മരണത്തിന് എത്ര മുഖങ്ങളാണ്.. (ബിന്ദു കാന ,ടെക്‌സാസ് )

sponsored advertisements

sponsored advertisements

sponsored advertisements

28 February 2023

മരണത്തിന് എത്ര മുഖങ്ങളാണ്.. (ബിന്ദു കാന ,ടെക്‌സാസ് )

ബിന്ദു കാന ,ടെക്‌സാസ്

ഒരു നഴ്സ് ആയത് കൊണ്ടാകാം ആത്മഹത്യയെ കുറിച്ച് പലരും എന്നോട് സംസാരിച്ചിട്ടുണ്ട്. ആത്മഹത്യ പ്രവണതയുള്ള പല രോഗികളെയും ഞാൻ ചികിത്സിച്ചിട്ടുണ്ട്. രണ്ട് ദിവസം മുൻപ് വന്ന രോഗിയുടെ ബാഗ് ഞാൻ പരിശോധിച്ചപ്പോൾ മൂർച്ചയുള്ള കത്രികയാണ് അതിൽ നിന്ന് എനിക്ക് കിട്ടിയത്. ഞരമ്പ് മുറിച്ച് ചാകണം എന്നായിരുന്നു എന്നോട് പറഞ്ഞത്.scizhophrenia ബാധിച്ച ഇദ്ദേഹത്തിന് ആ അസുഖത്തിൻ്റെ ഭീകര വശങ്ങളായ visual hallucinations എപ്പോഴും ശല്യപ്പെടുത്തി കൊണ്ടിരിക്കുന്നുണ്ടായിരുന്നു .മുറിയുടെ മൂലയിൽ ഒരു രൂപം ആ രോഗി എപ്പോഴും കാണുന്നുണ്ടായിരുന്നു .ആ രൂപം അയാളോട് സ്വയം മുറിവേൽപ്പിച്ച് ചാകാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു ….. അസുഖത്തിനുള്ള മരുന്ന് കഴിക്കാൻ പോലും ഇയാൾക്ക് പലപ്പോഴും ബുദ്ധി നേരെ നിൽക്കുന്നുണ്ടായിരുന്നില്ല. ഒരു ദിവസം ഇയാൾ ഇയാളെ തന്നെ കൊന്നാൽ എങ്ങനെ കുറ്റം പറയാൻ പറ്റും..?

രണ്ട് മാസം പ്രായം ഉള്ള കുഞ്ഞിന് കാർഡിയാക് അറസ്റ്റ് വന്ന് ഞങ്ങൾ കാർഡിയാക് കംപ്രഷൻ നടത്തിയിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല… ആ മരണം വലിയ വേദനയാണ് തന്നത്… രക്ഷിക്കാൻ നോക്കിയ ഞങ്ങൾക്ക് മാത്രമല്ല നൊന്ത് പ്രസവിച്ച അമ്മക്കും.. പിന്നെ അപ്പനും കുടുംബത്തിൽ എല്ലാവർക്കും…
.
എപ്പോഴും ചിരിച്ച് സംസാരിക്കുന്ന ഞങ്ങളുടെ അഡ്മിനിസ്ട്രേഷൻ ടീമിലെ നഴ്സ് ഈയിടെ മരിച്ചത് കാർ ആക്സിഡൻ്റിൽ ആണ്… മനസ്സിൽ അവൾ ഇപ്പോഴും ചിരിച്ച് കൊണ്ടിരിക്കയാണ്…

മുഖ പുസ്തകത്തിലൂടെ പരിചയപ്പെട്ട സൗഹൃദത്തെ ഓർക്കാപ്പുറത്ത് കോവിഡ് വന്ന് കൂട്ടിക്കൊണ്ട് പോയി… കുടുംബാംഗത്തെ ഒരു മാരക രോഗവും. നന്നായി അറിയാവുന്ന ഒരു കുടുംബ സൗഹൃദത്തിലെ അംഗം അപകട മരണം സംഭവിച്ചു…
മരണങ്ങളാണ് ചുറ്റിലും.. പല തരത്തിൽ പല വിധത്തിൽ… ചിലത് സ്വയം രക്ഷപ്പെടലാണ്.. ചിലത് അപ്രതീക്ഷിതം… ചിലത് പ്രതീക്ഷിച്ചതും…

എല്ലാ മരണവും എന്നെ കരയിക്കാറില്ല.. ചിലത് ഭയങ്കര നിർവികാരതയിലേക്ക് തള്ളി വിടുമ്പോൾ .. ചില മരണങ്ങൾ ആശ്വാസം പകരും…. ചിലത് കേൾക്കുമ്പോൾ ഞാൻ ദൈവത്തെ പോലും ചോദ്യം ചെയ്യും…..

ജനനം ഉണ്ടെങ്കിൽ മരണം ഉണ്ട്..

എന്നാലും നന്നായി ജീവിച്ച് നല്ല മരണം കിട്ടുക എന്നത് എല്ലാവർക്കും വിധിച്ച ഒന്നല്ല..

ബിന്ദു കാന ,ടെക്‌സാസ്