കുമാരനാശാനും ലിവിങ്ടുഗെദറും (കാളിയാര്‍ തങ്കപ്പന്‍)

sponsored advertisements

sponsored advertisements

sponsored advertisements


14 May 2022

കുമാരനാശാനും ലിവിങ്ടുഗെദറും (കാളിയാര്‍ തങ്കപ്പന്‍)

നാണിച്ചു തലകുനിച്ച് കാല്‍നഖംകൊണ്ടു കളംവരച്ചു നില്‍ക്കുന്ന ഒരു മലയാളി മങ്ക ഇന്ന് സ്വപ്നത്തില്‍ മാത്രം. “അപ്പനും കുഞ്ഞാഞ്ഞയ്ക്കും ഇഷ്ടമാണെങ്കില്‍ എനിക്കും സമ്മതമാണ്” എന്ന് വാതില്‍പാളി ചാരിനിന്ന് സ്വരംതാഴ്ത്തിപ്പറയുന്ന ഒരു ഗ്രാമീണകന്യകയെ ഇന്നു മഷിയിട്ടുനോക്കിയാല്‍ പോലും കണ്ടുകിട്ടുകയില്ല. നമ്മുടെ കുട്ടികള്‍ അത്രമാത്രം പുരോഗമിച്ചിരിക്കുന്നു എന്നര്‍ത്ഥം. “എന്നാലും ഇത്രേംവരെ അതു വേണോ?” വിമെന്‍സ് ഹോസ്റ്റലിലെ പ്രായംചെന്ന ഒരു മേട്രന്‍ പുരികം ചുളിക്കുന്നു. അവിവാഹിതരായ പി.ജി. വിദ്യാര്‍ത്ഥിനികളുടെ ഒരു സ്വകാര്യ കൂട്ടായ്മ മറഞ്ഞുനിന്നു ശ്രവിച്ച അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.
അത്യാധുനികതയുടെ മേലങ്കിയണിഞ്ഞ യുവപ്രതിഭകളുടെ ആ സംഗമവേദിക്ക് ‘വിവാഹം’ എന്ന വാക്കുപോലും ഒരു പഴഞ്ചന്‍ ബൂര്‍ഷ്വാ സിദ്ധാന്തമാണ്. ഇടുക്കിക്കാരി മരിയാ ജോണ്‍ പറയുന്നു: “അറേഞ്ചഡ് മാര്യേജ് എന്ന സങ്കല്പംതന്നെ എത്ര പ്രാകൃതവും കിരാതവുമാണ്. പെണ്ണുകാണല്‍ ചടങ്ങില്‍ കോഫിട്രേയും പിടിച്ചുള്ള ആ അറുബോറന്‍ നില്പ് ഏതു പെണ്‍കുട്ടിയാണ് ഇഷ്ടപ്പെടുക.” ആലപ്പുഴക്കാരി കൃതികാ മോഹനു പറയാനുള്ളത് വിവാഹശേഷമുള്ള ചില കാര്യങ്ങളാണ്. “ആദ്യരാത്രി ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അതുവരെ കണ്ട സകല സ്വപ്നങ്ങളും അഭിലാഷങ്ങളും അഭിനിവേശങ്ങളുമെല്ലാം പൂവണിയുന്ന രാത്രി എന്നൊക്കെയാണ് കവികള്‍ പാടിയിട്ടുള്ളത്. എന്നാല്‍ സംഭവിക്കുന്നതോ? അവളുടെ നേര്‍ക്ക് പാതി കുടിച്ച എച്ചില്‍ഗ്ലാസ് നീട്ടിപ്പിടിച്ചു നില്ക്കുന്ന മണവാളന്‍. നാണവും ഭവ്യതയും കലര്‍ന്ന ഒരു മുല്ലപ്പൂ പുഞ്ചിരിയുമായി മണവാട്ടി അതുവാങ്ങിക്കുടിക്കണമെന്നാണ് അലിഖിത നിയമം. ഓര്‍ക്കുമ്പോള്‍ത്തന്നെ ഓക്കാനം വരുന്ന ഇത്തരം ചടങ്ങുകള്‍ക്കു നിന്നുകൊടുക്കുന്ന ‘ബുദ്ദൂസു’കള്‍ ഇന്നുമുണ്ട് എന്നതാണ് പെണ്ണിന്‍റെ ദുരന്തം.”
