‍ പഞ്ചസാര എന്നവണ്ണം ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതായും സമിതി വിലയിരുത്തി.
അക്കിത്തം, സി രാധാകൃഷ്ണന്‍ എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌ക്കാരം നല്‍കിയത്.
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാംദാസ് പിള്ള, അവാര്‍ഡ് നിര്‍ണയ സമിതി അംഗം പി ശ്രീകുമാര്‍ എന്നിവര്‍ ശ്രീകുമാരന്‍ തമ്പിയുടെ വീട്ടിലെത്തി പുരസ്‌ക്കാര വിവരം ധരിപ്പിച്ചു. വളരെയേറെ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രവാസ ജിവിതം നയിക്കുന്നവര്‍ സംസ്‌ക്കാരവും പാരമ്പര്യവും കലയും സാഹിത്യവും കൈവിടാതിരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.