കറുത്ത മുന്തിരിക്കുലകൾ മധുരിക്കുമ്പോൾ (ഡോ. അജയ് നാരായണൻ,മസേറു)

sponsored advertisements

sponsored advertisements

sponsored advertisements

29 June 2022

കറുത്ത മുന്തിരിക്കുലകൾ മധുരിക്കുമ്പോൾ (ഡോ. അജയ് നാരായണൻ,മസേറു)

ഡോ. അജയ് നാരായണൻ,മസേറു

ഓരോ കാലഘട്ടത്തിന്റെയും ആത്മസ്വഭാവത്തെയും ഭാരതത്തിന്റെ ചരിത്രശില്പകലകളിൽ അവ ചെലുത്തിയ സ്വാധീനത്തെയും സംബന്ധിച്ച വിജ്ഞാനപരമായ ഒരു പഠനത്തിനും കൂടിയാണ് ഭാരതത്തിന്റെ ആത്മാവ് അറിയുവാനുള്ള ദേവ്കുമാറിന്റെ ജൈത്രയാത്ര. പൂർണത എന്ന കഥയിലെ നായകന്റെ പരിവേഷം തന്നെയാണ് “കാലാ അങ്കുർ” എന്ന കഥാസമാഹാരത്തിന്റെ ഉപജ്ഞാതാവായ ശ്രീ രാമചന്ദ്രൻ വേളേക്കാട്ട് നും ഉള്ളത്. ഈ ഒരു മാനസികാവസ്ഥയുമായി കഥാകൃത്ത് യാത്രയാവുകയാണ്, ഭാരതസംസ്കാരം തേടി, അസ്തിത്വം തേടി, അർത്ഥം തേടി. ഒരു കണക്കിന് ഈ യാത്ര തന്നെയുംതേടി, ബുദ്ധഭാവത്തിലുള്ള ഒരു യാത്ര കൂടിയാണ്.
കാലാ അങ്കുർ എന്ന കഥാസമാഹാരം ഒരു അന്വേഷണമാണ്. പതിനാലു കഥകളിലൂടെ ഈ അന്വേഷണം മുന്നേറുന്നു. ആർഷഭാരത സംസ്കാരത്തിന്റെ തൂവൽസ്പർശമുള്ള ഓരോ കഥയും ഓരോ സന്ദേശമാണ്. തഴക്കവും കയ്യൊതുക്കവുമുള്ള കഥാകഥനരീതി ഉപയോഗിച്ചു സാഹിത്യത്തിൽ നവ പാത സൃഷ്ടിക്കുന്നുണ്ട് ശ്രീ രാമചന്ദ്രൻ.
നമുക്ക് ഓരോ കഥയിലൂടെയും ഒരു എത്തിനോട്ടം ആകാം.
മുഹമ്മദിന്റെ ഇക്കയിൽ തുടങ്ങുന്ന “കാലാ അങ്കുർ” അവസാനിക്കുന്നത് വിളക്ക് എരിഞ്ഞോട്ടെ എന്ന കഥയിലൂടെ. സ്വാതന്ത്ര്യത്തിനുശേഷം രണ്ടായിപിരിഞ്ഞ ഭാരതം മനുഷ്യരേയും മനസ്സുകളേയും പകുത്തു. പാക്കിസ്ഥാൻ എന്ന സ്വപ്നലോകം തേടിപ്പോയ അനേകം മലയാളികളുടെ അനുഭവങ്ങളും പത്രത്തിൽ വായിച്ചിട്ടുണ്ട്. അതിലൊരാളാവാം മുഹമ്മദിന്റെ ഇക്കയും. നോവുന്ന കഥയിലൂടെ, വ്യക്തമായ അവതരണങ്ങളിലൂടെ ക്യാപ്റ്റൻ അഷ്‌റഫ്‌ന്റെയും മേജർ ഹരീഷിന്റെയും നിസ്സഹായമായ അവസ്ഥകൾ വരയ്ക്കുന്നതു നോക്കൂ, “കാക്കകളുടെ കരച്ചിൽ അതിശക്തമായി തന്നെ വേർതിരിച്ചു കേൾക്കാം. ഇരുട്ട് വ്യാപിക്കുന്നതിനു മുൻപേ പോകണം…”. പക്ഷേ, ഒരു സൈനിക ഉദ്യോഗസ്ഥൻ വികാരങ്ങൾക്ക് അടിമപ്പെട്ടുകൂടാ. സൈനിക കഥകൾ ഏറെയുള്ള ഭാഷാസാഹിത്യത്തിൽ ഈ കഥ നോവുന്നർത്തുന്നു.
