ദൗത്യം മറന്ന മനുഷ്യന്‍ (പാസ്റ്റര്‍ പി.പി. കുര്യന്‍)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 September 2022

ദൗത്യം മറന്ന മനുഷ്യന്‍ (പാസ്റ്റര്‍ പി.പി. കുര്യന്‍)

പാസ്റ്റര്‍ പി.പി. കുര്യന്‍

ഉല്പത്തി പുസ്തകത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചതിന്‍റെ ഉദ്ദേശത്തെപ്പറ്റി 1-ാം അദ്ധ്യായം 28-ാം വാക്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും, ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിന്‍’. ഇതായിരുന്നു ദൈവം മനുഷ്യന് നല്‍കിയ ദൗത്യം. അതിന് കാരണം ദൈവത്തിന്‍റെ സന്നിധിയില്‍ കെരുബായി ദൈവത്തെ ആരാധിച്ചിരുന്ന ദൂതന്‍ (ലൂസിഫര്‍) തന്‍റെ മനോരഥപ്രകാരം കാര്യങ്ങള്‍ നീക്കികൊണ്ടിരിക്കുന്ന വിഷയം യെശയ്യാ 14-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും, എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്ക് മീതെ വെയ്ക്കും. ഉത്തരദിക്കിന്‍റെ അതിര്‍ത്തിയില്‍ സമാഗമനപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും, ഞാന്‍ മേഘോന്നതങ്ങള്‍ക്ക് മീതെ കയറും, ഞാന്‍ അത്യുന്നതനോട് ‘സമനാകും’; ഈ ചിന്തയായിരുന്നു അവന്‍റേത്. എന്നാല്‍ ദൈവം കല്പിച്ചത് അനുസരിച്ച് ലൂസിഫറിനെ വെട്ടി താഴെ ഇട്ടു. ദൈവത്തിന്‍റെ അധീകാരത്തിലുള്ള ഭൂമിയും മറ്റും അവന്‍ തന്‍റെ സൈന്യങ്ങളും കൂടെ കൈവശപ്പെടുത്തി സകലത്തിനും അവന്‍ അധികാരിയായി തീര്‍ന്നു. ഈ കാരണത്താലാണ് യേശുവിനെ പരീക്ഷിച്ച സമയത്ത് സാത്താനായ ലൂസിഫര്‍ യേശുവിനോട് പറഞ്ഞത് വീണ് നമസ്കരിച്ചാല്‍ ഇതെല്ലാം നിനക്ക് തരാം എന്ന്. യേശു അവിടെ തര്‍ക്കിക്കാനോ വാദിക്കാനോ നില്ക്കാതെ ദൈവവചനത്തിലൂടെ സാത്താനെ വെട്ടി. ‘നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു”. അപ്പോള്‍ പിശാച് യേശുവിനെ വിട്ടുപോയി.
പിശാചിന്‍റെ അധികാരത്തിലിരുന്നത് ഒക്കെയും ആദ്യ മനുഷനായ ആദാമിനെ സൃഷ്ടിച്ചശേഷം ദൈവം അവനെ ദൗത്യം ഏല്പിക്കയായിരുന്നു. എന്നാല്‍ സാത്താന്‍ അവരെ വഞ്ചിച്ചിട്ടു പാപം ചെയ്യിച്ച് ദൈവത്തില്‍ നിന്നും അകറ്റിക്കളഞ്ഞു. ഒന്നാം മനുഷ്യനായ ആദാം തന്‍റെ ദൗത്യത്തില്‍ പരാജയപ്പെട്ടു. ദൈവത്തില്‍ നിന്നും ലഭിക്കേണ്ട സകലവും നഷ്ടപ്പെടുത്തി. ജഡമോഹം, കണ്‍മോഹം, ജീവനത്തിന്‍റെ പ്രതാപം എന്നീ വിഷയങ്ങളില്‍ ഹവ്വാ കുടുങ്ങിയശേഷം ആദാമിനേയും തെറ്റിച്ചു. അതിനാലാണ് ഒടുക്കത്തെ ആദാമായ ക്രിസ്തു, തന്‍റെ രക്തം ചൊരിഞ്ഞ് മനുഷ്യനുവേണ്ടി സകലവും തിരിച്ചെടുത്തു. 1 കൊരിന്ത്യര്‍ 15-ല്‍ പറയുന്നത് ആദാമില്‍ എല്ലാവരും മരിക്കുന്നതു പോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിപ്പിക്കപ്പെടും. അനന്തരം ചെയ്യുന്ന പ്രവൃത്തി ശ്രദ്ധേയമാണ്. ദൈവത്തിന്‍റെ അധികാരസീമയില്‍ ഉണ്ടായിരുന്നതിന്‍റെ മേല്‍ അധികാരം വെച്ച് വാണിരുന്ന പിശാചിനെ കാല്‍വറിയില്‍ തന്‍റെ മരണം മൂലം തോല്പിച്ച് സകല അധികാരവും യേശുക്രിസ്തു വീണ്ടെടുത്തു. 15:24-ല്‍ ‘അന്നു അവന്‍ (യേശു) എല്ലാ വാഴ്ചക്കും, അധികാരത്തിനും, ശക്തിക്കും നീക്കം വരുത്തി രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവന്‍ സകല ശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു’. യേശുവിനെ ഈ ഭൂമിയിലേക്കു അയച്ച് ദൗത്യം പൂര്‍ത്തീകരിച്ചത് കാല്‍വറിയിലാണ്. സകലവും നിവൃത്തിയായി എന്ന് പറഞ്ഞ് തന്‍റെ പ്രാണനെ വിട്ടപ്പോള്‍ ഒടുക്കത്തെ ആദാമായ ക്രിസ്തു തന്‍റെ ദൗത്യം മറന്നു കളയാതെ പിശാചിന്‍റെ പ്രലോഭനങ്ങള്‍ക്കു ചെവി കൊടുക്കാതെ വരവിന്‍റെ ലക്ഷ്യം ക്രൂശുമരണം മൂലം സാധിച്ചെടുത്തു.
