പ്രേതം (കെട്ടുകഥ-അശോക്‌കുമാർ പെരുവ)

sponsored advertisements

sponsored advertisements

sponsored advertisements

14 April 2022

പ്രേതം (കെട്ടുകഥ-അശോക്‌കുമാർ പെരുവ)

കൂട്ടരേ,
ഇതൊരു കെട്ടുകഥയല്ല. നടന്ന സംഭവമാണ്. പല കാര്യങ്ങൾക്കും കാര്യകാരണങ്ങളോ വിശദീകരണങ്ങളോ തേടുന്നത് നിരർത്ഥകമാണ്. ദൈവം, ചെകുത്താൻ, പുണ്യം,പാപം, ഭാഗ്യം,നിർഭാഗ്യം, ജനനം, മരണം…. ഇവയ്ക്കൊക്കെ എന്ത് യുക്തിയാണുള്ളത്? സംഭവിക്കുന്നു; അത്ര തന്നെ!വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം.
വർഷം കുറേയായി.ഞാൻ ഏഴിലോ എട്ടിലോ പഠിക്കുന്നു. മധ്യവേനലവധിക്കാലമാണ്. എൻ്റേത് ഒരു ഗ്രാമപ്രദേശമായിരുന്നു.ഇന്നും ഏറെക്കുറെ അതെ. നാട്ടിൽ ഒരു കല്യാണമുണ്ടെങ്കിൽ ഇന്നത്തെപ്പോലെ കൺവൻഷൻ സെൻ്ററുകളോ ഇവൻ്റ് മാനേജ്മെൻറ് ഗ്രൂപ്പുകളോ ഒന്നുമില്ല.നാട്ടിലെ സ്ത്രീ പുരുഷന്മാർ ഒരുത്സവം പോലെ ഏറ്റെടുത്ത് ഉത്സാഹക്കമ്മറ്റി രൂപീകരിച്ച് സംഭവം ജോറാക്കും. മുറ്റവും പറമ്പും നന്നാക്കി, തെങ്ങോലകൊണ്ടും ഈന്തിൻ്റെ പട്ട കൊണ്ടും പന്തലുകെട്ടി അലങ്കരിക്കാൻ ഒരു വിഭാഗം ;അച്ചാർ, ഉപ്പേരി, അര, പൊടി എന്നിവ മറ്റൊരു വിഭാഗം – ഇങ്ങനെ രണ്ടു മൂന്നു ദിവസം മുമ്പേ കല്യാണവീട് ഉത്സവപ്രതീതിയിലാകും.പരിചയമില്ലാത്ത ബന്ധുമിത്രാദികൾ, അവരുടെ കുട്ടികൾ… അങ്ങനെ ബഹളമയം.
എൻ്റെ ചെറിയച്ഛൻ്റെ മൂത്ത മകളുടെ കല്യാണമാണ്.കല്യാണത്തലേന്ന് മേൽപ്പറഞ്ഞ ഉത്സാഹത്തിമിർപ്പിലാണ് ഞാനും സമപ്രായക്കാരും. ഇല തുടയ്ക്കൽ, ചെറുകിട സഹായങ്ങൾ ഇവ കഴിഞ്ഞാൽ പിള്ളേരുടെ സെറ്റിന് കിട്ടുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. അത്താഴമുണ്ണാൻ നൂറോളം പേർ അയൽക്കാരും മറ്റുമായുണ്ട്.ഞാൻ, ചെറിയച്ഛൻ്റെ മകൻ, ഒരു കൊച്ചമ്മയുടെ മകൻ, വിരുന്നു വന്ന ഒരു ചെറുക്കൻ, അയൽവീട്ടിലെ ഒരു കുട്ടി-ഇങ്ങനെ ഐവർ സംഘം ഊണുകഴിഞ്ഞ് പെട്രോമാക്സിൻ്റെ ചുറ്റും “പണിയൊന്നുമില്ലാതെ” വെടിപറഞ്ഞിരുന്നു.മുതിർന്ന ആൾക്കാർ ചീട്ടുകളിക്കാൻ വട്ടം കൂട്ടുന്നു.പുരയ്ക്കകത്ത് കല്യാണപ്പെണ്ണുൾപ്പെടെ സ്ത്രീകളുടെ ബഹളം.നാളെ പുലർന്നാൽ കല്യാണ ദിനമാണല്ലോ!
