ബിനി മൃദുൽ , കാലിഫോർണിയ
കറുപ്പ്.
എന്തരോ എന്തോ, രാജമാണിക്യം സ്റ്റൈലിൽ പറഞ്ഞാൽ ഞാൻ ഞാൻ ജനിച്ചപ്പോ തൊട്ട് കേൾക്കാൻ തുടങ്ങിയ വാക്കാണ്. എന്തേ, ഈ വാക്ക് മാത്രേ കേട്ടുള്ളു എന്ന് ചോദിച്ചാൽ അല്ല. പക്ഷെ ഒരു പാട് തവണ എന്നെ വേദനിപ്പിച്ച വാക്കാണ്.
നമ്മുടെ നാട്ടുകാരെ അറിയാലോ.. ആരു വീട്ടിൽ വന്നാലും ചോദിക്കുന്ന ചോദ്യം ഇതാണ് ” അയ്യോ ഇളയ മോൾ മാത്രം എന്തേ ഇങ്ങനെ കറുത്ത് പോയെ? ” ദയനീയമായ ചോദ്യം കേട്ടാൽ തോന്നും ആരോ അസുഖം ബാധിച്ചു കിടപ്പോണെന്ന്.
വല്യച്ഛൻ (അമ്മയുടെ അച്ഛൻ) മരിച്ചതിന്റെ പിറ്റേ ദിവസം ആണെന്ന് തോന്നുന്നു. ഞാൻ നന്നേ കുട്ടിയാണ്. അമ്മ പറഞ്ഞതായേ ഇതിന്റെ പൂർണരൂപം ഞാൻ ഓർക്കുന്നുള്ളു. അമ്മ എന്നെ കുളിപ്പിക്കാനായി ഒരു കറുത്ത ചെമ്പിൽ ചൂട് വെള്ളം കൊണ്ട് വച്ചു. കറുത്ത ചെമ്പിലെ വെള്ളത്തിൽ കുളിച്ചാൽ ഞാൻ ഒന്നുടെ കറുത്ത് പോകുമോ എന്ന് കരുതി ഓടെടാ ഓട്ടം. കറുത്ത ചെമ്പ് മാത്രേ എന്റെ മനസ്സിൽ ഉള്ളൂ. കഥ അമ്മ പറഞ്ഞ അറിവ് മാത്രേ ഉള്ളൂ..
പിന്നീട് അങ്ങോട്ട് നിറത്തിന്റ വർണന കൊണ്ടുള്ള ജൈത്ര യാത്ര ആയിരുന്നു. കറുപ്പ് ഒരു രോഗമാണോ എന്ന് ഒരു സമയത്ത് ചിന്തിച്ചിട്ടുണ്ട്. അയൽക്കാരും, നാട്ടുകാരും ബന്ധുക്കളും ഒക്കെ ഈ വർണനയിൽ പങ്കാളികളായിരുന്നു.
സ്കൂൾ കാലത്തും ഇതിന്റെ ഒരു പര്യടനം തന്നെ ആയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കലാരൂപമാണ് ഒപ്പന. സ്കൂൾ കാലത്ത് പേര് കൊടുത്താൽ അതിൽ ടീച്ചേർസ് കുറച്ചു പേരെ തിരഞ്ഞെടുക്കും.
അങ്ങനെ ഞാനും പേര് കൊടുത്തു.
തിരഞ്ഞെടുത്ത ലിസ്റ്റിൽ ഞാൻ ഇല്ലായിരുന്നു. ഒരു ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആയിരുന്നു. Boycut അടിച്ച ഇരുണ്ട നിറമുള്ള എന്നെ ഒപ്പനയിൽ എടുത്തില്ല. കാരണം പറഞ്ഞത് മുടി ഇല്ല, തട്ടം തലയിൽ നിൽക്കില്ല. പക്ഷെ കാരണം അതല്ല എന്ന് എനിക്കറിയാമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാരും അത്യാവശ്യം വെളുത്തിട്ടാണ്. മുഖഭംഗിയല്ല. നിറം വെളുത്തതാണ്. Note the പോയിന്റ്. പിന്നെ 2-3 ടീച്ചേഴ്സിന്റെ മക്കളും. ടീച്ചേഴ്സിന്റ മക്കൾക്ക് മുടി ഇല്ലേലും കുഴപ്പമില്ലായിരുന്നു. തട്ടം ഒട്ടിച്ചു വെക്കുമായിരിക്കും. ഇതൊക്കെ ശ്രദ്ധിച്ചെങ്കിലും എന്നെ കാര്യമായി ബാധിച്ചില്ല. രണ്ട് തവണ ഇത് ആവർത്തിച്ചപ്പോൾ ഞാൻ ഒപ്പനക്ക് വിട പറഞ്ഞു. ഒരു ഒപ്പനയിൽ പങ്കെടുക്കുക എന്നത് ഇന്നും എന്റെ മനസ്സി ലെവിടെയോ കിടക്കുന്ന ഒരു സ്വപ്ന മായി അവശേഷിക്കുന്നു.
