ബബ്ലു ചാക്കോ : സാമൂഹ്യ പ്രവർത്തന രംഗത്തെ വേറിട്ട മാതൃക (വഴിത്താരകൾ)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


4 April 2022

ബബ്ലു ചാക്കോ : സാമൂഹ്യ പ്രവർത്തന രംഗത്തെ വേറിട്ട മാതൃക (വഴിത്താരകൾ)


അനിൽ പെണ്ണുക്കര

“നിങ്ങളുടെ കണ്ണുകളെ ആകർഷിക്കുന്നതിനെയല്ല, നിങ്ങളുടെ ഹൃദയത്തെ ആകർഷിക്കുന്നതിനെ പിന്തുടരുക “

ലോകം ഓരോ നിമിഷവും നമുക്ക് പ്രതീക്ഷകൾ സമ്മാനിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. നമുക്ക് വേണ്ടതെല്ലാം കരുതി വെച്ചു കൊണ്ട് കാത്തിരിക്കുന്ന ഈ ലോകത്തുനിന്ന് നമുക്ക് വേണ്ടതെല്ലാം തേടിപ്പിടിക്കുകയേ വേണ്ടു. പക്ഷെ അതിന് ഒരു നല്ല മനസ്സുണ്ടാകണം എന്നു മാത്രം. ആ മനസ്സുകൊണ്ട് നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരെയും മാറ്റാൻ കഴിയില്ലെങ്കിലും നിങ്ങൾ തെരഞ്ഞെടുക്കുന്ന ആളുകളെ മാറ്റാൻ കഴിയും . അങ്ങനെ ഒരു തെരഞ്ഞെടുപ്പ് നമുക്ക് നടത്തണമെങ്കിൽ നമുക്ക് സ്വയം അംഗീകരിക്കുവാനും, സ്വയം സ്നേഹിക്കുവാനും , നമ്മെ ഭാരപ്പെടുത്തുന്നത് ഉപേക്ഷിക്കുവാനും കഴിയണം. സ്വയം അറിഞ്ഞ് മറ്റുള്ളവരെ അറിയുന്നവനാണ് യഥാർത്ഥ മനുഷ്യസ്നേഹി എന്ന് സ്വജീവിതത്തിലൂടെ നമുക്ക് കാട്ടിത്തരുന്ന ഒരു വ്യക്തിത്വത്തെ ഈ വഴിത്താരയിൽ നമുക്ക് പരിചയപ്പെടാം.

ബബ്ലു ചാക്കോ..

ഫോമയുടെ 2022-24 കാലയളവിൽ ജോയിന്റ് ട്രഷറാർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബബ്ലു ചാക്കോയുടെ ജീവിതം സാമൂഹ്യ പ്രവർത്തന രംഗത്തെ പുതിയ തലമുറയ്ക്ക് അനുകരണീയമായ ഒരു മാതൃകയാണ്. അതിനുമുപരി ഏത് പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള ജീവിതത്തിന്റെ ഒരു അനുഭവ പാഠം കൂടിയാണ്.

കുടുംബം നൽകുന്ന ആത്മീയ സാന്നിദ്ധ്യം
കോട്ടയം നീണ്ടൂർ വില്ലേജിൽ ഓണംതുരുത്ത് കരയിൽ മൂഴിക്കുളങ്ങര നെങ്ങാട്ട് കമാണ്ടർ എൻ.പി. ചാക്കോയുടെയും റോസമ്മയുടെയും മകൻ ബബ്ലു ചാക്കോ ക്നാനായ കത്തോലിക്കാ സഭയുടെ ആത്മീയ സാന്നിദ്ധ്യമായ പൂതത്തിൽ തൊമ്മിയച്ചന്റെ സഹോദരൻ പൂതത്തിൽ അപ്പായി (ജോസഫ്) യുടെ ചെറുമകനാണ്. നിരവത്ത് കുര്യൻ ഏലി ദമ്പതികളുടെ ഏകമകൾ അച്ചാമ്മയെ വിവാഹം കഴിച്ച് പൂതത്തിൽ കുടുംബത്തിൽ നിന്നും നിരവത്ത് കുടുംബത്തിലേക്ക് ദത്ത് നിൽക്കുകയായിരുന്നു കർഷകൻ കൂടിയായിരുന്ന ജോസഫ്. കാർഷിക കുടുംബങ്ങളുടെ ഐക്യം കൂടിയായി അക്കാലത്ത് ജനങ്ങൾ നോക്കിക്കണ്ട വിവാഹമായിരുന്നു അത് .