അല്പം കവിതയും മറ്റുമെഴുതുന്ന പാലക്കാട്ടുനിന്നുള്ള മൃദുല ശങ്കര്‍ ഒരുഗ്രന്‍ പുരോഗമനവാദിയാണ്. അറേഞ്ചഡ് മാര്യേജ് എന്ന ഏര്‍പ്പാടുതന്നെ കാലഹരണപ്പെട്ടതാണെന്നും അത്തരം ചിന്താഗതിക്കാരെ ഒരു പാഠംതന്നെ പഠിപ്പിക്കണമെന്നുമാണ് അവളുടെ ഉറച്ച അഭിപ്രായം. “അതിനു പറ്റിയത് ഒരൊളിച്ചോട്ടമാണ്. ഏതു കാര്യത്തിലും ഒരു ത്രില്ലൊക്കെ വേണമല്ലൊ. അതുകൊണ്ട് അതു വിവാഹരാത്രിയില്‍ത്തന്നെ നടത്തണം. സിനിമാസ്റ്റൈലില്‍ എല്ലാം പറഞ്ഞൊപ്പിച്ച്, രഹസ്യപങ്കാളിയോടൊത്ത് ഒരൊറ്റപ്പാച്ചില്‍. മൂന്നുനാലുദിവസത്തെ അടിപൊളി അജ്ഞാതവാസത്തിനൊടുവില്‍ പോലീസ് ബഹുമതികളോടെയുള്ള കല്യാണം. പാതി ഒഴിഞ്ഞ പാല്‍പ്പാത്രവും നീട്ടിപ്പിടിച്ച് ആ ‘പോങ്ങന്‍’ അവിടത്തന്നെ നില്‍ക്കട്ടെ, ലൈഫ്ടൈം.”
“ഉഗ്രന്‍ – ബലേ ഭേഷ്. അങ്ങനെതന്നെ വേണം.” എല്ലാവരും കയ്യടിച്ചു. വന്ദ്യവയോധികയായ മേട്രണ് കയ്യടി വന്നില്ല. പകരം, തലയില്‍ കൈവെച്ച് അറിയാതെ പറഞ്ഞുപോയി: “കര്‍ത്താവേ ഇവരോടു പൊറുക്കേണമേ!”
അറേഞ്ച്ഡ് മാര്യേജ് എന്ന സാമൂഹികാചാരത്തോടുള്ള യുവതലമുറയുടെ അടങ്ങാത്ത പകയാണ് ഇവിടെ പ്രതിദ്ധ്വനിച്ചു കേട്ടത്. ദോഷം പറയരുതല്ലോ, യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാളെ തന്‍റെ ആജീവനാന്ത ജീവിതപങ്കാളിയായി സ്വീകരിക്കേണ്ടി വരിക എന്നത് ഒരു വല്ലാത്ത ദുര്‍വ്വിധി തന്നെ. പക്ഷേ, കാലം ഇത്രയും മാറിയിട്ടും വൈവാഹികരംഗത്ത് പരീക്ഷണങ്ങള്‍ നിരവധി നടത്തിയിട്ടും ഇന്നും അറേഞ്ച്ഡ് മാര്യേജ് എന്ന പരമ്പരാഗതരീതി മേല്‍ക്കൈ നേടുന്നതിന്‍റെ രഹസ്യമെന്താണ്? ലൗ മാര്യേജുകളില്‍ ബഹുഭൂരിപക്ഷവും തകര്‍ന്നടിയുന്നതിന്‍റെ കാരണമെന്താണ്? പ്രസക്തമായ ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുകയാണ് ഈ എളിയ ലേഖകന്‍.
