അനിൽ പെണ്ണുക്കര
കോവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കൾ ഇന്ന് സ്വർഗ്ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവും. തങ്ങളുടെ നാല് പെൺമക്കൾ അതീവ സുരക്ഷിതരായി അടച്ചുറപ്പുള്ള വീട്ടിൽ സുഖമായി താമസിക്കുമ്പോൾ. ഈ മനോഹരമായ കർമ്മത്തിന് ഇന്ന് കടുത്തുരുത്തി കുറുപ്പന്തറ സ്വദേശികൾ സാക്ഷിയായി.
കുറുപ്പന്തറ കൊച്ചു പറമ്പിൽ ബാബു- ജോളി ദമ്പതികൾ കോവിഡ് ബാധിച്ച് മരിച്ചതോടെ ഭാവി അനിശ്ചിതത്വത്തിലാവുകയും സുരക്ഷിതമില്ലാത്ത വീട്ടിൽ ജീവിച്ച നാല് പെൺമക്കൾക്ക് താങ്ങും തണലുമായത് ബാബു ചാഴിക്കാടൻ ഫൗണ്ടേഷനാണ്. അകാലത്തിൽ മരണപ്പെട്ടു പോയ കേരളാ കോൺഗ്രസ് നേതാവ് ബാബു ചാഴിക്കാടന്റെ ഓർമ്മകൾക്ക് ഓരോ നിമിഷവും തിളക്കമേകുകയാണ് നന്മ നിറഞ്ഞ പ്രവർത്തനത്തിലൂടെ ബാബു ചാഴിക്കാടൻ ഫൗണ്ടേഷൻ.
അച്ഛനും , അമ്മയും നഷ്ടപ്പെട്ട നാല് പെൺമക്കൾക്കായി ബാബു ചാഴിക്കാടൻ ഫൗണ്ടേഷൻ 1600 ചതുരശ്ര വിസ്തീർണ്ണത്തിൽ രണ്ട് നിലയിൽ വീട് പൂർത്തിയാക്കിയത്. 25 ലക്ഷം രൂപ ചെലവിലാണ് മൂന്ന് കിടപ്പുമുറികളും അടുക്കളയും, ഹാളും, തിണ്ണയുമുളള ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം നിർവ്വഹിച്ചത്.ഇരുപത്തിയൊന്നരലക്ഷം രൂപ ബാബു ചാഴിക്കാടന്റെ കുടുംബാംഗങ്ങളും മൂന്നരലക്ഷം രൂപ ബാബു ചാഴിക്കാടന്റെ സുഹൃത്തുക്കളും നൽകിയാണ് വീട് നിർമ്മാണത്തിന്റെ ഫണ്ട് കണ്ടെത്തിയത് .സീന റെജി കൊട്ടാരമാണ് വീട് രൂപകൽപ്പന നിർവഹിച്ചതും വീട് നിർമ്മാണത്തിന് നേതൃത്വംനൽകിയതും .
ബാബുവും ജോളിയും കൂലിപ്പണിക്കാരായിരുന്നു കോവിഡ് ബാധിച്ച് ഇരുവരും മരിച്ചതോടെ നാല് പെൺമക്കളും തീർത്തും അനാഥരാവുകയായിരുന്നു. പത്ത് സെന്റ് സ്ഥലവും കെട്ടുറപ്പില്ലാത്ത വീടുമായിരുന്നു ആകെ ബാബുവിന് ഉണ്ടായിരുന്ന സ്വത്ത്. ബാബുവിന്റെ പിതാവിന്റെ അംഗപരിമിതയായ സഹോദരി ഷൈബിയുടെ സംരക്ഷണയിലായിരുന്നു ഈ നാല് പെൺകുട്ടികളുടേയും താമസം. കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിയ ബാബു ചാഴിക്കാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴിക്കാടൻ എം.പി. ഇവരുടെ വീട്ടിലെത്തുകയും സുരക്ഷിതമായ വീട് നിർമ്മിച്ചു നൽകാമെന്ന് ഉറപ്പു നൽകുകയും ഷൈബിക്ക് താൽക്കാലികമായി ജോലിയും തരപ്പെടുത്തി നൽകി. മൂത്തമകൾ ചിഞ്ചു ഫിസിയോ തെറാപ്പിയും രണ്ടാമത്തെ മകൾ ദിയ ബാബു ജനറൽ നേഴ്സിംഗും, മൂന്നാമത്തെ മകൾ അഞ്ജു പ്ലസ്ടുവിനും, നാലാമത്തെ മകൾ ബിയ ഒൻപതാം ക്ലാസിലും പഠിക്കുന്നു.
ബാബു ചാഴിക്കാടന്റെ 31ാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്, പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ ചേർന്ന് വീട് ആശിർവദിച്ച് കുട്ടികൾക്ക് നൽകി. കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി. താക്കോൽ ദാനം നിർവ്വഹിച്ചു. ഗവ. ചീഫ് വിപ്പ് എൻ ജയരാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിൽക്കേണ്ടുന്ന വ്യക്തിത്വമായിരുന്ന ബാബു ചാഴിക്കാടൻ .1991 ലെ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് മിന്നലേറ്റ് മരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തെ നടുക്കിയ സംഭവമായിരുന്നു അത്. അദ്ദേഹത്തിന്റെ മരണശേഷം രൂപം കൊണ്ട ബാബു ചാഴിക്കാടൻ ഫൗണ്ടേഷൻ നാളിതുവരെ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് . കോവിഡ് അനാഥമാക്കിയ ഒരു അച്ഛന്റെയും അമ്മയുടേയും മക്കൾക്ക് സുരക്ഷിതമായ ഭവനമൊരുക്കുമ്പോൾ ബാബു ചാഴിക്കാടന്റെ ആത്മാവും സന്തോഷിക്കുന്നുണ്ടാവും . എം.എൽ. എയും മന്ത്രിയുമൊക്കെ ആ കേണ്ടിയിരുന്ന ഒരു നേതാവിന്റെ പേരിൽ ഒരു വീട് ഉണ്ടായത് മാത്രമല്ല , അത്ര സുരക്ഷിതമല്ലാത്ത സാമൂഹ്യ സാഹചര്യങ്ങളിൽ നിന്ന് നാല് പെൺകുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് കൈപിടിച്ചുയർത്തുവാൻ സാധിച്ചതിൽ ബാബു ചാഴിക്കാടൻ ഫൗണ്ടേഷന് അഭിമാനിക്കാം.
ബാബു ചാഴിക്കാടന്റെ ഓർമ്മയിൽ
സുഹൃത്തുക്കളും കേരളാ കോൺഗ്രസ് പ്രവർത്തകരും