ബിജായിനി സത്പതി നൃത്തരംഗത്തെ സൂര്യതേജസ്സ്!

sponsored advertisements

sponsored advertisements

sponsored advertisements

23 September 2022

ബിജായിനി സത്പതി നൃത്തരംഗത്തെ സൂര്യതേജസ്സ്!

അനിൽ പെണ്ണുക്കര

ചിലത് നമ്മൾ ആഗ്രഹിക്കും, എന്നാൽ മറ്റു ചിലത് നമ്മളെയും ആഗ്രഹിക്കുമെന്ന് തിരിച്ചറിയാൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല. നിമിത്തങ്ങൾ ആണ് വഴിത്തിരിവ് ഉണ്ടാക്കുന്നത്. എന്താവണം, എങ്ങനെയാവണം, എന്ത് നേടണം എന്നതിലേക്കുള്ള വഴിത്തിരിവ്. അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ എനിക്കീ നേട്ടം ഉണ്ടാകുമായിരുന്നില്ല എന്ന് ഹൃദയം തുറന്നു പറയാനുള്ള അവസരങ്ങളാണവ. ഇങ്ങനെയൊരു നിമിത്തം കണ്ണുതുറപ്പിച്ച ഒരു നർത്തകിയുടെ കഥ പറയാം. വർഷങ്ങൾക്ക് മുമ്പ് ഒഡീഷയിലെ ഭുവനേശ്വരിൽ ഒരു നാട്ടിൻപുറത്ത് ജനിച്ച ബിജായിനി എന്ന ഒരു സാധാരണ പെൺകുട്ടി ദൈവം കാണിച്ചു തന്ന നിമിത്തങ്ങളിലൂടെ സഞ്ചരിക്കുകയുണ്ടായി. മറ്റെല്ലാ പെൺകുട്ടികളെയും പോലെ പ്രാദേശിക നൃത്ത അക്കാദമിയിൽ ഒഡീസി പഠിച്ചുവെങ്കിലും നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി കാണാൻ ശ്രമിക്കാതെ അവൾ ഉന്നതവിദ്യാഭ്യാസത്തിനായി കോളേജിൽ ചേർന്നു,ബിരുദം നേടി. അദ്ധ്യാപനത്തിലേക്ക് തിരിയാൻ ഉറപ്പിക്കവെയാണ് നർത്തകരെ റിക്രൂട്ട് ചെയ്യുന്ന നൃത്യഗ്രാമിന് ഓഡിഷൻ ശ്രദ്ധയിൽപ്പെടുന്നത്. നൃത്തമാണ് ഇനിയുള്ള ജീവിതമെന്ന് ദൈവം ചൂണ്ടിക്കാണിച്ചപ്പോൾ മറ്റെല്ലാ വഴികളുമടച്ച് ബിജായിനി നൃത്തത്തിലേക്ക് തന്നെ സഞ്ചരിച്ചു.

അങ്ങനെ വർഷങ്ങൾക്കിപ്പുറം ലോകം കണ്ട ഏറ്റവും മികച്ച ഒഡീസി നർത്തകരിൽ ഒരാളായി മാറാൻ ബിജായിനി സത്പതിക്ക് കഴിഞ്ഞു. ഇന്ന് നൃത്യഗ്രാമിന്റെ പ്രമുഖ നർത്തകിയായി സേവനം അനുഷ്ഠിക്കുമ്പോൾ അനേകം സംഭാവനകൾക്കൊപ്പം പുതിയ ഒരു സോളോ ഡാൻസുമായി നൃത്തരംഗത്ത് നിറഞ്ഞു നിൽക്കുകയാണ് ബിജായിനി സത്പതി.

