ഒരു വീശൽ കഥ (ബിനി മൃദുൽ, കാലിഫോർണിയ)

sponsored advertisements

sponsored advertisements

sponsored advertisements

13 February 2023

ഒരു വീശൽ കഥ (ബിനി മൃദുൽ, കാലിഫോർണിയ)

ബിനി മൃദുൽ, കാലിഫോർണിയ

ഇന്നൊരു വീശൽ ദിവസമായിരുന്നു. ഇത് കേട്ട് ഞാൻ അടിച്ചു ഫിറ്റ്‌ ആയി എന്ന് കരുതേണ്ട. ഇതൊരു പൊറോട്ട വീശൽ കഥ ആണ്.

പൊറോട്ട വീശുന്നത് ആദ്യമായി കണ്ടത് എന്റെ വീട്ടിൽ നിന്ന് തന്നെ യാണ്. ഒരു പാട് വർഷം പിറകോട്ടു പോകണം. പൊറോട്ട ഉണ്ടാക്കുന്നത് പഠിക്കാൻ അച്ഛൻ അടുത്തുള്ള ചായക്കടക്കാരനെ വീട്ടിൽ കൂട്ടികൊണ്ട് വന്നു. രാത്രിയിൽ വീശി നാലുകാലിൽ നടക്കുന്ന ചേട്ടനെ ബോധത്തോടെ കണ്ടു കിട്ടാൻ പാടായിരുന്നു. അച്ഛൻ പറഞ്ഞത് മാനിച്ചു ചേട്ടൻ ഞായറാഴ്ച രാവിലെ ഹാജർ. എന്തൊക്കെ പൊറോട്ടയിൽ ചേർത്തെന്നു എന്നോട് ചോദിക്കരുത്. ഓർമയില്ല എന്നതാണ് സത്യം. ആകെ ഓർമ യുള്ളത് ചേട്ടൻ അമ്മിക്കല്ലിൽ വീശിയടിക്കുന്ന ചിത്രം മാത്രമാണ്.
എന്തായാലും അന്നത്തെ പൊറോട്ട ക്ലാസ്സ്‌ കഴിഞ്ഞിട്ടും ആരും പൊറോട്ട ഉണ്ടാക്കാൻ പഠിച്ചില്ല.

ഇതിപ്പോ പറയാൻ കാരണം ഇന്നത്തെ പൊറോട്ട ക്ലാസ്സ്‌ ആണ്.
സഹൃദയനായ ഒരു സുഹൃത്ത് ഞങ്ങളെ കുറെ പേരെ വിളിച്ച് ഒരു പൊറോട്ട ക്ലാസ്സ്‌ പ്ലാൻ ചെയ്തു. ഇതിൽ പൊറോട്ട വീശി പഠിച്ചേ അടങ്ങു എന്ന് പറഞ്ഞു വന്നവരും, പഠിച്ചാലും ഇല്ലേലും കാണാലോ എന്ന് പറഞ്ഞു വന്നവരും ഇതൊക്കെ വിഡിയോയിൽ പിടിച്ചു പിന്നെ കണ്ടു പഠിക്കാം എന്ന് പറഞ്ഞു വന്നവരും, എൻട്രൻസ് കോച്ചിംഗ് പോലെ BDS നു കിട്ടി MBBS നു വേണ്ടി വീണ്ടും prepare ചെയ്യുന്ന പോലെ വീശൽ ഒന്നൂടെ മെച്ചപ്പെടുത്താ നായി 1:1 ക്ലാസ്സ്‌ കഴിഞ്ഞു ഗ്രൂപ്പ്‌ ക്ലാസ്സിനായി വന്നവരും പിന്നെ നിർത്താതെ ഗാലറിയിൽ ഇരുന്ന് കമന്റ്‌ പറയുന്നവരും ഒക്കെ ഉണ്ടായിരുന്നു . പിന്നെ വേറെ ഒരു വിഭാഗം ഉണ്ട്‌. ആരൊക്കെയാണ് നന്നായി വീശുന്നത് എന്ന് ദീർഘ വീക്ഷണം നടത്തുന്നവർ. ഇതെങ്ങനെ ഒരു 200 -300 പേർക്ക് വിളമ്പാമെന്നാണ് ഇക്കൂട്ടർ ചിന്തിക്കുന്നത്. വീട്ടിൽ ഉണ്ടാക്കിയില്ലേലും പുറത്തു ള്ളവരെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന് കരുതുന്ന മഹാമനസ്കർ. ഇവർ ഗാന്ധിജി ജനിച്ച അതേ ദിവസം തന്നെയാണോ ജനിച്ചത് എന്ന് പോലും നമ്മൾ ചിന്തിച്ചു പോകും. നീ ഉണ്ടില്ലേലും നിന്റെ അയൽക്കാരനെ ഊട്ടുക എന്ന തത്വത്തിൽ അഗാധമായി വിശ്വസിക്കുന്നവർ ആണിവർ.

വൈവിധ്യങ്ങളുടെ നാടാണല്ലോ ഇന്ത്യ. അത് ഞങ്ങൾ ഇവിടെയും കാത്തു സൂക്ഷിച്ചു. സുഹൃത്തുക്കളുടെ വൈവിധ്യവും പൊറോട്ട വീശാൻ ഉള്ള വൈദഗ്ദ്യ വും നേരത്തെ മനസിലാക്കിയ നമ്മുടെ സഹൃദയനായ സുഹൃത്ത് ജനലുകളും വാതിലും ഭദ്രമായി അടച്ചു വച്ചിരുന്നു. ആർക്കേലും ആഞ്ഞു വീശാൻ തോന്നിയാൽ അപ്പുറത്തെ വീട്ടിലെ മദാമ്മ യുടെ തലയിൽ പതിച്ചാൽ ഉള്ള പൊല്ലാപ്പിനെ പറ്റി സുഹൃത്തിനു നല്ല ബോധം ഉണ്ടായിരുന്നു.

