എഴുത്തമ്മ, നൃത്തവർഷണി, ഡിപ്ലോമാറ്റ് അവാർഡുകൾ സമ്മാനിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

4 April 2022

എഴുത്തമ്മ, നൃത്തവർഷണി, ഡിപ്ലോമാറ്റ് അവാർഡുകൾ സമ്മാനിച്ചു

പി. ഡി. ജോർജ് നടവയൽ

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിലിൻ്റെ എഴുത്തമ്മ അവാർഡ്, പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്ക്കലിനും; നൃത്തവർഷണി അവാർഡ്, പുകളറിഞ്ഞ നർത്തകി നിമ്മീ റോസ് ദാസ്സിനും; റൈസിങ്ങ് ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡ്, ബാലാവകാശ യൂ എൻ സ്പീച് ഫെയിം എമിലിൻ റോസ് തോമസ്സിനും സമ്മാനിച്ചു. “ബ്രോഡ് സ്ട്രീറ്റിൻ്റെ മദർ തെരേസ” എന്ന് ഫിലഡൽഫിയ എങ്ക്വയറർ പത്രം വിശേഷിപ്പിച്ച, ഡോക്ടർ സിസ്റ്റർ റോസ്ലിൻ എടത്തിൽ അവാർഡ് സമർപ്പണം നിർവഹിച്ചു. പ്രൊഫ. കോശി തലയ്ക്കൽ, ഫാ. എം.കെ കുര്യാക്കോസ്, ഫാ. കുര്യാക്കോസ് കുംബക്കീൽ, ഡോ. ടോം പന്നലക്കുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. അവാർഡ് ജൂറിയുടെ പ്രശംസാ പത്രങ്ങൾ ഡ്ബ്ള്യൂ എം സി അമേരിക്കാ റീജിയണൽ പ്രസിഡൻ്റ് സുധീർ നമ്പ്യാരും സെക്രട്ടറി പിൻ്റോ കണ്ണമ്പിള്ളിയും അവതരിപ്പിച്ചു. റൈസിങ്ങ് ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡണിഞ്ഞ ബാലാവകാശ യൂ എൻ സ്പീച് ഫെയിം എമിലിൻ റോസ് തോമസ്സിനെക്കുറിച്ച്, മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ വിൻസൻ്റ് ഇമ്മാനുവേലും, നൃത്തവർഷണി അവാർഡ് നേടിയ നിമ്മീ റോസ് ദാ സ്സിൻ്റെ കലാ -ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച്, യൂണിവേഴ്സിറ്റി ഡാൻസ് ഫാക്കൽറ്റി നൃത്താദ്ധ്യാപികയായ ഗുരു വിജി റാവുവും, എഴുത്തമ്മ അവാർഡ് ജേതാവായ നീനാ പനയ്ക്കലിൻ്റെ സാഹിത്യ സേവനങ്ങളെക്കുറിച്ച്, സാഹിത്യപ്രവർത്തകനായ ജോസ് നൈനാനും, കീർത്തി പത്രങ്ങൾ വായിച്ചു. ഡ്ബ്ള്യൂ എം സി പെൻസിൽവേനിയാ ചെയർമാൻ ജോസ് ആറ്റുപുറം അദ്ധ്യക്ഷനായി. പ്രസിഡൻ്റ് ജോർജ് നടവയൽ സ്വാഗതവും സെക്രട്ടറി ഷൈലാ രാജൻ നന്ദിയും പ്രകാശിപ്പിച്ചു. ട്രഷറാർ നൈനാൻ മത്തായി, പ്രോഗ്രാം കോർഡിനേറ്റർ തോമസ് കുട്ടി വർഗീസ്, ,ലൈസമ്മ ബെന്നി, ബെന്നി മാത്യു, ജെയിംസ് കിഴക്കേടത്ത്, തങ്കച്ചൻ സാമുവേൽ, തോമസ് ഡാനിയേൽ, ജോസഫ് തോമസ്, റോയ് ചാക്കോ, എബ്രാഹം കെ വർഗീസ് എന്നിവർ സമ്മേളനം ക്രമീകരിച്ചു.
“നീനയുടെനോവലുകളിലൂടെ വെളിപ്പെട്ട “സത്യം” എന്ന അന്വേഷണത്തിനായി,
നീനാ പനയ്ക്കലിന് അവാർഡ്”, എന്നാണ് ജഡ്ജിങ്ങ് കമ്മിറ്റി പ്രസ്താവിച്ചത്.

