Chicago
CHICAGO, US
-12°C

ഇല്ലിനോയിലെ തോക്ക് നിരോധന നിയമത്തിനെതിരെ ഗണ്‍ ലോബി ഫെഡറല്‍ കോടതിയില്‍ (ജോസ് കല്ലിടിക്കില്‍)

sponsored advertisements

sponsored advertisements

sponsored advertisements


20 January 2023

ഇല്ലിനോയിലെ തോക്ക് നിരോധന നിയമത്തിനെതിരെ ഗണ്‍ ലോബി ഫെഡറല്‍ കോടതിയില്‍ (ജോസ് കല്ലിടിക്കില്‍)

ജോസ് കല്ലിടിക്കില്‍
ചിക്കാഗോ: ജനുവരി 10 മുതല്‍ ഇല്ലിനോയില്‍ നിലവില്‍ വന്ന ആക്രമണ തോക്ക് നിരോധനത്തിനെതിരെ ഇല്ലിനോയി റൈഫിള്‍ അസോസിയേഷന്‍ ഫെഡറല്‍ കോടതിയില്‍ പരാതി നല്കി. ഇവര്‍ക്കൊപ്പം തോക്ക് വ്യാപാരികള്‍, സ്വകാര്യ വ്യക്തികള്‍, തോക്ക് അവകാശത്തിനായി നിലകൊള്ളുന്ന സംഘടനകള്‍ എന്നിവരെല്ലാം അണിനിരന്നിട്ടുണ്ട്. ഫെഡറല്‍ കോര്‍ട്ടിനൊപ്പം സംസ്ഥാനത്തെ നിരവധി കോടതികളിലും പുതിയ നിയമത്തിനെതിരെ പരാതികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ നവംബര്‍ തെരഞ്ഞെടുപ്പില്‍ ഇല്ലിനോയി അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടോം ഡിവോര്‍, എഫിംഗ്ടണ്‍ കൗണ്ടി കോര്‍ട്ടില്‍ സമര്‍പ്പിച്ച പരാതിയും ഉള്‍പ്പെടും. നിയമത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുവാനുള്ള അപേക്ഷ ഈ കോടതി 20-ന് വെള്ളിയാഴ്ച പരിഗണിക്കും.
അമേരിക്കന്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതി പൗരന് ആയുധം കൈവശം വെക്കുവാന്‍ അനുവദിച്ചിട്ടുള്ള അവകാശത്തിന്‍റെ ലംഘനമാണ് ഇല്ലിനോയിലെ പുതിയ തോക്ക് നിരോധന-നിയന്ത്രണ നിയമമെന്നതാണ് പരാതികളുടെ അടിസ്ഥാനം. നിരോധിക്കപ്പെട്ടിട്ടുള്ള തോക്കുകളും 10-ല്‍ അധികം ഉണ്ടകളുള്ള വെടിത്തിരകളും വര്‍ഷങ്ങളായി സാധാരണ ജനങ്ങള്‍ കൈവശം വെച്ചിട്ടുള്ളതും നായാട്ട് പോലുള്ള വിനോദത്തിനായി ഉപയോഗിക്കാറുള്ളതാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. അവയൊന്നും സാധാരണ ജനങ്ങളുടെ ജീവന് അപായമാകുന്നില്ലെന്നും അവര്‍ സമര്‍ത്ഥിക്കുന്നു. നിരോധിക്കപ്പെട്ടിട്ടുള്ള തോക്കുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന എ.ആര്‍ 15 റൈഫിള്‍സ് അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണെന്നും സ്വയരക്ഷയ്ക്ക് അവ അനിവാര്യമാണെന്നും പരാതിയില്‍ പറയുന്നു.
ഇല്ലിനോയ് ഗവര്‍ണര്‍ ജെ.ബി. പ്രിട്സ്കര്‍, അറ്റോര്‍ണി ജനറല്‍ ക്വാമി റവൂള്‍ എന്നിവര്‍ സംസ്ഥാനത്തെ തോക്ക് നിരോധന നിയമത്തിന് കോടതികളുടെ അംഗീകാരം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. നിയമത്തിന്‍റെ എല്ലാ വശവും പഠിച്ച് ഏറെ വിചിന്തനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് പുതിയ നിയമം നടപ്പിലാക്കിയത്. നവംബര്‍ തെരഞ്ഞെടുപ്പില്‍ ഇല്ലിനോയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കൈവരിച്ച വമ്പിച്ച വിജയം തോക്കുകളുടെമേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള ജനസമ്മതി കൂടിയാണെന്ന് അവര്‍ അവകാശപ്പെട്ടു. നവംബര്‍ തെരഞ്ഞെടുപ്പില്‍ ന്യൂമെക്സിക്കോയില്‍ സംസ്ഥാന അസംബ്ലിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സോളമന്‍ പെനാ നിരവധി ഡെമോക്രാറ്റിക് സാമാജികരുടെ വസതിക്ക് നേരെ വെടിയുതിര്‍ത്തത്, സ്വയരക്ഷയ്ക്കല്ല, രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുവാനാണ് അസോള്‍ട്ട് വെപ്പണ്‍സ് പലപ്പോഴും ഉപയോഗിക്കുന്നതെന്നതിന് തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

JOSE KALLIDUKIL