ഓർമ്മകൾ ഉണ്ടായിരിക്കണം (നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂജേഴ്സി)

sponsored advertisements

sponsored advertisements

sponsored advertisements

12 June 2022

ഓർമ്മകൾ ഉണ്ടായിരിക്കണം (നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂജേഴ്സി)

“ഒരു ദിവസം, ഞങ്ങളുടെ ഗ്രാമത്തിലുള്ളവരെല്ലാവരും അടുത്തുള്ള ഒരു മുസ്ലിം ഗ്രാമത്തിലേക്ക് പോയി അവരെയെല്ലാം കൊല്ലാൻ തുടങ്ങി. എല്ലാവരും ഭ്രാന്തുപിടിച്ച പോലെയായിരുന്നു. അന്ന് ഞങ്ങൾ കൊന്നവരുടെ മുഖങ്ങൾ എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോയില്ല അമ്പത് വർഷത്തെ ഉറക്കമില്ലാത്ത രാത്രികളാണ് അന്നത്തെ സംഭവങ്ങൾ എനിക്ക് സമ്മാനിച്ചത്. ” : ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള അട്ടാരി എന്ന ഗ്രാമത്തിൽ താമസിക്കുന്ന ഹർജിത് എന്ന സിഖുകാരൻ.
“അന്ന് എനിക്കും എന്റെ പ്രായത്തിലുള്ള ചെരുപ്പക്കാർക്കും എന്താണ് സംഭവിച്ചതെന്നെനിക്കറിയില്ല. വെറുപ്പിന്റെ രണ്ടു ദിവസങ്ങളായിരുന്നു അവ. എത്ര പേരെ ഞാൻ കൊന്നുവെന്ന് എനിക്ക് തന്നെ അറിയില്ല. ഞങ്ങളുടെ മനസിന്റെ മേൽ ഞങ്ങൾക്ക് ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല. ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ലായിരുന്നു.” : അട്ടാരിയുടെ മറുവശത്തു പാകിസ്ഥാനിൽ താമസിക്കുന്ന നാസിർ ഹുസൈൻ.
“അന്ന് ഞങ്ങൾ ആർഎസ്എസിന്റെ ഭാഗമായിരുന്നു. ഞങ്ങൾ കൊല്ലുന്ന മുസ്ലിങ്ങൾക്ക് വേണ്ടി സഹതാപം തോന്നുക എന്നത് ഞങ്ങളുടെ സംഘടനയിൽ നിഷിദ്ധമായിരുന്നു. ഞങ്ങൾ ബലാത്സംഗം ചെയ്ത മുസ്ലിം സ്ത്രീകളുടെ നിലവിളി ഇന്നും എന്റെ കാതിൽ മുഴങ്ങുന്നു. അമ്പത് വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ അവർക്ക് വേണ്ടി എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു” : പട്യാലയിൽ ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന്റെ ഭാഗമായുള്ള കലാപത്തിൽ പങ്കെടുത്ത ആർഎസ്എസ് പ്രവർത്തകനായിരുന്ന എഴുപതുകാരനായ ഒരു പ്രൊഫെസ്സർ
“ഒരു മുസ്ലിം സുഹൃത്ത് ഞങ്ങൾക്ക് ഷേക്ഹാൻഡ് നൽകിയാൽ, ഞങ്ങളുടെ കയ്യിൽ ഭക്ഷണം ഉണ്ടെങ്കിൽ ഞങ്ങൾ പിന്നീടത് കഴിക്കില്ല, കാരണം ആ ഭക്ഷണം മുസ്ലിങ്ങൾ തൊട്ടാൽ വൃത്തിയില്ലാത്തതായി കണക്കാക്കാൻ ഞങ്ങളുടെ അച്ഛനമ്മമാർ ഞങ്ങളോട് പറയും. അതേസമയം ഞങ്ങൾ ഒരു കയ്യിൽ ഒരു നായയെയും മറു കയ്യിൽ ഭക്ഷണവും ആണെകിൽ ഞങ്ങൾ ആ ഭക്ഷണം കഴിക്കാതിരിക്കില്ല, നായ്ക്കളേക്കാൾ വൃത്തികേടായിട്ടാണ് മുസ്ലിങ്ങളെ സ്പർശിക്കുന്നത് ഞങ്ങളുടെ ആളുകൾ കണക്കാക്കിയിരുന്നത്. എങ്ങിനെയാണ് ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ഒരു വിഭാഗം ആളുകൾ മറു വിഭാഗം ആളുകളെ വളരെ ബഹുമാനത്തോടെ കാണുകയും, മറു വിഭാഗം ഇവരെ നായയെക്കാൾ താഴ്ന്നവരായും കാണുന്നത്? അവർ ഞങ്ങളുടെ അമ്മമാരെയും ചേച്ചിമാരേയും ബഹുമാനത്തോടെ അഭിസംബോധന ചെയ്യും. ഞങ്ങളെ സഹോദരൻ സഹോദരി എന്നെല്ലാം വിളിക്കും, ഞങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും അവർ ഞങ്ങളെ സഹായിക്കാനായി ഓടി വരും. പക്ഷെ അവർ ഞങ്ങളുടെ വീടുകളിൽ വന്നപ്പോഴെല്ലാം ഞങ്ങൾ അവരെ വളരെ മോശമായി കണക്കാക്കി അവരോട് പെരുമാറി. പാക്കിസ്ഥാൻ ഉണ്ടാകാനുള്ള യഥാർത്ഥ കാരണം ഇതാണ്” : ബിർ ബഹാദൂർ സിംഗ്.
