വനിതാദിന രചനകൾ
ബി.ഹരികുമാർ
എന്നും കയറിവരുമ്പോൾ ഉമ്മറത്ത്
കത്തുന്നത് നിലവിളക്കല്ല,
സംശയത്തിൻ്റെ പടുതിരികളാണ്.
അതൊരിയ്ക്കലും കെടാതങ്ങനെ
നീറിക്കത്തും.
ഒന്നല്ല, ഒരുപാടെണ്ണം.
തുറിച്ചുനോക്കുന്ന തീജ്വാലയിൽ
എപ്പോൾ വേണമെങ്കിലും
കരിഞ്ഞുപോകാവുന്ന
ഈയാംപാറ്റയാണ് ഞാൻ.
ഇറങ്ങി നടക്കുമ്പോഴാകട്ടെ
അടക്കം പറയുന്ന കണ്ണുകളുടെ
കമ്പിവേലികളിൽകുടുങ്ങി
ഉടുതുണിയൂർന്ന്
ചൂളിച്ചുരുങ്ങി വക്കും വാക്കുമുടഞ്ഞ
ഒരു പാഴ്പ്രതിമ ഞാൻ!
ഇരുൾ വീണാൽപ്പിന്നെ
ഞാനൊരു പെണ്ണെലി!
മുറുകിയ സ്പ്രിങ്ങുകളോടെ
എലിപ്പത്തായങ്ങൾ ഇരുളിലും
വെളിച്ചത്തിലും പൂച്ചകളെപ്പോലെ
പമ്മിയിരിയ്ക്കുന്നു,
അവയ്ക്കുള്ളിലെ തേങ്ങാപ്പൂളുകൾ
മോണകാട്ടിച്ചിരിയ്ക്കുന്നു.
ഓടിയും പതുങ്ങിയും
വളഞ്ഞും തിരിഞ്ഞും
കിതച്ചും വിയർത്തും
വൈകുന്നേരം വീടണഞ്ഞ്
സംശയക്കടമ്പ ചാടിക്കടന്ന ഞാൻ
പിന്നൊരു വളർത്തുനായ!
എച്ചിൽ മുഴുവൻ തിന്നുതീർക്കണം.
പാത്രങ്ങളത്രയും നക്കിത്തുടയ്ക്കണം.
അയകളിൽ മാന്യതയുടെ
വെൺപൂക്കൾ വിടർത്താൻ
പായൽപിടിച്ചൊരലക്കുകല്ലായി –
ത്തല്ലേറ്റുവാങ്ങിത്തളരണം
പിന്നെ ഞാൻ.
എല്ലാം കഴിഞ്ഞൊന്നുറങ്ങാൻ
കണ്ണടച്ചാൽ ഞാനൊരെണ്ണയിട്ടെന്ത്രം.
തണുപ്പും ചൂടും ശൃംഗാരവും
ഉണർവ്വും ഉന്മാദവും
രതിയും നിർവേദവും
നിരാസവുമുണർത്തേണ്ട
മൈഥുനക്രീഡായന്ത്രം !
എന്നിട്ടും നീ പറയുന്നു
ഇന്ന്, അല്ല ഇന്നലെ വനിതാദിനമായിരുന്നെന്ന് !
മറുപടി ചിന്തിയ്ക്കാൻ നേരമില്ല,
മണി മൂന്നായി, വെളുക്കാറായി…
ഈ ഈറൻ കണ്ണൊന്നടയ്ക്കട്ടെ,
നാലിന് എണീയ്ക്കാനുള്ളതാ..
എന്നിട്ടുവേണം കിണറിൻ്റെ
ആഴങ്ങളിൽ മുങ്ങിപ്പൊങ്ങി
ഇന്നലെത്തെ
കണ്ണീരിൻ്റെ രുചിയുമായി
ഇന്നീ പാത്രങ്ങളിൽ നിറഞ്ഞ്
കുടിവെള്ളമാവാൻ.
ഈ ഇരുണ്ട മൂലയിൽ നിന്നെണീറ്റ്,
ഒട്ടിയ വയറിനെ വട്ടംചുറ്റിയ
അടിപ്പാവാടയുടെ വള്ളിമുറുക്കി,
തിരിഞ്ഞൊന്നു വട്ടംകറങ്ങി,
മുറ്റത്തും മുറിയിലും പരതി നടന്ന്,
ഈ അഴുക്കുകളെല്ലാമടിച്ചൊതുക്കണം.
പക്ഷെ,
വളഞ്ഞൊന്നു കൈകുത്തി
നിവരുമ്പോഴാണറിഞ്ഞത്,
ഞാനൊരു ചൂലുപോലുമല്ല.
തേഞ്ഞവസാനിയ്ക്കാറായ
വെറുമൊരു കുറ്റിച്ചൂലുമാത്രം!
