അനിൽ പെണ്ണുക്കര
വാർദ്ധക്യത്തിൽ മനുഷ്യനെ ബാധിക്കുന്ന ഏറ്റവും വലിയ രോഗം നിസ്സഹായതയാണ്. കേൾക്കാനോ പറയാനോ മനുഷ്യരോ, അനുകമ്പയിൽ കുറഞ്ഞ് സ്നേഹമോ ലഭിക്കാത്ത ഒരവസ്ഥയിൽ നിന്നാണ് രോഗം ഉടലെടുക്കുന്നത്. തനിച്ചാവുക എന്നത് അത്ര സുഖകരമായ കാര്യമല്ല. ശബ്ദങ്ങൾ കൊണ്ടും, സാമിപ്യങ്ങൾ കൊണ്ടും, സന്തോഷങ്ങൾ കൊണ്ടും നിറഞ്ഞിരുന്ന മനുഷ്യർ ഒരു സുപ്രഭാതത്തിൽ ആരുമില്ലാത്ത ഒരാളായി മാറുന്നത് അസഹനീയമാണ്. വൃദ്ധ ജനങ്ങളെ അത്തരത്തിൽ ഒരു ട്രോമയിലേക്ക് നയിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന രാജ്യം നമ്മുടെ ഇന്ത്യയാണ്. നമ്മൾ പിന്തുടർന്നു പോരുന്ന സംസ്കാരവും മറ്റുമാണ് ഇതിന്റെ മൂല കാരണമായി ചൂണ്ടിക്കാണിക്കേണ്ടത്. അച്ഛനമ്മമാർ മക്കൾക്ക് വേണ്ടി ഒരായുഷ്കാലം മുഴുവൻ മരിച്ചു ജീവിക്കണമെന്നാണല്ലോ മലയാളികളുടെ തത്വ ശാസ്ത്രം പഠിപ്പിക്കുന്നത്. മക്കൾ അവരുടെ കാലം കഴിഞ്ഞാൽ പേരക്കുട്ടികൾ, പിന്നീട് അവരുടെ മക്കൾ എന്നിങ്ങനെ നമ്മളുടെയൊന്നും ഭാരം എവിടെയും ഒഴിഞ്ഞു പോകുന്നില്ല എന്നത് തന്നെയാണ് വാർദ്ധക്യത്തെ ഇത്രത്തോളം വേദനാജനകമാക്കാൻ കാരണമാകുന്നത്.
സ്വന്തം അച്ഛനും അമ്മയും കഴിക്കുന്ന മരുന്നോ, എന്തിന് അച്ഛന് എന്ത് രോഗമാണെന്നോ പോലും അറിയാത്ത എത്ര മക്കളാണ് നമുക്ക് ചുറ്റുമുള്ളത്. പുഴുത്തു നാറി കിടക്കയിൽ നിന്ന് അനങ്ങാൻ പോലുമാകാതെ മുറിവുകളുമായി മാതാപിതാക്കൾ ഉണ്ടായിട്ടും നമ്മളിൽ പലരും എന്തുകൊണ്ടാണ് അവർക്ക് കൃത്യമായ ചികിത്സ പോലും നൽകാത്തത്. ചെറുപ്പത്തിൽ എത്രയെത്ര നമ്മുടെയൊക്കെ മലവും മൂത്രവും വാരിത്തുടച്ചു തന്നവരാണ് ഇപ്പോഴും വിസർജ്ജ്യങ്ങളിൽ ദിവസങ്ങൾ തള്ളി നീക്കുന്നത്. യഥാർത്ഥത്തിൽ മനുഷ്യൻ മനുഷ്യനെ ഉപയോഗിക്കുന്നത് അവരവരുടെ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് എന്നതാണ് യഥാർത്ഥ സത്യം. അനാഥാലയങ്ങളുടെ എണ്ണം കൂടുന്നത് ഒരുപക്ഷെ നല്ല കാര്യമാണെന്ന് പലപ്പോഴും തോന്നാറുണ്ട്. സമപ്രായക്കാരുമൊത്ത് നമ്മുടെയൊക്കെ അച്ഛനമ്മമാർ അവരുടെ വാർദ്ധക്യ കാലം കഴിച്ചു കൂട്ടുന്നതായിരിക്കും നല്ലത്. ആരുമില്ലാതെ ഒരു വലിയ വീട്ടിൽ വെക്കേഷന് വരുന്ന മക്കൾക്കും പേരക്കുട്ടികൾക്കും വേണ്ടി അവരെത്ര കാലമാണ് കാത്തിരിക്കുക. ആ നീണ്ട കാത്തിരിപ്പിനിടയിൽ അവരനുഭവിക്കുന്ന അനാഥത്വം എങ്ങനെയാണ് നികത്താനാവുക. ശരിയാണ് മക്കൾക്ക് തിരക്കുകൾ ഉണ്ട്, അവർ അവരുടെ ഭാവി, അവരുടെ കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കുന്നതിന്റെ തിരക്കിലായിരിക്കാം. പക്ഷെ ഇടയ്ക്കെങ്കിലും ഒന്ന് തിരിഞ്ഞ് നോക്കേണ്ടത് നമ്മുടെയൊക്കെ കടമയാണ്.
