രാജു മൈലപ്ര
പണ്ട്, പ്രാദേശിക സര്‍ക്കാര്‍ സംവിധാനത്തിന്, ഇന്നത്തെപ്പോലെ അധികാരമില്ലാതിരുന്ന കാലത്ത് മൈലപ്രയില്‍ നടന്ന ഒരു സഹകരണ സംഘ തെരഞ്ഞെടുപ്പ്, അസാധുവാക്കുവാന്‍ വേണ്ടി, ജയിച്ച പാര്‍ട്ടിയില്‍പ്പെട്ട ഒരാള്‍ക്കെതിരെ ബലാല്‍സംഗ പീഡനമാരോപിച്ച് തെരഞ്ഞെടുപ്പില്‍ തോറ്റ ഒരു ‘മഹിള’ പോലീസില്‍ പരാതി നല്കി.
പ്രതി ദാവീദ് അറുപതു കഴിഞ്ഞ ഒരു വയോധികന്. നല്ല ഉയരമുണ്ടെങ്കിലും വളരെ മെലിഞ്ഞ ശരീരപ്രകൃതം. കഷണ്ടി ആക്രമിച്ച ശിരസ്സില്‍ അവശേഷിച്ചിരിക്കുന്ന കുറച്ചു നര-ദന്തനിര എന്നു പറയുവാന്‍ പറ്റത്തക്കപോലെ പല്ലുകളൊന്നും വായില്‍ അവശേഷിച്ചിട്ടില്ല-ദാവീദു ജനിച്ചതുതന്നെ ഒട്ടിയ കവിളുകളുമായാണ്. കുഴിഞ്ഞ കണ്ണുകള്‍. കൈലിമുണ്ടും വല്ലപ്പോഴുമൊക്കെ, തലയിലേക്കൊരു സ്ഥാനക്കയറ്റം കിട്ടുന്ന തോളില്‍ കിടക്കുന്ന തോര്‍ത്തും വേഷം-പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടുപ്രകാരം ഈ ദാവീദാണ് പീഡനവീരന്.
കേസ് കോടതിയിലെത്തി. ‘മൈലപ്ര പടിഞ്ഞാറേതില്‍ പരേതനായ പത്രോസ് മകന് ദാവീദ്’ കോടതി ശിപായി മൂന്നു തവണ പ്രതിയുടെ പേരു നീട്ടിവിളിച്ചു. ദാവീദ് വിറച്ചുകൊണ്ട് പ്രതിക്കൂട്ടില്‍ കയറിനിന്ന് വില്ലുപോലെ വളഞ്ഞ് ‘ഹോണറബിള്‍ ജഡ്ജിയെ’ തൊഴുതു.
ജഡ്ജി ദാവീദിനെ ആപാദചൂഡം സസൂക്ഷ്മം നിരീക്ഷിച്ചു. വാദിയായ യുവതിയേയും നോക്കി. ചിരിയടക്കാന്‍ പാടുപെട്ട ജഡ്ജി പെട്ടെന്ന് ചേംബറിലേക്ക് മടങ്ങി. കുറച്ചു സമയം കഴിഞ്ഞ്, ആത്മസംയമനം വീണ്ടെടുത്ത് അദ്ദേഹം വീണ്ടും ചെയറില്‍ ഉപവിഷ്ഠനായി.
വാദപ്രതിവാദങ്ങളോ വിചാരണയോ ഒന്നും കൂടാതെ അദ്ദേഹം വിധി പ്രഖ്യാപിച്ചു-‘ ദാവീദിനെ വെറുതേ വിട്ടിരിക്കുന്നു.’
***** ****** *****
ഞങ്ങളുടെ അമ്മയ്ക്ക് പ്രാദേശിക വാര്‍ത്തകള്‍ പതിവായി എത്തിച്ചു നല്‍കിയിരുന്ന ഒരു സില്‍ബന്തി ഉണ്ടായിരുന്നു. വയസ് എഴുപതിനോടടുത്തെങ്കിലും പിറന്നുവീണപ്പോള്‍ മാതാപിതാക്കള്‍ സ്നേഹത്തോടെ നല്കിയ പേര് ഇന്നും അതേപടിയില്‍ തുടരുന്നു-‘കുഞ്ഞുചെറുക്കന്’
“കൊച്ചമ്മേ, ദാവീദ് വെറുമൊരു പാവമാണ്.” പീഡന കേസും അതിന്റെ വിധിയും ദാവീദിനെക്കുറിച്ചുള്ള ദൃഢമായ അഭിപ്രായവുമെല്ലാം ഒരൊറ്റ വാചകത്തില്‍ ചുരുക്കി കുഞ്ഞുചെറുക്കന് അമ്മയെ അറിയിച്ചു.