“ചാരുതയാർന്ന നൃത്ത നാടകീയ ആവിഷ്കാര ഘടകങ്ങളും, വിശിഷ്ടമായ നൃത്ത അറിവും, കരകൗശലവും, ഐതിഹ്യാവതരണ പടുത്വവും, ലളിത കലാ നൈപുണ്യവും, ഡിസൈനും, നവരസഭാവപ്രകടന ലാവണ്യവും, സേവന ജീവിത പ്രവർത്തികളും, കണ്ടില്ലെന്നു നടിയ്ക്കാനാവാത്തതിനാൽ നിമ്മിക്ക് അവാർഡ്” എന്നാണ് അവാർഡ് നിർണ്ണയ സമിതി കുറിച്ചത്.
“ഹൈസ്കൂൾ വിദ്യാർത്ഥിനിയായിരിക്കെത്തന്നെ, 2021, സെപ്‌റ്റംബർ 17-ലെ, യുഎൻ പ്രസംഗത്തിൽ, എയ്‌മിലിൻ പ്രകടിപ്പിച്ച വലിയ അനുകമ്പയ്ക്കും ആത്മവിശ്വാസത്തിനും ആശയവിനിമയ കഴിവുകൾക്കും നമുക്കിത്രത്തോളമെങ്കിലും ആദരിക്കാനായില്ലെങ്കിൽ അത് അക്ഷന്തവ്യമായ ഉദാസ്സീനതയാകും” എന്നാണ് ജഡ്ജിങ്ങ് കമ്മിറ്റി എയ്‌മിലിനെ അവാർഡ് ജേതാവായി പ്രഖ്യാപിക്കാൻ കാരണമായി രേഖപ്പെടുത്തിയത്.
1-നീനാ പനയ്ക്കൽ :
നിർവ്യാജമായ മാനുഷിക ഭാവങ്ങളുടെ ആവിഷ്ക്കാരം അകൃത്രിമത്വത്തിൻ്റെ പരിവേഷത്താൽ ഉദ്ദീപ്തവും അനുവാചക ലോകത്തിനു തികച്ചും ആകർഷകവും ഹൃദയ സ്പർശിയും സാർവത്രിക ധ്വനി കൈവരിക്കാൻ യോഗ്യവുമാം വിധം കഥകളിൽ നിറയ്ക്കുന്ന കഥാകാരിയാണ് നീനാ പനയ്ക്കൽ. 1995ൽ വേൾഡ് മലയാളി കൗൻസിലിൻ്റെ അവാർഡ് നീനയുടെ ചെറുകഥകൾക്ക് ലഭിച്ചിട്ടുണ്ട്. ഫിലഡൽഫിയ, ന്യൂയോർക്ക്, ടെക്സസ് എന്നിവിടങ്ങളിലെ വിവിധ സംഘടനകളുടെയും ഫൊക്കാനായുടെയും ഫോമായുടെയും പുരസ്കാരങ്ങൾ നീനയെ ആദരിച്ചതാണ്.
തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നു ബിരുദം. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി നോക്കിയിരുന്നു. 1981 മെയ് മാസത്തിൽ അമേരിക്കയിൽ കുടിയേറി. ചിൽഡ്റൻസ് ഹോസ്പിറ്റൽ ഓഫ് ഫിലഡൽഫിയയിലെ റിസേർച്ച് വിഭാഗത്തിൽ സീനിയർ റിസേർച്ച് ഓഫ്ഫീസറായി ജോലി ചെയ്തിരുന്നു.കോളേജിൽ പഠിക്കുമ്പോഴേ കഥകളെഴുതിയിരുന്നു. അനേകം മലയാള പ്രസിദ്ധീകരണങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ആദ്യത്തെ നോവലായ “സ്വപ്നാടനം”, “സമ്മർ ഇൻ അമേരിക്ക” എന്ന പേരിൽ കൈരളി ടിവി സീരിയലാക്കി പ്രക്ഷേപണം ചെയ്തു. മല്ലിക (നോവൽ), ഇലത്തുമ്പിലെ തുഷാരബിന്ധുവായി (നോവൽ), സന്മനസ്സുള്ളവർക്ക് സമാധാനം (ചെറുകഥാ സമാഹാരം), ഒരു വിഷാദ ഗാനം പോലെ (ചെറുകഥാ സമാഹാരം), മഴയുടെ സംഗീതം (ചെറുകഥാ സമാഹാരം), നിറമിഴികൾ നീല മിഴികൾ (നോവൽ), വജ്രം ( ചെറുകഥാ സമാഹാരം), കളേഴ്സ് ഓഫ് ലവ് ( നോവൽ), എന്നിവ ശ്രദ്ധേയങ്ങളായ കൃതികൾ.നീനയുടെ നോവെല്ലകൾ എന്ന കൃതിയും മൈ ചൈൽഡ് ഈസ് ബാക്ക് എന്ന നോവലിൻ്റെ പരിഭാഷയും പണിപ്പുരയിൽ. ഭർത്താവ്: ജേക്കബ് പനയ്ക്കൽ, മക്കൾ: അബു, ജിജി, സീന . നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിൽ താമസം.
