നന്ദികെട്ട മനുഷ്യർ (ബിന്ദു കാന,ടെക്‌സാസ് )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


8 March 2023

നന്ദികെട്ട മനുഷ്യർ (ബിന്ദു കാന,ടെക്‌സാസ് )

വനിതാദിന രചനകൾ
ബിന്ദു കാന,ടെക്‌സാസ് 
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ചാംവാര്‍ഡിലെ ഏഴാമത്തെ ബെഡിലെ സ്ട്രോക്ക് വന്ന വയസ്സായ അമ്മ എന്‍റെ ഒരു പേഷ്യന്‍റായിരുന്നു എന്നതല്ലാതെ വേറെ ആരുമല്ലായിരുന്നു. 1991 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ മെഡിക്കല്‍ കോളേജ് വാര്‍ഡുകളില്‍ ഒന്നായിരുന്നു അഞ്ചാം വാര്‍ഡ്. ആകെ 17 കട്ടിലുകള്‍. അതിന്‍റെ ഇരട്ടിയിലധികം രോഗികള്‍. ഒരു ബെഡില്‍ തന്നെ രണ്ട് രോഗികള്‍. രണ്ട് കട്ടിലിനിടയില്‍ തറയില്‍ രോഗികള്‍. വരാന്തയില്‍ രോഗികള്‍.
രോഗികളെ ചവിട്ടിപ്പോകാതെ നഴ്സുമാര്‍ ഇരിക്കുന്ന റൂമിലേക്ക് കയറിവരിക എന്നതു പോലും സര്‍ക്കസ് കളിക്കുംപോലെ അഭ്യാസം വേണ്ടി വരുന്ന ഒന്നായിരുന്നു. ഒരു ഭാഗം തളര്‍ച്ച വന്ന ആ അമ്മയെ ആരാണ് എന്‍റെ വാര്‍ഡിലേക്ക് കൊണ്ടുവന്നത് എന്നെനിക്ക് ഓര്‍മ്മയില്ല. പക്ഷെ അവരുടെകൂടെ ആരും ഉണ്ടായിരുന്നില്ല അവരെ നോക്കാനായി. ഞങ്ങള്‍ നഴ്സുമാരും മറ്റ് രോഗികളുടെ ബന്ധുക്കളും ചേര്‍ന്നായിരുന്നു അവരെ തിരിച്ചും മറിച്ചും കിടത്തിയിരുന്നതും അവര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയപ്പോള്‍ വൃത്തിയാക്കികൊണ്ടിരുന്നതും.
ഇതിനിടയ്ക്ക് അവര്‍ക്ക് കൊടുക്കേണ്ട മാനിറ്റോള്‍ എന്ന മരുന്നിന്‍റെ ലഭ്യത വളരെ കുറഞ്ഞു. പല രോഗികള്‍ക്കും ഈ മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ടതായി വന്നു. ഈ രോഗിയുടെ ആവശ്യത്തിനും മരുന്നുകള്‍ കിട്ടാത്ത അവസ്ഥ വന്നു.
ഞാന്‍ ഉള്‍പ്പെടെയുള്ള നഴ്സുമാര്‍ കോളേജിലെ പല വാര്‍ഡുകളും കയറി ഇറങ്ങി, ഇവര്‍ക്കുള്ള മരുന്നിനായി. ചില വാര്‍ഡുകളില്‍ സ്റ്റോക്ക് ഉള്ളത് കണ്ട് അവിടെനിന്ന് കടം വാങ്ങി ഇവര്‍ക്ക് വേണ്ടി ഉപയോഗിച്ചു. ഞങ്ങള്‍ നഴ്സുമാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പൈസ എടുത്ത് പുറത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മേടിച്ചു. ‘ഇതുപോലെ ആരും തിരിഞ്ഞുനോക്കാത്ത രോഗികള്‍ക്കായി നിനക്കൊന്നും വേറെ പണിയില്ലേ ഇങ്ങനെ രോഗികള്‍ക്ക് വേണ്ടി പണം ചിലവാക്കാന്‍. വാര്‍ഡുകള്‍ തോറും കയറിയിറങ്ങി കാശ് മേടിക്കാന്‍..?’ കണ്ടുനിന്ന പലരും എന്നോട് ചോദിച്ചു.
വാര്‍ഡില്‍ തളര്‍ന്ന് കിടക്കുന്ന ആരും നോക്കാനില്ലാത്ത അമ്മയെ കാണുമ്പോള്‍ എല്ലാം എനിക്കെന്‍റെ അമ്മയെ ഓര്‍മ്മ വരുമായിരുന്നു. അവരെ മരുന്നില്ല എന്ന് പറഞ്ഞ് കൈയ്യൊഴിയാന്‍ എനിക്ക് പറ്റുകയില്ലായിരുന്നു.
