ബ്രഹ്മപുരത്തെ തീ തനിയെ ഉണ്ടായതാവുമോ? (പ്രസാദ് പോൾ )

sponsored advertisements

sponsored advertisements

sponsored advertisements


14 March 2023

ബ്രഹ്മപുരത്തെ തീ തനിയെ ഉണ്ടായതാവുമോ? (പ്രസാദ് പോൾ )


പ്രസാദ് പോൾ

അറിയാൻ ക്ഷമയുള്ളവർ മാത്രം വായിക്കുക,
കാരണം, ഇതൊരു നീണ്ട ലേഖനമാണ്
മലയാളിയുടെ “ചുടലമാടനും”, സായിപ്പിന്റെ “Will-o’-the-wisp”ഉം, “ബ്രഹ്മപുരമാടനും”
ബ്രഹ്മപുരത്തെ അഗ്നി ആരെങ്കിലും മനപ്പൂർവ്വം കൊളുത്തിയതാണോ? അല്ലെങ്കിൽ തനിയെ കത്തിയതാവുമോ?
ആരെങ്കിലും മനഃപ്പൂർവ്വം കൊളുത്തിയതാണോ എന്ന് പോലീസ്/അന്വേഷണസംഘം തീരുമാനിക്കട്ടെ. എന്നാൽ ഈ ചോദ്യത്തിന്റെ രണ്ടാമത്തെ ഭാഗത്തിന് കൃത്യമായ ഉത്തരം ശാസ്ത്രീയമായി താഴെ എഴുതുന്നു. ഇതിനെക്കുറിച്ച് നന്നായി പഠിച്ചശേഷമേ ‘പണ്ഡിതരായ ആസ്ഥാനവിദ്വാന്മാർ’ എന്നെ കളിയാക്കാവൂ എന്നപേക്ഷിക്കുന്നു. വിവരമില്ലായ്മക്ക് ഉത്തരം നൽകാൻ എനിക്ക് സമയമില്ലാത്തതുകൊണ്ടാണ്. ക്ഷമിക്കണം.
പണ്ട് നമ്മുടെ നാട്ടിൽ ചുടലപ്പറമ്പിൽ നൃത്തം ചെയ്യുന്ന, അഗ്നിനാളങ്ങൾ ഉണ്ടാവുമായിരുന്നു, വസൂരിപോലുള്ള ഏതെങ്കിലും പകർച്ചവ്യാധിയുടെ ഫലമായി കൂടുതൽ ആളുകൾ മരിച്ചിരുന്ന സമയങ്ങളിലാണ് ചുടലകളിൽ ഇത് കണ്ടിരുന്നത്. അവിടെയും ഇവിടെയും ചാടിക്കളിക്കുന്ന ആ അഗ്നിയുടെ കാരണം എന്താണെന്ന് അറിയാനാവാതിരുന്നതിനാൽ ആളുകൾ അതിനെ ഒരു ഭീകര ഭൂതമായി കരുതുകയും ‘ചുടലമാടൻ’ എന്ന് പേരിട്ടു ഭയപ്പെടുകയും ചെയ്തു.
അതേപോലെതന്നെ സായിപ്പിന്റെ നാട്ടിൽ ചതുപ്പുനിലങ്ങളോട് ചേർന്നുള്ള സെമിത്തേരികളിൽ ഇതേപോലെതന്നെ അവിടെയും ഇവിടെയും മാറിമാറി നൃത്തം ചെയ്യുന്ന അഗ്‌നിയെ അവർ ഭൂതപ്രകാശം – “Will-o’-the-wisp” എന്നും പേരിട്ടു. പിന്നീടെപ്പോഴോ കെമിസ്ട്രിക്കാർ അതിനുപിന്നിലെ ശാസ്ത്രീയ കാരണം കണ്ടെത്തിയതോടെയാണ് അവയെക്കുറിച്ചുണ്ടായിരുന്ന ഭീതിയുടെ പരിവേഷം മാറി ജനങ്ങൾക്ക് ആശ്വാസമായത്.
ഇപ്പോൾ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം(എല്ലാ വശത്തുനിന്നും) മേൽപ്പറഞ്ഞ തരത്തിലുള്ള ഒരു ഭൂതം കൊളുത്തിയതാവുമോ?
മനുഷ്യർ കൊളുത്തിയതല്ല, തനിയെ കത്തിയതാണെന്ന് പറയാനാവുമോ?
ആവുമെന്നാണ് കെമിസ്ട്രി പറയുന്നത്. വിശ്വസിക്കാനാവുന്നില്ലെങ്കിൽ താഴോട്ട് വായിക്കുക.
