ബിനി മൃദുൽ ,കാലിഫോർണിയ
ബിരിയാണിയും പൊറോട്ടയും അന്നും ഇന്നും എന്നും മലയാളികളുടെ ഒരു വികാരമാണ്.
തലശ്ശേരി യിൽ ചെന്നാൽ ഞമ്മളാണ് ബിരിയാണി യിൽ മുൻപന്തിയിൽ എന്ന് തലശേരിക്കാർ പറയും. അവിടുന്ന് ഇത്തിരി മുന്നോട്ട് പോയി കോഴിക്കോട്ടെത്തിയാൽ
” ജ്ജ് ന്താ പറേണെ, മ്മളെ കഴിഞ്ഞേ ബിരിയാണി രംഗത്ത് വേറെ ആരേലും ഉള്ളു എന്ന് ഓരും പറയും.
ബിരിയാണി യുടെ ഉത്ഭവം അന്വേഷിച്ചു പോയാൽ ഒരു പാട് കഥ കൾ ഉണ്ട്. പേർഷ്യ യിൽ നിന്ന് മുഗൾ രാജാക്കന്മാർ ആണ് ഇത് ഇന്ത്യ യിലേക്ക് കൊണ്ട് വന്നത് എന്നത് ഒരു ചരിത്രം. അറബ് വ്യാപാരികൾ മലബാറിലേക്ക് കൊണ്ടു വന്നതാണെന്ന് വേറൊരു വിഭാഗം.
ഇന്ത്യ യിലെയും പാകിസ്ഥാനിലേയും ബിരിയാണി കഥകൾ വ്യത്യസ്തമാണ്. ഒരു അതിർത്തി തർക്കത്തിന് ബാല്യമില്ലാത്തത് കൊണ്ട് ചരിത്രം ഇവിടെ അവസാനിപ്പിക്കുന്നു.
എന്തായാലും പ്രശസ്തമായ ബിരിയാണികളുടെ പേര് നോക്കിയാൽ മലബാർ ബിരിയാണി യും തലശ്ശേരി ബിരിയാണിയും മുൻപന്തിയിൽ കാണാം. സത്യം പറഞ്ഞാൽ ഈ തലശ്ശേരി ബിരിയാണിയുടെയും മലബാർ/കോഴിക്കോട് ബിരിയാണി യുടെയും വ്യത്യാസം എന്താണെന്ന് ശരിക്കും പിടി കിട്ടിയിട്ടില്ല. കോഴിക്കോട് ബിരിയാണി യിൽ മല്ലി പൊടി ചേർക്കും എന്ന് എവിടെയോ വായിച്ചു. തലശ്ശേരിക്കാർക്ക് അത് പതിവില്ല.
തലശ്ശേരിയെ പറ്റി പറയുമ്പോ ഒരു ഉപന്യാസം എഴുതാൻ ഉണ്ടാകും. മൂന്ന് ‘C” കളുടെ ഈറ്റില്ലം. ക്രിക്കറ്റ്, കേക്ക് പിന്നെ സർക്കസ്. കേരളത്തിൽ ഇതിന്റെ ഒക്കെ ഉറവിടം തലശ്ശേരി തന്നെ. ആദ്യത്തെ ബേക്കറി ആയ മമ്പള്ളി ബേക്കറി യും തലശ്ശേരിയിൽ തന്നെ.
ബാക്കി തലശ്ശേരി കഥ പിന്നെ ഒരിക്കൽ ആകാം. ബിരിയാണി കഥ യിലേക്ക് തിരിച്ചു വരാം.
തലശ്ശേരിയിൽ ഏതു അനാദി കടയിൽ പോയാലും ബിരിയാണി അരി കിട്ടും. നല്ല മണമുള്ള ബിരിയാണി അരി. തലശ്ശേരി ബിരിയാണി ഉണ്ടാക്കി അടപ്പ് തുറക്കുമ്പോ ഉള്ള മണം , അത് മറ്റേതു ബിരിയാണി കൈയിച്ചാലും കിട്ടൂല്ല സാറേ എന്ന് തലശ്ശേരി ക്കാർ പറയും! ഇപ്പൊ കൈമ അരി എന്ന പേരിൽ പാക്കറ്റിൽ വാങ്ങാൻ കിട്ടുന്നുണ്ട്. പക്ഷെ മണം ലവലേശം ഇല്ല.