അപ്പോൾ കൊച്ചമ്മയുടെ മകൻ ഞങ്ങളെ മെല്ലെ വീടിൻ്റെ തെക്കേമുറ്റത്തേക്കു ക്ഷണിച്ചു. എന്തോ കുരുത്തക്കേടു മണത്ത ഞങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ തെക്കുപുറത്തെ ഇരുട്ടിലേക്കു നീങ്ങി. അല്പം മുതിർന്ന അവൻ്റെ പിന്നാലെ ഞങ്ങൾ ഇരുട്ടിലൂടെ നടന്നു. കപ്പക്കൃഷി കഴിഞ്ഞ് ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽ നിലാവ് പരന്നൊഴുകുന്നു.സാധാരണ ഇരുട്ടിൽ ഒറ്റക്ക് പുറത്തിറങ്ങാൻ അത്ര ധൈര്യമുള്ളവരല്ല ആരും.പക്ഷേ, കല്യാണ വീട്, സമപ്രായക്കാരുടെ സംഘം, മുതിർന്നവരുടെ നിയന്ത്രണമൊന്നുമില്ലാതെ വീണുകിട്ടിയ സ്വാതന്ത്ര്യം – ഞങ്ങൾക്ക് വല്ലാത്തൊരു സംഘബോധം ഫീൽ ചെയ്തു.കുറച്ചു മാറിയുള്ള അയൽവീടുകളിലൊക്കെ മണ്ണെണ്ണ വിളക്കുകളണഞ്ഞു കഴിഞ്ഞു.
എവിടെപ്പോകുന്നു, എന്തിന് എന്നൊന്നുമറിയില്ല. വീട്ടിൽ നിന്ന് ഏകദേശം ഇരുനൂറു മീറ്റർ ദൂരെ ഒരു വട്ടപ്പാറയുണ്ട്. അവിടെയെത്തി ഞങ്ങൾ നിന്നു. കല്യാണ വീട്ടിലെ നേർത്ത ശബ്ദങ്ങളും, പെട്രോമാക്സിൻ്റെ പനിച്ച വെളിച്ചവുമുണ്ട്. ആകാശത്ത് പ്രതാപിയായ ചന്ദ്രൻ. ഞങ്ങൾ പാറപ്പുറത്തിരുന്നു കഴിഞ്ഞപ്പോൾ കൊച്ചമ്മയുടെ മകൻ മുണ്ടിൻ്റെ എളിയിൽ നിന്ന് ഒരു കുപ്പി പുറത്തെടുത്തു…..
കാര്യം പിടികിട്ടിയത് അപ്പൊഴാണ്. എല്ലാവർക്കും ഉന്മേഷവും പേടിയും ഒരുമിച്ചുണ്ടായി.വാറ്റുചാരായമാണ് സംഗതി! പിള്ളേർക്കുള്ള സാധനമല്ല. ആരെങ്കിലുമറിഞ്ഞാൽ!
എന്നെ വിറയ്ക്കാൻ തുടങ്ങി.മറ്റുള്ളവരുടെയും സ്ഥിതി ഏറെക്കുറെ അതു തന്നെ.പക്ഷേ, ഭീരുവാകാൻ പാടില്ലല്ലോ!…
മടിച്ചു മടിച്ചാണ് ഒന്നുമൊത്തിയത്. ഹൊ!.. തൊണ്ടയും നെഞ്ചും ആന്തിപ്പോയി! കണ്ണിലൂടെയുംമൂക്കിലൂടെയും പുകവരുന്നതു പോലെ!
എനിക്കു മതി…
എനിക്കും….
ഓരോരുത്തരായി സുല്ലു പറഞ്ഞപ്പോൾ അവൻ പറഞ്ഞു: ഇത് തിരിച്ചു കൊണ്ടു പോകാൻ പറ്റില്ല. അടിച്ചു മാറ്റീതാണ്. നിന്നെയൊക്കെ എന്തിനു കൊള്ളാമെടാ?….
അവൻ ഇടയ്ക്കിടെ മുൻപരിചയമുള്ള പോലെ ചാരായം വായിലൊഴിച്ച് ഒരു ബീഡി കൊളുത്തി.ഓരോ ദിനേശ് ഞങ്ങൾക്കും നീട്ടി.ഇത് വേണങ്കിൽ നോക്കാം. ആദ്യായിട്ടാണ്. എന്നാലും എല്ലാവരും ഓരോ പുകവിട്ട് ഉഷാറായി.
അപ്പോൾ ഞങ്ങടെ ”നേതാവ് ” പറഞ്ഞു തുടങ്ങി.അനുഭവകഥകൾ.എല്ലാം പക്ഷേ, പ്രേതത്തിൻ്റെ !
ചെറിയൊരു ‘കിക്ക്’തോന്നിത്തുടങ്ങിയിരുന്നു. ഈ ഭൂതോം പ്രേതോമൊക്കെ ശുദ്ധ തട്ടിപ്പാണ്.ഞാനിതുവരെ കണ്ടിട്ടില്ല! – എൻ്റെ ധൈര്യം ഞാൻ പ്രകടിപ്പിച്ചു.