രണ്ടാമൂഴം പറയുന്നത് ഒരു പ്രണയമാണ്, ജീവിതമാണ്, പ്രതീക്ഷയാണ്. ഇതിലും കഥ ഒഴുകുന്നത് ഒരു കവിത പോലെയാണ്.
പ്രണയത്തിന്റെ മറ്റൊരു ഭാവമാണ് ആരാധന. സായൂജ്യത്തിൽ, ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ട ലാവണ്യ മരിക്കുന്നതിന് തൊട്ടുമുൻപ് ആരാധ്യപുരുഷനായ ജയനുമായി ശരീരവും മനസ്സും പങ്കുവയ്ക്കുന്നു, എന്നിട്ടേ മരണത്തിലേക്ക് ചോടുവയ്ക്കുന്നുള്ളു. വേദനയും മോക്ഷവും കുറബോധവും ഇടകലർന്ന മനുഷ്യമനസ്സിന്റെ ഗതിവിഗതികൾ വ്യക്തമായി വരച്ചുകാട്ടുന്ന ഒരു മനോഹരമായ കഥയാണ് സായൂജ്യം.
ഈ കഥകൾക്ക് കടകവിരുദ്ധമായ കഥകൾ പറയുന്നു തുടർന്നുള്ളവ. ഹാസ്യത്തിന്റെ മേമ്പൊടിയോടെ, അയ്യോ… അളിയനായിരുന്നോ എന്ന പട്ടാളക്കഥയിലൂടെയാണ് തുടക്കം. പാക്കിസ്ഥാൻ ചാരനെന്നു കരുതി സ്വന്തം അളിയനെ കൈ വയ്ക്കുന്ന ഒരു തമാശക്കഥ അങ്ങനെത്തന്നെ കണ്ടാൽ മതി.
ഹാസ്യവും കഥാകാരന് വഴങ്ങും എന്നതിനു മറ്റൊരു തെളിവാണ് എം… ധർ എന്ന ജവാൻ. തരികിട കാട്ടി ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടി ജോലിസ്ഥലത്തേക്ക് കടക്കുന്ന മുരളീധരൻ എന്ന ധർ അമ്പതുകളിലെ നായകന്മാരുടെ പ്രതീകമാണ്. ഇന്ന്, ഇത്തരം തരികിട വേലയില്ലാതെതന്നെ കാമുകിയെ കെട്ടാം.
പേർഷ്യൻ റിട്ടേൺ എന്ന ഹാസ്യകഥയുടെ ത്രെഡും ഒരു തരികിട തന്നെ. മായികപരിവേഷം സ്വയം നൽകി വിവാഹിതരാവുന്ന മനുഷ്യർ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള ഒരുവന്റെ കഥയും രസകരമാണ്.
തുടർന്നു വരുന്നത് ഒരു നഴ്സിന്റെ മേൽവിലാസം ഉണ്ടാക്കുവാനുള്ള തത്രപ്പാട് ആണ്. സ്വന്തമായ അഡ്രസ്സ് ഇല്ലാത്ത എത്രയോ പെൺകുട്ടികൾ ഇന്നുമുണ്ട്. ഒരു കാലഘട്ടത്തിൽ ഇത്തരം കഥകൾ ഏറെ വായിച്ചിട്ടുമുണ്ട്, ഇന്നും പ്രസക്തിയുള്ള ജീവിതങ്ങൾ. ഈ കഥയിലെ ലീലാമ്മ ശക്തമായ നിലപാടുള്ള പെൺകുട്ടിയാണ്, അതുകൊണ്ടുതന്നെ അവളുടെ തീരുമാനങ്ങൾക്കും തീവ്രതയുണ്ട്, തെളിമയുണ്ട്. സ്ഥിരമായ അഡ്രസ് ഉള്ളവളാണ് ലീലാമ്മ. നല്ല കഥ, നല്ല സന്ദേശം. ഞാൻ ഇതിൽ കാണുന്നത് സ്ത്രീശാക്തീകരണത്തിന്റെ ആദ്യകിരണങ്ങൾ ആണ്.