ബബ്ലു ചാക്കോയുടെ അമ്മ റോസമ്മ കേരളത്തിലെ ആദ്യത്തെ തടിവ്യവസായിയായ പേരൂർ സ്വദേശി പള്ളിയറ തുണ്ടത്തിൽ പി.സി. ചാണ്ടിയുടെ (തടി ചാണ്ടി ) യുടെ മകളും. കാർഷിക-വ്യാവസായിക കുടുംബത്തിന്റെ അടിത്തറയിൽ ജനിച്ചുവെങ്കിലും പിതാവ് എൻ.പി. ചാക്കോ ചെറുപ്പത്തിലേ രാജ്യസേവനത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. അവിടെയുമുണ്ട് വ്യത്യസ്തമായ ചരിത്ര വഴികൾ. മദ്രാസ് റജിമെന്റിൽ ഓഫീസറായി സേവനം തുടങ്ങിയ എൻ.പി ചാക്കോ ഇന്ത്യാ-പാക് യുദ്ധം (സിയാൽ കോട്ട), കച്ച് ഓപ്പറേഷൻ , നാഗാലാൻഡ് ഓപ്പറേഷൻ എന്നീ സമയങ്ങളിൽ കമാന്റിംഗ് ഓഫീസർ ആയിരുന്നു. മദ്രാസ് റജിമെന്റിൽ മേജർ ആയിരിക്കെ ഇന്ത്യൻ നേവിയിലേക്ക് മാറി. കമാണ്ടർ ആയി റിട്ടയർ ചെയ്ത അദ്ദേഹത്തിന്റെ യാത്രയ്ക്കൊപ്പമാണ് ബബ്ലു ചാക്കോയുടെ ബാല്യകാല ജീവിതം .

കൈപ്പുഴ മഠത്തിൽ കളരി സ്കൂൾ, കോട്ടയം സെന്റ് ജോസഫ് കാത്തലിക് സ്കൂൾ, കാക്കിനഡ (ആന്ധ്ര ) സെന്റ് ജോസഫ് സ്കൂൾ, ചങ്ങനാശേരി എസ്. ബി. സ്കൂൾ, കോട്ടയം മരിയൻ ജൂണിയർ സ്കൂൾ , പാലാ സെന്റ് വിൻസന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവിലാണ് പ്രസംഗ മത്സരങ്ങളിലെ കുഞ്ഞു താരമായി ബബ്ലു ചാക്കോ മാറുന്നത്. 1985 – 87 മാന്നാനം കെ.ഇ. കോളേജിൽ സയൻസ് ഗ്രൂപ്പിൽ പഠനം. തുടർന്ന് കോയമ്പത്തൂർ ഡോ.എം.ജി.ആർ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ശ്രീരാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസിൽ ബാച്ച്ലർ ഓഫ് ഫിസിയോ തെറാപ്പി പഠനത്തിനായി നാല് വർഷം . വളരെ വേഗം ജോലി എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രമം കൂടിയായിരുന്നു ഫിസിയോ തെറാപ്പി പഠനം . ബാംഗ്ളൂർ ഹോസ് മാറ്റ് ഹോസ്പിറ്റലിൽ 1993 ൽ ജോലിക്ക് തുടക്കം. 1994 ൽ മണിപ്പാൽ ഹോസ്പിറ്റലിലേക്ക് മാറ്റം. ഈ കാലയളവിൽ കർണ്ണാടക മുഖ്യമന്ത്രി ബങ്കാരപ്പ, കുമാർ ബങ്കാരപ്പ, വെസ്റ്റിൻഡീസ് ഓപ്പണിംഗ് ബാറ്റ്സ്മാൻ ഗോൾഡൻ ഗ്രീനിഡ്ജ്, ഡസ്മണ്ട് ഹെയ്ൻസ് , ക്രിക്കറ്റർ വിശ്വനാഥ് എന്നിവരൊക്കെ ബബ്ലു ചാക്കോയുടെ പേഷ്യൻന്റ്സ് ആയിരുന്നു . ബങ്കാരപ്പയുടെ വീടുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുവാൻ സാധിച്ചിരുന്നു.