കറുപ്പിന്റെ ചരിത്രം അവിടം കൊണ്ടൊന്നും തീർന്നില്ല. കറുത്താൽ എന്താ സുന്ദരി കുട്ടി അല്ലെ എന്ന് പറഞ്ഞു ചിലർ എന്നെ സന്തോഷിപ്പിച്ചു. അതൊക്ക വെള്ളത്തിൽ വരച്ച വര പോലെയേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.
കാലം കടന്നു പോയപ്പോഴും കറുപ്പും എന്റെകൂടെ തന്നെ ഉണ്ടായിരുന്നു.
ഇടക്ക് ഇടക്ക് കേൾക്കുന്ന കറുപ്പിന്റെ കുറ്റപ്പെടുത്തലും. പലരുടെയും ഉപദേശം കേൾക്കുമ്പോ തോന്നും ദേ, ആ വെളുത്ത പെയിന്റ് പാട്ടയിൽ
മുങ്ങിയാൽ നിറം മാറുമെന്ന്.
സ്കൂൾ കഴിഞ്ഞു, കോളേജ് കഴിഞ്ഞു, കല്യാണവും കഴിഞ്ഞു, അമേരിക്ക യിലും എത്തി.
2-3 വർഷം കഴിഞ്ഞു nestle cerelac babies നെ പോലെയുള്ള 2 എണ്ണത്തിനെ എടുത്തു നാട്ടിൽ പോയപ്പോ ദാ കിടക്കുന്നു ചോദ്യം.
മക്കൾ നിന്നെക്കാൾ നിറം ഉണ്ടല്ലേ?
അതിന് ഉരുളക്കുപ്പേരി പോലെ മറുപടി വന്നേലും ഞാൻ അത് കെട്ടില്ലെന്ന് നടിച്ചു.
അതും കഴിഞ്ഞു വർഷം 2018.
നാട്ടിലെത്തി ആദ്യം കണ്ടപ്പോൾ നാട്ടുകാരിയുടെ ചോദ്യം. “അമേരിക്കയിൽ ഇത്രേം കാലം ജീവിച്ചിട്ടും നീയെന്താ വെളുക്കാത്തെ? കഴിഞ്ഞ തവണ കണ്ടതിനേക്കാൾ കറുത്ത് പോയി.”
അമേരിക്കയിൽ പോയി ജോലി ചെയ്യുന്നവർക്കെല്ലാം സായിപ്പ് ഡോളർ മാത്രേ തരൂ അല്ലാതെ നിറം മാറാൻ പ്രത്യേകിച്ച് ഒന്നും തരില്ല എന്ന് പറയണം എന്നുണ്ടേലും ഞാൻ എന്റെ മറുപടി വിഴുങ്ങി.
വേനൽ ക്കാലം അല്ലേ.. അപ്പൊ കുറച്ചു കൂടും തണുപ്പാകു മ്പോൾ ശരിയായി ക്കോളും എന്ന മറുപടി
യിൽ ഒതുക്കി.
കാലം എത്ര മാറിയാലും നമ്മളും നമ്മുടെ ചിന്താഗതി കളും മാറില്ല. വെളുപ്പിന് പിന്നാലെ ഓടുന്ന മലയാളികളും.
കാക്ക കുളിച്ചാൽ കൊക്കാകില്ല എന്ന ചൊല്ല് എത്ര അന്വർത്ഥം!