സമൂഹത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ (ആത്മഹത്യ, കൊലപാതകം, ഒളിച്ചോട്ടം തുടങ്ങിയവ) ഉണ്ടാകുമ്പോള്‍ മാത്രമാണ് നമ്മള്‍ കണ്ണുതുറക്കുന്നത്. പിന്നെ, പത്രമാസികകളിലും ചാനല്‍ ചര്‍ച്ചകളിലും നിറഞ്ഞാടുന്ന ബുദ്ധിജീവികളുടെ ഒരു പ്രളയം തന്നെയായിരിക്കും. മനശാസ്ത്രവിദഗ്ദ്ധര്‍, എഴുത്തുകാര്‍, മുന്‍ എസ്പിമാര്‍, സാമൂഹിക നിരീക്ഷകര്‍ തുടങ്ങിയവരൊക്കെയായിരിക്കും ടിവി ചാനലില്‍ മിക്കവാറും പങ്കെടുക്കുക. മകനോ മകളോ നഷ്ടപ്പെട്ടതില്‍ വിങ്ങിപ്പൊട്ടുന്ന അച്ഛനമ്മമാരോ ദുഃഖിതരായ ഏതെങ്കിലും ബന്ധുക്കളോ ഒരരികില്‍ പ്രതിമകളെപ്പോലെ വന്നിരിപ്പുണ്ടാകും. താരതമ്യേന വിദ്യാഭ്യാസവും പത്രാസുമൊന്നുമില്ലാത്ത അവരുടെ നേര്‍ക്കായിരിക്കും ചോദ്യങ്ങളധികവും. “ഏതു സമയത്താണ് മകള്‍ (മകന്‍) അവസാനമായി വിളിച്ചത്? ആരെങ്കിലുമായി അടുപ്പമുള്ള കാര്യം നിങ്ങളോടു പറഞ്ഞിരുന്നോ? പോലീസില്‍ അറിയിക്കാന്‍ ഇത്രയും താമസിച്ചതെന്തുകൊണ്ടാണ്? മക്കളുടെ ഫോണ്‍ ഇടയ്ക്കിടെ ചെക്ക് ചെയ്യണമെന്നറിയില്ലായിരുന്നോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത്?”
ഇത്രയുമാകുമ്പോഴേക്കും പൊട്ടിക്കരഞ്ഞുപോകുന്ന (ചാനലുകള്‍ക്ക് വേണ്ടതും അതുതന്നെയാണ്) ആ ഹതഭാഗ്യരെ ചാനലിന്‍റെ ‘നങ്കൂരി’ സമാശ്വസിപ്പിക്കുന്നു. അതോടെ ബുദ്ധിജീവികളുടെ ഉപദേശപ്പെരുമഴ മുറുകുന്നു. “മക്കളെക്കെട്ടിയിട്ടു വളര്‍ത്തുന്നതിന്‍റെ തകരാറാണിത്. കുറെ പുസ്തകങ്ങളും ഒരു ഫോണും വാങ്ങിച്ചുകൊടുത്താല്‍ ചുമതലയെല്ലാം തീര്‍ന്നു എന്നാണ് രക്ഷിതാക്കളുടെ വിചാരം. കുട്ടികള്‍ക്കു വേണ്ടത് സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം.” ചര്‍ച്ച അവസാനിക്കുന്നതിങ്ങനെയായിരിക്കും: “ഇനിയൊരു കുടുംബത്തിനും ഇതുപോലൊരവസ്ഥ ഉണ്ടാകരുത്. നാടാകെ കൗണ്‍സിലിംഗും ബോധവല്‍ക്കരണവുമുണ്ടാകണം. സമൂഹം ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം.”
ആരെയാണ് ഇവരൊക്കെ ഇത്രമാത്രം ഉപദേശിക്കുന്നത്?