വഴിത്തിരിവായ അമേരിക്കൻ യാത്ര
1995 ൽ എച്ച് വൺ വിസയിൽ അമേരിക്കയിലേക്ക് . ഷിക്കാഗോ നോർത്ത് ബ്രൂക്കിലേക്ക് ഫിസിയോ തെറാപ്പിസ്റ്റായി ജോലി. പിന്നീട് മിഷിഗണിലേക്ക് മാറി. 1996 മുതൽ 2007 വരെ മിഷിഗണിൽ. ജീവിതത്തിലെ വഴിത്തിരിവായി ബിസിനസിലേക്ക് കടന്നു. ഫിസിയോ തെറാപ്പി ക്ലിനിക്ക് ആരംഭിച്ച് തുടക്കം. ഇന്ത്യയിൽ നിന്ന് നിരവധി വിദ്യാർത്ഥികളെ എച്ച് വൺ വിസയിൽ അമേരിക്കയിൽ എത്തിച്ച് ജോലി നൽകാൻ സാധിച്ചത് മറ്റൊരു നേട്ടം. 2007 ന്റെ പകുതിയിൽ ടെന്നസി സ്റ്റേറ്റിൽ കൺട്രി മ്യുസിക്കിന്റെ സെന്റർ ആയ നാഷ്വി ൽ എന്ന സ്ഥലത്ത് ഫിസിയോ തെറാപ്പി ബിസിനസിന്റെ വിപുലമായ തുടക്കം . മെഡിക്കൽ സപ്ലെ ബിസിനസ്, ഫാർമസി ബിസിനസ് എന്നിവയിൽ വലിയ മുന്നേറ്റം. പഠിച്ച് വളർന്ന വിഷയത്തിൽ അഗ്രഗണ്യനാവുക എന്നതാണ് ഏതൊരു വ്യക്തിയുടെയും വിജയത്തിന്റെ കാതൽ. ഒന്നിനുപിറകെ ഒന്നായി വിജയം കടന്നുവരുമ്പോഴാണ് ബബ്ലു ചാക്കോയുടെ ജീവിതത്തിലേക്ക് അശനിപാതം പോലെ കാൻസർ കടന്നു വരുന്നത്.

ജീവിതം മാറ്റിമറിച്ച രോഗം.
ആത്മീയതയുടെ തിരിച്ചറിവ്
2016 ന്റെ പകുതിയോടെ ബിസിനസുകൾ എല്ലാം അവസാനിപ്പിച്ച് കാൻസർ ട്രീറ്റ്മെന്റിലേക്ക് മാറി. രോഗം അറിയുന്നത് തേർഡ് സ്റ്റേജിലായിരുന്നു. അതുകൊണ്ടു തന്നെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അപ്പോഴാണ് സഹോദരിമാർ റെജി കൊട്ടാരം എന്ന ആത്മീയ ഗുരുവിനെ പരിചയപ്പെടുത്തുന്നത്. ഏത് രോഗാവസ്ഥയിലും മനുഷ്യന്റെ സഹചാരിയായി ആത്മീയ സാന്നിദ്ധ്യം ഉണ്ടാകുന്നത് അവസാന പിടിവള്ളി എന്ന നിലയിലാണ്. മരുന്നും മന്ത്രവും എന്നാണല്ലോ പഴമൊഴി.