അങ്ങനെ ഒരു വൈകുന്നേരം ആ അമ്മ മരിച്ചു. രോഗികളെ കാണാന്‍ ബന്ധുക്കള്‍ വാര്‍ഡ് സന്ദര്‍ശിക്കുന്ന വേളയിലാണ് ആ അമ്മ മരിച്ചത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സ് ഞാന്‍ മാത്രം. എന്തായാലും ഇന്നല്ലെങ്കില്‍ നാളെ ആ അമ്മ മരിക്കും എന്നെനിക്ക് അറിയാമായിരുന്നു. കോള്‍ ഡ്യൂട്ടി ഡോക്ടറെ വിളിക്കാന്‍ ഞാന്‍ നഴ്സിങ്ങ് അസിസ്റ്റന്‍റിനെ വിട്ടിരുന്നു. എങ്കിലും ഡോക്ടര്‍ വാര്‍ഡില്‍ എത്തും മുന്‍പ് രോഗി മരിച്ചു. എവിടെ നിന്നറിയാതെ ആ സമയം ആ അമ്മയുടെ മകന്‍ പ്രത്യക്ഷപ്പെട്ടു. അങ്ങനൊരു മകന്‍ ആ അമ്മയ്ക്കുണ്ടായിരുന്നു എന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. അയാള്‍ എന്നെ ചൂണ്ടി കാണിച്ച് ഉറക്കെ വാര്‍ഡില്‍ നിന്ന് അലറി. “നിങ്ങളാണ് എന്‍റെ അമ്മയെ കൊന്നത്. നിങ്ങള്‍ ഡോക്ടറെ സമയത്തിന് വിളിച്ചിരുന്നു എങ്കില്‍ എന്‍റെ അമ്മ മരിക്കില്ലായിരുന്നു.”
രോഗികളെ സന്ദര്‍ശിക്കാന്‍ വന്ന ബന്ധുക്കളുടെ കൂട്ടം രണ്ട് ഭാഗമായി പിരിഞ്ഞു. ഒരു കൂട്ടം എന്‍റെനേരെ വിരല്‍ചൂണ്ടി ഞാന്‍ കുറ്റവാളി എന്ന് വിധിച്ചു. മറുകൂട്ടം ഞാന്‍ തളര്‍ന്നുവീഴാന്‍ പോകുന്നു എന്ന് കണ്ട് താങ്ങായി കൂടെനിന്നു. ഇടയില്‍ പെട്ട ഞാന്‍ തരിച്ചു നിന്നു. എന്താണ് എന്‍റെ ചുറ്റിലും സംഭവിക്കുന്നത് എന്നുപോലും തിരിച്ചറിയാന്‍ പറ്റാത്ത ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് ഞാന്‍ വീണു. കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. പക്ഷെ കണ്ണുനീര്‍ തുടയ്ക്കാന്‍ കൈകള്‍ പൊക്കാന്‍ പറ്റാത്തവിധം സങ്കടംകൊണ്ടും അരിശം കൊണ്ടും ദേഹം തരിച്ചുപോയിരുന്നു. മനുഷ്യന്‍ എന്നത് നന്ദികേടിന്‍റെ മറ്റൊരു പര്യായം എന്നത് എന്‍റെ ജീവിതത്തില്‍ ഇത്രത്തോളം പഠിപ്പിച്ച മറ്റൊരു സംഭവം പിന്നീട് ഉണ്ടായിട്ടില്ല. എന്നിട്ടും ഞാന്‍ എന്‍റെ നഴ്സിംഗ് ജോലി നിര്‍ത്തിയിരുന്നില്ല.
ആള്‍ക്കൂട്ടങ്ങള്‍ എന്നും രണ്ടായി പിരിയും. ഒരുഭാഗം കല്ലെറിഞ്ഞ് വേദനിപ്പിക്കാനായി മാത്രം. മറുഭാഗം താങ്ങി നിര്‍ത്താനും. ഇതിനിടയില്‍ പെട്ടുപോകുമ്പോള്‍ ഇടയ്ക്ക് ദേഹം മരവിക്കും. കണ്ണുനീര്‍ ചാലായി ഒഴുകും. ആത്മരോഷംകൊണ്ട് വിറയ്ക്കും. ആരെയും ഇനി സഹായിക്കില്ല എന്ന് വിതുമ്പും. എങ്കിലും അടിസ്ഥാനഭാവം മനുഷ്യത്വം ആയത് കൊണ്ട് വീണ്ടും മുന്നോട്ട് പോകും. നന്ദികേടുകളുടെ പെരുമഴക്കാലത്തില്‍ പിന്നെയും നനഞ്ഞ് കുതിരും മനുഷ്യത്വം കൈമുതലാക്കി പിറന്നതും വളര്‍ന്നതും മഹാവിഡ്ഢിത്തമായിരുന്നു എന്ന തിരിച്ചറിവില്‍ പിന്നെയും പഴയതുപോലെ യാത്ര തുടരും.

ബിന്ദു കാന,ടെക്‌സാസ്