ബിനി മൃദുൽ, കാലിഫോർണിയ
കഥ യുടെ പേര് കണ്ടു മാത്രം വായിക്കാം എന്ന് വിചാരിച്ചു വന്നതാണെങ്കിൽ ഇവിടെ നിർത്തി പോകാം. അവളുടെ രാവുകൾ എന്ന പോലെ സിനിമ കഥയല്ല. ഒരു ഹോസ്റ്റൽ കഥയാണ്. എന്റെ കസിൻ കുറെ ദിവസായി പറഞ്ഞു കൊണ്ടിരുന്നതാ – ‘ചേച്ചി നീലിമയുടെ കഥ ഒന്ന് എഴുതണേ’.. ഞാൻ പോലും മറന്ന നീലിമയുടെ കഥ ഓർമിപ്പിച്ച റെനിഷ് ഖാനു ( അവനെ കളിയാക്കി വിളിക്കുന്ന പേര് )നന്ദി.
സ്ഥലം വെള്ളയമ്പലം, തിരുവനന്തപുരം. ഹോസ്റ്റലിന്റെ പേര് ഓർമയില്ല ( സത്യായിട്ടും ഓർമയില്ല. ശാസ്തമംഗലത്തെ Nook reataurant ലെ പൊറോട്ട യും ചിക്കൻ ഉം ഓർമ യുണ്ട് ). ഇഷ്ടമല്ലാത്ത ഹോസ്റ്റൽ ആയത് കാരണമാവാം പേര് പോലും ഞാൻ മറന്നത്. ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആയിരുന്നു. ഞങ്ങളുടെ floor മാത്രം കുട്ടികൾ. Tandem എൻട്രൻസ് കോച്ചിംഗ് സെന്റർ ലെ കുറച്ചു വിദ്യാർത്ഥി കൾ. എന്റെ നേരത്തെ യുള്ള പല കഥകളും വായിച്ചിട്ടുള്ളവർ വിചാരിക്കുന്നുണ്ടാകും -” ങേ ഇവള് ഒരു എൻട്രൻസ് കോച്ചിംഗ് സെന്റർ പോലും വിട്ടില്ലല്ലോ എന്ന് .ആ കഥ പിന്നെ പറയാം.
ഹോസ്റ്റൽ ഇഷ്ടമല്ലെങ്കിലും എന്തിനും കൂടെ നിൽക്കുന്ന കുറച്ചു കൂട്ടുകാരുണ്ടായിരുന്നു. എൻട്രൻസ് കോച്ചിംഗ് ആണേലും വായ്നോട്ടം, കമന്റ് അടി ഇത്യാദി കലാപരിപാടി കൾക്ക് ഒരു മുടക്കവും ഇല്ലായിരുന്നു.
ഹോസ്റ്റൽ പ്രഭാത ഭക്ഷണം എന്നും ദോശയും (കണ്ടാൽ അപ്പത്തിന്റെയും ഇഡ്ഡലി യുടെയും ചേട്ടനായി വരും.) സൂപ്പർഫാസ്റ്റി നെക്കാളും വേഗത്തിൽ പ്ലേറ്റിൽ എല്ലായിടത്തും എത്തുന്ന ഒരു കറി യും. ചട്ണി എന്ന ഓമന പേരിൽ ഹോസ്റ്റൽ ആന്റി മാത്രം അതിനെ വിളിച്ചിരുന്നു.