നാഷ് വിൽ ആശുപത്രിയിൽ സർജറി തീരുമാനിച്ചു. കുടൽ മുഴുവൻ എടുത്തുകളഞ്ഞ് വയറിന് പുറത്ത് ഒരു ബാഗ് വയ്ക്കും. ജീവിത കാലം മുഴുവൻ ഈ ബാഗ് ഒപ്പമുണ്ടാകും. തന്റെ അഞ്ച് വയസായ മകനെയാണ് അപ്പോൾ ബബ്ലു ചാക്കോ ഓർത്തത്. മകൻ അത് കാണാൻ പാടില്ല. പിതാവിന്റെ ദുരിതങ്ങൾ മക്കളെ ബാധിക്കുക ചെറിയ രീതിയിലാവില്ല. അപ്പോഴാണ് മറ്റൊരാശുപത്രിയിൽ ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കണം എന്ന് റജി കൊട്ടാരത്തിന്റെ നിർദ്ദേശം. തുടർന്ന് ഒഹായോ ക്ലീവ് ലെന്റ് സിറ്റിയിൽ ക്ലീവ് ലെന്റ് ക്ലിനിക്കിൽ പരിശോധനകൾ. ഒരു മുതിർന്ന ഡോക്ടറെ കിട്ടി. 2016 മെയ് മാസത്തിൽ സർജറി നടന്നു. ബയോപ്സി റിസൾട്ട് വന്നപ്പോൾ സ്റ്റേജ് വൺ ആണ് റിസൾട്ട്. പഴയ റിസൾട്ട് സ്റ്റേജ് മൂന്നും. രണ്ട് റിസൾട്ടും പഠിച്ച ഡോക്ടർ പറഞ്ഞത് വൈദ്യ ശാസ്ത്രത്തിന് തെറ്റില്ല. രണ്ട് പഠനങ്ങളും കൃത്യം, ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു ആ നിമിഷം.

പുതിയ ജീവിതം, പുതിയ പ്രതീക്ഷകൾ
2016 ൽ റിക്കവറി കഴിഞ്ഞ് റെജി കൊട്ടാരം നേതൃത്വം നൽകുന്ന “ക്രൈസ്റ്റ് കൾച്ചർ” എന്ന കരിസ്മാറ്റിക് മിനിസ്റ്ററിയുടെ ഭാഗമായി ഗ്ലോബൽ ചീഫ് എക്സിക്യുട്ടീവ് ആയി പ്രവർത്തനം തുടങ്ങി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ പ്രസ്ഥാനത്തിന് ശാഖകൾ ഉണ്ടാക്കി. ഒരേ പിയർ ഗ്രൂപ്പുമായി സംവദിക്കാനുള്ള അവസരമാണ് ഈ മിഷൻ ലോകത്തിന് നൽകുന്നത്. ” കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കണമെങ്കിൽ ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചിരിക്കുന്ന സഹോദരനെ സ്നേഹിച്ചെങ്കിൽ മാത്രമെ സാധിക്കു ” എന്ന ആശയമാണ് ലോകത്തിന് മുൻപിൽ ഈ മിഷൻ വയ്ക്കുന്ന സന്ദേശം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുപ്പക്കാർ ഈ സംഘടനയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു എന്നതാണ് ബബ്ലു ചാക്കോയുടെ സന്തോഷം.

