ബോംബെ സിസ്റ്റേഴ്സ് ലളിത ചന്ദ്രന്‍ അന്തരിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

1 February 2023

ബോംബെ സിസ്റ്റേഴ്സ് ലളിത ചന്ദ്രന്‍ അന്തരിച്ചു

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത സംഗീതജ്ഞ ബോംബെ സിസ്റ്റേഴ്സ് ശ്രീമതി സി. ലളിത ചന്ദ്രന്‍ (85) അന്തരിച്ചു. ജനുവരി 31-ന് രാവിലെ 9 മണിക്കായിരുന്നു സംഗീതലോകത്തെ നടുക്കിയ ഈ ദാരുണ വേര്‍പാട്. ചെന്നൈയിലുള്ള വസതിയില്‍ ഭര്‍ത്താവ് എന്‍.ആര്‍. ചന്ദ്രനൊപ്പം (മുന്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫ് തമിഴ്നാട്) താമസിക്കുകയായിരുന്നു.
മരണം എപ്പോഴും ഒരു അപ്രതീക്ഷിത അതിഥിയായി എത്തുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ശ്രീമതി ലളിതയുടെ ജീവിതത്തിലേക്കും ആ ക്ഷണിക്കപ്പെടാത്ത അതിഥി കടന്നുവന്നു. പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭക്ഷണത്തിന്‍റെ ശകലം കണ്ഠനാളത്തില്‍ കുടുങ്ങുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു വിധേയയാകേണ്ടിവന്നു.
1938 ഓഗസ്റ്റ് മാസം 26-ന് മുക്താംബിളിന്‍റെയും എന്‍. ചിദംബര അയ്യരുടെയും മകളായി തൃശൂരില്‍ ജനിച്ചു. സേതു (സഹോദരി), നാരായണ സ്വാമി, ഭൂവനേശ്വരന്‍ (പരേത-സഹോദരര്‍), സരോജ, സാവിത്രി, ശാന്ത (സഹോദരിമാര്‍).
ന്യൂയോര്‍ക്കില്‍ ക്വീന്‍സില്‍ സംഗീത-നൃത്ത വിദ്യാലയം മുക്താംബര്‍ ഫൈന്‍ ആര്‍ട്സ് ഗുരു ശ്രീമതി സാവിത്രി രാമാനന്ദ്, ലളിതയുടെ ഇളയസഹോദരിയാണ്. ലളിതയുടെ ഇളയസഹോദരി ശാന്ത ന്യൂജേഴ്സിയില്‍ താമസിക്കുന്നു.
സംഗീതത്തിന്‍റെ ആദ്യപാഠങ്ങള്‍ ലളിത സ്വായത്തമാക്കിയത് വിദ്വാന്‍ എച്ച്.എ.എസ്. മണി അവര്‍കളില്‍ നിന്നാണ്. 1958-ല്‍ സരോജയ്ക്കും ലളിതയ്ക്കും ഒരേസമയം മദ്രാസ് സെന്‍ട്രല്‍ സംഗീത കോളജില്‍ ഫെലോഷിപ് ലഭിച്ചപ്പോള്‍ താമസം മദ്രാസിലേക്കു മാറ്റി. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന്‍ സുബ്രഹ്മണ്യ അയ്യറില്‍ (കോളജ് പ്രിന്‍സിപ്പാള്‍) നിന്നും സംഗീതനിപുണനായ ടി.കെ. ഗോവിന്ദ റാവുവില്‍ നിന്നും 45 വര്‍ഷം സംഗീതം അഭ്യസിച്ചു.
ഇന്ത്യന്‍ സംഗീതത്തിന്‍റെ മാസ്മരിക ലോകം, ലോകരാജ്യങ്ങളിലും ആഗോളസംഗീത പ്രേമികളിലും എത്തിച്ച് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ ‘ബോംബെ സിസ്റ്റേഴ്സ്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശ്രീമതി സരോജയും ശ്രീമതി ലളിതയും സംഗീതലോകത്തെ പ്രതിഭാശാലികളാണ്. വാക്കുകള്‍ക്കുമപ്പുറം വിശേഷണങ്ങള്‍ക്കുമതീതമായി ഒരു സംഗീത ജൈത്രയാത്ര നടത്തി വിശ്വപ്രഖ്യാതിരായിത്തീര്‍ന്നവരാണ് പകരം വെക്കാനില്ലാത്ത ഈ അപൂര്‍വ്വസംഗീതസഹോദരിമാര്‍.
