ചിറകുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ നേഴ്‌സുമാർ ; ഊരാക്കുടുക്കായ യോഗ്യതാ മാനദണ്ഡങ്ങള്‍ (ജീവന്റെ കാവലാളായ മാലാഖമാര്‍-ആഷാ മാത്യു)

sponsored advertisements

sponsored advertisements

sponsored advertisements

3 February 2023

ചിറകുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ നേഴ്‌സുമാർ ; ഊരാക്കുടുക്കായ യോഗ്യതാ മാനദണ്ഡങ്ങള്‍ (ജീവന്റെ കാവലാളായ മാലാഖമാര്‍-ആഷാ മാത്യു)

ആഷാ മാത്യു
‘അനന്ത വിഹായസ്സില്‍ ഉയര്‍ന്നു പറക്കാന്‍ കഴിവുള്ളവരാണ് മാലാഖമാര്‍. അവരുടെ ചിറകുകളരിഞ്ഞ്, ആകാശമവര്‍ക്ക് നഷ്ടപ്പെടുത്തി അവരെ ഭൂമിയില്‍ തളച്ചിടാനാണ് ചിലര്‍ ശ്രമിച്ചത്. എന്നാല്‍ മുറിവുകളില്‍ തൈലവും വേദനകളില്‍ ആശ്വാസവുമായി കൂടെ നില്‍ക്കാനാളുകള്‍ എത്തിയപ്പോള്‍ മാലാഖമാര്‍ ശക്തി വീണ്ടെടുത്തു. ഇപ്പോഴവരുടെ ചിറകുകള്‍ക്ക് മുറിവുകളില്ല, അവര്‍ക്കു മുന്‍പില്‍ തടസ്സങ്ങളുമില്ല.’

(1) ജീവന്റെ കാവലാളായ മാലാഖമാര്‍: ചിറകുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ നഴ്സുമാരെക്കുറിച്ച്

രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് എന്ന് പറഞ്ഞുവെച്ചത് ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ ആണ്. ‘ദി ലേഡി വിത്ത് ദ ലാമ്പ്’ അഥവാ ‘വിളക്കേന്തിയ വനിത’, ഈ വിശേഷണം അവര്‍ സ്വന്തമാക്കിയത് കരുണയുടെ കയ്യൊപ്പുള്ള പെരുമാറ്റത്തിലൂടെയായിരുന്നു. ആതുര ശുശ്രൂഷയെന്ന സേവനമേഖലയെ ശാസ്ത്രതത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു തൊഴില്‍ മേഖലയായി വളര്‍ത്താനും കരുണയും ആര്‍ദ്രതയുമുള്ള മുഖം ഈ തൊഴിലിനു നല്‍കാനും ശ്രമിച്ചത്
ഫ്‌ളോറന്‍സ് നൈറ്റിംഗേലാണ്. 1883-1886 കാലഘട്ടത്തില്‍ നടന്ന ക്രിമിയന്‍ യുദ്ധത്തില്‍ നഴ്സുമാരുടെ പരിശീലന ചുമതല വഹിച്ചിരുന്ന നൈറ്റിംഗേല്‍ പരുക്കേറ്റ പട്ടാളക്കാര്‍ക്ക് പരിചരണം നല്‍കാന്‍ ഊണും ഉറക്കവുമില്ലാതെ രാപകല്‍ പ്രവര്‍ത്തിച്ചു.

യുദ്ധക്കെടുതികളുടെ കൂരിരുട്ടില്‍ സേവനത്തിന്റെ പ്രകാശം പരത്തിയ ഫ്‌ളോറന്‍സ് നൈറ്റിംഗേലല്ലാതെ മറ്റാരാണ് ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയെന്ന വിശേഷണത്തിന് അര്‍ഹയാവുക! ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്. ഇന്ന് ലോകത്തെല്ലായിടത്തും വന്‍ ജോലിസാധ്യതയും പ്രാധാന്യവുമുള്ള മേഖലയാണ് നഴ്‌സിംഗ്. ഓരോ വര്‍ഷവും എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി കലാലയത്തിനു പുറത്തിറങ്ങുന്നു. സ്വന്തം ജീവന്‍ വകവയ്ക്കാതെ, രോഗികളുടെ ജീവന്റെ കാവലാളുകളായി രാപ്പകല്‍ വിശ്രമമില്ലാത്ത ജോലി ചെയ്യുന്നവരാണ് നഴ്‌സുമാര്‍. പരിമിതികളോടോ പരാധീനതകളോടോ പരിഭവമില്ലാതെ സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്നവര്‍. അവര്‍ ജീവന്റെ കാവലാളുകളാണ്. കനിവിന്റെ മാലാഖമാര്‍ എന്ന് ലോകമവരെ സ്‌നേഹത്തോടെ വിളിക്കുന്നു.