എന്നാലും, കഥകൾ ചിലപ്പോൾ തന്മയത്വത്തോടെ പറയുന്നതുകൊണ്ടാകും, സത്യം പോലെ തോന്നും. അവനാണെങ്കിൽ പറയാൻ നല്ല വിരുതാണ്. അകന്നും വിട്ടുമിരുന്നവരെല്ലാം മെല്ലെമെല്ലെ അടുത്തടുത്തിരിക്കുകയും, ചുറ്റും പുറവുമുള്ള ഇരുട്ടിലേക്ക് തുറിച്ചു നോക്കുകയും ചെയ്തു തുടങ്ങി.അരിച്ചിറങ്ങുന്നതണുപ്പിനോടൊത്ത് ഭയം ഞങ്ങളെ പൊതിയുന്നത് പരസ്പരമറിഞ്ഞു. കല്യാണപ്പന്തലിലെ വെളിച്ചം വളരെ നേർത്തു.വീട്ടിൽ പോയാലോ എന്നാലോചിച്ചെങ്കിലും, ഒറ്റയ്ക്കു പോകാൻ ഒട്ടും ധൈര്യമില്ലാതായി.
കുപ്പി കുറ്റിക്കാട്ടിലേക്കെറിഞ്ഞ് പാറപ്പുറത്ത് മലർന്നു കിടന്ന്, നിലാവിൽ തിളങ്ങുന്ന ആകാശം നോക്കി അവൻ പറച്ചിൽ തുടർന്നു.ഒരിക്കൽ ഒരു രാത്രി അവരുടെ വീടിനടുത്തുള്ള പാടത്തെ പെരുംകുളത്തിൽ വലയിടാൻ അവനും അച്ഛനും കൂടി പോയി. മീൻപിടുത്തം നിരോധിച്ചിട്ടുള്ള ഒരു സ്വകാര്യ കുളമാണ്. ധാരാളം മുഴിയും വരാലുമുണ്ട്. രാത്രി മീൻ മോഷണമാണു ലക്ഷ്യം. അച്ഛൻ മുന്നേ പോയി അരച്ചുവച്ച വട്ടോലത്തുങ്കുരു കുളത്തിലിടും.പത്തു മിനിറ്റു കഴിഞ്ഞ് അവൻ വീശുവലയും കൊണ്ടു ചെന്നാൽ മതി. അങ്ങനെ അച്ഛൻ മുന്നേ പോയി.പത്തു മിനിറ്റുകഴിഞ്ഞ് അവൻ ചെന്നു.
വീട്ടിൽ നിന്ന് ഒന്നൊന്നര മൈൽ ദൂരെ പാടത്താണ് കുളം. നിലാവുണ്ട്. തോളിൽ വീശു വലയും കയ്യിൽ മീൻ കൊണ്ടുവരാനുള്ള കൂടയും. നിലാവത്ത് വരമ്പിലൂടെ നടന്നപ്പോൾ അകാരണമായ ഭയം. പേടിക്കേണ്ട; അച്ഛനവിടെയുണ്ടല്ലോ!
കുളത്തുങ്കരയിൽ അച്ഛനിരിപ്പുണ്ട്.കുരു കലക്കിയിട്ട് തന്നെക്കാത്തിരിപ്പാണ്. അവനടുത്തു ചെന്നു. അച്ഛൻ മിണ്ടുന്നില്ല.
“അച്ഛാ “…
വിളി കേട്ടതും, കാളയുടെ മുഖമുള്ള ഒരു മനുഷ്യരൂപം പിടഞ്ഞെഴുന്നേറ്റു!വലകണ്ടതും വെള്ളത്തിലേക്ക് ഒറ്റച്ചാട്ടം!
” അയ്യോ!…” വലയും കൂടയുമെറിഞ്ഞ് തിരിഞ്ഞൊരോട്ടമായിരുന്നു! പാതി വഴിയെത്തിയപ്പോൾ അതാ വരുന്നു ഒരിരുണ്ട രൂപം! തളർന്നു പോയി! അടുത്തെത്തിയപ്പോൾ അച്ഛൻ.!…
” എന്താടാ ?”
നടന്ന സംഭവം വിറയലോടെ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു: “മതി. ഇന്നിനി പോകണ്ട.”
പിറ്റേന്നു പകൽ ഭയത്തോടെ അച്ഛൻ പറഞ്ഞു: “ഇറങ്ങിക്കഴിഞ്ഞാണോർത്തത് ,വട്ടോലത്തുങ്കുരു അരച്ചത് തെക്കേപ്പറമ്പിലെ കിണറ്റുങ്കരയിലായിരുന്നെന്ന്. അതെടുത്തു വരുമ്പോഴേക്കും നീ മുന്നേ പോയി… ”
പിന്നെ ഭയന്ന കണ്ണുകളോടെ അച്ഛൻ പറഞ്ഞു: ”പണ്ടൊരു ജന്മി തൻ്റെ കാളപൂട്ടുകാരൻ പുലയനെ നുകം കൊണ്ടടിച്ചു കൊന്ന് പെരുംകുളത്തിൽ കെട്ടിത്താഴ്ത്തി. വെള്ളിയാഴ്ചയും പൂർണ്ണചന്ദ്രനുമുള്ള രാത്രികളിൽ അവനെ പലരും കണ്ട് പേടിച്ചിട്ടുണ്ടത്രേ!… അടുത്ത കാലത്തൊന്നുമല്ല.ഇന്ന് വെളുത്ത വാവും വെള്ളിയാഴ്ചയുമൊത്തുവന്ന ദിവസമാണെന്നോർത്തുമില്ല….. ”

