മനമോടുടലും പകരാതക-
ത്തുറയുന്ന കനച്ച തളർച്ചകൾ
ഉരിയാടിയിരുട്ടിലൊടുങ്ങവേ
എരിയുംമിഴി വിങ്ങിവിറച്ചുവോ..!
മൊഴി പായിനകത്തു തെറുത്തു കൊ-
ണ്ടിരുകൈവിരലാൽ മുടി കോതിയും
അവളേറ്റുവരുന്നു തലേന്നു തീ-
ക്കനൽവെന്തൊരു ചാരമെടുക്കുവാൻ.
ചെറുപാളി തുറന്നൊരടുക്കള
പുതുവായുകുടിച്ചു നിവർന്നിടേ
ഇരുൾമുറ്റമടിച്ചു തിളക്കുവാൻ
കിളിയൊച്ചകളെത്തി പതുക്കനെ.
കനവിൻ നനകൊള്ളിയെടുത്തവൾ
പൊരിനെഞ്ചിലടുപ്പു കൊളുത്തവേ
പുകയുന്ന’കരിക്കല’ പോലുടൽ
കുടയും മുഴുപട്ടിണിയേറ്റുവോ..?
കിണർകോരിയെടുത്തൊരു സൂര്യനെ
കഴുകീട്ടു പതിച്ചു കിഴക്കിനെ
തിരിവെച്ചു തെളിച്ചു വെളുപ്പിനെ
മലമേലെയുരുക്കിയെടുത്തവൾ.
തിളവെന്ത മനസ്സിലൊരിത്തിരി-
പ്പൊടിയിട്ടുകലക്കിയ ചൂടുമായ്
പതി മൂരിനിവർത്തിയെണീക്കവേ
അതിവേഗമടുത്തു കിതച്ചവൾ.
കരയുന്ന കിടാവിനു ചപ്പിയ
മുലഞെട്ടുകൊടു,ത്തതിവിഭ്രമം
നുരയും മിഴിനട്ടു ചിലച്ചിടും
സമയത്തെ ശപിച്ചു വെറുത്തവൾ.
ഒരു രാത്രി ചുമന്നമടുപ്പുകൾ
കുളിനീരിലൊതുക്കി നനഞ്ഞവൾ
മുടിതോർത്തവെയശ്രു പുറംവഴി
ഉടയാട കുതിർത്തതറിഞ്ഞുവോ.
പണിയൊക്കെയൊതുക്കി പതിക്കു ത-
ന്നരുമയ്ക്കുമെടുത്തു പകർന്നവൾ
പണിശാലയിലേയ്ക്കു തിടുക്കമായ്
പകലുന്തി മടുത്തു മടങ്ങുവാൻ.
(വൃത്തം: ഉപചിത്ര)
പാപ്പച്ചൻ കടമക്കുടി