എന്നാലിത്രയൊക്കെ വിശേഷണങ്ങള്‍ നല്‍കുമ്പോള്‍ സ്വന്തം രാജ്യത്ത്, ഭാരതത്തില്‍ നഴ്‌സുമാര്‍ എത്രകണ്ട് അംഗീകരിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഇനിയും വിചിന്തനങ്ങള്‍ ആവശ്യമായിരിക്കുന്നു. ഇന്ത്യയിലെ സ്വകാര്യ മേഖലയില്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഇന്നും ഒരു പ്രശ്‌നമായി തുടരുന്നുണ്ട്. ഇതുമായി ബന്ധപെട്ട് ഒട്ടനേകം സമരങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ത്യയൊട്ടാകെ പലതവണയാണ് നഴ്സുമാര്‍ സമരം നടത്തിയത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലും നഴ്‌സുമാര്‍ വേതന വര്‍ദ്ധനവിനായി മുദ്രാവാക്യവുമായി തെരുവിലിറങ്ങി. ആശുപത്രി മാനേജ്‌മെന്റുകളുടെ ഭീഷണിയും കറുത്ത മുഖവും ജോലി തെറിപ്പിക്കുമെന്ന വെല്ലുവിളികളെയുമെല്ലാം അതിജീവിച്ച് നഴ്‌സുമാര്‍ സമരം തുടര്‍ന്നു. 2016 ജനുവരിയിലാണ് വെള്ളയുടുപ്പിട്ട മാലാഖമാര്‍ ആദ്യമായി തങ്ങളുടെ നിലനില്‍പ്പിനായി തെരുവിലേക്കിറങ്ങിയത്.

സമരം ശക്തമായതോടെ തൊഴില്‍വകുപ്പു കമ്മിഷണറിനെ അധ്യക്ഷനാക്കി സര്‍ക്കാര്‍ രൂപം നല്‍കിയ അവലോകനസമിതി നഴ്‌സുമാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതേത്തുടര്‍ന്ന് നടപടി ഉണ്ടാകുകയും ചെയ്തു. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 ആക്കാന്‍ ശുപാര്‍ശയുണ്ടായി. ശമ്പളക്കാര്യത്തിലെ പരാതികള്‍ക്കെല്ലാം പരിഹാരം കണ്ട് വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പുവച്ചു. നഴ്സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചു. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാകുമെന്നതില്‍ തീര്‍പ്പുണ്ടായി. വന്‍കിട ആശുപത്രികളില്‍ ഇത് ഇരട്ടിയിലധികമായി മാറുമെന്നും വ്യക്തമാക്കി.

അതേസമയം സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ശമ്പള പരിഷ്‌കരണത്തെ അതിശക്തമായി എതിര്‍ത്തു. സ്വകാര്യ ആശുപത്രികള്‍ നിലനില്‍പ്പിനു ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ സാമ്പത്തികബാധ്യതയുണ്ടാക്കുന്ന നടപടികളിലേക്കു നീങ്ങാനാകില്ലെന്നുമായിരുന്നു വാദം. ശമ്പളപരിഷ്‌കരണം നടന്ന് അഞ്ചുവര്‍ഷമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മാനേജ്‌മെന്റുകളുടെ എതിര്‍പ്പ്. അതിനു മുന്‍പ് 2013ലായിരുന്നു ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും നഴ്‌സുമാരുടെയും ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 9500 രൂപയും കൂടിയ ശമ്പളം 12100 രൂപയുമാക്കിക്കൊണ്ടായിരുന്നു അന്ന് പരിഷ്‌കരണമുണ്ടായത്. ആ തുക ലഭിക്കാന്‍ വേണ്ടി കേരളത്തിലെ ആശുപത്രികളില്‍ നഴ്‌സുമാര്‍ അടിമകളെപ്പോലെ ജോലി ചെയ്യേണ്ടി വന്ന സാഹചര്യം മനപ്പൂര്‍വ്വം വിസ്മരിക്കപ്പെട്ടു.