തള്ളക്കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സൂക്ഷിക്കുന്നതുപോലെ ശ്രദ്ധയോടെയും ആകാശംമുട്ടെയുള്ള പ്രതീക്ഷകളോടെയുമാണ് ഓരോ രക്ഷിതാക്കളും മക്കളെ വളര്‍ത്തുന്നത്. കുട്ടികളെ കൂച്ചുവിലങ്ങിട്ടു നിയന്ത്രിക്കുന്നവര്‍ ഇന്നു വളരെ അപൂര്‍വ്വമാണ്. അതാതു പ്രായത്തില്‍ അറിഞ്ഞുകൊടുക്കേണ്ട സ്വാതന്ത്ര്യവും നിയന്ത്രണവും എന്തൊക്കെയെന്ന് ബോദ്ധ്യമുള്ളവരാണ് ഇന്നത്തെ രക്ഷിതാക്കളില്‍ ബഹുഭൂരിപക്ഷവും. ‘വിവാഹം സ്വര്‍ഗത്തില്‍, മനംപോലെ മംഗല്യം, കളിയല്ല കല്യാണം’ എന്നീ വാക്യങ്ങളൊക്കെ പഴമക്കാരുടെ സംഭാവനകളാണ്. എന്നുവെച്ചാല്‍, പ്രേമവും മിശ്രവിവാഹവുമൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നര്‍ത്ഥം. പക്ഷേ, സ്നേഹിച്ചുവളര്‍ത്തുന്ന മക്കളെ ചെറുതായൊന്നു ശാസിച്ചാല്‍ ഉടന്‍ വീടുവിട്ടിറങ്ങിപ്പോകുകയും ഇഷ്ടപ്പെട്ടതു കിട്ടിയില്ലെങ്കില്‍ അപ്പോള്‍തന്നെ കെട്ടിത്തൂങ്ങുകയും ചെയ്യുന്ന ഇന്നത്തെ ഈ മനസികാവസ്ഥ പണ്ടില്ലായിരുന്നു. “മോനേ (മോളേ) നീ ഇന്ന് എവിടെപ്പോകുന്നു? എപ്പോള്‍ തിരിച്ചുവരും? ഇന്നലെ നിന്നോടു സംസാരിച്ച ആ മനുഷ്യന്‍ ആരാണ്? നേരം ഇരുട്ടുന്നതിനു മുമ്പ് വീട്ടിലെത്തണം.” തുടങ്ങിയ മേലന്വേഷണങ്ങളൊന്നും ഇഷ്ടപ്പെടാത്ത നിലയിലേയ്ക്ക് യുവതലമുറയെ എത്തിച്ചതിന്‍റ കാരണക്കാര്‍ ആരൊക്കെയെന്നുകൂടി നമ്മള്‍ അറിയണം.
നുരഞ്ഞുപൊന്തുന്ന പാശ്ചാത്യസംസ്കാരത്തില്‍ അന്ധമായി അഭിരമിക്കുന്ന ഒരുപറ്റം അഭിനവ സോക്രട്ടീസുമാരാണവര്‍. ഉല്‍ക്കൃഷ്ടമായ നമ്മുടെ പൗരാണിക കുടുംബസംഹിതകളേയും പൈതൃക-ധാര്‍മ്മിക മൂല്യങ്ങളേയുമെല്ലാം നിഷ്കരുണം ചവിട്ടിമെതിച്ച് സംഹാരതാണ്ഡവമാടി അതില്‍ ആനന്ദനിര്‍വൃതിയടയുന്ന ഇക്കൂട്ടരെ മൊത്തത്തില്‍ വിളിക്കപ്പെടുന്നത് സാംസ്കാരിക നായകര്‍ എന്നാണ്. സമൂഹത്തെയാകെ മാറ്റിമറിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന (ഒരുതരം ക്വട്ടേഷന്‍) ഇവരില്‍ യുക്തിവാദികളും സൈക്യാട്രിസ്റ്റുകളും മുതല്‍ നാര്‍ക്കോട്ടിക് – പോക്സോ സ്പെഷ്യലിസ്റ്റുകള്‍ വരെയുണ്ടാകും സമൂഹത്തിന്‍റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട് അവര്‍ തൊടുത്തുവിടുന്ന ‘ആഗ്നേയാസ്ത്രം’ ഇതാണ്.
“വിവാഹത്തിനുമുമ്പ് ഒരാണും പെണ്ണും തമ്മിലൊന്നു മിണ്ടിപ്പോയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?”
ഉത്തരം മുട്ടിക്കുന്ന ആ ചോദ്യത്തിനു മുമ്പില്‍ പതറിപ്പോകുന്ന രക്ഷിതാക്കളോട് പിന്നെ നിര്‍ദ്ദേശങ്ങളുടെ ഒരു പൂരം തന്നെയായിരിക്കും. “കാലം മാറിയതറിയണം. നമ്മുടെ കുട്ടികള്‍ പരസ്പരം സംസാരിക്കണം. ധാരാളം ഇടപഴകണം. അവര്‍ക്കിഷ്ടമുള്ള ഇണകളെ അവര്‍ തന്നെ തെരഞ്ഞെടുക്കട്ടെ. മതിവരുവോളം പ്രേമിക്കട്ടെ. അതവര്‍ക്ക് പ്രകൃതി കനിഞ്ഞുനല്കിയ ഒരവകാശമാണ്. അവരെ തടയരുത്. അതിരുകളും മതിലുകളുമില്ലാത്ത സ്വതന്ത്രവിഹായസ്സിലേക്ക് ചിത്രശലഭങ്ങളെപ്പോലെ അവര്‍ പറന്നുയരട്ടെ. നാളത്തെ ലോകം അവര്‍ക്കുള്ളതാണ്.”