തിങ്കളാഴ്ച ആയാൽ വെള്ളിയാഴ്ച ആകുന്നത് കാത്തിരിക്കും. വെള്ളിയാഴ്ച്ച ഭാണ്ഠകെട്ടുമായി പോകുന്ന കാണുമ്പോ തോന്നും ഒരു മാസത്തേക്കാ പോകുന്നെ എന്ന്. ഒരാഴ്ച ത്തെ അലക്ക് ഭാണ്ഠകെട്ടുമായി പോകുന്നതാണ്. ഞായറാഴ്ച വൈകുന്നേരം തിരിച്ചും വരണം. അടുത്തുള്ളവർ മാത്രേ വീട്ടിൽ പോകാറുള്ളു. ബാക്കി എല്ലാരും ഹോസ്റ്റലിൽ തന്നെ കാണും. എന്റെ weekend യാത്രകൾ അധികവും ചേച്ചിയുടെ വീട്ടിലേക്കായിരുന്നു. അല്ലേൽ അടുത്ത് ഉള്ള ആന്റി യുടെ വീട്ടിലേക്ക്. ഞായറാഴ്ച വരുമ്പോഴേക്കും കൂട്ടുകാർക്ക് പുതിയ പല കഥകളും പറയാൻ ഉണ്ടാകും. വീക്കെൻഡ് ഹോസ്റ്റൽ തന്നെ ആണേൽ, ഞങ്ങൾ നടക്കാൻ പോകുന്ന കുറച്ചു സ്ഥലങ്ങൾ ഉണ്ട്. ഒന്നുകിൽ ആൽത്തറ അമ്പലം വരെ അല്ലേൽ വെള്ളയമ്പലത്തിനും ശാസ്തമംഗലത്തിനും ഇടയിലായി ഉള്ള ഒരു ഐസ് ക്രീം പാർലർ. ഒരു ഐസ് ക്രീം കഴിക്കാൻ പോകുന്ന ഞങ്ങൾ എല്ലാ തവണ യും ഒന്നിന് പകരം മൂന്ന് തരം കഴിച്ചാണ് മടങ്ങാറ്. ഇനി ഐസ് ക്രീമിൽ വല്ലതും കലക്കി തന്നിരുന്നോ എന്ന് ആർക്കറിയാം. മെനു വിൽ ഉള്ള ഐസ് ക്രീം / ഫലൂദ യുടെ ഒക്കെ പേര് കണ്ടാൽ ഐസ് ക്രീമിന് തന്നെ എക്സ്ട്രാ കുളിര് വരും .
അങ്ങനെ ഒരു 3-4 ദിവസം അവധിയുള്ള സമയം. ഞാൻ ചേച്ചിയുടെ വീട്ടിലേക്കു പോയി. തിരിച്ചു വന്നപ്പോ എന്റെ roommate ഉം ഉറ്റ സുഹൃത്തുമായ കൂട്ടുകാരി weekend വിശേഷം പറഞ്ഞു. അവളുടെ തമാശ കഥകൾ കേട്ടിരിക്കാൻ എന്നും രസമായിരുന്നു. സുഹൃത്ത് ആ weekend കഥ ആരംഭിച്ചു.. 3-4 ദിവസം അവധി ആയതിനാൽ ഹോസ്റ്റലിൽ വളരെ കുറച്ചു പേരെ ഉ ള്ളു.. സുഹൃത്ത് പതിവ് പോലെ രാത്രി ഹോസ്റ്റൽ ഭക്ഷണം കഴിഞ്ഞു റൂമിലെത്തി. വാതിലിൽ ഒരു കൊട്ട് കേട്ടു. പുറത്തു ഒരു പെൺകുട്ടി. കണ്ടു പരിചയം ഇല്ല. ‘മെസ്സ് അടച്ചു പോയി. കുറച്ചു വെള്ളം തരാമോ? അടുത്ത ഫ്ലോറിലാണ്’. എല്ലാരും നാട്ടിൽ പോയതിനാൽ മേലെ ആരും ഇല്ല. താഴത്തെ നിലയിലും അധികം ആളില്ല. ആദ്യമായി കണ്ടതല്ലേ. പേര് ചോദിച്ചു. പേര് നീലിമ. അകത്തേക്ക് വരാൻ പറഞ്ഞു. നാടു ദൂരെ ആയതിനാൽ നീലിമയും നാട്ടിൽ പോയില്ല. രണ്ടു പേരും കഥകൾ പറഞ്ഞിരുന്നു. വെള്ളം ചോദിച്ചതിനാൽ വെള്ളം കൊടുത്തു. വെള്ളം കുടിച്ചു കൊണ്ടിരുന്ന നീലിമയുടെ കൈകൾ സുഹൃത്ത് ശ്രദ്ധിച്ചു. ഒരു വിരൽ ഇല്ല.
അയ്യോ ഒരു വിരലിനു എന്ത് പറ്റി?
വളരെ ശ്രദ്ധയോടെ കഥ കേട്ടിരുന്ന എന്റെ നേരെ ചാടി അത് ‘നീയല്ലേ എടുത്തേ” എന്ന് സുഹൃത്ത് അലറി. കഥ യിൽ മുഴുകി യിരുന്ന ഞാൻ ഞെട്ടി കാറി വിളിച്ചു.