ഇതുവരെ വായിച്ച കഥകളിൽനിന്നും ഏറെ വ്യത്യസ്തമാണ് ശ്യാംകലി. മലയാളിയായ രാജേഷ് ഉത്തരേന്ത്യയിലെ ഒരു ഉൾനാട്ടിൽ എത്തിയത് ജോലിസംബന്ധമായാണ്. അവിടെ വച്ച് തന്നെ വീട്ടുജോലിക്ക് സഹായിക്കാൻ വരുന്ന ശ്യാംകലി എന്ന ദളിതപെൺകുട്ടിയെ കൂടുതൽ അറിയുമ്പോൾ അത്ഭുതം, ആദരവ്, സ്നേഹം, വാത്സല്യം തുടങ്ങിയ വികാരങ്ങളാൽ നിശ്ചലനാകുന്നു രാജേഷ്. പുതിയ ഉത്തരവാദിത്തങ്ങളുമായി മറ്റൊരു നാട്ടിലേക്ക് അയാൾ പോകുമ്പോൾ ശ്യാം കലി ചോദിക്കുന്നത് അയാളുടെ ‘ഒരു പഴയ കീറിയ ഷർട്ട്’. “ ഒരമൂല്യ നിധിപോലെ അത് നെഞ്ചിലമർത്തി ഒരിക്കൽകൂടി അവൾ രാജേഷിനെ നോക്കി”. ഇതിലും ഭംഗിയായി ഒരു പ്രണയത്തെ എങ്ങനെ പറയാൻ. രാജേഷിനെപ്പോലെ വായനക്കാരനും സ്ഥാബ്ദരാകും. അതിമനോഹരമായ ഈ പ്രണയം കടൽപ്പാലം പോലെയാണ്, അതിലൂടെ ഒരു വശത്തേക്ക് മാത്രമേ പോകുവാൻ കഴിയൂ. ഈ കഥ ഒരു മാസ്റ്റർ പീസ് ആണ് എന്ന് ഉറപ്പിച്ചുപറയാം.
ഒരു ഡോക്ടറുടെയും രോഗിയുടെയും രസകരമായ പ്രണയം പറയുന്നു ലിസ്സാ… മൈ ഡീയർ ലിസ്സാ എന്ന കഥ. ഒഴുക്കുള്ള ഹ്യൂമർ ഉള്ള പ്രണയം.
ഇനിയാണ് സമാഹാരത്തിന്റെ പേരുള്ള കഥ, കാലാ അങ്കുർ. മധ്യപ്രദേശിൽ വിഷവാതകദുരന്തത്തിന്റെ കഥകൾ എത്ര പറഞ്ഞാലും തീരില്ല. ആ ദുരന്തത്തിൽ സാമൂഹിക സാമ്പത്തിക രാഷ്ട്രീയവശങ്ങൾ ഇനിയും പഠിച്ചുതീർന്നിട്ടില്ല. മനുഷ്യർ തമ്മിലറിയാൻ ജീവിതത്തിന്റെ പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാകാൻ ഇത്തരം ദുരന്തങ്ങൾ കാരണമാകുന്നു. രാജേന്ദ്രൻ എന്ന കറുത്ത മലയാളിയുടെ വെളുത്ത മനസ്സ് ശാകുൻ എന്ന പെൺകിടാവ് അറിയുന്നതും ഈ ദുരന്തത്തിലൂടെയാണ്. കറുത്ത മുന്തിരി മധുരിക്കുമെന്ന് അവൾ അറിഞ്ഞതും ജീവിതത്തിനു പുതിയ അർത്ഥം കൈവന്നതും അങ്ങനെയാണ്. ഈ കഥ അനുവാചകഹൃദയത്തിൽ കൊളുത്തിപിടിക്കും.
അക്കരപ്പച്ച തേടിയ ഒരു പെൺക്കിടാവിന്റെ നഷ്ടപ്രണയം പറയുന്നു അക്കരപ്പച്ച തേടി എന്ന കഥ. ഒരു സാധാരണ കഥ ഓർമ്മയിലൂടെ ഒഴുകുന്നു.