യുവ ഹൃദയങ്ങളെ ലഹരി പിടിപ്പിക്കുന്ന ഇത്തരം ആഹ്വാനങ്ങള്‍ മുഖവിലയ്ക്കെടുത്ത് ലാഭംകൊയ്യുന്ന ഒരുവിഭാഗം പുരോഗമനവാദികളാണ് ഇന്നത്തെ ഈ ദുരന്തങ്ങളില്‍ അധികവും വരുത്തിവെക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിനിമാ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തെ ഒരു വസന്തോത്സവംപോലെ കൊണ്ടാടുന്നു. സ്റ്റണ്ടും ഡാന്‍സും കോമഡിയുമൊന്നുമില്ലെങ്കിലും ചുരുങ്ങിയപക്ഷം ഒരു കൗമാരപ്രേമമോ ഡേറ്റിംഗോ ലിവിംഗ്ടുഗെദെറോ ഇല്ലെങ്കില്‍ മലയാളസിനിമ വിജയിക്കുകയില്ല എന്ന അവസ്ഥയില്‍വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. പാര്‍ക്കിലും ബീച്ചിലും ശൗചാലയങ്ങളിലുംവരെ അതിന്‍റെ കാഹളം മുഴങ്ങിക്കേള്‍ക്കാം.
ഇത്രയെല്ലാം പ്രചാരവും സ്വീകരണവും ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഇന്നും പ്രേമവിവാഹങ്ങളില്‍ 85 ശതമാനവും പരാജയപ്പെടുന്നത്? നിഷ്കളങ്കരായ യുവജനതയെ കല്ലും മുള്ളും നിറഞ്ഞ പ്രേമസാഗരത്തിന്‍റെ അഗാധതയിലേക്കു വലിച്ചെറിഞ്ഞിട്ട് കരയില്‍നിന്നും കൈകൊട്ടിചിരിക്കുന്ന ബുദ്ധിജീവികള്‍ക്ക് അതിനുത്തരമില്ല.
പ്രേമം അഥവാ പ്രണയം. ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്ക് മലയാള ഭാഷയില്‍ വേറെയുണ്ടോ എന്നു സംശയം. അതിന്‍റെ മനോഹരമായ അര്‍ത്ഥവും വിശുദ്ധിയും എന്തെന്നറിയാത്ത യുവത്വം അതു ദുരുപയോഗം ചെയ്തതിന്‍റെ ബാക്കിപത്രങ്ങളാണ് ഇന്നത്തെ അത്യാഹിതങ്ങളില്‍ അധികവും. മാന്ത്രികച്ചെപ്പു സൂക്ഷിക്കുന്നത്ര അടക്കത്തോടെയും ഉപാസനാമൂര്‍ത്തിയുടെ ശ്രീകോവിലിന്‍റെ പരിശുദ്ധിയോടെയും സൂക്ഷിക്കേണ്ട ഒരു പവിത്രവികാരമാണ് പ്രണയം’ എന്നറിയുന്നവര്‍ മാത്രമേ അതില്‍ വിജയിക്കൂ.
