ജാതകത്തിലായി ആരോ കുറിച്ചുവെച്ച
എൻ ജീവിതചക്രവാളത്തിലെ
ഏതോ വഴിത്താരയിലായ്
മുൻജന്മസുകൃത സായൂജ്യമായ്
നീയെത്തിയതല്ലേ,
വിദൂരമായ പാതകൾ പിന്നിട്ട്
എൻ ചാരത്തണഞ്ഞത് വാക്കാൽ
പറഞ്ഞറിയിക്കാൻ പറ്റാത്ത
മനസ്സിൻ ബന്ധനത്താലല്ലേ,
പളുങ്കുപാത്രംപോലെയുള്ള പെണ്ണിനെ
ജീവൻ്റെ ജീവനായി കാത്തു
സൂക്ഷിക്കുന്നയെൻ പ്രിയനെ ,
മഴകാത്തിരുന്ന വേഴാമ്പലിനെ
മഴയാൽ തണുപ്പിച്ചില്ലേ?
ഓരോ യാത്രാമൊഴിയും ഓരോ
ജീവിതനേർരേഖയിലെ രണ്ടു കണ്ണികളുടെ
കാലം ചേർത്തു വയ്ക്കുന്ന
സത്യസാക്ഷ്യമാണല്ലോ?
ഇനിവരുവാനില്ല
ആരുമിയെൻജീവിതത്തിൻ പാതിയായ്,
ആരോ എഴുതിയ താലിയോലപത്രത്തിലെ
ജനനനാളിലെ ഫലങ്ങൾ എല്ലാം
നിന്നിലൂടെ മാത്രം ഞാൻ
ആയൂസ്സ്തീരുവോളം ആസ്വദിക്കും,
ഓരോ യാത്രാമൊഴിയും പിരിയാതെ
കൂടിചേരുവാനുള്ള അനന്തതയുടെ
വിഹായസ്സിലെ ചവിട്ടുപടികളാണ്
ഈ മനസ്സുകളുടെ അന്തർതാളങ്ങളും,
മിടിപ്പുകളും ഇപ്പോൾ അനുഭവിക്കുന്നത്
ഈ സമാഗമം എത്രയും
വേഗമെന്ന് താളിയോലയിൽ
പതിച്ചുവെച്ചിട്ടുണ്ടല്ലോ…….