വിഭജനത്തിലൂടെ കാടന്നുപോയവരെ ഇന്റർവ്യൂ ചെയ്തു തയ്യാറാക്കിയ “നിശബ്ദതയുടെ മറുവശം” എന്ന ഉർവശി ഭൂട്ടാലിയയുടെ പുസ്തകത്തിൽ നിന്ന്. ഇന്ത്യ പാക്കിസ്ഥാൻ വിഭജന ചരിത്രം ഭരണാധികാരികളുടെ കണ്ണുകളിലൂടെയും പല തീയതികളിലൂടെയും മാത്രമാണ് നമ്മൾ സ്കൂളുകളിൽ പഠിച്ചിട്ടുള്ളത്, എന്നാൽ വിഭജന സമയത്ത് രൂക്ഷമായ അനുഭവങ്ങളിലൂടെ കടന്നുപോയവരെ നേരിട്ട് കണ്ട് ഇന്റർവ്യൂ ചെയ്തെഴുതിയ പുസ്തകമാണിത്.
ഇരുപത് ലക്ഷത്തോളം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. എഴുപത്തി അയ്യായിരത്തിനും ഒരു ലക്ഷത്തിനും ഇടയിൽ സ്ത്രീകൾ തട്ടിക്കൊണ്ടുപോകപ്പെടുകയോ , ബലാത്സംഗം ചെയ്യപ്പെടുകയോ, കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തു. അനേകം സ്ത്രീകൾ തങ്ങളുടെ മാനം സംരക്ഷിക്കാനായി കിണറുകളിൽ ചാടി ആത്മഹത്യ ചെയ്തു. ചിലർ ഇങ്ങിനെ തട്ടിക്കൊണ്ടു പോന്ന സ്ത്രീകളെ പൈസ വാങ്ങി മറ്റുളളവർക്ക് വിറ്റു. ഇങ്ങിനെ തട്ടികൊണ്ടുവരപ്പെട്ട സൈനബ് എന്ന ഒരു മുസ്ലിം സ്ത്രീയെ പൈസ കൊടുത്ത് വാങ്ങി വിവാഹം ചെയ്തു അവളോട് പ്രേമത്തിലായ ഭൂട്ടാ സിങ് എന്ന സിഖുകാരന്റെ കഥയാണ് Gadar: Ek Prem Katha എന്ന ഹിന്ദി ചിത്രത്തിന്റെ അടിസ്ഥാനം. ഇങ്ങിനെയുള്ള സ്ത്രീകളെ വീണ്ടെടുക്കാൻ ഇരു സർക്കാരുകളും നിയോഗിച്ച കമ്മീഷൻ സൈനബിനെ തിരികെ പാകിസ്താനിലേക്ക് കൊണ്ടുപോവുമ്പോൾ അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു കഴിഞ്ഞിരുന്നു. സൈനബിനെ തിരികെ ലഭിക്കാൻ വേണ്ടി ഇസ്ലാം മതം സ്വീകരിക്കുകയും, പാകിസ്ഥാൻ പൗരത്വത്തിനു അപേക്ഷിക്കുകയും ചെയ്ത ഭൂട്ടാ സിംഗിനെ , പാകിസ്ഥാനിൽ തന്റെ കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങി വേറെ വിവാഹത്തിന് സമ്മതിക്കേണ്ടി വന്ന സൈനബ് തള്ളിപ്പറഞ്ഞപ്പോൾ, അദ്ദേഹം അവിടെവച്ച് ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം തന്റെ ദേഹം സൈനബിനെ ഗ്രാമത്തിൽ അടക്കം ചെയ്യണമെന്നായിരുന്നു. ഈ കഥയിൽ പക്ഷെ സൈനബിനെ അഭിപ്രായം ആരും രേഖപ്പെടുത്തി കണ്ടിട്ടില്ല. അവർക്ക് യാത്രതിൽ ഭൂട്ടാ സിങിനോട് പ്രണയം ആയിരുന്നോ അതോ കൊല്ലപ്പെടാതിരിക്കാൻ വേണ്ടി വിവാഹത്തിന് സമ്മതിച്ചതാണോ എന്നൊന്നും നമുക്ക് ഇന്നറിയില്ല.