വീണ്ടും ബിസിനസിലേക്ക്
ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് ബിസിനസ് സംരംഭങ്ങളിലും മാറ്റമുണ്ടാക്കി . റിയൽ എസ്റ്റേറ്റ് ബിസിനസിലായിരുന്നു ശ്രദ്ധ. ഇന്ന് അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകളുടെ മൈഗ്രേഷനും, ബിസിനസ് മൈഗ്രേഷനും നടക്കുന്ന നാഷ് വില്ലിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസ്, കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ട്രാൻസ് സാക്ഷൻസ് എന്നിവയില്ലൊം മുൻപന്തിയിലാണ് ബബ്ലു ചാക്കോ . 2021 ൽ നാഷ് വിൽ ഏരിയായിൽ കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ഏജന്റ് ഓഫ് ദി ഇയർ പുരസ്ക്കാരം ( ഏറ്റവും കൂടുതൽ സെയിൽസ് നടത്തിയതിനുള്ള പുരസ്കാരം) ലഭിച്ചത് ബബ്ലു ചാക്കോയ്ക്ക് ആയിരുന്നു.

സാമൂഹ്യ സാംസ്കാരിക രംഗത്തേക്ക്
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വഴിത്താരകളിലെ പ്രധാന മേഖല എപ്പോഴും സാമൂഹിക സാംസ്കാരിക മേഖല ആയിരിക്കും. ബബ്ലു ചാക്കോയുടെ ജീവിതവും അതിൽ നിന്നും വ്യത്യസ്തമല്ല. 2008 ൽ കേരളാ അസ്സോസിയേഷൻ ഓഫ് നാഷ് വിൽ എന്ന സംഘടനയുടെ രൂപീകരണത്തിൽ മുൻകൈ എടുത്തു. കെ.സി.സി.എൻ. എ. നാഷണൽ കൗൺസിൽ മെമ്പർ, ഫോമാ അഡ്വൈസറി കൗൺസിൽ ജോ.സെക്രട്ടറി , സെക്രട്ടറി എന്നീ നിലകളിൽ സജീവ പ്രവർത്തനം കാഴ്ചവച്ച ശേഷമാണ് 2022-24 കാലഘട്ടത്തിൽ ജോയിന്റ് ട്രഷറാർ ആയി മത്സരത്തിനിറങ്ങുന്നത് .

കൂടാതെ “ഹൈസ്കിൽഡ് ഇമിഗ്രേഷൻ ” വിഭാഗത്തിൽ ജോലി ചെയ്യുന്ന അമേരിക്കൻ ഇന്ത്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ വോയ്സ് എന്ന സംഘടനയിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്. സെന്റ് തേരേസാ ഓഫ് കൽക്കട്ട സീറോ മലബാർ കാത്തലിക് ചർച്ച് നാഷ് വിൽ, കേരളാ അസോസിയേഷൻ ഓഫ് നാഷ് വിൽ എന്നിവയുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവം. ഏഴരലക്ഷം ഡോളറിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ഇന്ത്യയുടെ വിവിധ ഇടങ്ങളിലായി നൽകി. കേരളത്തിൽ പ്രളയ കാലം മുതൽ വിവിധ സംഘടനകളിലൂടെയും വ്യക്തിപരമായും നൽകിയ സംഭാവനകൾ വേറെ.ഫോമയുടെ നേതൃത്വത്തിൽ വിവിധ സേവന-സഹായ സംരംഭങ്ങളുടെ ഭാഗമായി നടന്ന റീജിയണൽ കാൻസർ സെന്ററിന്റെ “ചിൽഡ്രൻസ് വാർഡ്” നിർമ്മാണത്തിൽ സഹകരിച്ച് പ്രവർത്തിച്ചു. കേരള അസോസിയേഷൻ ഓഫ് നാഷ് വില്ലിന്റെ നേതൃത്വത്തിൽ നടന്ന കേരള പ്രളയ ദുരിതാശ്വസ നിധി ധനസമാഹരണം, നേപ്പാൾ പ്രകൃതിദുരന്ത ഫണ്ട് ശേഖരണം, കോവിഡ് മഹാമാരിയുടെ ഭാഗമായ ചികിത്സകളിൽ സഹായം നല്കാൻ ഉതകുന്ന ഓക്സിജൻ കോൺസട്രേറ്ററുകളും പൾസ് ഓക്സിമീറ്ററുകളും വാങ്ങി നല്കുന്ന പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു.