ഒരു മാസം അവൻ പനിച്ചുകിടന്നുപോലും !
-അവൻ്റെ അനുഭവകഥ കേട്ട് ഞങ്ങൾ തരിച്ചിരുന്നു….

“ആരാടാ പിള്ളേരേ അവടെ? ങേ? ”
ചോദ്യം കേട്ട് ഞങ്ങൾ ഞെട്ടി.
“ഞങ്ങൾ വെറുതെ വർത്താനം പറഞ്ഞ്… ”
കല്യാണവീട്ടിൽ നിന്നു വന്ന ഏതോ ബന്ധുവാണ്. പടു കിഴവൻ.ഇരുട്ടിൽ ആളെ മനസ്സിലായില്ല. എന്തായാലും ആശ്വാസം! ഒരു മുതിർന്നയാളെത്തിയല്ലോ!
” എന്നാൽ പോര്…മഞ്ഞു കൊള്ളണ്ട “….

” ഞാൻ പോരാം…!”
എത്രയും വേഗംരക്ഷപ്പെട്ട് വീട്ടിലെത്താൻ ഞാൻ ധൃതികൂട്ടി. അവരാരും പോന്നുമില്ല. ഞങ്ങൾ പെട്രോമാക്സിൻ്റെ വെളിച്ചം പൊഴിയുന്ന കല്യാണപ്പന്തൽ ലക്ഷ്യമാക്കി മുന്നിലും പിന്നിലുമായിനടന്നു.
പാതിവഴിയെത്തി വല്യപ്പൻ തിരിഞ്ഞു നിന്നു. ഇരുട്ടിൽ മുഖം കാണാനില്ല.
“നീയേതാ?”
ഞാൻ കുറച്ചപ്പുറത്തുള്ള വീട്ടിലെ ഇന്നയാളുടെ മകനാണെന്നും, കല്യാണവീടുമായുള്ള ബന്ധവും പറഞ്ഞു.
“ഓഹോ…. ഞാൻ പോകുമ്പോ നീ ജനിച്ചിട്ടില്ല. അതാ അറിയാഞ്ഞെ”….
“എവിടെപ്പോകുമ്പോ?”
“ദാ, ആ കാണുന്ന തെങ്ങുകണ്ടോ? എൻ്റെ ചുടലക്ക് തലയ്ക്കൽവച്ച തെങ്ങാ…കായ്ച്ചു തുടങ്ങി. ”
“ങേ?!!”…..
ഞാൻ ബോധരഹിതനായി വീണതും, രാവിലെ പറമ്പിൽ കിടന്ന എന്നെ ആരൊക്കെയോ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചതും മറ്റുള്ളവർ പറഞ്ഞു കേട്ടാണ് അറിയുന്നത്.
വർഷങ്ങൾക്കു മുമ്പു മരിച്ചു പോയ ഒരു വല്ലിച്ഛനായിരുന്നു അതെന്ന് ആ തെങ്ങു നോക്കി പിന്നീട് ആരോ പറഞ്ഞറിഞ്ഞു….
കൂട്ടരേ, ഭൂതപ്രേത പിശാചുക്കളെയൊന്നും എനിക്കു വിശ്വാസമില്ല.

അശോക്‌കുമാർ പെരുവ