സ്ത്രീ മനസ്സുകളെ വളരെയധികം സ്പർശിച്ച കോൾ ഓഫ് ഡൗൺ എന്ന കൃതിയെ പരിചയപ്പെടുത്തുകയാണ് ഈ നൃത്തത്തിലൂടെ ബിജായിനി. ആഹിർഭൈരവ രാഗത്തിലെ മൂന്ന് സംഗീത ശകലങ്ങൾ ഇഴചേർത്ത് കാസി നസ്റുൽ ഇസ്ലാമിന്റെ വരികളെ കേന്ദ്രബിന്ദുവാക്കി രചിക്കപ്പെട്ട ഈ കൃതി ഒരു ചെറു പെൺകുട്ടിയുടെ കഥ പറയുന്നു, അവളുടെ സ്വപ്നങ്ങളെ തുറന്നുകാട്ടുന്നു, ആഗ്രഹങ്ങളെ സഫലീകരിക്കുന്നു. ഭാസുര തേജസ്വിയായ ശിവനെ പോലെയും എന്നാൽ അതിൽ കൂടുതൽ അഭികാമ്യനായ കൃഷ്ണനെ പോലെയുമുള്ള ഒരു പുരുഷനെ ജീവിതപങ്കാളിയായി ലഭിക്കാൻ പ്രാർത്ഥനയുമായി ശിവപൂജ നടത്തുകയാണ് ആ പെൺകുട്ടി. ഇത്തരം ഒരു കഥാസന്ദർഭം കൃതിയുടെ കേന്ദ്രപ്രമേയമായി തിരഞ്ഞെടുത്തതിനു പിന്നിൽ സ്വതന്ത്ര ഇന്ത്യക്കായുള്ള പോരാട്ട വീഥിയിലെ കാസിം നസ്റുൽ ഇസ്ലാമിന്റെ പങ്ക് വിശദീകരിക്കപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് കവിയായി സേവനമനുഷ്ഠിച്ച അദ്ദേഹം സ്ത്രീകളുടെ ഉന്നമനത്തിനായി തൂലിക ചലിപ്പിച്ച വ്യക്തിയാണ്. സ്ത്രീകൾ അവരുടെ പങ്കാളികളെ സ്വയം, സ്വമനസ്സാലേ തിരഞ്ഞെടുക്കണമെന്ന അഭിപ്രായമാണ് ഈ പ്രമേയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ആദി ശങ്കരാചാര്യരുടെ സ്തോത്രത്തെ അടിസ്ഥാനമാക്കി സ്തറൈണ -പൗരുഷ സ്വഭാവ സങ്കല്പവും, ക്ഷേത്രത്തിലെ ചിത്രകലകൾ ഒരു പെൺകുട്ടിയുടെ പുരുഷ സങ്കൽപ്പത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നും നർത്തകി പര്യവേക്ഷണം ചെയ്യുന്നു. ഒപ്പം ബിന്ദു മാലിനി നാരായണസ്വാമിയുടെ സംഗീതവും ആലാപനവും ബിജായിനിയുടെ ഈ നൃത്തത്തെ മികവുറ്റതാക്കുകയും ചെയ്യുന്നു.

