യോഗിയുടെ എതിരാളിയാകാന്‍ ചന്ദ്രശേഖര്‍ ആസാദ്

sponsored advertisements

sponsored advertisements

sponsored advertisements

20 January 2022

യോഗിയുടെ എതിരാളിയാകാന്‍ ചന്ദ്രശേഖര്‍ ആസാദ്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിടാന്‍ പോകുന്ന ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ഗൊരഖ്പൂരില്‍ യോഗിയുടെ എതിരാളി.

യോഗി ആദിത്യനാഥ് ആദ്യമായാണ് ഗൊരഖ്പൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തുടര്‍ച്ചയായി യോഗി ലോക്‌സഭയിലെത്തിയത് ഗൊരഖ്പൂരില്‍ നിന്നാണ്. ഇത്തവണ നിയമസഭയിലേക്ക് യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്നോ മഥുരയില്‍ നിന്നോ മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ സുരക്ഷിത മണ്ഡലമായ ഗൊരഖ്പൂര്‍ തന്നെ യോഗി തെരഞ്ഞെടുത്തു.

34കാരനായ ചന്ദ്രശേഖര്‍ ആസാദും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദലിത് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ താന്‍ പിന്മാറുകയാണെന്നും എസ്പിബിഎസ്പി സഖ്യത്തെ പിന്തുണക്കുമെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കുകയായിരുന്നു. യോഗി ആദിത്യനാഥ് അടുത്ത നിയമസഭയിലുണ്ടാവരുതെന്നും ആ ലക്ഷ്യത്തോടെയാണ് താന്‍ മത്സരിക്കുന്നതെന്നും ആസാദ് വ്യക്തമാക്കി.

1989 മുതല്‍ ബി.ജെ.പി സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണ് ഗൊരഖ്പൂര്‍. 2017ല്‍ 60,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി രാധാമോഹന്‍ ദാസ് അഗര്‍വാള്‍ ഇവിടെ ജയിച്ചത്. ബി.ജെ.പിയുടെ സുരക്ഷിത മണ്ഡലമെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ മാറ്റമുണ്ടാക്കാന്‍ ആസാദിനു കഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ സമാജ്‌വാദി പാര്‍ട്ടിയുമായി ആസാദ് സഖ്യ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സമവായത്തില്‍ എത്തിയില്ല.