ഒരു പ്രായം കഴിഞ്ഞാൽ നമ്മളിൽ ഒട്ടുമിക്ക വയോ വൃദ്ധരും ധാരാളം രോഗങ്ങളെക്കൊണ്ട് വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ ആ സമയങ്ങളിൽ അവർക്ക് കൃത്യമായ ശ്രദ്ധയും വേണ്ടി വരും. ഇതിന് സമയം കണ്ടെത്താനോ, ബദൽ മാർഗ്ഗങ്ങൾ തേടാനോ കഴിയാതെ വരുന്നവരാണ് അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളിൽ കൊണ്ട് ചെന്ന് ആക്കാറുള്ളത്. വൃദ്ധസദനങ്ങൾ അതുകൊണ്ട് തന്നെ ധാരാളം രൂപപ്പെട്ടിട്ടുണ്ട് നമ്മുടെ നാടുകളിൽ. ഒരു തരത്തിൽ അതൊരു നല്ല മുന്നേറ്റമാണെങ്കിലും അച്ഛനമ്മമാരെ കാര്യകാരണങ്ങൾ ഒന്നുമില്ലാതെ കൊണ്ടുചെന്ന് തള്ളാനുള്ള ഒരിടമായിട്ടും വൃദ്ധ സദനങ്ങളെ കാണുന്നവരുണ്ട്. വരേണ്ടത് വൃദ്ധസദനങ്ങളല്ല, നമുക്ക് ചുറ്റുമുള്ള മനുഷ്യരെ വൃത്തിയായും കൃത്യമായും സംരക്ഷിക്കാൻ നമ്മളും ഭരണകൂടവും പ്രത്യേകം ശ്രദ്ധിക്കണം . മക്കൾ അവർക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളുടെ കാര്യത്തിൽ കൃത്യമായി തന്നെ ഇടപെടേണ്ടതുണ്ട്. സ്വന്തം മനുഷ്യരെ സ്വയം സംരക്ഷിക്കുമെന്ന ദൃഢനിശ്ചയം നമ്മൾ ഓരോരുത്തരും എടുക്കേണ്ടതുണ്ട്. യൂസ് ആൻഡ് ത്രോ എന്ന സംസ്കാരം മനുഷ്യരുടെ കാര്യത്തിലും ആവർത്തിച്ചു സംസ്കാരത്തിന്റെ ശുദ്ധി നഷ്ടപ്പെടുത്തരുത്.
ഈ ഭൂമി എല്ലാവരുടേതുമാണ്. പച്ചയിലകൾക്കും ഉണങ്ങി വീഴുന്ന ഇലകൾക്കുമെല്ലാം ഇവിടെ പ്രാധാന്യമുണ്ട്. എല്ലാ മനുഷ്യരും ഭൂമിയിൽ തുല്യമാണ്. എല്ലാവർക്കും തുല്യ അവകാശമുണ്ട്. അതുകൊണ്ട് തന്നെ വൃദ്ധരായ മനുഷ്യർക്ക് അവരുടെ സായാഹ്നങ്ങൾ സമാധാനപൂർണ്ണമാക്കാനുള്ള എല്ലാ ഇടപെടലുകളും നമുക്ക് നടത്താം