അതുകൊണ്ടാണ് ക്രിസ്തുയേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ജനത്തോട് റോമര്‍ 6:12 മുതല്‍ പറയുന്നത്. ‘ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്‍റെ മോഹങ്ങളെ അനുസരിച്ച് ഇനി വാഴരുത്’. മാത്രമല്ല ന്യായപ്രമാണം യുഗത്തിലല്ല ഇപ്പോള്‍ കൃപയ്ക്കു അധീനര്‍ ആകകൊണ്ട് പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ല. ആദ്യ മനുഷ്യനായ ആദാമിന് നഷ്ടപ്പെട്ടത് ഒക്കെയും യേശുക്രിസ്തു മൂലം പുതിയ നിയമ വിശ്വാസികള്‍ക്ക് തിരികെ ലഭിച്ചിരിക്കയാണ്. നമുക്ക് നഷ്ടപ്പെട്ടത് തിരികെ ലഭിക്കാന്‍ നാം ആരും മുതല്‍ മുടക്കിയില്ല. എന്നാല്‍ നമുക്കുവേണ്ടി തന്‍റെ അവസാനത്തെ തുള്ളിരക്തവും ഊറ്റി കൊടുത്ത് കാല്‍വറിയിലൂടെ സാത്താനെ പരാജയപ്പെടുത്തി ജയോത്സവം കൊണ്ടാടി സാത്താന്‍റെ അടിമത്വത്തില്‍ കിടന്ന നമ്മെ ഓരോരുത്തരേയും വിലയ്ക്ക് വാങ്ങി സ്വര്‍ഗ്ഗീയ ഓഹരിക്കാരാക്കി തീര്‍ത്ത ദൈവസ്നേഹം എത്ര വലുതാണ്. ആകയാല്‍ ക്രിസ്തു നമ്മളില്‍ വാഴട്ടെ. സാത്താന്‍ പ്രലോഭനവുമായി കടന്നുവന്നു അനേകരെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്ന ദിവസങ്ങളാണ് ഇപ്പോള്‍ മുന്നിലുള്ളത്.
