അനിൽ പെണ്ണുക്കര
പരീക്ഷ എഴുതുന്ന മെഷീനുകളല്ല കുട്ടികൾ എന്ന് ശശി തരൂർ പറയുമ്പോൾ നമുക്കൊരു കൗതുകം തോന്നും. എല്ലാ പരീക്ഷകളിലും ഒന്നാം സ്ഥാനം നേടി വന്നതു കൊണ്ട് തനിക്ക് രക്ഷകർത്താക്കളിൽ നിന്ന് വലിയ സ്ട്രസ് ഉണ്ടായിട്ടില്ല എന്ന് കൂടി അദ്ദേഹം കൂട്ടി ചേർത്തപ്പോൾ നമ്മുടെ വിദ്യാർത്ഥി സമൂഹം വിദ്യ തന്നെ ഒരു ലഹരിയാക്കണം എന്ന് പറയുകയായിരുന്നു പ്രിയപ്പെട്ട ശശി തരൂർ.
മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് സാറിന്റെ വൈകും മുമ്പേ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ “ബിഫോർ ഇറ്റ്സ് ടൂ ലേറ്റ്’ എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് എങ്ങനെയാണ് ലഹരി കടന്നുവരുന്നതെന്നും രക്ഷിതാക്കൾക്ക് അതിലുള്ള പങ്കും ചർച്ച ചെയ്യുന്ന പുസ്തകം കൂടിയാണിത്. ഔദ്യോഗികജീവിതത്തിലെ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ പുസ്തകം കൂടിയാണിത്.
പ്രകാശന വേളയിൽ ശശി തരൂർ പറഞ്ഞ ഒരു കാര്യം കൂടി പങ്കു വയ്ക്കട്ടെ. “പരീക്ഷ എഴുതുന്ന മെഷീനുകളെയല്ല നല്ല മനുഷ്യരെയാണ് സ്കൂളുകളിലൂടെ വാർത്തെടുക്കേണ്ടതെന്ന് രക്ഷിതാക്കൾ ഓർമ്മിക്കണം. പുസ്തകം വെറുമൊരു ഹോം വർക്ക് ചെയ്യാനുള്ള ഉപാധി മാത്രമല്ല, അത് സന്തോഷത്തിന്റെ ഉറവിടം കൂടിയാണ് എന്ന് വിദ്യാർത്ഥികൾ മനസിലാക്കണം. കുട്ടികളിലെ ലഹരി ഉപയോഗത്തിന്റെ ഒരു കാരണം രക്ഷിതാക്കൾ കൂടിയാണ്. വിദ്യാർത്ഥികളുടെ മേൽ രക്ഷിതാക്കൾ കൂടുതലായി പഠനത്തിന്റെ സമ്മർദ്ദം ചെലുത്തുന്നത് വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് കാരണമാകും. സമ്മർദ്ദങ്ങളിൽ നിന്ന് വിനോദത്തിനായി വിദ്യാർത്ഥികൾ ലഹരിയിലേക്ക് തിരിയാനുള്ള കാരണമാകുമെന്നും തരൂർ പറഞ്ഞു. വൈകും മുമ്പേ എന്ന പുസ്തകവും ചർച്ച ചെയ്യുന്നത് ഈ വിഷയം തന്നെയാണ്.
ചീഫ് സെക്രട്ടറി വി.പി ജോയ് അദ്ധ്യക്ഷനായ ചടങ്ങിൽ ശശി തരൂർ എം.പി. വി.കെ. പ്രശാന്ത് എം.എൽ എയ്ക്ക് നൽകിയാണ് പ്രകാശന കർമം നിർവ്വഹിച്ചത്.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുവാനും ഋഷിരാജ് സിംഗ് സാറിന്റെ കുടുംബത്തോടൊപ്പം കുറച്ചു സമയം ചില വഴിക്കുവാനും സാധിച്ചതും ഭാഗ്യം. സാറിന്റെ കുടുംബത്തെ പരിചയപ്പെടണം എന്നത് എന്റെ ആഗ്രഹം കൂടിയായിരുന്നു. അദ്ദേഹത്തോടൊപ്പം നിരവധി വേദികൾ പങ്കിടുമ്പോൾ അദ്ദേഹം തന്റെ മകനെ കുറിച്ച് കുട്ടികളോട് പറയാറുണ്ട്. തന്റെ മകനെ ഐ. എ. എസ് കാരനോ, ഐ.പി.എ.സുകാരനൊ ആക്കാൻ താൻ ശ്രമിച്ചില്ല എന്നും മകന്റെ ഇഷ്ടത്തിനനുസരിച്ച് ആനിമേഷൻ പഠിക്കുവാൻ വിട്ടുവെന്നും 5000 രൂപയിൽ തുടങ്ങിയ ചെറിയ ജോലിയിൽ നിന്ന് ലോകോത്തര കമ്പനിയായ യു.എസ്. വാൾട്ട് ഡിസ്നിയിൽ ആനിമേഷൻ ജോലിയിലേക്ക് വളർന്ന മകന്റെ കഥ എനിക്കും ഒരു പ്രചോദനമായിരുന്നു.