റവ.ഡോ. എം.ടി. ഫിലിപ്പ്: ഒരു അനുസ്മരണം ( തോമസ് നെയ്‌ച്ചേരിൽ )

sponsored advertisements

sponsored advertisements

sponsored advertisements

31 December 2022

റവ.ഡോ. എം.ടി. ഫിലിപ്പ്: ഒരു അനുസ്മരണം ( തോമസ് നെയ്‌ച്ചേരിൽ )

തോമസ് നെയ്‌ച്ചേരിൽ , ഹൂസ്റ്റണ്‍

ഹൂസ്റ്റണിലെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ ജീവാത്മാവും പരമാത്മാവുമായ ബഹുമാനപ്പെട്ട എം.ടി. ഫിലിപ്പച്ചന്‍ നമ്മില്‍ നിന്ന് വിടവാങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷത്തിനുമേലേ ആയിരിക്കുന്നു. ഈയവസരത്തില്‍ അച്ചനെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എക്യുമെനിക്കല്‍ പ്രസ്ഥാനം എന്താണെന്ന് ഞാന്‍ എന്‍റെ ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുന്നതും കാണുന്നതും പണ്ട് എല്ലാ വര്‍ഷവും ക്രിസ്മസിനോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് നടന്നിരുന്ന എക്യുമെനിക്കല്‍ സമ്മേളനങ്ങളില്‍ നിന്നാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന ക്രിസോസ്റ്റം തിരുമേനിയെപ്പോലുള്ള പല പ്രമുഖരും അവിടെ സമ്മേളിക്കുമായിരുന്നു.
അങ്ങനെ ക്രിസ്ത്യന്‍ സമൂഹത്തില്‍പ്പെട്ട ഹൂസ്റ്റണിലുള്ള എല്ലാ ക്രൈസ്തവ പള്ളി അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വൈദികരുടെയും അല്മായരുടെയും സംയുക്തനേതൃത്വത്തില്‍ ഡിസംബര്‍ 25-ന് എല്ലാവര്‍ഷവും ഹൂസ്റ്റണിലും എക്യുമെനിക്കല്‍ പ്രോഗ്രാം നടത്തുകയും അത് അഭംഗുരം തുടര്‍ന്നുപോരുകയും ചെയ്യുന്നു. അതിനു നേതൃത്വം കൊടുത്തത് ബഹുമാനപ്പെട്ട എം.ടി. ഫിലിപ്പ് അച്ചനും യശഃശരീരനായ ബഹുമാനപ്പെട്ട കെ.കെ. ജോസഫ് കല്ലിടാന്തിയില്‍ അച്ചനും മറ്റ് ബഹുമാനപ്പെട്ട വൈദികരുമായിരുന്നു. അവരോടൊപ്പം പല പ്രാവശ്യം മീറ്റിംഗുകളില്‍ പങ്കെടുക്കുവാനും പ്രവര്‍ത്തിക്കുവാനും കിട്ടിയ അവസരങ്ങളെ നന്ദിയോടെ ഞാന്‍ സ്മരിക്കുകയും അതൊരു ദൈവാനുഗ്രഹമായി കണക്കാക്കുകയും ചെയ്യുന്നു.
ബഹുമാനപ്പെട്ട എം.ടി. ഫിലിപ്പ് അച്ചനെ സംബന്ധിച്ച് പറയുമ്പോള്‍ എന്‍റെ മനസ്സില്‍ വരുന്നത് അച്ചന്‍റെ പാണ്ഡിത്യവും പ്രത്യേകിച്ച് സംസ്കൃതത്തിലുള്ള അഗാധമായ അറിവുമാണ്. അദ്ദേഹത്തിന്‍റെ മതസൗഹാര്‍ദ്ദതയും വൈദികരും അത്മായരുമായുള്ള ഒരുമിച്ചുള്ള പ്രവര്‍ത്തനവും ഒക്കെ വളരെ ശ്ലാഘനീയമായിരുന്നു. ഞാനും എന്‍റെ കുടുംബവും വളരെ സ്നേഹബഹുമാനത്തോടെ അപ്പച്ചന്‍ എന്നാണ് വിളിച്ചിരുന്നത്. അപ്പച്ചനോടും കുടുംബാംഗങ്ങളോടും ആത്മാര്‍ത്ഥമായ ഒരു ബന്ധം സ്ഥാപിക്കുവാനും അത് തുടര്‍ന്നുകൊണ്ടുപോകുവാനും സാധിച്ചതും ഒരു ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു. അപ്പച്ചന്‍ ഹൂസ്റ്റണിലുള്ള മറ്റ് എല്ലാ മതസ്ഥര്‍ക്കും പ്രിയപ്പെട്ട സ്വീകാര്യനായ വ്യക്തിയായിരുന്നു. അതുപോലെതന്നെ മലയാളി അസോസിയേഷന്‍, ഹിന്ദു സൊസൈറ്റി, മുസ്ലിം അസോസിയേഷന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ എന്നിവിടങ്ങളിലൊക്കെ ഒരു നിറസാന്നിദ്ധ്യവുമായിരുന്നു.
ഏറെക്കാലം കുവൈറ്റില്‍ ഒരു ലോയര്‍ ആയും പ്രവര്‍ത്തിച്ചിരുന്ന അപ്പച്ചന്‍റെ പ്രവര്‍ത്തനവും സൗഹൃദബന്ധങ്ങളും വളരെ നിസ്തുലമായിരുന്നു. കുവൈറ്റ് രാജാവുമായും ഗാല്‍വെസ്റ്റണ്‍-ഹൂസ്റ്റണ്‍ ഡയോസിസിന്‍റെ ബിഷപ് എമിരിറ്റസ് ആയി ദിവംഗതനായ ബഹുമാനപ്പെട്ട ജോസഫ് ഫിയറസ് പിതാവുമായും സെ. ലോറന്‍സ് കാത്തലിക് ചര്‍ച്ച് പാസ്റ്ററായ ഫാ. ദേവാവുഡുമായും ഫാ. ജോസഫ് മണപ്പുറവുമായുമൊക്കെ വളരെ നല്ല ആത്മബന്ധമാണ് അപ്പച്ചന്‍ കാത്തുസൂക്ഷിച്ചത്.
അപ്പച്ചന്‍റെ വേര്‍പാട് ഹൂസ്റ്റണ്‍ കമ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു നികത്താനാവാത്ത വിടവാണ്. എന്നിരുന്നാലും ഉത്ഥാനത്തില്‍ വിശ്വസിക്കുന്ന നമ്മള്‍ അപ്പച്ചന്‍റെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ധാരാളം നല്ല ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുകയും ചെയ്തുകൊള്ളുന്നു.
വിനയപൂര്‍വം
തോമസ് നെയ്‌ച്ചേരിൽ

REV DR M T PHILIP