തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. കെ എസ് അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്, എന്നാല്‍ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റേയും സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം. തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തൃക്കാക്കരയില്‍ രാഷ്ട്രീയക്കളം ചൂടുപിടിച്ചു. ഒരു സീറ്റിന്റെ വ്യത്യാസത്തിലുള്ള ‘സെഞ്ച്വറി‘തിളക്കം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ നേടുകയാണ് എല്‍ഡിഎഫ് ലക്ഷ്യം.
ഡിവൈഎഫ്ഐ മുതൽ ശിശുക്ഷേമ സമിതി, സിഐടിയു എന്നിവയിലെല്ലാം ഔദ്യോഗിക പദവികൾ വഹിച്ച വ്യക്തിയാണ് അരുൺ കുമാർ. ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ സജീവ സാന്നിധ്യമായ അരുൺകുമാർ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തിൽപ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്പെഷ്യൽ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുൺ കുമാർ മണ്ഡലത്തിൽ സജീവമാണ്. തെരഞ്ഞെടുപ്പിന് അധിക നാളുകളില്ല എന്നതുകൊണ്ടുതന്നെ ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു.
സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ, ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാർത്ഥിയാണ് കെ എസ് അരുൺകുമാർ. ഭാരത് മാതാ കോളജ് മുൻ അധ്യാപിക കൂടിയായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയർ എം അനിൽകുമാർ എന്നിവരുടെ പേരുകളും അരുൺകുമാറിനൊപ്പം പരിഗണനയിലുണ്ട്.