ലോകമൊട്ടാകെ വന്‍ ഡിമാന്‍ഡുള്ള പ്രൊഫഷനാണെങ്കിലും കേരളത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് ഇപ്പോഴും തങ്ങളാഗ്രഹിക്കുന്ന ജീവിതം നയിക്കാനുള്ള വരുമാനം ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന് കുറഞ്ഞ വേതനം കാരണമാണ് നഴ്സുമാര്‍ കൂടുതല്‍ സാധ്യതകള്‍ തേടി വിദേശത്തേക്ക് പോകുന്നതെങ്കില്‍ ഒരു പതിറ്റാണ്ടിനു മുന്‍പ് വരെ വേതനത്തിനു പുറമേ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കീറാമുട്ടിയായ മറ്റനേകം പ്രശ്നങ്ങള്‍ കൂടി നേരിടേണ്ടി വന്നിരുന്നു. നഴ്സിംഗിനുള്ള യോഗ്യതാ മാനദണ്ഡങ്ങളായിരുന്നു അതില്‍ പ്രധാനം.

പഠിതാക്കള്‍ക്ക് 147 മീറ്റര്‍ ഉയരം വേണമെന്നതായിരുന്നു അന്നത്തെ യോഗ്യതകളിലൊന്ന്. 48 കിലോ ഭാരം വേണമെന്നും നിബന്ധനയിലുണ്ടായിരുന്നു. ഇതു രണ്ടും ശരിയായ അളവിലല്ലെങ്കില്‍ നഴ്സിംഗ് പഠനത്തിന് പ്രവേശനം ലഭിക്കില്ല. അതിനു പുറമേ പഠിതാക്കള്‍ വിവാഹിതരായിരിക്കരുത് എന്നും നിയമം നിഷ്‌കര്‍ഷിച്ചു. ഒന്നുകില്‍ അവിവാഹിതയായിരിക്കണം അല്ലെങ്കില്‍ വിധവകളായിരിക്കണം. ഈ യോഗ്യതാ മാനദണ്ഡങ്ങളുടെ കര്‍ശന നടത്തിപ്പിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് തങ്ങളാഗ്രഹിച്ച തൊഴില്‍ മേഖല വേണ്ടെന്നു വെച്ചിട്ടുള്ളത്.

ഇതൊരു നിസ്സാര വിഷയമേ ആയിരുന്നില്ല. ആത്മവിശ്വാസവും അര്‍പ്പണ മനോഭാവവും പഠിക്കാനും ഗ്രഹിക്കാനുമുള്ള കഴിവും മാത്രം അളവുകോലാക്കേണ്ട മേഖലയില്‍ ഇത്തരം മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്ന അല്‍പ്പത്തരം ചൂണ്ടിക്കാട്ടി മുന്നിട്ടിറങ്ങാന്‍ അന്ന് നിരവധിയാളുകള്‍ മുന്നോട്ടു വന്നു. അതില്‍ പ്രധാനിയായിരുന്നു വിന്‍സെന്റ് ഇമ്മാനുവല്‍. കോതമംഗലം സ്വദേശിയായ വിന്‍സെന്റ് ഇമ്മാനുവല്‍ ഭാര്യ ബ്രിജിറ്റ് വിന്‍സെന്റ്, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍, അദ്ദേഹത്തിന്റെ ഭാര്യ ഭാര്യ ലതാ പോള്‍, ഫോമാ പ്രസിഡന്റായിരുന്ന അനിയന്‍ ജോര്‍ജ്, ലീലാ മാരേട്ട്, മറിയാമ്മ പിള്ള, ഫിലാഡല്‍ഫിയയിലെ നഴ്‌സിംഗ് സംഘടനയായ പിയാനോ, ജോര്‍ജ് നടവയല്‍, ബ്രിജിറ്റ് പാറപ്പുറത്ത് തുടങ്ങി പ്രവാസികളായ നിരവധി പ്രമുഖര്‍ തങ്ങളുടെ ജന്മദേശത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനും അവരെ സഹായിക്കാനും തയ്യാറായി മുന്നോട്ടു വന്നു.