ഏഴ് വ്യത്യസ്ത വീക്ഷണ കോണുകളിൽ നിന്ന് മൂന്ന് ക്യാമറകളിലായി ചിത്രീകരിക്കുന്ന ഈ നൃത്താവിഷ്കാരം നൃത്ത ലോകത്തിനുള്ള ബിജായിനിയുടെ ഒരു വലിയ സംഭാവനയാണ്. ഒരു നൃത്തം ക്യാമറയിൽ പകർത്തുമ്പോൾ നേരിടേണ്ടിവരുന്ന സാങ്കേതിക വെല്ലുവിളികളെക്കുറിച്ച് ഈ അവസരത്തിൽ ബിജായിനി വിശദീകരിക്കുന്നു. സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന ചടുലതയും പ്രസരിപ്പും ക്യാമറക്കണ്ണുകൾക്ക് പകർത്തിയെടുക്കാനാവാത്തതാണ് അവയിൽ പ്രധാനം. അടവുകൾക്കിടയിലെ ആ ഒഴുക്ക് നഷ്ടപ്പെടാതിരിക്കാൻ ഓരോ ഭാഗവും രണ്ട് തവണ അവതരിപ്പിച്ചാണ് ബിജായിനി തന്റെ ഈ നൃത്ത ശിൽപ്പം പൂർത്തിയാക്കിയിരിക്കുന്നത്. നൃത്ത ലോകത്തിനുള്ള ബിജായിനിയുടെ സംഭാവനകൾ ഇവിടെ അവസാനിക്കുന്നില്ല; യോഗ, നാട്യശാസ്ത്രം, കളരിപ്പയറ്റ്, പാശ്ചാത്യ സങ്കേതങ്ങൾ, പരമ്പരാഗത ഒഡീസി സന്നാഹ വ്യായാമങ്ങൾ, അനാട്ടമി, കിനിസിയോളജി എന്നിവ സമന്വയിപ്പിക്കുന്ന ഒരു സംയോജിത ഫിസിക്കൽ കണ്ടീഷനിംഗ് വികസിപ്പിച്ചെടുക്കാൻ ബിജായിനിക്ക് സാധിച്ചു. അമേരിക്കയിലുടനീളം ഈ കണ്ടീഷനിൽ പ്രോഗ്രാമുകൾ പഠിപ്പിക്കാൻ അവസരവും ലഭിച്ചു. കൂടാതെ ‘പ്രണതി’ എന്ന മറ്റൊരു നൃത്താവിഷ്കാരവും ബിജായിനി വിഭാവനം ചെയ്തു. ബിജായിനിയുടെ സംവിധാനത്തിൽ ശിഷ്യരായ പൃഥ്വി നായക്, അക്ഷിതി റോയ് ചൗധരി, മാളവിക സിങ് എന്നിവരാണ് പ്രണതി അവതരിപ്പിച്ചത്.

ബിജായിനി എന്ന നർത്തകിയുടെ നൃത്ത ലോകത്തെ സഞ്ചാരപാതയെ വിശകലനം ചെയ്യുമ്പോൾ നമ്മൾ പറഞ്ഞ ആ നിമിത്തങ്ങൾ വഴികാട്ടിയാവുന്നതായി കാണാം. ഏഴാം വയസ്സിൽ ഒഡീസി അഭ്യസിച്ചു പോന്ന അവർ ഒരു ഘട്ടത്തിൽ നൃത്തത്തിൽ നിന്നും വഴി തിരിഞ്ഞു പോയെങ്കിലും നൃത്യഗ്രാമിന്റെ ഓഡിഷനിലൂടെ വീണ്ടും ചുവടുവയ്ക്കാൻ അവസരം ലഭിച്ചു. പിന്നീട് 13 വർഷത്തെ ഒഡീസി പരിശീലനത്തിനുശേഷം പ്രതിമ ഗൗരിയുടെ നൃത്യഗ്രാമിൽ പ്രധാന നർത്തകിയായി ചേരുകയും പരിശീലനത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 2019 ൽ ഒരു സോളോ നർത്തകിയായും നൃത്ത സംവിധായകയുമായി മാറിയ ബിജായിനി ഒട്ടനേകം അവാർഡുകൾക്ക് അർഹയായി. ആഗ്രഹങ്ങൾക്കപ്പുറം ദൈവം അറിഞ്ഞു തരുന്ന ചില സമ്മാനങ്ങളുണ്ടെന്ന് ബിജായിനിയുടെ ഈ ജീവിതയാത്രയിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. സംഗീതത്തിനൊപ്പം ഒഴുകാൻ ശരീരത്തെ അനുവദിച്ച പോലെ ദൈവത്തിന്റെ തീരുമാനങ്ങൾക്കൊപ്പം ജീവിതത്തെ നയിക്കുകയും ചെയ്യുകയാണ് ബിജായിനി സത്പതി എന്ന പ്രഗത്ഭയായ ഈ നർത്തകി!