സുഹൃത്തിന്റെ കഥക്ക് അത്രയേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു. അത് കഴിഞ്ഞു അവൾ തുടർന്നു. പിറ്റേ ദിവസം ഹോസ്റ്റൽ ആന്റി യോട് പറഞ്ഞപ്പോ കാര്യത്തിന്റെ ഗതി മാറി. ആ ഹോസ്റ്റലിൽ സുഹൃത്ത് അല്ലാതെ വേറെ ആരും ഇല്ല. എല്ലാരും നാട്ടിൽ പോയിരിക്കയായിരുന്നു . നീലിമ എന്നൊരു കുട്ടി ഒരു പാട് വർഷങ്ങൾ ക്ക് മുൻപ് ആ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തതാണ്. നീലിമയുടെ മുറി ഞങ്ങളുടെ തൊട്ടടുത്ത മുറി ആയിരുന്നെന്നും പറഞ്ഞു.
ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെയായി എന്റെ കാര്യം. നീലിമ ഒരു കെട്ട് കഥ ആയിരുന്നേലും , നീലിമയുടെ മുറി എന്ന് പേരിട്ട ആളില്ലാ മുറി കടന്നു ബാത്‌റൂമിലേക്ക് പോകാൻ പേടി ആയിരുന്നു. സ്ഥിരതാമസം പിന്നെ സ്റ്റഡി റൂമിൽ ആയി. കോച്ചിംഗ് സെന്ററിൽ നിന്ന് വന്നാൽ 5 മണിക്ക് ഒരു കെട്ട് പുസ്തകവുമായി സ്റ്റഡി റൂമിലേക്ക്. 8 മണിക്കൂർ പഠിത്തം ആണെന്ന് ആരും വിചാരിക്കേണ്ട. പേടി കാരണം പഠിത്തവും, തീറ്റയും, ഉറക്കവും, കത്തിയടി യും എല്ലാം സ്റ്റഡി റൂമിൽ തന്നെ. ആരും റൂമിൽ ഇരിക്കില്ല. രാത്രി 12 ആയാൽ എല്ലാരും ജാഥ പോലെ റൂമിലേക്ക്. അതും ഉച്ചത്തിൽ സംസാരിച്ച്. അഥവാ നീലിമ ആ പരിസരത്ത് എവിടേലും ഉണ്ടേൽ പൊയ്ക്കോട്ടേ എന്നായിരുന്നു ഞങ്ങളുടെ ഒരു വെപ്പ്. ബാത്‌റൂമിന്റെ പരിസരത്തേക്കുള്ള യാത്ര യും അകമ്പടി യോടെ ആയിരുന്നു കുറെ കാലത്തേക്ക്. എന്തായാലും നീലിമയുടെ കഥ ഞങ്ങൾ റൂമുകൾ തോറും വിളമ്പി നടന്നു. നീലിമ എല്ലാരുടെയും ഒരു പേടി സ്വപ്നമായിരുന്നു. പിറ്റത്തെ ആഴ്ച ആന്റി യുടെ വീട്ടിൽ പോയപ്പോൾ 2 പിള്ളേരുടെ അടുത്തും ഈ കഥ വിളമ്പി. വീരശൂര പരാ ക്രമിയും അപാര ധൈര്യ ശാലി യുമായ റെനിഷ് ഖാൻ കുറെ ദിവസത്തേക്ക് ഉറങ്ങിയുമില്ല.
എന്നോ മറന്നു തുടങ്ങിയ കഥ ഓർമിപ്പിച്ചതിന് നന്ദി. ഈ ഹോസ്റ്റൽ കാലം ഒരു തുടർ കഥയായി ഇറക്കാൻ ഉണ്ട്. കുറെ വെട്ടി ചുരുക്കി എഴുതിയതാ. ബാക്കി കഥകൾ പിന്നെ ഒരു അവസരത്തിൽ!
വാൽകഷ്ണം : ഈ നീലിമ കഥ പല ഹോസ്റ്റലുകളിലും ആഴ്ച കളോളം ഓടിയ കഥ യാണ്. പല രൂപത്തിലും ഭാവത്തിലും ആണെന്ന് മാത്രം.