ഇങ്ങിനെ ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന്റെ ഭാഗമായി കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തവരെയും നോക്കിയാൽ ഒരു കാര്യം നമുക്ക് മനസിലാകും. അവർ എല്ലാവരും പാവപെട്ടവരാണ്. പൈസയുള്ളവർ വിമാനം വഴിയും മറ്റു സൈനിക ബന്ധങ്ങൾ ഉപയോഗിച്ചും മറ്റും സുരക്ഷിതമായി അതിർത്തി കടന്നപ്പോൾ പാവപ്പെട്ടവർ കിലോമീറ്ററുകളോളം നീളുന്ന കാൽനടയായും, ട്രെയിൻ വഴിയും അതിർത്തി കടക്കാൻ നോക്കി. നടക്കാൻ ശേഷിയില്ലാതിരുന്ന പ്രായമായവർ ഈ യാത്ര അതിജീവിച്ചില്ല, ഗർഭിണികളും ചെറിയ കുട്ടികളും സ്ത്രീകളും കയ്യേറ്റം ചെയ്യപ്പെട്ടു.
വിഭജനത്തിനു മുൻപ് തന്നെ കലാപം ആരംഭിച്ചിരുന്നു. വിഭജന ചർച്ചകൾ വേഗത്തിലാക്കാൻ വേണ്ടി 1946 ഓഗസ്റ്റിൽ ജിന്ന Direct Action Day പ്രഖ്യാപിച്ചത് കലാപത്തിൽ കലാശിക്കുകയും , കൽക്കട്ടയിൽ ഹിന്ദുക്കൾ മുസ്ലിങ്ങളെയും, നവഖാലിയിൽ മുസ്ലിങ്ങൾ ഹിന്ദുക്കളെയും കൊന്നു തള്ളുന്നതിൽ അവസാനിക്കുകയും ചെയ്തു. കൽക്കട്ടയിൽ പതിനായിരവും നവഖാലിയിൽ അയ്യായിരവും ആളുകൾ കലാപത്തിൽ കൊല്ലപ്പെട്ടു. 1947 മാർച്ചിൽ റാവല്പിണ്ടിയിൽ മുസ്ലിം ജനക്കൂട്ടം രണ്ടായിരത്തോളം സിഖുകാരെ കൊലപ്പെടുത്തി. ബലാത്സംഗത്തിൽ നിന്ന് രക്ഷപെടാൻ അനേകം സിഖ് സ്ത്രീകൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു, പെൺകുട്ടികളെ കഴുത്തറുത്ത് കൊന്നു കളഞ്ഞു. 1947 സെപ്റ്റംബറിൽ ഇരുപത്തിരണ്ടിനു ഇന്ത്യയിൽ നിന്നു പാകിസ്താനിലേക്ക് പൊയ്ക്കൊണ്ടിരുന്ന ട്രെയിൻ അമൃത്സറിൽ തടഞ്ഞു നിർത്തി മൂവായിരം മുസ്ലിങ്ങളെ സിഖുകാർ കശാപ്പ് ചെയ്തു. ആയിരത്തോളം പേർക്ക് പരിക്കേറ്റു. വിഭജനത്തോടെ അനുബന്ധിച്ചുണ്ടായ കലാപങ്ങൾ അടങ്ങാൻ മാസങ്ങൾ വേണ്ടിവന്നു, മനസുകൾ ഇപ്പോഴും അകന്ന് തന്നെ നിൽക്കുന്നു.