അങ്ങനെ പൊറോട്ട വീശൽ സമയം എത്തി. ഇതെല്ലാം എനിക്ക് പുഷ്പം പോലെ എന്ന മട്ടിൽ വന്ന ചേട്ടന്മാരുടെ ആഞ്ഞു വീശലിൽ പൊറോട്ട മാവ് പറന്നു പോയി അടുത്തുള്ള എണ്ണ പാത്രത്തിൽ വീണതും, സൺഫ്ലവർ ഓയിലിന്റെ പരസ്യം പോലെ എണ്ണ തുളുമ്പി restaurant യൂണിഫോം പോലെ ഒരേ നിറത്തിൽ ഉള്ള ഷർട്ട്‌ ഇട്ടു വന്ന ചേട്ടന്മാരുടെ ദേഹത്തേക്ക് പതിച്ചതും ഞങ്ങൾ ഗാലറിക്കാരുടെ കമന്റ്കൾക്ക് വേഗം കൂട്ടി.

സ്കൂളിൽ സ്ഥിരം കാണുന്ന കുറച്ചു കഥാപാത്രങ്ങളെയും ഞങ്ങൾ ഇവിടെ കണ്ട് മുട്ടി. അയ്യോ ഞാൻ ഒന്നും പഠിച്ചില്ല,എനിക്കൊന്നും അറിയില്ലേ എന്ന് പറഞ്ഞ സുഹൃത്തിന്റെ വാക്ക് കേട്ട് പഠിക്കാതെ പരീക്ഷ ക്ക് പോയ എന്നെ അതേ സാഹചര്യം വീണ്ടും ഓർമിപ്പിച്ച് വേറൊരു സുഹൃത്ത്.

പതിയെ എനിക്ക് ഒന്നും അറിയില്ല എന്ന ഭാവത്തിൽ വന്ന് സുന്ദരമായി വീശി set ചെയ്ത് വച്ചു സുരേഷ് ഗോപി സ്റ്റൈലിൽ തലകുലുക്കി നടന്നു പോയ സുഹൃത്തിന്റെ മുഖത്ത് എന്തൊരു ആത്മ സംതൃപ്തി!

വീശാൻ തുടങ്ങി ഇന്ത്യയും പാക്കിസ്ഥാനും പോലെ പിളർന്നു പോയ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ആഞ്ഞു ശ്രമിച്ച സുഹൃത്തിന്റെ പെടാ പാട് കണ്ടു കശ്മീർ അതിർത്തിയിൽ ഇരുന്നു ഞങ്ങൾ ചിരിയടക്കാൻ പാട് പെട്ടു.

പൊറോട്ട വീശാൻ തുടങ്ങിയപ്പോഴേ വിയർത്തു കുളിച്ച സുഹൃത്തിനെ കണ്ടപ്പോൾ നൂൽപൊറോട്ട ക്ക് പകരം ” salt porotta” കഴിക്കേണ്ട ഗതി വരുമോ എന്ന് സംശയിച്ചിരിക്കുമ്പോഴേക്കും ഗുരു ഇടപെട്ടു അതിനെ കുട്ടപ്പൻ പൊറോട്ട ആക്കി മാറ്റി.

മുതു കാടിന്റെ മാന്ത്രിക കൈകളെ അനുസ്മരിപ്പിക്കും വിധം പൊറോട്ട മാസ്റ്റർ രംഗം കയ്യടക്കി.അങ്ങനെ പലരും കടന്നു വന്നു. ലങ്കോട്ടി യായും, അമീബ യായും അമേരിക്കൻ മാപ് പോലെയും ഒക്കെ അവനവന്റെ കരവിരുത് എല്ലാവരും പ്രകടിപ്പിച്ചു. ഹോം വർക്ക്‌ ആയി മാവ് കൊടുത്തു അധ്യാപക ജോലി കൃത്യനിഷ്ഠ യോടെ നിർവഹിച്ച ഗുരുവിനു,

വീട്ടിൽ പോയി ഹോം വർക്ക്‌ ചെയ്തു ഫോട്ടോ അയച്ചു കൊടുത്ത ഒരു പറ്റം നല്ല ശുഷ്‌കാന്തി ഉള്ള ശിഷ്യ ഗണങ്ങളെയും കിട്ടി.
ഗാലറിയാണ് ഞങ്ങൾക്ക് പറ്റിയ പണി എന്ന് ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടു ഞങ്ങൾ പൊറോട്ട കഴിച്ചു കൊണ്ടിരുന്നു.

അതിനും വേണ്ടേ ഒരു ഭാഗ്യം.
ഭൂഗോളത്തിന്റ സ്പന്ദനം പൊറോട്ടയിൽ ആണെന്ന് ഓർമിപ്പിച്ച സുഹൃത്തിനും ഇൻസ്റ്റഗ്രാമിൽ പാചക റാണിയായ ഭാര്യക്കും ഒത്തിരി നന്ദി.

ബിനി മൃദുൽ, കാലിഫോർണിയ