അമേരിക്കയില്‍ നിന്നുള്ള മലയാള മാധ്യമങ്ങളും നഴ്‌സിംഗ് സമരത്തിന് പിന്തുണ നല്‍കി. ദീര്‍ഘവര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനായിരുന്നിട്ടും വിന്‍സെന്റ് ഇമ്മാനുവല്‍ ഇന്ത്യയിലെ നഴ്സിംഗ് മേഖല വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അനീതിയെക്കുറിച്ച് സംസാരിക്കാന്‍ മുന്നിട്ടിറങ്ങി. ഈ വിഷയം അദ്ദേഹം പല തവണ അന്നത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ പിന്നീട് നഴ്സിംഗ് അസോസിയേഷന്‍ മുഖേനെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ആ ഹര്‍ജി പരിഗണിക്കപ്പെട്ടു. ഇത്തരം നിയമങ്ങള്‍ ഇപ്പഴും നടപ്പിലാക്കുന്നുണ്ടോ എന്ന അമ്പരപ്പ് പ്രകടിപ്പിച്ച കോടതി നിയമങ്ങള്‍ ഉടന്‍ സുതാര്യമാക്കാന്‍ ഉത്തരവിടുകയായിരുന്നു. അഡ്വ. സുരേഷ് ഉണ്ണിക്കൃഷ്ണനാണ് വിന്‍സെന്റ് ഇമ്മാനുവലിനു വേണ്ടി അന്ന് കോടതിയില്‍ ഹാജരായത്. അന്നത്തെ എംപി പ്രേമചന്ദ്രന്‍ രാജ്യസഭയില്‍ ഈ വിഷയം അവതരിപ്പിക്കുകയും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മറ്റൊരനീതി ബോണ്ട് എന്ന ഊരാക്കുടുക്കായിരുന്നു. ബോണ്ട് എന്ന പേരില്‍ ആശുപത്രി മാനേജ്മെന്റ്ുകള്‍ നടപ്പിലാക്കി വന്നിരുന്നത് അതിഭീകരമായ ചൂഷണമായിരുന്നു. നഴ്സിംഗ് പഠിക്കാന്‍ ചേരുമ്പോള്‍ പഠന ശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത സേവനത്തിന് തയ്യാറാകണമെന്ന വ്യവസ്ഥയാണ് ബോണ്ട്. ഈ കരാറില്‍ ഒപ്പിട്ടാല്‍ മാത്രമേ തുടര്‍ പഠനത്തിന് സാധ്യമാകൂ. എന്നാല്‍ പഠനം കഴിയുമ്പോള്‍ പലയിടത്തും ബോണ്ടിന്റെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയാകും. വളരെ ചെറിയ തുക സ്റ്റൈഫന്റായി ലഭിക്കുന്ന ഈ കാലയളവില്‍ ലോണെടുത്ത് കോഴ്സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്നത് ഭീകരാവസ്ഥയാണ്.

തുക തിരിച്ചടക്കാന്‍ കഴിയാതെ വരുന്നതോടെ പലരും മാനസിക സംഘര്‍ഷത്തിലാകും. ബോണ്ടെഴുതി വാങ്ങുന്ന സമയത്ത് സര്‍ട്ടിഫിക്കറ്റുകളും ആശുപത്രി മാനേജ്മെന്റുകള്‍ വാങ്ങി വെക്കുന്നതോടെയാണ് കുരുക്കിന്റെ കെട്ട് മുറുകുന്നത്. കാലാവധി പൂര്‍ത്തിയാക്കാതെ പോകുകയാണെങ്കില്‍ അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ നല്‍കണമെന്നും വ്യവസ്ഥയിലുണ്ട്. ഇതോടെ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയിലാകും വിദ്യാര്‍ത്ഥികള്‍. ഇത്ര വലിയ തുക കെട്ടി വെക്കാനില്ലാത്തതിനാല്‍ ആര്‍ക്കും ബോണ്ട് പൂര്‍ത്തിയാക്കാതെ പിന്മാറാന്‍ പറ്റില്ല. ഫലമോ അടിമകളെപ്പോലെ പണിയും തുച്ഛമായ പ്രതിഫലവും. ആയിരത്തഞ്ഞൂറോ, രണ്ടായിരമോ രൂപ മാത്രമാണ് ഇവര്‍ക്ക് അന്ന് ലഭിച്ചിരുന്നത്.