2-നിമ്മി റോസ് ദാസ്:
30 വർഷമായി ഫിലാഡൽഫിയയിൽ ഭരതം ഡാൻസ് അക്കാദമി നടത്തുന്നു, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, മലയാളം, ഹിന്ദി ഭാഷകൾ, ഗാനങ്ങളും സംഗീതവും, യോഗയും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. വർഷം തോറും ഡാൻസ് പ്രോഗ്രാമുകളിലൂടെ ചാരിറ്റി ഫണ്ട് റൈസിംഗ് നടത്തി ക്യാൻസർ രോഗിക ളുടെചികിത്സയ്ക്ക് പണം നൽകി സഹായിക്കുന്നു. പ്രശസ്തമായ നൃത്തപരിപാടികൾ അവതരിപ്പിക്കുന്നു. ന്യൂയോർക്കിലെ കാണഗീ ഹാളിൽ ശാകുന്തളത്തെ അടിസ്ഥാനമാക്കിയുള്ള മോഹിനിയാട്ടം ഡാൻസ് എപ്പിസോഡ് അവതരിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നൂ. നഴ്‌സ് ലീഡറായും അദ്ധ്യാപികയായും നേഴ്സ് അഡ്‌മിനിസ്ട്റേറ്ററായും പ്രവർത്തിക്കുന്നു. നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ ഡോക്ടറൽ പഠനം നടത്തുന്നു.നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം, ഒക്യുപേഷണൽ തെറാപ്പിയിൽ ബിഎസ്, സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം (എറണാകുളം മഹാരാജാസ് കോളേജിൽ പഠനം), എടകൊച്ചി അക്വിനാസ് കോളേജിൽ ലിബറൽ ആർട്‌സ് പഠിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണും ഇടകൊച്ചി അക്വിനാസ് കോളേജിലെ ആർട്സ് ക്ലബ് ചെയർപേഴ്സണുമായിരുന്നു.


3-എയ്‌മിലിൻ റോസ് തോമസ്:
യൂ എന്നിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ പ്രസംഗം മുഴക്കി അമേരിക്കൻ മലയാളി വിദ്യാർത്ഥി നിരയിൽ നിന്ന് ഡിപ്ളോമാറ്റുകളുടെ ശ്രദ്ധ നേടിയ ഉദയതാരമാണ് എയ്‌മിലിൻ റോസ് തോമസ്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാക്കമ്മിറ്റി സംഘടിപ്പിച്ച ചർച്ചായോഗത്തിൽ എമിലിൻ റോസ് തോമസാണ് നൂതന വീക്ഷണങ്ങളുടെ സാധ്യതാ ചക്രവാളങ്ങൾ വാഗ്‌മയമായി ജീവൻ ചാലിച്ച് എഴുതി ചേർത്തത്. സമ്മേളനത്തിലെ ആമുഖ പ്രഭാഷണം നിർവഹിച്ചത് ഹൈസ്കൂൾ വിദ്യാർഥിനയായ എയ്‌മിലിനായിരുന്നു.