ശരിയായ തലശ്ശേരി ബിരിയാണിയിൽ തന്നെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട്. കോഴി പൊരിക്കാതെ ചെയ്യുന്നതാണ് ശരിയായ തലശ്ശേരി ബിരിയാണി. കല്യാണ വീടുകളിൽ അത് പൊരിച്ച കോഴി ബിരിയാണി ആയി മാറി.
മഞ്ഞൾ പൊടി , വീട്ടിൽ പൊടിച്ചെടുക്കുന്ന സുഗന്ധ ദ്രവ്യ മസാല, കുരുമുളക് പൊടി ഉണ്ടേൽ കാര്യം റെഡി. തലശ്ശേരി യും
മലബാറും മാത്രമല്ല മറ്റു ബിരിയാണി കളിൽ തലപ്പത്തു നിൽക്കുന്ന ഹൈദരാബാദ് ബിരിയാണി, കൽക്കട്ട ബിരിയാണി എല്ലാം മികച്ചത് തന്നെ. കഴിക്കുന്നവരുടെ ടേസ്റ്റ് അനുസരിച്ചു അതിനെ വിലയിരുത്താം.
എവിടെ പോയാലും മലബാർ അല്ലേൽ തലശ്ശേരി ബിരിയാണി എന്ന് കണ്ടാൽ പിന്നെ വേറെ ഒരു ബിരിയാണി യിലും നോട്ടമില്ല. തലശ്ശേരി യുടെ പ്രാന്തപ്രദേശിയായ ഞാൻ അത് പറഞ്ഞില്ലേലെ അത്ഭുതപെടേണ്ടതുള്ളൂ.
ബിരിയാണി യുടെ സൈഡിൽ വിളമ്പുന്ന പച്ചമുളകും ഇഞ്ചി യും. നാരങ്ങ നീരും ചേർത്ത തേങ്ങ ചമ്മന്തി, ഈന്ത പഴവും,ഉള്ളിയും, മുളകും ചേർത്തരച്ച മധുരവും പുളിയും എരിവും ചേർന്ന chutney,
ഇതൊക്കെ കഴിക്കണേൽ കണ്ണൂര് / തലശ്ശേരി യിൽ തന്നെ പോണം.
അമേരിക്ക യിൽ എവിടെ തലശ്ശേരി എന്ന് കണ്ടാലും മനസ്സിൽ ഒരു സന്തോഷം ആണ്. അത് costco യിലെ kirkland Tellicherry pepper ആയാലും മതി.
ബിരിയാണി യിൽ തുടങ്ങിയ കഥ തലശ്ശേരി യെ പറ്റി ആയി മാറിയോ എന്ന സംശയം ഇല്ലാതില്ല.
ഇനിയിപ്പോ തലശ്ശേരി ദം ബിരിയാണി യുടെ റെസിപ്പി ആർക്കേലും വേണേൽ പറഞ്ഞാൽ മതി.
അപ്പൊ ഒരു സുലൈമാനി കൂടെ കുടിച്ചു അവസാനിപ്പിക്കാം ല്ലേ. പണ്ട് കല്യാണ വീടുകളിൽ ഒക്കെ
ബിരിയാണി കഴിഞ്ഞാൽ ഒരു സുലൈമാനി നിർബന്ധം ആയിരുന്നു. ബിരിയാണി കഴിച്ചു ഉറക്കം തൂങ്ങി ഇരിക്കുമ്പോൾ കിട്ടുന്ന സുലൈമാനി ക്കു വേറെ തന്നെ ഒരു സുഖമാണ്. ലൈറ്റ് കട്ടൻ ചായയിൽ നാരങ്ങ പിഴിഞ്ഞ്, ഇച്ചിരി മധുരവും പൊതിന ഇല കൂടെ ഇട്ടാൽ സംഗതി പോരാ എന്ന് ആരും പറയില്ല.
ബിരിയാണി പറഞ്ഞപ്പോഴാ ” അലിസ ” കഥ ഓർമ വന്നത്. മലബാറിൽ മുസ്ലിം കല്യാണ വീടുകളിൽ കണ്ടിരുന്ന ഒരു ഐറ്റം. കഥ പിന്നീട്..
*കിസ്സ – വെറുതെ സംസാരിച്ചിരിക്കുന്നതിന്റെ ഒരു കണ്ണൂർ അല്ലേൽ മലബാർ വ്യാഖ്യാനം.