രാജ്യ തലസ്ഥാനത്ത് രാജ്യം കണ്ട ഏറ്റവും വലിയ സമരത്തിന് നഴ്സുമാര്‍ ഇറങ്ങിത്തിരിച്ചത് ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടായിരുന്നു. കുറഞ്ഞ ശമ്പളവും ബോണ്ട് വ്യവസ്ഥയും മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റ് വര്‍ക്കും മോശം താമസ സൗകര്യങ്ങളുമെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആഴ്ചകള്‍ നീണ്ട സമരത്തിന് നഴ്സുമാര്‍ അന്ന് തെരുവിലിറങ്ങിയത്. നഴ്സ് വെല്‍ഫയര്‍ അസോസിയേഷനെന്ന സംഘടനയ്ക്ക് കീഴിലാണ് നഴ്സുമാര്‍ അന്ന് അണി നിരന്നത്. രണ്ടായിരത്തിലധികം മലയാളി നഴ്സുമാരാണ് സംഘടനയില്‍ അംഗങ്ങളായുണ്ടായിരുന്നത്. സംഘടനയുടെ രൂപീകരണത്തോടെ അതുവരെ തങ്ങള്‍ അനുഭവിച്ചു വന്ന നീറുന്ന പ്രശ്നങ്ങള്‍ മുഴുവന്‍ നഴ്സുമാര്‍ വിളിച്ചു പറഞ്ഞു. പറയാനൊരു വേദിയില്ലാതെ ഒറ്റപ്പെട്ട ഒരു വിഭാഗത്തെ ഒരുമിച്ചു ചേര്‍ത്തപ്പോള്‍ അത് പലതിന്റേയും തുടക്കമാവുകയായിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് ഉഷാ കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി ലൈലാ പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചപ്പോള്‍ തിരുവനന്തപുരം സ്വദേശി ഷാജി തോമസും ഇടുക്കി സ്വദേശിയായ കെജെ പീറ്ററും സംഘടനയ്ക്ക് വളരാനാവശ്യമായ വെള്ളവും വളവുമായി. പിന്നീട് രാജ്യം കണ്ടത് ഏറ്റവും ശക്തമായ ഒരു സമര മുറയായിരുന്നു. ആയുധം കയ്യിലെടുക്കാതെ ആക്രോശങ്ങളുയര്‍ത്താതെ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ പോരാടി. സഹൃദയരായ മനുഷ്യര്‍ നാനാ ഭാഗത്ത് നിന്നും സഹായ ഹസ്തവുമായി എത്തിയപ്പോള്‍ സമരം ആവേശമായി. നഴ്സുമാര്‍ ആവശ്യപ്പെട്ട ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചുകൊണ്ടാണ് അധികൃതര്‍ ഒത്തു തീര്‍പ്പിനെത്തിയത്. കേന്ദ്ര തലത്തില്‍ നഴ്സുമാര്‍ക്ക് തൊഴില്‍ നിയമം കൊണ്ടു വരിക, മിനിമം ശമ്പള വ്യവസ്ഥ നടപ്പിലാക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക, അധിക ജോലിക്ക് അധിക ശമ്പളം നല്‍കുക, പിഎഫ്, ഗ്രാറ്റിവിറ്റി, പ്രസവാവധി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, നിലവാരമുള്ള താമസ സൗകര്യം തുടങ്ങിയവ അനുവദിക്കുക എന്നിവയായിരുന്നു അന്ന് സംഘടന ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങള്‍.

(തുടരും)

ആഷാ മാത്യു