നമ്മൾ സ്കൂളിൽ ഏറ്റവും നന്നായി പഠിക്കേണ്ട വിഷയമെന്തെന്നു ചോദിച്ചാൽ പലർക്കും പല അഭിപ്രായങ്ങളുണ്ടാകാം. കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയം പഠിക്കട്ടെ എന്നായിരിക്കും പലരുടെയും അഭിപ്രായം. എന്നാൽ വർത്തമാനകാല ഇന്ത്യയിൽ നമ്മളെല്ലാവരും അടിയന്തിരമായി പഠിച്ചിരിക്കേണ്ടത് ചരിത്രമാണ്, നമ്മുടെ തന്നെ ചരിത്രം. ആയിരക്കണക്കിന് വർഷങ്ങൾക്ക് പിറകിലുള്ള ചരിത്രമൊന്നുമല്ല, വെറും എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുന്നുള്ള ചരിത്രം. അല്ലെങ്കിൽ “Those who cannot remember the past are condemned to repeat it” (ഭൂതകാലം ഓർക്കാൻ കഴിയാത്തവർ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്) എന്നത് നമ്മുടെ നാടിൻറെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയായി വരും. ഇത്തരത്തിൽ ഒരു രാജ്യവ്യാപക കലാപം നമ്മുടെ രാജ്യത്തിന് താങ്ങാൻ കഴിയുന്ന ഒന്നല്ല.
രാജ്യവ്യാപകമായി ഒരു കലാപമുണ്ടായാൽ അംബാനിക്കും യൂസഫലിക്കും വലിയ പ്രശനമുണ്ടാകില്ല, മറിച്ച് അന്നന്നത്തെ അന്നത്തിനുവേണ്ടി ഓടി നടക്കുന്ന പാവങ്ങൾക്ക് ആയിരിക്കും ഇതിന്റെ ഏറ്റവും വലിയ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. ഇപ്പോൾ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ പ്രവാചകനെ അപമാനിച്ചു എന്ന പേരിൽ നടക്കുന്ന പ്രശ്ങ്ങളുടെ തിക്തഫലം ശരിക്കും അനുഭവിക്കാൻ പോകുന്നത് കെട്ടിടനിർമാണ മേഖലകളിലും മറ്റും ജോലി ചെയ്യുന്ന, ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന പാവപെട്ടവർക്കറിയിരിക്കും, നല്ല വിദ്യാഭ്യാസമുള്ള, സാങ്കേതിക പരിജ്ഞാനം വേണ്ട ജോലി ചെയ്യുന്നവർ പെട്ടെന്ന് പറഞ്ഞുവിടാൻ പറ്റില്ല, മറിച്ച് സാങ്കേതിക ജ്ഞാനം ആവശ്യമില്ലാത്ത ജോലി ചെയ്യുന്നവരെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ വച്ച് പെട്ടെന്ന് റീപ്ലേസ് ചെയ്യാം.
ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്ക് ആണെന്ന് മറന്നു പോകുന്ന തരത്തിൽ ഭരണാധികാരികൾ തന്നെ പെരുമാറുന്ന ഇക്കാലത്തു, മതത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങൾ ശാശ്വതമായി എങ്ങിനെ പരിഹരിക്കുമെന്ന ചോദ്യത്തിന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് പത്തുവർഷം മുൻപ് തന്നെ അംബേദ്‌കർ “ജാതി ഉന്മൂലനം” എന്ന തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ഇന്ത്യയെ എങ്ങിനെ ജാതിവിമുക്തമാക്കാം എന്നതിന് വേണ്ടി അംബേദ്‌കർ പറഞ്ഞ ഒറ്റമൂലി തന്നെയാണ് ഇക്കാര്യത്തിലും എനിക്ക് പറയാനുള്ളത്. നിങ്ങൾ നിങ്ങളുടെ (ജാതിയിൽ) മതത്തിൽ നിന്നും പുറത്തുള്ള