എക്കാലവുമെൻ സ്മൃതികളിൽ
ഓർത്തിരിക്കുന്ന നിറഞ്ഞ
സ്നേഹരൂപമാണല്ലോ അമ്മ
ബാല്യത്തിലേക്ക് ഞാനിന്ന്
തിരിഞ്ഞപ്പോൾ നിറയുന്ന മിഴിനീരാൽ
വാരി പുണരുന്ന എൻ മാതൃരൂപം
തുളുമ്പി നിൽക്കുന്നു മുന്നിൽ
മക്കളെ സ്നേഹിക്കുന്നതും,
താലോലിക്കുന്നതും, പറയും
കാര്യങ്ങൾ തൻ ശബ്ദഗാംഭീര്യവും,
നന്മ നിറയും പ്രവൃത്തിയും നിത്യവും
കണ്ടു വളർന്ന നാളുകൾ ഇന്നും
എന്നിൽ പുത്തനുണർവ് തരുന്നു
ഉദിച്ചുയരുന്ന സൂര്യകിരണംപോൽ
പ്രഭാത പ്രഭ വിടരുന്നതെൻ
അമ്മ തൻ വദനത്തിൽ
ജീവിതായനത്തിൽ മോഹങ്ങൾക്ക്
പ്രയത്നസാഫല്യം നേടണമെന്നു
മൊഴിയും അമ്മതൻ വാക്കുകൾ
ഓർമ്മയിലില്ലെങ്കിൽ അർഥശൂന്യമായേനെ
എൻ നടപാതകൾ
അമ്മയേകിയ അമൃതാകും
മധുരത്തിനും
നൽകുന്ന സ്നേഹത്തിനും
പകരമാവില്ല മറ്റൊന്നിനും
ലോകത്തിൽ ഉരുവിടുന്ന
പരമപദം അമ്മയല്ലോ
ബന്ധങ്ങൾ തൻ ചങ്ങലകണ്ണിയെ
അറ്റുപോകാതെ മുന്നോട്ടെക്ക്
നയിക്കുന്ന പ്രഥമസ്ഥാനം അമ്മയ്ക്കല്ലയോ……