എൻ മിഴിയിണയിൽ കവിത വിടർത്തി
മുറ്റത്തെ കൊന്നയിൽ പൂത്താലമേന്തി
വിളവെടുപ്പിൻ വസന്തോത്സവമായ്
വന്നുവല്ലോ പീതവർണ്ണാഭമാം മേടവിഷു
മാറ്റങ്ങളെത്രമേൽ വന്നുപോയാലും
പൊന്നോണനാടിൻ മധുമൊഴിയായ്
വിഷുപ്പക്ഷി പാടുമാ പാട്ടിന്റെയീണം
ഹൃത്തിൽ രാഗാർദ്രമായ് നിന്നിടുന്നു
പുലർ മഞ്ഞിൽ മലർമന്ദഹാസം തൂകും
കർണ്ണികാരപ്പെണ്ണേ നിൻ ചാരുതയിൽ
അത്രമേലിഷ്ടമായെൻമനമാശിപ്പൂ
പ്രിയ കണ്ണന്നരികിലൊന്നെത്തിടാനായ്
പൊന്നൊളി വിതറും വിഷുപ്പുലരിയിൽ
മനസ്സിന്നുരുളിയിൽ നൈർമല്യമോടെ
കണിയൊന്നൊരുക്കിയെൻ കണ്ണന്റെ
മുന്നിൽ കൈകൂപ്പി ഞാൻ നിന്നിടവേ
പുഞ്ചിരി തൂകും പീലിക്കാർവർണ്ണനെ
കൺകുളിരെ കണ്ടു നിർവൃതിപൂകവേ
ഒരു പൊൻ വിഷുക്കൈനീട്ടവുമായ്
നീയുമെന്നരികിൽ ഉണ്ടായിരിക്കണം…