യൂ എന്നിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച, മലയാളി വിദ്യാർത്ഥിനി എയ്‌മിലിൻ തോമസ്സിനെ പെൻസിൽ വേനിയാ ഗവർണ്ണർ ടോം വൂൾഫ്, ഹാരിസ് ബർഗിലെ കാപ്പിറ്റോൾ ഗവർണ്ണേഴ്സ് ഓഫീസ്സിൽ ആദരിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെയും, യൂ എന്നിലെ അണ്ടർ സെക്രട്ടറി ജനറലായും ഇന്ത്യയിൽ നിന്നുള്ള എക്കാലത്തെയും മികച്ച ലോകോത്തര വഗ്‌മിയായും പർലിമെൻ്റേറിയനായും പ്രശസ്തനായ ഡോ. ശശി തരൂർ ഉൾപ്പെടെയുള്ള വിശ്വപൗരന്മാരുടെയും പ്രശംസകൾക്ക് പാത്രീഭൂതയായ വിദ്യാർഥിനി എന്ന നിലയിൽ എമിലിൻ റോസ് തോമസ് ആഗോള മലയാള യുവത്വത്തിൻ്റെ ഉദയസൂര്യ പ്രഭാ പ്രതീകമാണ്.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ എമിലിനു നൽകിയ പ്രശംസാ പത്രത്തിൽ വ്യക്തമാക്കിയത് ഇപ്രകാരമാണ്: “യൂ എൻ പ്രസംഗത്തിൻ്റെ ഭാഗമായി എയ്‌മിലിൻ പങ്കുവെച്ച സ്വകാര്യ കഥ വളരെ ആഴത്തിൽ സ്പർശിച്ചു. സഹോദരൻ ഇമ്മാനുവേലിനെ എയ്‌മിലിൻ സ്നേഹിക്കുകയും വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി, എന്റെ അമ്മ പണ്ടേ എന്നെ പഠിപ്പിച്ച ഒരു പാഠം എന്നെ ഓർമ്മിപ്പിക്കുന്നു: നിങ്ങളുടെ സഹോദരങ്ങളെക്കാൾ അടുപ്പമുള്ള മറ്റാരുമില്ല, നിങ്ങൾക്ക് പരസ്പരം വിശ്വസിക്കാൻ കഴിയണം.”
“പ്രിയങ്കരങ്ങളായ സാമൂഹ്യാനുഭവങ്ങളുടെ ഓർമ്മകൾ സമ്മാനിച്ച ദക്ഷിണേന്ത്യയോട് ഗവർണ്ണർ വൂൾഫിന് ആ നിലയിൽ ഹൃദയാടുപ്പമുണ്ടെന്നതും; എൻ്റെ, തായ് വേരുകളുടെ ജന്മനാട് ദക്ഷിണേന്ത്യയാണ് എന്ന പ്രിയം എനിക്ക് തീവ്രമായുണ്ടെന്നതും ഗവർണ്ണറുമായുള്ള കൂടിക്കാഴ്ച്ചയെ അസുലഭമൂല്യമുള്ളതാക്കി” യെന്നാണ് പെൻസിൽവേനിയാ ഗവർണ്ണറുടെ ഓഫീസ്സിലെ സ്വീകരണത്തെക്കുറിച്ച് എയ്‌മിലിൻ പറഞ്ഞത്.
കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം, മഴക്കാലത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങൾ, പ്രത്യേക പരിചരണം ആവശ്യമുള്ള സഹോദരനെ പരിചരിക്കുന്ന അനുഭവങ്ങളിൽ നിന്നും ഉടലെടുത്ത ആതുരശുശ്രൂഷാ പ്രൊഫഷനോടുള്ള താത്പര്യങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനുള്ള നൂതനപദ്ധതികൾ കണ്ടെത്തി അവയുടെ വക്താവായി പ്രവർത്തിക്കാനുള്ള പദ്ധതിരേഖകൾ എന്നിങ്ങനെയുള്ള കാലിക പ്രസക്ത കാര്യങ്ങൾ എയ്‌മിലിനോട് ഗവർണ്ണർ ടോം വൂൾഫ് ചോദിച്ചു. എയ്‌മിലിൻ്റെ മറുപടി ശ്രദ്ധിച്ച് അദ്ദേഹം ആഹ്ളാദം അറിയിച്ചു.
പാലാ (അവിമൂട്ടിൽ വീട്) സ്വദേശിയായ ജോസ് തോമസിന്റെയും മൂലമറ്റം (കുന്നക്കാട്ട് വീട്) സ്വദേശിയായ മെർലിൻ അഗസ്റ്റിന്റെയും മകളാണ് എയ്‌മിലിൻ. സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിത അധ്യാപകനായി ജോസ് തോമസ് ജോലി ചെയ്യുന്നു. ഫാർമ മേജർ ഫൈസർ ഇൻകോർപ്പറേഷനിൽ ഗ്ലോബൽ കംപ്ലയിൻസ് അസോസിയേറ്റ് ഡയറക്ടറാണ് മെർലിൻ അഗസ്റ്റിൻ.