ഷെയ്ക്ക് എന്ന ചേക്കുട്ടിയുടെ കഥ ഹാസ്യഭാവത്തിൽ അവതരിപ്പിച്ചു. പേർഷ്യയിൽ പോയിവന്നവരുടെ എത്രയോ വിജയഗാഥകൾ നമ്മൾ കണ്ടിരിക്കുന്നു. രസകരമാണ് ഈ കഥയും.
പൂർണത എന്ന കഥ ഒരു അന്വേഷണത്തിന്റെ കഥയാണ്. ദേവ്കുമാർ എന്ന ഭാരതീയൻ തന്റെ ഇടം തേടുന്ന കഥ. മേഘന എന്ന നായികയെ കണ്ടുമുട്ടുമ്പോൾ അന്വേഷണം പൂർണമാകുന്നു, ജീവിതത്തിന് അർത്ഥവും കൈവരുന്നു.
പുസ്തകം അവസാനിക്കുന്നത് വിളക്ക് എരിഞ്ഞോട്ടെ എന്ന ഒരു കഥയിലൂടെ. രണ്ടാനമ്മയുടെ ക്രൂരതയാൽ പടിയിറങ്ങേണ്ടിവന്ന നായകൻ സ്നേഹംകൊണ്ട് ചെറിയമ്മയെ വീണ്ടെടുക്കുന്നു. ഒരു നല്ല സന്ദേശം തരുന്ന കഥ.
കാലാ അങ്കുർ എന്ന കഥാസമാഹാരത്തിൽ ഒരു പ്രവാസിയുടെ മാനസികഭാവത്തിലൂടെ സമീപിക്കുന്ന കഥകളാണ് ഞാൻ കാണുന്നത്. നാടിനെക്കുറിച്ചുള്ള ഊഷ്മളമായ ഓർമ്മകൾ, അടിയുറച്ച വിശ്വാസങ്ങൾ, നിലപാടുകൾ എല്ലാം ഈ കഥകളിൽ കാണാം. ഒറ്റ വാക്കിൽ പറഞ്ഞാൽ, നാടിന്റെ നല്ല മനസ്സിനെ നെഞ്ചിലേറ്റുന്ന ഏതൊരു മലയാളിയുടെയും ചിന്തകളാണീ കഥകൾ പറയുന്നത്. അതിൽ നോവുണ്ട്, പ്രണയമുണ്ട്  ബന്ധങ്ങളുടെ, ബന്ധനങ്ങളുടെ വേലിയേറ്റമുണ്ട്, സുഖദുഃഖങ്ങളും സന്തോഷസന്താപങ്ങളുമുണ്ട്.
ഒരു പ്രവാസിക്ക് എന്നും നാട് ഒരു നൊസ്റ്റാൾജിയ ആണ്. ആ ഒരു കോണിലൂടെ നോക്കിയാൽ ഇതിലെ കഥകൾ അതിസുന്ദരമാണ്, ലളിതമാണ്, നേരിട്ട് സംവദിക്കുന്നവയാണ്. ചില കഥകൾക്ക് പലയിടത്തും വായിച്ചതിന്റെ നിഴലാട്ടം കാണാം പക്ഷെ വിരസമല്ല.
കാലാ അങ്കുർ എന്ന കഥാസമാഹാരം ഭാഷക്ക് സമ്മാനിച്ച നല്ല കഥാമാത്രമാണ് ശ്യാംകലി. ആ ഒരു കഥാപാത്രത്തിനും കഥയ്ക്കും നല്ല ഉൽക്കാഴ്ചയുണ്ട്. വേറിട്ട മറ്റൊരു കഥയാണ് ശകുന്റെത്. അവളുടെ ജീവിതത്തിനു പുതിയ അർഥങ്ങൾ കൈവരുന്നത് ഏറെ സുന്ദരമായി ലളിതമായി പറഞ്ഞു.
വളരെ ആദരവോടെയാണ് ഈ പുസ്തകം വായിച്ചുതീർന്നപ്പോൾ ഇങ്ങനെയൊരു ആസ്വാദനക്കുറിപ്പ് എഴുതണമെന്ന് തോന്നിയത്.
കഥാകൃത്തിന് ആശംസകൾ. ഇനിയും കഥകൾ എഴുതുവാനുള്ള ഊർജം അദ്ദേഹത്തിനു ലഭിക്കട്ടെ എന്നും പ്രാർത്ഥനയുണ്ട്.