കടല്‍തീരങ്ങളില്‍, കായലോരങ്ങളില്‍, സണ്‍റൂഫ് റെസ്റ്റോറന്‍റുകളില്‍ എല്ലാം ആടിപ്പാടി ജീവിതം ആഘോഷിക്കുന്ന ഇന്നത്തെ സൂപ്പര്‍സോണിക് പേക്കൂത്തുകള്‍ക്ക് പ്രേമം എന്ന വാക്കുമായി പുലബന്ധം പോലുമില്ലെന്നതാണു വാസ്തവം. ഡേറ്റിംഗ് എന്ന ഓമനപ്പേരിലാറാടുന്ന ഈ പങ്കാളികള്‍ പരസ്പരം പോക്കറ്റടിക്കുന്ന രണ്ടു മോഷ്ടാക്കളെപ്പോലെയാണ് എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. എവിടെനിന്നോ കടം വാങ്ങിയ സെക്സിയെസ്റ്റ് യൂഡിക്കൊളോണും അടിച്ച് ആരോടോ വായ്പ വാങ്ങിയ മോട്ടോര്‍ബൈക്കും പ്രദര്‍ശിപ്പിച്ച് എല്ലാ ബലഹീനതകളും മറച്ചുവെച്ച് അങ്ങോട്ടുമിങ്ങോട്ടും വാതോരാതെ പുകഴ്ത്തി (സുന്ദരി നീയും… സുന്ദരന്‍ ഞാനും) പറഞ്ഞ് ‘ഒരു രാജാ ഒരു റാണി’യായി നുണകൊണ്ടഭിഷേകം ചെയ്ത് അടിച്ചുപൊളിക്കുന്ന പ്രക്രിയയാണ് ഡേറ്റിംഗ് എന്ന ഗിമ്മിക്ക്. അവസാനം വിവാഹത്തിലെത്തുമ്പോഴാണ് യഥാര്‍ത്ഥമുഖം അവര്‍ കാണുന്നത്. അതോടെ സകല ചീട്ടുകൊട്ടാരങ്ങളും സ്വപ്നഗോപുരങ്ങളും തകര്‍ന്നടിയുന്നു. പ്രണയവിവാഹ പരിണാമങ്ങളുടെ ഒരേകദേശ പരിഛേദമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ കോടതി വരാന്തകളില്‍ നിന്ന് തേങ്ങുന്നതും നെടുവീര്‍പ്പിടുന്നതും നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ പങ്കുവെക്കുന്നതുമൊക്കെ ഇന്ന് നിത്യക്കാഴ്ചകളാണ്. അച്ഛനമ്മമാരെ ധിക്കരിച്ചും സമൂഹത്തെയാകമാനം വെല്ലുവിളിച്ചും നവലോകം സൃഷ്ടിക്കുവാനിറങ്ങിത്തിരിച്ച ‘യുവതുര്‍ക്കി’കളാണിവരില്‍ അധികവും. എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നതിനേക്കാള്‍ പ്രസക്തമായ ചോദ്യം മേല്‍പറയപ്പെട്ടവയില്‍ എത്രയെണ്ണം യഥാര്‍ത്ഥ പ്രണയബന്ധങ്ങളായിരുന്നു എന്നതാണ്.
“പ്രേമത്തിനു കണ്ണില്ല മക്കളെ” എന്ന പഴഞ്ചൊല്ല് ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. നിരര്‍ത്ഥകവും ക്ഷണികവുമായ കോളജ് ക്രഷിംഗ് മുതല്‍ ആസന്ന മരണനായിക്കിടക്കുന്ന പ്രവാസിവൃദ്ധന് യുവതിയും സുന്ദരിയുമായ ഹോംനഴ്സിനോടു തോന്നുന്ന മതിഭ്രമം വരെ ഇന്ന് കാവ്യാത്മകങ്ങളായ പ്രണയവാര്‍ത്തകളാണ്. അതൊക്കെ സഹിക്കാം. എന്നാല്‍ ധനാഢ്യയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് മദ്യപാനിയായ ഓട്ടോറിക്ഷക്കാരനോടു തോന്നുന്ന സോഷ്യലിസ്റ്റ് അനുരാഗത്തിന് എന്തു പേരാണ് പറയുക. നാലു കുട്ടികളുടെ മാതാവും ഒരു പാവപ്പെട്ട സ്കൂളദ്ധ്യാപകന്‍റെ ഭാര്യയുമായിരുന്ന ബിഎക്കാരി യുവതി, ഇന്‍സ്റ്റാള്‍മെന്‍റ് പിരിക്കാന്‍ വന്ന തമിഴന്‍റെ കൂടെ ഒളിച്ചോടിയതും പ്രേമംകൊണ്ടാണെന്നു പറയുന്ന പത്രക്കാരുണ്ട്. മുഖാമുഖം ഒന്നു കാണാതെ പരസ്പരം ഒന്നുരിയാടുകപോലും ചെയ്യാതെ പ്രേതബാധപോലെയാരംഭിച്ച ബന്ധങ്ങള്‍ക്കും ഉദാഹരണങ്ങളേറെ. ചരിഞ്ഞുനിന്ന് വെള്ളം കോരുന്നത്, ഒളിഞ്ഞുനിന്നു കണ്ടത്, കുനിഞ്ഞു നിന്ന് നെല്ല് ചിക്കുന്നത്, പിന്നില്‍ നിന്നാസ്വദിച്ചത് ഇവയൊക്കെയാണ് പ്രണയവല്ലരി മൊട്ടിടുന്നതിന് മൂലകാരണങ്ങളായി ചില വങ്കډാര്‍ അഭിമാനത്തോടെ തുറന്നുപറയുന്നത്. കേവലം ഞരമ്പുരോഗമെന്നോ മാംസദാഹമെന്നോ മുദ്രകുത്തി മാറ്റിനിര്‍ത്തേണ്ട ഇത്തരം പക്കാ ക്രൂരതകള്‍ക്കുപോലും പ്രേമത്തിന്‍റെ ലേബല്‍ ചാര്‍ത്തിക്കൊടുക്കുന്നത് മഹാപാതകം തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മാധ്യമലോകം അങ്ങനെയായിപ്പോയി. അതവിടെ നില്‍ക്കട്ടെ.