അപ്പൊസ്തലനായ പൗലൊസിനോടൊപ്പം ശുശ്രൂഷയില്‍ ഉണ്ടായിരുന്ന ദേമാസിനെ പരാജിതനായ സാത്താന്‍ മാടി വിളിച്ച് അവന്‍ പൗലൊസിനെ വിട്ടുപോയി. ഇത് നാം ഓരോരുത്തരും ഓര്‍ത്തു ഇരുന്നാല്‍ പ്രലോഭനങ്ങള്‍ പിന്‍തുടരുമ്പോള്‍ ജാഗ്രതയുള്ളവരായിരിക്കാന്‍ സാധിക്കും. സാത്താന്‍ മുമ്പില്‍ കൊണ്ടുവരുന്ന എല്ലാ ഓഫറുകളും തിരസ്ക്കരിക്കണം. ദൈവം തരുന്ന നന്മ മാത്രം മതി എന്ന് ഈ ഓഫറുകളും ആയി വരുന്നവരോട് പറയണം. മഹാപുരോഹിതന്മാരുടെ ഓഫറിന്‍റെ മുമ്പാകെ യൂദാ കാലിടറി വീണ് ഗുരുവിനെ ഒറ്റിക്കൊടുത്തു. ഈ കാലഘട്ടത്തില്‍ സുവിശേഷത്തില്‍ മായം കലര്‍ത്തി അതിനെ വില്പനചരക്കായി മാറ്റി ദുരുപദേശവുമായി അനേകരുടെ മുമ്പില്‍ ഓഫറുമായി കടന്നു വരുന്നുണ്ട്. ചെപ്പടിവിദ്യകള്‍ കാണിച്ച് അനേകരെ മാസ്മരവലയിലാക്കി അവരുടെമേല്‍ വാഴുകയാണ്. ഈ കാരണത്താല്‍ അനേകര്‍ ആള്‍ദൈവങ്ങള്‍ക്ക് തുല്യരായി തീരുകയാണ്. അകമ്പടികളുടെ നടുവിലൂടെ നടന്നുപോകുമ്പോള്‍ ലൂസിഫറിന്‍റെ ഉള്ളില്‍ കുമിഞ്ഞു കൂടിയ ചിന്തകള്‍ ഇങ്ങനെയുള്ളവരിലേക്കും വരും. പിന്നെ ആരേയും പേടിക്കേണ്ട കാര്യമില്ലല്ലോ. ലൂസിഫറിനോടൊപ്പവും നല്ലൊരു കൂട്ടം ഉണ്ടായിരുന്നു. അനുയായികളെ കൂടെ നിര്‍ത്തുമ്പോള്‍ ഹൃദയത്തില്‍ പല ചിന്തകളും ഉയരും. ദാവീദിനെ പുകഴ്ത്തിപാടാന്‍ അനേകര്‍ മുന്നോട്ടുവന്നു. പിന്നത്തേതില്‍ രാജസ്ഥാനത്ത് എത്തിക്കഴിഞ്ഞപ്പോള്‍ തന്നിലും പല ചിന്തകള്‍ ഉയര്‍ന്നുവന്നു. ശിംശോന്‍റെ ജീവിതത്തില്‍ വന്നുപോയികൊണ്ടിരുന്ന ആത്മാവിന്‍റെ സാന്നിധ്യം ആയിരുന്നു ഉണ്ടായിരുന്നത്. ആത്മാവിന്‍റെ സാന്നിധ്യം ഇല്ലാത്തപ്പോള്‍ ദെലീലയുടെ അടുക്കലും പോകും. ദാവീദിനും ഈ അനുഭവം ആയിരുന്നു. ഇതിന് ഒരു പരിഹാരം വേണം എന്നുള്ള താല്പര്യം തന്നിലുദിച്ചപ്പോള്‍ ആണ് ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, ദൈവമേ! സ്ഥിരമായുള്ള ആത്മാവിനെ പകരേണമേ എന്ന്.
ഈ കാലഘട്ടത്തില്‍ നമുക്കും ഈ പ്രാര്‍ത്ഥന ആവശ്യമാണ്, സ്ഥിരമായുള്ള ആത്മാവ്. അതിന് കാരണം മറ്റൊന്നുമല്ല, ആത്മാവിന്‍റെ അഭിഷേകത്തില്‍ നിലനില്ക്കുന്ന ഒരുവന്‍റെ അടുക്കല്‍ ഓഫറുമായി ആരും വരികയില്ല. ഒരു ചൂട് ദോശകല്ലിന്‍റെ മുകളില്‍ ഒരു ഈച്ചയും വന്നിരിക്കയില്ല. ഇരുന്നാല്‍ വിവരം അറിയും എന്നതുപോലെ ആത്മാവിന്‍റെ അഭിഷേകത്തിന്‍റെ അഗ്നിയില്‍ ആയിരിക്കുന്നവരിലേക്ക് പിശാച് തിരിഞ്ഞു നോക്കുകയില്ല. സാത്താന്‍റെ യാതൊരു വിഷയവും ആത്മനിറവുള്ളവന്‍റെ അടുക്കല്‍ വിലപ്പോകയില്ല. ആത്മാവ് ഇറങ്ങിപോയത് അറിയാതെ ശിംശോന്‍ സടകുടഞ്ഞെഴുന്നേറ്റതുപോലെ അഭിഷേകം നഷ്ടപ്പെട്ട പലരും പഴയ ഓര്‍മ്മവെച്ച് പലതും കാട്ടികൂട്ടാറുണ്ട്. അനന്തരഫലമാണ് അങ്ങനെയുള്ളവര്‍ സാത്താന്‍റെ ഓഫറുകള്‍ക്കു മുമ്പില്‍ വീണു പോകുന്നത്. സ്ഥാനമാനങ്ങള്‍, അധികാരങ്ങള്‍, ഭൗതീക നേട്ടങ്ങള്‍ എന്നുവേണ്ട ഒരുവന്‍റെ ബലഹീനത കണ്ട് അടുത്തുകൂടുന്നവനാണ് സാത്താന്‍. യേശുക്രിസ്തു നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം എന്താണ്. നിങ്ങള്‍ ഭൂലോകം മുഴുവനും പോയി സകല സൃഷ്ടിയോടും സുവിശേഷം അറിയിക്കുക എന്ന താണ്. ‘ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്‍റെയും പുത്രന്‍റെയും, പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍’ (മത്തായി 28:19-20). പലരും തങ്ങളുടെ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനും ഉന്നതര്‍ക്കു ഇമ്പം തോന്നത്തക്കവിധം അവരെ പുകഴ്ത്തിയും പോകുന്നതിനാല്‍ ദൗത്യം മറന്നു പോകുന്നു. ആദാമിന് ഭവിച്ചതുപോലെ ഭവിക്കാതെ ഇരിക്കാന്‍ ശ്രമിക്ക. വീഴ്ച ഭവിച്ചിട്ടും ഏറ്റ് പറയുവാന്‍ മനസ്സ് കാണിക്കാതെ അന്യോന്യം പഴിചാരി രക്ഷപെടാന്‍ നോക്കുകയായിരുന്നു ആദാമും ഹവ്വായും. അവരെ ഏല്പിച്ച ദൗത്യത്തെ പൂര്‍ത്തീകരിക്കാനാകാതെ അഥവാ സകലത്തിന്മേലും വാഴുവാന്‍ ലഭിച്ച അധികാരത്തെ സാത്താന്‍ തച്ചുടച്ചു. ദൈവിക സാന്നിധ്യം അവര്‍ നഷ്ടപ്പെടുത്തി. ലജ്ജിതരായി തോട്ടത്തില്‍ നിന്നും പുറത്ത് പോകേണ്ടിവന്നു. ദൈവത്തിങ്കലേക്കു മടങ്ങിച്ചെല്ലുവാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, സാധിക്കയില്ല. തേജസ്വരൂപിയായ ദൈവത്തെ അവര്‍ക്കു നേരില്‍ കാണാന്‍ സാധിക്കയില്ല. കാരണം ദൈവത്തിന്‍റെ തേജസ്സ് പാപം ചെയ്തതോടെ അവരില്‍ നിന്നും മാറിപോയി. എങ്കിലും മനുഷ്യന്‍റെ മടങ്ങിവരവിനുവേണ്ടി ദൈവം കാത്തിരിക്കുന്നു. അതിന്‍റെ പരിഹാരത്തിനായിട്ടാണ് പാപം ഇല്ലാത്തവന്‍ മനുഷകുലത്തിന്‍റെ രക്ഷയ്ക്കായി, വിണ്ടെടുപ്പിനായി, ക്രൂശില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപവും പേറി ക്രൂശില്‍ യാഗമായി. മാത്രമല്ല പിശാചിന്‍റെ അധികാരത്തിന്‍ കീഴെ ഉണ്ടായിരുന്ന സകലത്തേയും യേശു തന്‍റെ രക്തം കൊണ്ട് വിലയ്ക്കു വാങ്ങി രാജ്യം പിതാവിനെ ഏല്പിച്ചു. മനുഷ്യവര്‍ഗത്തിന് രക്ഷയുമായി. പിതാവ് ഏല്പിച്ച ദൗത്യം പൂര്‍ത്തീകരിച്ച് പിതാവിന്‍റെ സന്നിധിയിലേക്ക് കയറിപോയി. ആ സമയത്ത് തന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവര്‍ക്കു നല്‍കിയ ദൗത്യമാണ് സുവിശേഷഘോഷണം. നമ്മെ ഏല്പിച്ച ദൗത്യത്തില്‍ നിന്നും വ്യതിചലിച്ച് പോകാതെ അതില്‍ തന്നെ ഉറച്ചുനില്ക്കാം. സാത്താന്‍റെ പ്രലോഭനങ്ങള്‍ക്ക് വശംവദരായി തീര്‍ന്നിട്ട് കര്‍ത്താവ് ഏല്പിച്ച ദൗത്യം മറന്നുപോകാന്‍ ഇടവരാതെയിരിക്കട്ടെ. ഏല്പിച്ച താലന്തുകള്‍ വിശ്വസ്തതയോടെ വ്യാപാരം ചെയ്തു നല്ല ദാസനേ എന്നുള്ള വിളിക്ക് യോഗ്യരായി തീരുവാന്‍ സര്‍വ്വശക്തന്‍ ഏവര്‍ക്കും കൃപ നല്‍കട്ടെ. ദൈവം കാര്യം തീര്‍ക്കുന്ന നാളില്‍ നമ്മുടെ കൈകള്‍ ബലപ്പെട്ടിരിക്കുമോ?

പാസ്റ്റര്‍ പി.പി. കുര്യന്‍