അതിനുള്ള അമ്മയുടെ മറുപടി അല്പം ക്രൂരമായിപ്പോയി എന്നു പറയാതിരിക്കാന്‍ മകനായ എനിക്കുപോലും കഴിയുന്നില്ല.
“എടാ, കുഞ്ഞുചെറുക്കാ, ഈ ദാവീദിന് സൗന്ദര്യമുണ്ടോ, ആരോഗ്യമുണ്ടോ, പണമുണ്ടോ, ചുമച്ചും കൊരച്ചും നടക്കുന്ന അവന് പാവമല്ലാതെ പിന്നെ എന്തു ചെയ്യാനാണ്?”
മണിയാശാന്റെ നാടന്‍ഭാഷയില്‍ അമ്മ പറഞ്ഞ ഈ മറുപടി ‘പാര്‍ലമെന്ററി’ അല്ലാത്തതുകൊണ്ട് രേഖകളില്‍ നിന്നും നീക്കി അമ്മയ്ക്കു മാപ്പുകൊടുക്കാം!
***** ****** *****
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ദ്രൗപതി മുര്‍മു. വ്യക്തിപരമായി എന്തുകൊണ്ടും ആ മഹനീയ സ്ഥാനത്തിന് അര്‍ഹതയുള്ള ആളാണ്. ‘പിന്നോക്ക വര്‍ഗ്ഗത്തില്‍പ്പെട്ട ഗോത്രവര്‍ഗ്ഗക്കാരിയായ ഒരു ആദിവാസി മഹിള ഇന്ത്യന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതില്‍ നമുക്കു ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തല ഉയര്‍ത്തി നില്ക്കാം’ എന്നാണ് അധികാരികള്‍ ഇതിനെപ്പറ്റി വീമ്പു പറയുന്നത്. അടുത്തകാലത്തു നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഈ പരമോന്നത സ്ഥാനത്ത് എത്തുവാനുള്ള ക്വാളിഫിക്കേഷന്‍സ്-ദരിദ്രകുടുംബത്തില്‍ ജനിച്ചവരായിരിക്കണം, പിന്നോക്ക വര്ഗ്ഗത്തില്പ്പെട്ടവരായിരിക്കണം, ദളിതനായിരിക്കണം, സ്ത്രീ ആയിരിക്കണം, വലിയ പേഴ്സണാലിറ്റി ഒന്നും പാടില്ല’ അങ്ങനെയുള്ള ചില കാര്യങ്ങളാണ്.
ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ വിജയത്തെപ്പറ്റി ഒരു കേന്ദ്രമന്ത്രി ചാനലുകളുടെ മുമ്പില്‍ വന്നു പ്രതികരിച്ചത് ഇങ്ങനെയാണ്: ‘അധഃകൃത വര്‍ഗ്ഗത്തില്‍പ്പെട്ട, പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു ഗോത്രവര്‍ഗ്ഗക്കാരിയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തതില്‍ നമുക്ക് അഭിമാനിക്കാം’ എന്നാണ്.
അവര്‍ക്കു നല്കുന്ന ഓരോ വിശേഷണങ്ങളും അവരെ അപമാനിക്കുന്ന തരത്തിലായി പോകുന്നില്ലേ എന്ന് സംശയിച്ചുപോകുന്നു. പിന്നോക്ക വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളെ ഇന്ത്യന്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്തതുകൊണ്ട് മാത്രം ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തലഉയര്‍ത്തി നില്ക്കാന് പറ്റില്ല. കാരണം ഇന്ത്യന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ലോകരാഷ്ട്രങ്ങള്‍ക്ക് ഒരു വിഷയമേയല്ല.
പല പദവികള്‍ അലങ്കരിച്ച പരിചയസമ്പത്തുമായി ഇന്ത്യയുടെ പരമോന്നത അധികാര പദവിയിലെത്തുന്ന ബഹുമാനപ്പെട്ട ദ്രൗപതി മുര്‍മുവിന്, ഡോ. രാധാകൃഷ്ണനെപ്പോലെയും അബ്ദുള്‍ കലാമിനെപ്പോലെയുമുള്ള മഹാരഥډാര്‍ അലങ്കരിച്ച സ്ഥാനത്തിരുന്നുകൊണ്ട് ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ബഹുമാനപ്പെട്ട ധ്രൗപതി മുര്‍മുവിന് എല്ലാവിധ ആശംസകളും നേരുന്നു.
***** ****** *****
ഇന്നത്തെ വാചകം: പണ്ട് ഭൂമി പരന്നതായിരുന്നു. കാലം കഴിഞ്ഞപ്പോള്‍ അതു അണ്ഡാകൃതിയിലായി.