അറേഞ്ച്ഡ് മാര്യേജിനെ പുച്ഛിച്ചു തള്ളുകയും നൊന്തുപെറ്റു ലാളിച്ചു വളര്‍ത്തി രക്ഷിതാക്കളെ കണ്ണീരു കുടിപ്പിച്ച് പോലീസ്സ്റ്റേഷനുകളിലെത്തിക്കുകയും ചെയ്യുന്ന യുവവിപ്ലവകാരികളെ ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ. നിങ്ങള്‍ക്കു വായിക്കുവാനും പഠിക്കുവാനും ചിന്തിക്കുവാനുമായി ഹൃദയഹാരികളായ ചില പ്രണയകഥകള്‍ കാവ്യകൈരളി ഇനിയും ബാക്കിവെച്ചിട്ടുണ്ട്. അവയില്‍ ഒരെണ്ണം ഇതാ:-
ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു വാസനസോപ്പു തേച്ചുകുളിച്ചിട്ടില്ലാത്ത അക്ഷരജ്ഞാനമോ ഉച്ചാരണശുദ്ധിയോ ഒന്നുമില്ലാത്ത ചാത്തന്‍പുലയനെ, വിദ്യാസമ്പന്നയും ഉന്നതകുലജാതയുമായ സാവിത്രി തമ്പുരാട്ടി ജീവിതേശ്വരനായി സ്വീകരിച്ചു (ദുരവസ്ഥ – കുമാരനാശാന്‍) തന്‍റെ ചെറ്റക്കുടിലില്‍ അഭയംതേടിയെത്തിയ യൗവനയുക്തയും സുന്ദരിയുമായ തമ്പുരാട്ടിയെ എങ്ങനെയൊക്കെ വേണമെങ്കിലും അവന് ഉപയോഗിക്കാമായിരുന്നു. പക്ഷേ, ഒരു ദേവീവിഗ്രഹത്തോടെന്നതുപോലെയുള്ള ഭയഭക്തി ബഹുമാനങ്ങളായിരുന്നു ചാത്തനു തോന്നിയത്. അരോഗദൃഢഗാത്രനായ അവന്‍ രക്തവും മാംസവും വികാരവും വിചാരവുമെല്ലാമുള്ള ഒരു തരുണനായിരുന്നു. എന്നിട്ടും സാവിത്രിത്തമ്പുരാട്ടിയുടെ അംഗലാവണ്യങ്ങളിലേക്കൊന്നും (ഒരൊളിഞ്ഞുനോട്ടത്തിലൂടെ പോലും) ഒരിക്കലും ശ്രദ്ധിക്കാതെ ചിന്ത വേറില്ലാത്ത പൈതല്‍പോലെ അവന്‍ ഉറങ്ങാന്‍ കഴിഞ്ഞു എന്നത് സാധാരണക്കാര്‍ക്ക് (പ്രത്യേകിച്ചും ഇന്നത്തെ ലിവിംഗ് ടുഗദേര്‍സിന്) വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. തന്‍റെ സമീപത്ത് ഒരു കീറപ്പായയില്‍ പുതയ്ക്കാനൊരു കഷണം തുണി പോലുമില്ലാതെ തണുത്തുവിറച്ച് ഒരു ശിശുവിനെപ്പോലെ കിടന്നുറങ്ങുന്ന ചാത്തന്‍പുലയന്‍റെ ആ ഇളകാത്ത പതറാത്ത മനശ്ശുദ്ധിയൊന്നു മാത്രമായിരിക്കാം സാവിത്രിത്തമ്പുരാട്ടിയെ ഇത്രമാത്രം അനുരക്തയാക്കിയത്. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള അനുപമവും ഉദാത്തവുമായ ഈ ബാന്ധവത്തെ വെറുമൊരു ഭാവനാസൃഷ്ടിയായി തള്ളിക്കളയുന്നവരുണ്ടാകാം.