1960-ല്‍ ആരംഭിച്ച ഈ സംഗീത സപര്യ ആഗോള വ്യാപകമായി, ലോകത്തിന്‍റെ എല്ലാ കോണുകളിലുമുള്ള സംഗീത ആസ്വാദകര്‍ക്കും ഭാഷകള്‍ക്കുമതീതമായി ഇന്ത്യന്‍ സംഗീതത്തെ എത്തിക്കുവാന്‍ ദൈവീകനിയോഗത്താല്‍ നിയുക്തരായ സരോജാ-ലളിതാ സഹോദരികള്‍ക്ക് കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. സംസ്കൃതം, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, മറാട്ടി എന്നീ ഭാഷകളിലും സംഗീതപ്രാവീണ്യം നേടിയിട്ടുണ്ട് ലളിതാ-സരോജാ സഹോദരിമാര്‍.
2010-ല്‍ സംഗീത അക്കാദമിയുടെ കലാനിധി അവാര്‍ഡ് സരോജയ്ക്കും ലളിതയ്ക്കും ലഭിച്ചു. 2020-ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് പത്മശ്രീ പുരസ്കാരം നല്കി ശ്രീമതി ലളിതാ ചന്ദ്രനെ ആദരിച്ചു.
2006 സെപ്റ്റംബര്‍ 6-ന് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള ടൈസണ്‍ സെന്‍ററില്‍ വെച്ച് ബോംബെ സിസ്റ്റേഴ്സ് സരോജാ-ലളിതാ സഹോദരിമാരുടെ സംഗീതകച്ചേരി സരസ്വതി അവാര്‍ഡ്സ് നടത്തുകയും തദവസരത്തില്‍ ഇന്ത്യന്‍ സംഗീതത്തെ ലോകമെങ്ങും എത്തിച്ച അതുല്യ സംഭാവനയുടെ അംഗീകാരമായി ‘സരസ്വതി അവാര്‍ഡ് പുരസ്കാരം’ ശ്രീമതി സരോജയ്ക്കും ശ്രീമതി ലളിതയ്ക്കും നല്കി ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.
ലളിതയ്ക്കും സരോജയ്ക്കും ലഭിച്ച പുരസ്കാരങ്ങള്‍:
* Padmashri 2020 India Government
* Saraswathi Award 2006; awarded by Saraswathi Awards New York, USA
* Isai Peraringar Award, 2006; awarded by The Tamil Isai Sangam
* Sangeetha Kalasikhamani, 2006; awarded by The Indian Fine Arts Society, Chennai.
* Kalaimamani for contributions to Carnatic music- Government of Tamilnadu
* First women to be conferred the status of Asthana Vidushi by the Kanchi matha
* Sangeetha Kalanidhi Award for the year 2010 from the Madras Music Academy.
* Sangeetha Choodamani Award for the year 1991 from the Sri Krishna Gana Sabha.
* Sangeetha Natak Academy Award for the year 2004- Government of India.
* S V Narayanaswamy Rao Award 2018, awarded by the Sree Rama Seva Mandali, Bangalore.
* Maharajapuram Viswanatha Iyer Memorial Award 2013
* Sangeetha Kala Nipuna Awarded by Mylapore Fine Arts Club, Madras in 1994
* M S Subbulakshmi Award 2019, awarded by the Government of Tamilnadu
സംഗീതത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച് വരും തലമുറയ്ക്കും സംഗീതപ്രേമികള്‍ക്കും സംഗീതാസ്വാദന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ ശ്രീമതി ലളിതാ ചന്ദ്രന് പ്രണാമം അര്‍പ്പിക്കുന്നു. സംഗീതലോകത്തെ തിളങ്ങുന്ന താരമായി എന്നും എക്കാലവും ലളിത ചന്ദ്രന്‍ പ്രപഞ്ചനീലിമയില്‍ പ്രശോഭിച്ചു നില്‍ക്കും.
ശ്രീമതി ലളിത ചന്ദ്രന്‍റെ സംസ്കാരകര്‍മ്മങ്ങള്‍ കേന്ദ്ര-സംസ്ഥാന ബഹുമതികളോടെ ചെന്നൈയില്‍ നടത്തപ്പെടും.