പണ്ട്, ചുടലപ്പറമ്പിലും, ചതുപ്പുകളിലും തനിയെ അഗ്നി ഉണ്ടാക്കിക്കൊണ്ടിരുന്നത് മനുഷ്യർ/ജന്തുക്കൾ എന്നിവയുടെ എല്ലുകളും, ശരീരവും, സസ്യാവശിഷ്ടങ്ങളും മണ്ണിനടിയിൽ/ജലത്തിനടിയിൽ ഓക്സിജന്റെ അഭാവത്തിൽ വിഘടനം നടക്കുമ്പോൾ(Anaerobic decomposition) ഉണ്ടാവുന്ന ഫോസ്‌ഫൈൻ (PH3), ഫോസ്ഫേൻ(P2H4) എന്ന വിഷവാതകങ്ങളും, അവയുടെ കൂടെയുണ്ടാവുന്ന മീഥേൻ എന്ന ജ്വലന സ്വഭാവമുള്ള വാതകങ്ങളും കൂടിയാണ്.
മണ്ണിലെ ചെറിയ വിടവുകളിൽക്കൂടി പുറത്തുവരുന്ന നിമിഷംതന്നെ ഓക്സിജനുമായി ചേർന്ന് ഫോസ്‌ഫൈൻ (PH3), ഫോസ്ഫേൻ(P2H4) പെട്ടെന്ന് ജ്വലിക്കുകയും, അത് ഫോസ്‌ഫറസിന്റെ ഓക്സൈഡുകളായി മാറുകയും ചെയ്യും. ആ ജ്വലനത്തിൽ കൂടെയുള്ള മീഥേൻ വാതകം ആളിക്കത്തുകയും വലിയ അഗ്നിജ്വാലയുണ്ടാവുകയും ചെയ്യും. എവിടെനിന്നൊക്കെ ഈ വാതകം വരുമോ, അവിടെയൊക്കെ ഈ ജ്വലനം നടക്കും, അതാണ് അഗ്നിയുടെ ചുടലനൃത്തമായി മനുഷ്യർക്ക് തോന്നാൻ കാരണം. ഇത് കേവലമൊരു ശാസ്ത്രീയ പ്രതിഭാസം മാത്രമാണ്.
ഇനി ബ്രഹ്മപുരത്തെ അഗ്നിയും, ഇതുമായി എന്താണ് ബന്ധമെന്ന് നോക്കാം. ബ്രഹ്മപുരത്ത്‌ മലപോലെ കൂട്ടിയിട്ട മാലിന്യമലയിൽ സകലതരത്തിലുമുള്ള മാലിന്യങ്ങളുമുണ്ട്. അതിൽ അറവുശാല മാലിന്യങ്ങൾ, ഇറച്ചിക്കോഴിക്കടകളിലെ കോഴികളുടെ അവശിഷ്ടം ഒക്കെ കണക്കില്ലാത്ത അളവിലുണ്ട്. അനേകമടി ഘനത്തിൽ കുന്നുകൂട്ടിയിട്ട ആ മാലിന്യമലയുടെ ഉപരിതലത്തിനു താഴെയുള്ള ഇടത്തെല്ലാം നടക്കുന്നത് ഉറപ്പായും Anaerobic decomposition ആണെന്നിരിക്കെ, അവിടെ തീർച്ചയായും ഫോസ്‌ഫൈൻ (PH3), ഫോസ്ഫേൻ(P2H4) എന്ന വിഷവാതകങ്ങളും, അമിതമായ അളവിൽ മീഥേൻ വാതകവും ഉണ്ടാവും. അവ അടിയിലെ ശക്തമായ സമ്മർദ്ദത്തിൽ ചെറിയ വിടവുകളിലൂടെ പുറത്തുവന്നാൽ ഉറപ്പായും തനിയെ കത്തുമെന്നതിന് സംശയം ഒട്ടും വേണ്ട. അതായിരിക്കില്ലേ, അല്ലെങ്കിൽ അങ്ങിനെയൊരു സാദ്ധ്യതയും ഇപ്പോഴത്തെ അഗ്നിബാധയിൽ തള്ളിക്കളയാനാവുമോ?
മുൻപ് പലവർഷങ്ങളിലും ഇതേപോലെ അഗ്നിബാധകൾ ഉണ്ടായിട്ടുണ്ടെന്നത് മേല്പറഞ്ഞതായിരിക്കാം കാരണമെന്ന് ന്യായമായും സംശയിക്കാവുന്നതല്ലേ?