എന്നാല്‍ നിഷ്കളങ്ക പ്രേമത്തിന്‍റെ നേര്‍ സാക്ഷിയായി നമ്മുടെ കോഴിക്കോട് ജില്ലയിലെ മുക്കം എന്ന ഗ്രാമത്തില്‍ ഇന്നും ജീവിച്ചിരിക്കുന്ന ‘കാഞ്ചനമാല’ (എന്നു നിന്‍റെ മൊയ്തീന്‍)യെ ആര്‍ക്കാണു മറക്കാന്‍ കഴിയുക? വ്യത്യസ്ത മതസ്ഥരായ ബി.പി. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള ബന്ധത്തെ യാഥാസ്ഥിതികരായ കുടുംബക്കാര്‍ ശക്തിയായി എതിര്‍ത്തു. കാഞ്ചനമാല വീട്ടുതടങ്കലിലായി. മൊയ്തീന് സ്വന്തം പിതാവില്‍നിന്നും അതിഭീകരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. എന്നിട്ടും അവന്‍ തളര്‍ന്നില്ല. ഇടവഞ്ഞിപ്പുഴയുടെ പൊന്നോളങ്ങള്‍ തഴുകി വളര്‍ത്തിയ ആ ഹൃദയബന്ധം അത്രയ്ക്കഗാധമായിരുന്നു. ഒരു സ്പര്‍ശനം കൊണ്ടുപോലും താന്‍ മലിനപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത തന്‍റെ പ്രിയപ്പെട്ടവളെ ഒരുനോക്കു കാണുവാന്‍ അവന്‍ കൊതിച്ചു. അതിനായി പാടുപെട്ടു. ഒടുവിലൊരു ദിവസം ബന്ധുമിത്രാദികളുടെ അകമ്പടിയോടെ ക്ഷേത്രദര്‍ശനത്തിനുപോകുന്ന കാഞ്ചനമാലയെ നോക്കെത്താദൂരത്തുനിന്നും അവന്‍ നോക്കിക്കണ്ടു. അതുകൊണ്ടും അവന്‍ തൃപ്തനായില്ല. എല്ലാവരും നടന്നകന്നുകഴിഞ്ഞപ്പോള്‍ ആരും കാണാതെ പതുങ്ങിച്ചെന്ന് തന്‍റെ ഹൃദയേശ്വരി നടന്നുപോയ പുഴയോരത്തുനിന്നും അവളുടെ കാല്‍പാദം പതിഞ്ഞ ഒരുപിടി മണ്ണ് വാരിയെടുത്ത് ഒരു ദേവീപ്രസാദംപോലെ ഭദ്രമായി പൊതിഞ്ഞ് തന്‍റെ പോക്കറ്റില്‍ നിക്ഷേപിച്ചു. സ്വര്‍ഗം നാണിക്കുന്ന ആത്മാവില്‍ കുളിരുകോരിയിടുന്ന ഈ ബന്ധത്തെ അനശ്വരപ്രേമം എന്ന ഒറ്റ വാക്കുകൊണ്ടുമാത്രമേ വര്‍ണിക്കാനാകൂ. അതെ, ജീവന്‍ ജീവനിലേക്ക് അമൃതവാഹിനിയായി ഒഴുകി ജډാന്തരങ്ങളിലൂടെ സിരാപടലത്തിലെത്തുന്ന ആത്മലഹരിയാണത്. പുതുപുത്തന്‍ ത്രില്ലറുകളും സസ്പെന്‍സുകളും നിര്‍മിച്ച് നാട്ടുകാരെ ഞെട്ടിച്ച് പ്രേമസാഗരത്തിലാറാടുവാന്‍ ഇറങ്ങിത്തിരിക്കുന്ന ന്യൂജെന്‍സിന് എന്നന്നേക്കുമായി നഷ്ടപ്പെടുന്നതും ആ അമൂല്യമായ ജീവിത ലഹരിയാണ്.

കാളിയാര്‍ തങ്കപ്പന്‍