കുടുംബം മറ്റൊരു ധനം
ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്റെ സന്തോഷകരമായ നിമിഷങ്ങൾ എവിടെയായിരുന്നു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രമെ ഉണ്ടാകു . ” വീട് “.
വീട് എപ്പോഴും നമ്മെ വിളിച്ചു കൊണ്ടേയിരിക്കും. ജീവിതത്തിന്റെ പ്രതിസന്ധികളിലെല്ലാം ബബ്ലു ചാക്കോയ്ക്ക് കൂട്ടായിരുന്നത് തന്റെ കുടുംബമായിരുന്നു എന്നു പറയുമ്പോൾ സ്നേഹത്തിന്റെ വിവിധ മുഖങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാം.
രണ്ട് സഹോദരിമാരാണ് ബബ്ലുവിന് .

മായ ബിബി തെക്കനാട്ട് (ഹൂസ്റ്റൺ) മോണ്ടിസോറി സ്കൂൾ ടീച്ചർ, ഭർത്താവ് ബിബി സ്‌റ്റീഫൻ തെക്കനാട്ട് ബ്രിസിനസ്, മൂന്ന് മക്കൾ : ബിയ സെൻ,ഭർത്താവ് സെൻ ലാലു അലക്സ്, മകൾ റാഹേൽ . ബോണി ബിബി , ബെഞ്ചമിൻ ബിബി.

രണ്ടാമത്തെ സഹോദരി: രേണു ഏബ്രഹാം പഴയിടത്ത് (ഡാളസ്). സ്പീച്ച് പത്തോളജിസ്റ്റ്. ഭർത്താവ് ജോസഫ് ഏബ്രഹാം പഴയിടത്ത് ഡാളസിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ . അഞ്ച് മക്കൾ : ജോ ഏബ്രഹാം, ജേക്കബ് എബ്രഹാം, ജോയൽ ഏബ്രഹാം, ജോൺ ഏബ്രഹാം, ജൂഡിത്ത് ഏബ്രഹാം.

ഈ സംഭവ ബഹുലമായ ജീവിതത്തിന് കരുത്തേകി 2003 മുതൽ നിൽക്കുന്ന ഒരു സഹയാത്രികയുണ്ട് ബബ്ലുവിന്. കാരൾ ചാക്കോ .
ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ മിസ് അസംപ്ഷൻ കൂടിയാണ് കാരൾ ചാക്കോ. വാകത്താനം കാക്കാം പറമ്പിൽ ലൂക്കോസ്, ശീമോണി ദമ്പതികളുടെ മകൾ . ജേർണലിത്തിൽ ബിരുദാനന്തരബിരുദം കഴിഞ്ഞ് നിൽക്കുമ്പോഴാണ് ബബ്ലുവിനൊപ്പം ജീവിത സഹയാത്രികയാവുന്നത്. ഇപ്പോൾ പൂർണ്ണമായും കുടുംബിനി .ഒപ്പം നാല് മക്കളും. ഹാന ചാക്കോ , സെറാ ചാക്കോ ,ജേക്കബ് ചാക്കോ, റബേക്ക ചാക്കോ .

തന്റെ എല്ലാ വളർച്ചയുടെയും കാതൽ കുടുംബവും, കുടുംബ ബന്ധങ്ങളും ആണെന്ന് വിശ്വസിക്കുന്ന ബബ്ലു ചാക്കോ എക്കാലത്തും ബന്ധങ്ങളുടെ കാവൽക്കാരൻ കൂടിയാണ്. അതുകൊണ്ടു തന്നെ എല്ലാ ബന്ധങ്ങളുടെയും അവസാന വാക്ക് കുടുംബം ആണെന്ന് അദ്ദേഹം തുറന്നു പറയും.