ഒരാളെ വിവാഹം കഴിക്കുക, പങ്കാളികൾ വിശ്വാസികളാണെങ്കിൽ തങ്ങളുടെ മതം മാറാതെ ഒരുമിച്ച് ജീവിക്കുക, കുട്ടികളോട് വേണമെങ്കിൽ അവർക്കിഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ പറയുക. ഒന്നോ രണ്ടോ തലമുറ കൊണ്ട്, നമ്മുടെ നാടിനെ ഗ്രസിച്ച ഈ രോഗം മാറിക്കിട്ടും. ഇത് നടക്കുമെന്ന് പ്രതീക്ഷയില്ല , പക്ഷെ സ്വപനം കാണുന്നതിന് പൈസയൊന്നും കൊടുക്കെടണ്ടല്ലോ…
നോട്ട് : നെഹ്രുവും അംബേദ്കറും വിഭാവനം ചെയ്തു നടപ്പിലാകില്ല മതേതര വിഭജനാനന്തര ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഫാസിസമാണ്. “നിരീശ്വരവാദിയായ” സവർക്കർ ഹിന്ദുത്വ വ്യാഖ്യാനിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് സ്വദേശികളായ, ഭൂരിപക്ഷം ഹിന്ദുക്കൾ ഭരിക്കുന്ന ഇന്ത്യയിൽ മുസ്ലിങ്ങൾ രണ്ടാം തരം പൗരന്മാരും ഹിന്ദുക്കളെ അനുസരിക്കുന്ന അടിമകളുമായി കഴിയണം എന്ന സവർക്കറുടെ സിദ്ധാന്തം നടപ്പിലാക്കാനാണ് ഇന്നത്തെ സംഘപരിവാർ ഭരണകൂടം ശ്രമിക്കുന്നത്. ഹിജാബ് നിരോധനവും ട്രിപ്പിൾ തലാഖ് നിരോധനവാറും മുസ്ലിം സ്ത്രീകളെ നന്നാക്കാൻ വേണ്ടിയല്ല മറിച്ച് മുസ്ലിം പുരുഷനെയും സ്ത്രീയെയും അവരുടെ സ്ഥാനം എവിടെയാണെന്ന് പരോക്ഷമായി കാണിച്ചുകൊടുക്കാനാണ്. ഗാന്ധിയും മോദിയും നടത്തിയ ശൈശവ വിവാഹം ഒരു പ്രശ്നമല്ലാതിരിക്കുകയും മുഹമ്മദിന്റെ ശൈശവ വിവാഹം പ്രശ്നം ആവുകയും ചെയ്യുന്നത് ഇസ്ലാമിനെ നന്നാക്കാനല്ല, മറിച്ച് ഇന്ത്യൻ മുസ്ലിമിന്റെ സ്ഥാനം എവിടെയാണെന്ന് കാണിച്ചുതരാനാണ് . പൗരത്വ ബിൽ നടപ്പിലാക്കുന്നത് എന്ന് വേണമെങ്കിലും നിങ്ങൾ ഹിന്ദു രാജ്യമായ ഇന്ത്യയിൽ നിന്ന് ഭരണകൂടം വിചാരിച്ചാൽ പുറത്താക്കാം എന്ന മുന്നറിയിപ്പാണ്. അതുകൊണ്ടാണ്, മുഹമ്മദ് കുട്ടിയായ ആയിഷയെ കല്യാണം കഴിച്ച കാര്യം പറഞ്ഞു ചില കോളാമ്പി യുക്തിവാദികൾ വരുമ്പോൾ എനിക്ക് നിരാശ തോന്നുന്നത്. യുക്തിവാദം മത നിഷേധം മാത്രമല്ല, ചരിത്രത്തിലെ ആഴത്തിലുള്ള അറിവ് കൂടിയാണ്. ഹിറ്റ്ലറുടെ ജർമനിയിൽ ജൂതന്മാരുടെ കൂടെയും, വർത്തമാനകാല ഇന്ത്യയിൽ മുസ്ലിം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ കൂടെയും പാകിസ്ഥാനിൽ ആസിയ ബീവിയുടെ കൂടെയും, LTTE യുടെ പരാജയശേഷമുള്ള ശ്രീലങ്കയിൽ തമിഴന്മാരുടെ കൂടെയും നിൽക്കുന്നതുമാണ് യഥാർത്ഥ യുക്തിവാദമെന്നു ഞാൻ കരുതുന്നത്.
സാഹചര്യങ്ങൾ കൊണ്ട് വിശ്വാസിയാവുന്ന സാധാരണ മനുഷ്യരുടെ മനുഷ്യാവകാശങ്ങളുടെ മുകളിലൊന്നുമല്ല ഒരു നിരീശ്വരവാദവും, യുക്തിവാദവും. ഇസ്ലാമിന്റെ കൂടെയല്ല മുസ്ലിമിന്റെ കൂടെയാണ് എന്നും, ഹിന്ദുത്വത്തിന്റെ കൂടെയല്ല, ഹിന്ദുവിന്റെ കൂടെയാണ് എന്നും പറഞ്ഞാൽ എത്ര പേർക്ക് മനസിലാകും എന്നറിയില്ല.