ഞാൻ നാലുമാസം മുന്നേ അമേരിക്കയിൽ പോയപ്പോൾ അവിടെ അമേരിക്കൻ സർക്കാർ കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തു സംരക്ഷിക്കുന്ന Redwood National and State Parks, sequoia national park എന്നിവ സന്ദർശിക്കാനിടയായി, അവിടെ വൻവൃക്ഷങ്ങളേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് കാടിന്റെ ഭീമമായ ഒരു ഭാഗം അപ്പാടെ കത്തിച്ചു ചാമ്പലാക്കിയ കാട്ടുതീ ആയിരുന്നു. മിക്ക വർഷങ്ങളിലും അതുണ്ടാവുമെന്ന് കേട്ടപ്പോൾ എന്തായിരിക്കാം അതിന്റെ കാരണമെന്ന് അന്വേഷിക്കാനിടയായി. അവിടെ എന്തായാലും ആരും തീയിടില്ല എന്ന കാര്യം ഉറപ്പാണ്. അപ്പോൾ എങ്ങിനെ പതിവായി കാട്ടുതീ ഉണ്ടാവുന്നു? രണ്ടു പ്രധാന കാര്യങ്ങളാണ് മനസ്സിലാക്കാനായത്. ഒന്ന് – സ്റ്റാറ്റിക്ക് ഇലക്ട്രിസിറ്റി(static electricity) ഉണ്ടാക്കുന്ന സ്പാർക്കുകൾ, രണ്ട് – ഇടിമിന്നലുകൾ.
സ്റ്റാറ്റിക്ക് ഇലക്ട്രിസിറ്റിക്ക് കാരണമാവുന്ന, ധാരാളം പ്ലാസ്റ്റിക്ക് മാലിന്യം ഉള്ള ബ്രഹ്മപുരത്തും, സ്റ്റാറ്റിക് ഇലക്ട്രിക്ക് സ്പാർക്കുകൾ ഉണ്ടാവില്ലെന്ന് ആർക്കാണ് പറയാനാവുക? ഉണ്ടായാൽ, അമിതമായി പുറത്തേക്ക് വരുന്ന മീഥേൻ വാതകത്തിന് ക്ഷണത്തിൽ തീ പിടിപ്പിക്കും എന്നത് സത്യമായിരിക്കെ അങ്ങിനെയും ഒരു സാദ്ധ്യത തള്ളിക്കളയാനാവുമോ?
ഇല്ല എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട്; ആരാണ്, എന്തിനാണ് തീയിട്ടതെന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ വരട്ടെ, പകരം എന്തുകൊണ്ടാണ് ഇത് സംഭവിക്കാനിടയായതെന്നതിനെക്കുറിച്ചു ചർച്ച ചെയ്താലല്ലേ ഭാവിയിൽ ‘ബ്രഹ്മപുരമാടന്മാരെ’ ഒഴിവാക്കാനാവുകയുള്ളൂ?
മനുഷ്യരെ തലമുറകളിലേക്ക് നീളുന്ന വിഷവാതക വിപത്തുകളിൽ നിന്ന് രക്ഷിക്കാനാവുകയുള്ളൂ?
ബ്രഹ്മപുരത്തെ അഗ്നി ഇപ്പോൾ എങ്ങിനെയെങ്കിലും അണച്ചുവെന്ന് കരുതുക, അത് ഒരു തരിപോലും ആശ്വാസത്തിനുള്ള വകനൽകുന്നില്ല എന്ന് പറയേണ്ടി വന്നതിൽ വിഷമമുണ്ട്. കാരണം, തീയണച്ചുകഴിഞ്ഞശേഷം അവിടെ കാവൽക്കാരെയും, CCTV യുമൊക്കെ വച്ച് സസൂക്ഷ്മം നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയാലും, അതൊക്കെയുണ്ടല്ലോ എന്നതിൽ ജനം ആശ്വസിച്ചു ജീവിക്കാനാരംഭിക്കുമ്പോഴേയ്ക്കും വീണ്ടും, വീണ്ടും മേൽപ്പറഞ്ഞ കാരണത്താൽ അഗ്നിയുണ്ടാവും എന്ന് എനിക്കുറപ്പാണ്.
അപ്പോൾ ഇത്തരത്തിലുള്ള അഗ്നിബാധകളെ ഭാവിയിൽ ഒരിക്കലുമുണ്ടാവില്ലെന്ന് ഉറപ്പാക്കാൻ എന്താണ് ചെയ്യേണ്ടത്?