വീണ്ടും കുടുംബത്തിലേക്ക്
മൂഴിക്കുളങ്ങര നെങ്ങാട്ട് കുടുംബം ഇപ്പോൾ ബബ്ലു ചാക്കോ എന്ന കാർഷിക സ്നേഹിയിലൂടെ പുതിയ പാതയിലേക്ക് നടന്നു കയറുകയാണ് . കുടുംബ കാരണവന്മാർ തുടങ്ങിയ കൃഷി വീണ്ടും തുടങ്ങുകയാണ് അദ്ദേഹം. നാട്ടിലെ വീടും പരിസരവും ഒരു ഫാം ആക്കി ഉയർത്തുകയാണ് ലക്ഷ്യം. ഒരു ജൈവ വൈവിദ്ധ്യ സംസ്കാരം ആരംഭിക്കാനുള്ള ശ്രമം. തന്റെ വീടിന് മുൻപിലെ നെൽവയലിൽ ഇപ്പോൾ നിരവധി രാജ്യങ്ങളിൽ നിന്നെത്തുന്ന കിളികളുടെ സങ്കേതം കൂടിയാണ്. അതുകൊണ്ട് തന്നെ പഴയ വള്ളപ്പുരയും, കച്ചിപ്പുരയുമെല്ലാം പഴയമോടിയോടുകൂടി നിലനിർത്തുന്നു. മീൻ കൃഷി, നെൽകൃഷി , വിശാലമായ കൃഷിയിടത്തിൽ വിവിധയിനം കൃഷികൾ എല്ലാം കൂടി ഒരു ജൈവ സംസ്കൃതി ഉദ്യാനമാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ മാതാപിതാക്കളും, കുടുംബവും സുഹൃത്തുക്കളും കൂടിയാകുമ്പോൾ ബബ്ലു ചാക്കോയുടെ ജീവിതത്തിന് ഒരു പുതിയ തലം കൂടിയാകുന്നു.
ഈ പ്രവർത്തനങ്ങളിൽ നിന്ന് ഫോമയുടെ നേതൃത്വനിരയിലേക്ക് അദ്ദേഹം വരുമ്പോൾ അമേരിക്കൻ മലയാളികൾക്കും അഭിമാനിക്കാം. തങ്ങൾ ഒപ്പം കൂട്ടിയ മനുഷ്യൻ നിസ്സാരക്കാരനല്ല. ജീവിതത്തിന്റെ കനൽ വഴികൾ താണ്ടിയെത്തിയ പ്രിയപ്പെട്ട ചെങ്ങാതിയാണെന്ന് ….
അതെ, ബബ്ലു ചാക്കോ ഓരോ വ്യക്തികളുടെയും ജീവിതത്തെ സ്വാധീനിക്കാൻ ഇടയുള്ള ഒരു പച്ച മനുഷ്യനാണ്. ജീവിതത്തിന്റെ പ്രതിസന്ധികൾ തിരിച്ചറിഞ്ഞവനാണ്, മണ്ണിനെ അറിയുന്നവനാണ്, മനുഷ്യനാണ്.. ഈ വഴിത്താരയിലെ ഹൃദയ സ്പന്ദനമാണ്. ആർക്കെങ്കിലും പുഞ്ചിരിക്കാൻ കാരണക്കാരനാവുക. ഒരാൾക്ക് പ്രിയപ്പെട്ട ഒരാളായി തോന്നുന്നവനാവുക, അയാളുടെ നന്മകളിൽ വിശ്വസിക്കുക. അയാൾ നമുക്കൊപ്പം, ഈ മനുഷ്യരുള്ള ഭൂമിക്കൊപ്പം.
എന്നും.. എപ്പോഴും .