ബ്രഹ്മപുരത്തു ചെയ്തതുപോലെ വേർതിരിക്കാതെ മാലിന്യങ്ങൾ കൂട്ടിയിട്ടിട്ട്, അതിന് പട്ടാളത്തെ കാവൽ നിർത്തിയാലും മേലെഴുതിയ കാരണങ്ങളാൽ തനിയെ തീപിടിക്കും എന്നതുകൊണ്ട്. ഒരിക്കലും ജൈവ മാലിന്യങ്ങൾ ഇതുപോലെ Anaerobic decomposition ന് കാരണമാവുന്ന വിധത്തിൽ കൂട്ടിയിടാതിരിക്കുക, പകരം അവയെ Aerobic decomposition നടക്കുന്ന വിധത്തിൽ കൈകാര്യം ചെയ്യുക എന്നത് മാത്രമാണ്ഏക പരിഹാരം.
ബ്രഹ്മപുരത്തെ അഗ്നി മാരകമാവാൻ ഏക കാരണം അതിൽ ധാരാളമായി ക്ളോറിനേറ്റഡ് പ്ലാസ്റ്റിക്കുകളും(PVC) ഉണ്ടെന്നതാണ്. അതില്ലായിരുന്നെങ്കിൽ ഇത് ഒരു സാധാരണ അഗ്നിപോലെ ഒടുങ്ങുമായിരുന്നു.
അതുകൊണ്ട് ഇനിമേലിലെങ്കിലും ജനങ്ങൾ മാലിന്യങ്ങളെ ജൈവം, അജൈവം, പ്ലാസ്റ്റിക്, ലോഹങ്ങൾ, E വേസ്റ്റ് എന്നൊക്കെ തരം തിരിച്ചു കൊടുക്കണമെന്നും, അല്ലാത്തപക്ഷം കനത്ത പിഴഈടാക്കുമെന്ന നിയമം ഉണ്ടാക്കുകയും, തരം തിരിച്ചു വാങ്ങിയ മാലിന്യങ്ങളെ അവ കൈകാര്യം ചെയ്യുന്ന കോൺട്രാക്റ്റർ/ഏജൻസി ശരിയായവിധത്തിലാണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാൻ പൊതുജനത്തെ ഉൾപ്പെടുത്തി ഒരു നിരീക്ഷണ സമിതി ഉണ്ടാക്കുകയും വേണം. ഈ വിഷയത്തിൽ അറിവുള്ള വിരമിച്ച സർക്കാർ/പ്രൈവറ്റ് ജീവനക്കാരെ അതിന് പ്രതിഫലമില്ലാത്ത സേവനത്തിനായി ക്ഷണിക്കുകയും ചെയ്യണമെന്നാണ് എന്റെ എളിയ നിർദേശം.
അതുകൊണ്ട് എത്രയും വേഗം ബ്രഹ്മപുരത്തെ മാലിന്യങ്ങളെ Aerobic decomposition നടക്കുന്ന വിധത്തിൽ ഇളക്കി ഘനം കുറച്ചിടാനുള്ള സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ ആവുമെങ്കിൽ ചെയ്യണം. മറ്റിടങ്ങളിലേക്ക് അവയെ അൽപ്പാൽപ്പമായി മാറ്റിയല്ലാതെ ഇത് സാദ്ധ്യമല്ലെന്നുള്ളതുകൊണ്ട്. ഏതാണ്ട് അസാദ്ധ്യമായ,
തിരിച്ചു കുടത്തിലേക്ക് കയറ്റാനാവാത്ത ഒരു ഭൂതത്തെപ്പോലെ ആവുമോ ഇതെന്നതിൽ എനിക്ക് കടുത്ത ആശങ്കയുണ്ട്.
ഒന്നുകൂടി പറയട്ടെ, ഇത് ഇവിടെ അശാസ്ത്രീയവും, അപകടകരവുമായ വിധത്തിൽ, ഒരിക്കലും പാടില്ലാത്തവിധത്തിൽ കൂട്ടിയിടാൻ അനുവദിച്ചവർ, അല്ലെങ്കിൽ അത് കണ്ടില്ലെന്ന് നടിച്ചവർ ആണ് ഇതിലെ യഥാർത്ഥ കുറ്റക്കാർ.
പ ലി: ഇതിനേക്കാൾ നല്ല ഏതൊരു പരിഹാര നിർദേശവുമായി വരുന്നവർക്ക് എന്റെ കൂപ്പുകൈ. കാരണം നിങ്ങളെ കാലം ഒരു മനുഷ്യസ്നേഹിയെന്ന് വിളിക്കും. നിങ്ങളുടെ ജന്മം സഫലമാകും.
(ബ്രഹ്മപുരത്തെ ഓട്ടോമാറ്റിക്ക് അഗ്നിയുടെ എഴുത്തിനും, ഞാനിത് ഒരുമാസം മുന്നേ പറഞ്ഞതാണെന്ന അവകാശവാദവുമായി പണ്ഡിതർ, ആസ്ഥാനവിദ്വാന്മാർ എത്തുമെന്നതിന് ഒരു സംശയവുമില്ല. വരട്ടെ, അങ്ങിനെയങ്കിലും നാം രക്ഷപെടട്ടെ)